sections
MORE

സിനിമാപ്രേമികളായ എല്ലാ ഗർഭിണികൾക്കും വേണ്ടി ഒരു അനുഭവകഥ

Kumbalangi Nights
SHARE

കുമ്പളങ്ങി നൈറ്റ്‌സ് കണ്ടു. സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലുയർന്ന ഏകചോദ്യം ഇത് കാണാനാണോ ഞാൻ ഇത്രയും ബഹളമുണ്ടാക്കി വന്നതെന്നു മാത്രമായിരുന്നു. ബെഡ് റെസ്റ്റ് പറഞ്ഞ ഒരു എട്ടുമാസ ഗർഭിണി രണ്ടര മണിക്കൂറോളം ഇരുന്നു സിനിമ കാണുന്നതിലെ അനൗചിത്യമോർത്തു കൊണ്ട് എന്നെ അതിൽ നിന്നും സ്നേഹപൂർവവും ദേഷ്യപ്പെട്ടും പിന്തിരിപ്പിക്കാൻ ശ്രമിച്ച കുടുംബാംഗങ്ങളെ എല്ലാവരെയും ആ നിമിഷത്തിൽ തെല്ലൊരു കുറ്റബോധത്തോടെ ഓർത്തുകൊണ്ടാണ് തിയറ്റർ വിട്ടിറങ്ങിയത്. അവര് പറഞ്ഞതു കേട്ടാൽ മതിയായിരുന്നു എന്നായിരുന്നു അപ്പോൾ ചിന്തകളിൽ മുഴുവൻ. (എന്റെ വാശി നടക്കട്ടേയെന്നു കരുതി, കൂടെക്കൂട്ടിയ ഭർത്താവിനെ ഈ സമയത്തു സ്നേഹപൂർവം സ്മരിക്കുന്നു).

സാധാരണയായി ഫഹദിന്റെ ഏതൊരു സിനിമ ഇറങ്ങിയാലും ഞായറാഴ്ച ആ സിനിമ കാണാൻ പോകണമെന്ന ഒരു അലിഖിത നിയമം എനിക്കും ഭർത്താവിനും ഇടയിലുണ്ട്. നിർബന്ധിച്ചു പറഞ്ഞില്ലെങ്കിലും അതൊരു പതിവാണ്. ആ പതിവുകൾ തെറ്റിച്ച സിനിമയായിരുന്നു ഞാൻ പ്രകാശൻ. ഒരൽപം ഗുരുതരമായ, ഗർഭാവസ്ഥയിലെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് മുഴുവൻ സമയവും കിടപ്പിലായ എനിക്ക് സിനിമ കാണാൻ കൊണ്ടുപോകുമോ എന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നതായിരുന്നു സത്യം. അങ്ങനെ ഏറെ നിരാശയോടെ ഞാൻ പ്രകാശനെ മറന്നു തുടങ്ങിയപ്പോഴാണ് കുമ്പളങ്ങിയുമായി ഫഹദ് വീണ്ടുമെത്തുന്നത്. 

ഇറങ്ങിയ ദിവസം മുതൽ തന്നെ നല്ലതെന്നു കേൾക്കുന്ന ഒരു സിനിമ കാണാൻ പോകാനുള്ള ആഗ്രഹം പതുക്കെ തലപൊക്കിയെങ്കിലും അതവിടെ അപ്പോൾ തന്നെ കുഴിച്ചുമൂടി. അതിനിടയിലാണ് ഭർത്താവിന്റെ രണ്ടു സുഹൃത്തുക്കളും അവരുടെ ഭാര്യമാരും മോന്റെ പിറന്നാളിന് വീട്ടിലെത്തിയത്. രണ്ടു തവണ കുമ്പളങ്ങി കണ്ട അവർ ആ സിനിമയെ വാനോളം പുകഴ്ത്തുന്നത് പോട്ടേ എന്നു വയ്ക്കാം... പക്ഷേ, ഒടുവിൽ ഒരു ഡയലോഗ് പറയും ''ചേച്ചിക്കു കാണാൻ പോകാൻ പറ്റില്ലല്ലേ?, ചേച്ചിക്ക് അത്രനേരം ഇരിക്കുന്നതു ബുദ്ധിമുട്ടായിരിക്കുമല്ലേ?''. രണ്ടുതവണ അവര് വന്നപ്പോഴും സംഭാഷണങ്ങൾ അവസാനിച്ചത് ഈ വാക്കുകളിലായിരുന്നു. എന്റെ പ്രയാസങ്ങളെ മനസിലാക്കാതെ, എന്റെ നിസഹായാവസ്ഥയെ ചോദ്യം ചെയ്യുന്ന ആ വാക്കുകളെ ഏറെ വെറുത്തൊരു നിമിഷത്തിൽ ഒരു പൊട്ടിത്തെറിയുടെ അകമ്പടിയോടെ ''എന്തൊക്കെ സംഭവിച്ചാലും ഞാൻ സഹിച്ചോളാം, എനിക്ക് കുമ്പളങ്ങി നൈറ്റ്സ് കാണാൻ പോകണമെന്ന്'' ഇക്കഴിഞ്ഞ ഞായറാഴ്ച കാലത്തേ ഞാൻ പ്രഖ്യാപിച്ചു. തിരിച്ചൊന്നും പറയാതെ നാലു മണിക്കുള്ള ഷോയ്ക്കു ഭർത്താവ് ടിക്കറ്റും ബുക്ക് ചെയ്തു. 

