ADVERTISEMENT

വെളുത്തുള്ളി (കഥ)

അവൾ ഒരു നാഗകന്യകയാണോ എന്ന എന്റെ സംശയം ബലപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ വെളുത്തുള്ളിയോട് അവൾക്ക് എന്താണിത്ര വെറുപ്പ്? 

കഴിഞ്ഞ ദിവസമാണ് ഈ സംശയം സത്യമാണെന്ന് ഏറെക്കുറെ ഞാൻ ഉറപ്പിച്ചത്. മാസത്തിലെ പതിവ് സായാഹ്‌ന കൂടിക്കാഴ്ചയ്ക്ക് അവളോട്‌ പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഞാൻ എത്തിയത് സന്തോഷത്തോടെയായിരുന്നു. എന്നാൽ അവളുടെ അടുത്തിരുന്ന് സംസാരിക്കാൻ തുടങ്ങിയതും അവൾ പിടഞ്ഞെഴുന്നേറ്റു. 

"നീ.... വെളുത്തുള്ളി കഴിച്ചോ? അവളുടെ മുഖം അസ്വസ്ഥമായിരുന്നു. "ഉവ്വ്, ഇന്നുച്ചയ്ക്ക് രസവും കാബേജ് തോരനുമായിരുന്നു. വെളുത്തുള്ളി എനിക്കിഷ്ടമാണ്. വെളുത്തുള്ളി നല്ലത് അല്ലേ. എന്തേ? "

"എനിക്കിഷ്ടമല്ല ". അവളുടെ മുഖം ചുവന്നിരുന്നു. പറഞ്ഞിട്ട് തിരിഞ്ഞു നോക്കാതെ അവൾ പാഞ്ഞു. എന്തു ചെയ്യണം എന്നറിയാതെ അന്ന് ഞാൻ അവിടെയിരുന്നു. 

പാമ്പിന് വെളുത്തുള്ളി പഥ്യമല്ല എന്ന് പണ്ട് ഞാൻ കേട്ടിട്ടുണ്ട്. അമ്മൂമ്മ നാഗകന്യകയുടെ എത്രയോ കഥകൾ പറഞ്ഞു തന്നിട്ടുണ്ട് കുട്ടിക്കാലത്ത്. എത്ര എത്ര കഥകൾ.... അന്ന് നേരാംവണ്ണം ആ കഥകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ...

പാമ്പിനെ ഓടിക്കാൻ വെളുത്തുള്ളി ചതച്ചിടുന്നതൊക്കെ ഞാൻ ഓർത്തു പോയി. ഒരുപക്ഷേ അതാവുമോ അവളുടെ വെറുപ്പിനു കാരണം?  ഇതിനുമുൻപും അവളോടൊത്ത് ഭക്ഷണം ഒരുമിച്ചു കഴിച്ചിട്ടുള്ള അവസരങ്ങളിലെല്ലാം അവൾ വെളുത്തുള്ളി വെറുപ്പോടെ തോണ്ടിക്കളയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഞാൻ അത് നിസാരമായി കണ്ടു. എന്നാൽ ഇത്.... 

എനിക്ക് വെളുത്തുള്ളി ചേർത്ത ഭക്ഷണം വളരെ ഇഷ്ടമാണ്. എന്നാൽ ഇവൾ ഇങ്ങനെ തുടങ്ങിയാൽ.... നാളെ എന്റെ ഭാര്യയാകേണ്ടവൾ വെളുത്തുള്ളിയോട് ഈ വെറുപ്പ് കാണിക്കുന്നത് എന്നെ അസ്വസ്ഥനാക്കി. ഞാൻ വെബ്‌സൈറ്റുകളിൽ നാഗങ്ങൾ മനുഷ്യരൂപം എടുക്കുന്നതിനെക്കുറിച്ചു പരിശോധിക്കാൻ തുടങ്ങി. അതോടെ എന്റെ സംശയം ദിനംപ്രതി കൂടിക്കൂടി വന്നു. ഒടുവിൽ ഞാൻ അവളോട്‌ ചോദിക്കാൻ തന്നെ തീരുമാനിച്ചു. 

അങ്ങനെ ഒരു വെള്ളിയാഴ്ച വെളുത്തുള്ളി ചേർക്കാത്ത ഭക്ഷണം കഴിച്ച് ഞാൻ അവളെ കാണാൻ ചെന്നു. "നിനക്കെന്താണ് വെളുത്തുള്ളിയോട് ഇത്ര വെറുപ്പ്? "ഞാൻ ചോദിച്ചു. കുറേനേരം അവൾ മൗനമായിരുന്നു. പിന്നീട് പറഞ്ഞു. "വെളുത്തുള്ളിയുടെ ഗന്ധം വരുമ്പോൾ തൊലി കളഞ്ഞ വെളുത്തുള്ളി എനിക്ക് ഓർമ വരും. അപ്പോൾ ഉറങ്ങാതെ ഉറങ്ങിയ രാത്രികളിലെ നഗ്നമായ ചില കാഴ്ചകളും". എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ ചോദിച്ചു. "അപ്പോൾ ചുവന്നുള്ളിയോടും സവോളയോടും ഇല്ലേ ഈ വെറുപ്പ്? "

"എന്റെ അമ്മ വെളുത്തതാണ്". അവളുടെ ചുണ്ടുകൾ വിറച്ചു. കൺതടങ്ങൾ ചുവന്നു. ഞാൻ ഒന്ന് ഞെട്ടി. "അപ്പോൾ നിന്റെ അമ്മ?? "

"ദയവായി ആ പേര് പറയരുത്. നോക്കൂ... അത് എന്റെ തെറ്റ് അല്ല". നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകൾ ഞാൻ എന്റെ ചൂണ്ടുവിരൽ കൊണ്ട് തുടച്ചു. 

മൂന്നുമാസം കഴിഞ്ഞിരിക്കുന്നു. ഞാൻ ഇന്ന് സന്തുഷ്ടനായ ഒരു ഭർത്താവ് ആണ്. വെളുത്തുള്ളി ചേർക്കാത്ത ഭക്ഷണം കഴിച്ചു ഞാൻ ശീലിച്ചിരിക്കുന്നു. അല്ലെങ്കിലും ദാമ്പത്യജീവിതത്തിൽ സമാധാനത്തിനോളം സ്ഥാനം വെളുത്തുള്ളിക്കില്ലല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com