ADVERTISEMENT

പരീക്ഷയ്ക്കു മുൻപ്....

ആദ്യ അൻപതിൽ വരണം. 60 മാർക്ക് മേടിക്കണം. പഠിക്കണം.

റാങ്ക് ഫയലുകൾ മേടിച്ചു കൂട്ടുന്നു. കോച്ചിങ് സെന്ററിൽ ചെന്നു ചേരുന്നു. അവിടുന്നു കിട്ടിയ നോട്ടും മേടിച്ച് കാണാപ്പാഠം പഠിക്കുന്നു. അങ്ങനെ കുറെ നാൾ...

അവസാനം പരീക്ഷയുടെ തലേ ദിവസം ഒരിടത്ത് തക്ഷശില, മറ്റൊരിടത്ത് രാജേഷ് മോൻജി മറ്റൊരിടത്ത് മലയാള പഠന ഗവേഷണ കേന്ദ്രം ഇതൊന്നും പോരാഞ്ഞിട്ട് ഓൺലൈൻ കോച്ചിങ്ങും....

മുറിയിലേക്ക് ആരെയും കടത്തിവിടാതെ മേൽപറഞ്ഞതെല്ലാം കട്ടിലിൽ നിരത്തി വാരിയിട്ട ഒരാഴ്ച്ച....

അവസാനം തിങ്കളാഴ്ച്ച രാവിലെ ജീവിതത്തിൽ ആദ്യമായിട്ട് 5 മണിക്ക് എഴുന്നേറ്റ് കുളിച്ചു നേരെ സ്‌കൂളിലേക്ക് വെച്ചു പിടിച്ചു. സമയം അഞ്ചര നേരം വെളുത്തിട്ടില്ല...

പോകുന്ന വഴിക്ക് മുഖത്തുള്ള പുച്ഛ ഭാവം..... ഇപ്പം ശരിയാക്കി തരാമെന്ന സ്ഥിരം ഭാവം, അത് മാറിയിട്ടില്ലായിരുന്നു.

കട്ടപ്പന പട്ടണത്തിൽ പഴയ ബീവറേജിനു മുന്നിലെ വഴി വിളക്കിന്റെ വെട്ടത്തിൽ കൈയിലിരുന്ന പുസ്തകങ്ങൾ പിന്നെയും മറിച്ചു നോക്കുന്നു

സമയം ഏഴേകാൽ... 

നേരെ എക്സാം ഹാളിലേക്ക് അപ്പോഴും മുഖത്ത് പുച്ഛഭാവം നമ്മൾ ഇതൊക്കെ എത്ര കണ്ടതാ എന്ന സ്ഥിരം ഭാവം...

ബെല്ലടിച്ചു, ഹാളിൽ കേറി സാറ് വന്നു....

അധ്യാപകനാകാൻ വന്നവനല്ലേ സാറിനെ കണ്ടിട്ട് എണീറ്റില്ലങ്കിൽ അയാൾ എന്തു വിചാരിക്കും സാർ അടുത്ത് വരുമ്പോൾ വിനയ ഭാവത്തോടെ ചന്തിയൊന്ന് ഉയർത്തി ബഹുമാനിച്ചതായി ഭാവിക്കും.

ഏഴേമുക്കാൽ... എല്ലാം എഴുതി തീർന്ന് ചോദ്യപേപ്പർ പ്രതീക്ഷിച്ചിരുന്നു.

ഇതിനിടക്ക് ഒന്ന് മനസ്സിനെ പറഞ്ഞുറപ്പിച്ചു... അറിയുന്നത് മാത്രം മതി അല്ലാത്തതൊന്നും തൊട്ടു പോകരുത്... എട്ടാകാൻ അഞ്ചു മിനിട്ടുള്ളപ്പോൾ ചോദ്യപേപ്പർ കിട്ടി പൊട്ടിക്കരുതെന്ന നിർദേശവും...

പേജുകൾ സൈഡിലൂടെ മറിച്ചു നോക്കിയപ്പോൾ ആദ്യം കണ്ട ബിഥോവന്റെ ഒമ്പതാം സിംബണി ഉത്തരമായ ചോദ്യം കണ്ടപ്പോൾ ആത്മ വിശ്വാസം പിന്നെയും ഇരട്ടിച്ചു....

സമയമായി പൊട്ടിച്ചു....

ആദ്യത്തെ വിട്ടു പിന്നെയും വിട്ടു അങ്ങിനെ വിടലോട് വിടൽ.....

അവസാനം വിടാതെ എഴുതിയതിന്റെ കണക്കെടുത്തപ്പോൾ 20 എണ്ണം.

