കച്ചവടത്തിന് എത്തിയ നാടോടികളുടെ ഒരു സംഘം നാട്ടിലെ അമ്പലത്തിനു ചുറ്റും വന്ന് ഒരിക്കൽ തമ്പടിച്ചു. കൂടാരത്തിനു പുറത്ത് പെട്രൊമാക്സ് വെളിച്ചത്തിനു ചുറ്റും ഈയാംപാറ്റകൾ വട്ടമിട്ടു പറന്നിരുന്നു. കുറച്ചു നേരം അങ്ങോട്ടു നോക്കി നിന്നു പോയി. ഈയാം പാറ്റയെ ചിറകുവെട്ടി ചട്ടിയിലെ മണലിൽ കടലയും കൂട്ടി വറുത്തു തിന്നുന്നവരാണ് അവരെന്ന് പറഞ്ഞു പേടിപ്പിച്ചതോർക്കുന്നു.
മനുഷ്യര് അങ്ങനെയുണ്ടാവുമോ. അല്ലെങ്കിൽ അവരും മനുഷ്യരാണോ. ആകെ സംശയമായി. ആരോടെങ്കിലും ചോദിക്കാമെന്ന് കരുതിയെങ്കിലും പിറ്റേന്നു രാവിലെ വിട്ടു പോയി. വർഷങ്ങളും കുറെ ഊർന്നു പോയി.
ഈയിടെയാണ് ഉഗാണ്ടയിൽ പുൽചാടികളെ വറുത്ത് തിന്നുന്നതുമൂലം അവയുടെ എണ്ണത്തിൽ തന്നെ കുറവുവന്ന് അത് വറുത്തുവിറ്റു ജീവിക്കുന്നവരുടെ കാര്യം വഴിമുട്ടിയത് വായിച്ചത്. ഐക്യരാഷ്ട്ര സംഘടനയൊക്കെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം പ്രാണികളെ ഭക്ഷിക്കുന്നത് അവിടൊക്കെ പ്രോൽസാഹിപ്പിക്കുകയും കനപ്പെട്ട ലഘുലേഖകൾ ഇറക്കുകയും ചെയ്യുന്നു. രണ്ട് ബില്യൺ ആളുകൾ ഇൻസെക്ടുകളെ തിന്നുന്നു. എന്റമ്മോ എന്ന് നമ്മൾ പറയും! എന്റമോഫേജി എന്ന് സായിപ്പും (entomophagy).
പല തരം മനുഷ്യർ, പല തരം രീതികൾ !
നമ്മുടേതിനെ നമ്മൾ പരിഷ്കാരം, സംസ്കാരം എന്നൊക്കെ വിളിക്കും. വിഷയം ഉത്സവപ്പറമ്പിൽ നിന്ന് പൊയ്ക്കൂടാ..
ഉത്സവപറമ്പിലെ ഏറ്റവും അയവോദ്ദീപകമായ കാഴ്ച (അതങ്ങനാണ്, എന്തെങ്കിലും തടയാൻ മുട്ടി നിൽക്കുകയാണ്! അയവിറക്കാൻ) എന്നു പറയുന്നത് ആദ്യം പറഞ്ഞ സെറ്റ് പീസ് ഐറ്റംസല്ല, കള്ളുകുടിയന്മാരാണ്. ഉൽസവപറമ്പിലെ കുടിയന്മാർ, ഭയങ്കര ഓളമാണവര്.
വളരെ വർഷങ്ങൾകൂടി ഒരുത്സവപറമ്പിന്റെ തട്ടകത്തിൽ ഒരിക്കൽ കൂടി എത്തി. വലിയ കാമറയുമായി ചെന്ന് കസേരയൊക്കെ ഒഴിവാക്കി ഏറ്റവും മുമ്പിൽ വശത്തായി ഒരു തിണ്ടിൽ ചെന്ന് ഇരിപ്പുറപ്പിച്ചു. നാടകം ഒക്കെ വരുമ്പം ഫോട്ടോ പറ്റുമെങ്കിൽ അടുത്തു നിന്ന് എടുക്കണം. കസേരകൾ നിറഞ്ഞിരിക്കുന്നു. മഫ്ളറും കമ്പിളിയും ഒക്കെയായി സർവസന്നാഹങ്ങളുമായാണ് പലരും. ഭക്തിഗാനമേള കഴിയാറായിരിക്കുന്നു. പതിവു പോലെ പാതിരയ്ക്ക് നാടകം.
അപ്പോഴാണ് ആശാനും രണ്ട് ഫ്രണ്ട്സും കൂടെ വരുന്നത്. ഭാഷ ന്യൂ ജനാണ്. ഭൂഷ പക്ഷേ വിയർപ്പിൽ കുളിച്ച തിളങ്ങുന്ന ജുബ, സിൽക്ക് മുണ്ട്. ചങ്ങല പോലൊരു സ്വർണമാല ഒക്കെ.
"നല്ല പിക്സ് എടുക്കണം ഡോക്ടറേ... അറിയാവുന്നന്മാര് വേണം ഉത്സവം നടത്താൻ അതിന് സമ്മതിക്കില്ലല്ലോ " വെറുതെ തല കുലുക്കി.
''സുവനീർ എന്നു പറഞ്ഞ് എല്ലാ കൊല്ലവും എല്ലാവന്മാരും കൂടി ഒരേ പടം എടുത്തിടും. ഒരു കലാബോധമില്ലാത്തവന്മാര്. അടുത്ത കൊല്ലം നിങ്ങള് എടുത്ത പടങ്ങള് മതി"
പുള്ളി കാമറയിൽ കയറി പിടിച്ചു കുലുക്കി.
"തരില്ലേ, പടം തരില്ലേ.. "
ഞാൻ മെല്ലെ കാമറ തിരികെ വെച്ചു. പണി വാങ്ങണ്ടല്ലോ. പൊതിക്കാത്ത തേങ്ങ പോലാണ് കാമറ. അതിലെ മിക്ക കിടുതാപ്പുകളും എന്തിനാണ് എന്നു തന്നെ അറിയില്ല. ചുമ്മാ ISO, ഷട്ടർ സ്പീഡ് എന്നൊക്കെ ഒരോളത്തിൽ തട്ടാം. പതിഞ്ഞാൽ പതിഞ്ഞെന്ന് പറയാം.
"ഡാ ചെറുക്കാ... ആനയിറങ്ങാ മാമലയില് പാടെടാ.."
നേരെ സ്റ്റേജിന് ചോട്ടിൽ വന്നാണ് ഉത്തരവ്. ആകെ കാറ്റു പിടിച്ച പോലാണ് നിൽപ്പ്. അനൗൺസ് ചെയ്യാൻ വന്ന പയ്യൻ ഭവ്യമായി പറഞ്ഞു
"അതെ, ഒരുപാട് പാട്ടുകൾ പാടാൻ ആവശ്യങ്ങൾ വരുന്നുണ്ട് ... "
"ഒരാവശ്യവും വന്നിട്ടില്ല... ഞാനിവിടെ ഇരിക്കുകയല്ലേ. ഒരുത്തനും വരുന്നത് കണ്ടില്ല. ആനയിറങ്ങാമാമലയിൽ പാടിയിട്ട് പോയാ മതി" പുള്ളി വിട്ടില്ല.
" നമുക്ക് സമയപരിധിക്കുറവുണ്ട് "
" സമയപരിധിക്കുറവോ, ആരാ നിന്നെ മലയാളം പഠിപ്പിച്ചത്, എന്റെ കൂടെ മലയാളം മാഷുണ്ട്, സ്കൂൾ ഹെഡ്മാഷാണ്, എവിടെ പോയി "
എന്റെ ഇപ്പുറത്തിരുന്ന കക്ഷി "ഇവൻ ആളെ നാറ്റിക്കും" എന്നു പറഞ്ഞ് തിണ്ടിനു പുറകിലേക്ക് ചാടി ഒളിച്ചു.
" നിങ്ങള് ശരിക്കും ഹെഡ്മാഷാ " ഞാൻ ചോദിച്ചു.
പുളളി തിണ്ടിനു പുറകിലിരുന്ന് ശങ്കരാടിയെ പോലെ ചിരിച്ചു. പിന്നെ ഫഹദിനെ പോലെ തല ചെറുതായി താഴ്ത്തി ഹെഡ്മാഷെന്ന ആരോപണം ശരിവെച്ചു.
"അടുത്തതായി ആനയിറങ്ങാ മാമലയിൽ..'' അനൗൺസ്മെന്റ് വന്നതും നമ്മുടെ ബാറാം തമ്പുരാൻ ഹർഷാരവം മുഴക്കി. പാട്ട് തുടങ്ങി.
ഇങ്ങനാണോ ബാലൻസ്, ശരിക്ക് കൂട്ടി വെക്കടാ എന്ന അട്ടഹാസം നടുക്കിരുന്ന മൈക്ക് സെറ്റുകാരോട് മുഴങ്ങി. ഒരു പൊടി ബാലൻസില്ലാത്തവനാണ് ശബ്ദത്തിന്റെ ബാലൻസ് പഠിപ്പിക്കുന്നത്.
അസാധ്യമായ ചില നൃത്തചുവടുകളിലൂടെ പുളളി ആത്മനിർവൃതിയിലേക്ക് പടർന്ന് കയറി. എല്ലാം ലയിച്ചു തന്നിലേക്കു ചേരുന്ന നടനം.
ഞാൻ ആ കാഴ്ച കണ്ട് തിരികെ നടന്നു. കുത്തനെയൊരു കയറ്റത്തിനു മുകളിൽ ഫ്ലാറ്റിൽ ലൈറ്റു കത്തുന്നുണ്ട്. നാടകം പിന്നെ ഒരിക്കൽ കാണാം. കാറ്റു പിടിച്ചു തുടങ്ങിയിരുന്നു. പഴയതു പോലെ മഞ്ഞിന്റെ കുളിര് ഇല്ലാത്ത വരണ്ട കാറ്റ്.