ഇങ്ങനെ പോയാൽ റാങ്ക് ലിസ്റ്റിന്റെ ഏഴയലത്ത് വരില്ല എന്നു മനസിലാക്കി നമ്മുടെ അബോധ മനസ്സിൽ ആരും കാണാതെ കിടക്കുന്ന എന്തെങ്കിലുമുണ്ടേൽ പോരട്ടെ എന്നു വിചാരിച്ച് ചോദ്യപേപ്പർ രണ്ടാമതൊരു വായന.....

ദാ കിടക്കുന്നു 35 എണ്ണം.....

അങ്ങിനെ അബോധ മനസ്സിന്റെ സംഭാവനയായി 35 ഉം മറ്റേ 20 കൂടി കൂട്ടിയാൽ 55.... 

അപ്പോൾ ഒരു സംശയം അബോധ മനസ്സ് ചതിച്ചാൽ റാങ്ക് ലിസ്റ്റിൽ കേറില്ല.... എന്നാൽ പിന്നെ ഒന്നും നോക്കണ്ട ചട പാടാ പത്തു മുപ്പതെണ്ണം പൂരിപ്പിച്ചേക്കാം...

അങ്ങിനെ 90 എണ്ണം... ബാക്കി പത്തെണ്ണം പൂരിപ്പിക്കാൻ സമയം കിട്ടാത്തതു കൊണ്ടു മാത്രം അത് വിട്ടു. ബെല്ലടിച്ചപ്പോൾ കട്ടപ്പന സെന്റ് ജോർജ് സ്‌കൂളിൽ നിന്ന് ഇറങ്ങി ഓടി....

ഇനിയിപ്പോൾ ഇതും പ്രതീക്ഷിച്ച് ഇരിക്കേണ്ട പഴയ ലിസ്റ്റിലുള്ള ഇടുക്കി എച്ച്എസ്എ ഫയലുകളെല്ലാം എടുത്ത് നേരെ തൊടുപുഴ ഡിഡി ഓഫീസിലേക്ക് വെച്ചു പിടിച്ചു....

പോകുന്ന വഴിക്ക് എച്ച്എസ്എസ്റ്റി മലയാളം ഗ്രൂപ്പിൽ നോക്കിയപ്പോൾ ആൻസർ കീ ...

പിന്നെ ഒരു യുദ്ധമായിരുന്നു.... കീ ആൻസർ...... ആൻസർ കീ.....

മറ്റേ സിനിമയിലെ കല്യാണം പാല് കാച്ച്... ഇവിടെ കല്യാണം അവിടെ പാല് കാച്ച്......അവിടെ പാല് കാച്ച് ഇവിടെ കല്യാണം... അതു പോലെ

അങ്ങനെ സമയം പോയതറിഞ്ഞില്ല...

തൊടുപുഴ ഡിഡി ഓഫീസിന്റെ മുറ്റത്ത്‌ സ്വപ്നങ്ങളെല്ലാം കൊഴിഞ്ഞു വീണ് തളർന്നിരുന്നപ്പോൾ, ഡിഡി ഓഫീസിലെ ഒരു സാർ വന്ന് ചോദിക്കുന്നു പുതിയ വിവരാവകാശം വല്ലതുമാണോ എഴുതുന്നത്.

കണ്ണ് നിറഞ്ഞു പോയി... അവനൊക്കെ വിവരാവകാശം ഒരു കളി.... നമ്മുക്കൊ? എലിക്ക് പ്രണവേദന പൂച്ചയ്ക്ക് വീണ വായന 

സമയം വൈകുന്നേരം 4 മണി. ഒന്നും മിണ്ടാതെ നേരെ വീട്ടിലോട്ട്...

പരീക്ഷ പാടാരുന്നു എന്നു പറഞ്ഞ് രാവിലെ ഇറങ്ങിയ എന്നെ കാണാതായപ്പോൾ വീട്ടുകാർ പേടിച്ചിട്ടുണ്ടാകണം വിളിയോട് വിളി... നമ്മള് വല്ല ഡാമിലും ചാടുമെന്ന് അവരോർത്തോ ഇനി.....

പിന്നെ ചാടും.... ഇതിലും വലുത് ചാടി കിടന്നവനാ ഈ കെ കെ ജോസപ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്

ഇനി ഈ ഒരു വർഷം സംഭവിച്ചത്...

കുറെ കാലം കഴിഞ്ഞ് ഉത്തര സൂചിക വന്നു. 12 ചോദ്യം ഒഴിവാക്കിയത്രെ. പന്ത്രണ്ട് ചോദ്യം... നിസ്സാരമാണോ? അതും ഉന്നത യോഗ്യത ഉള്ളവർക്ക് വേണ്ടി ഉന്നത യോഗ്യതയും അനുഭവ പരിചയമുള്ളവരുമായ അധ്യാപകർ തയാറാക്കിയ 12 ചോദ്യങ്ങൾ....

എന്താല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com