ഒരാവേശത്തിനു അങ്ങനെ പറഞ്ഞെങ്കിലും അത്രയും സമയം തിയറ്ററിൽ ഇരിക്കുന്ന സാഹസമോർത്തപ്പോൾ, പല തവണ മനസ്സ് വേണ്ടെന്നു പറഞ്ഞുകൊണ്ടിരുന്നു. കൂടെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ വഴക്കായും സ്നേഹത്തോടെയും പിന്തിരിപ്പിക്കാൻ  ശ്രമിച്ചുകൊണ്ടുമിരുന്നു. ''ചെണ്ട പുറത്തു കോലു വീഴുന്ന ഒച്ച കേൾക്കുമ്പോഴേ, അങ്ങോട്ടെത്തുമെന്നു'' പണ്ട് മുത്തശ്ശി എന്നെ കുറിച്ചു തമാശരൂപേണ പറയുമായിരുന്നു, അത്രയും ആവേശമൊന്നും ഇപ്പോഴില്ലെങ്കിലും കുമ്പളങ്ങിയെ വിട്ടുകളയാൻ മനസനുവദിച്ചില്ല. ആരുടെയും വാക്കുകളെ മുഖവിലക്കെടുക്കാതെ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഞങ്ങൾ അങ്ങനെ കുമ്പളങ്ങി നൈറ്റ്സ് കാണാൻ പോയി. വീട്ടിൽ ടിവി ഇല്ലാതിരുന്ന കാലത്ത്, ദൂരദർശനിൽ ഞായറാഴ്ച നാലുമണിക്ക് വരുന്ന സിനിമ കാണാൻ അയൽപക്കങ്ങൾ തോറും ഓടുന്ന ഒരു കുട്ടിയുടെ അതേ ആവേശത്തിലാണ് തിയറ്ററിലേക്കെത്തിയത്.   

സിനിമ കഴിഞ്ഞു തിയറ്ററിന്റെ ഗേറ്റ് കടന്നപ്പോൾ ആത്മഗതമെന്ന പോലെ, ''ഞാൻ പ്രതീക്ഷിച്ച കുമ്പളങ്ങി നൈറ്റ്സ് ഇതായിരുന്നില്ല'', എന്ന വാക്കുകൾ പതിയെ പുറത്തു ചാടി. മറ്റുള്ളവർ ഈ സിനിമയെക്കുറിച്ചു പറഞ്ഞതൊന്നും എനിക്ക് അനുഭവിക്കാൻ പറ്റിയില്ല. ചിത്രം കണ്ട ഭൂരിപക്ഷം പേരും നല്ലതുപറയുന്ന ഒരു സിനിമ എനിക്കു മാത്രം എന്തുകൊണ്ട് ഒരു ഫീലും നൽകിയില്ല എന്നതിനെക്കുറിച്ചായിരുന്നു പിന്നീടുള്ള ചിന്ത മുഴുവൻ. പക്ഷേ, അപ്പോഴും ഇടയ്ക്കിടെ സജി നെപ്പോളിയൻ എന്ന കഥാപാത്രം ചെറുതായി പിന്തുടരുന്നുണ്ടായിരുന്നു. അനിയനെ കൈ ഞൊടിച്ചു വിളിച്ച്, എനിക്ക് കരയാൻ പറ്റുന്നില്ലെന്നു പറയുന്ന സൗബിന്റെ കഥാപാത്രം ചെറുതല്ലാത്തൊരു നൊമ്പരം സമ്മാനിച്ചിരുന്നു, ആ സജിയേയും മനസ്സിലിട്ടു കൊണ്ടാണ് വീട്ടിലേക്കു കയറിയത്. രണ്ടര മണിക്കൂർ നേരത്തെ ഇരിപ്പ്, കാലിൽ നീരും നടുവിന് നല്ല വേദനയും സമ്മാനിച്ചതുകൊണ്ട് എത്രയും പെട്ടെന്ന് കട്ടിലിലേക്ക് കയറി കിടപ്പായി.

rekha-regunath
രേഖ രഘുനാഥ് (ലേഖിക)

പിന്നീടായിരുന്നു ട്വിസ്റ്റ്, ആദ്യമേ സജി മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ സജിക്കു പിറകെ, ഷമ്മിയും ബോബിയും ബോണിയും ഫ്രാങ്കിയും മുരുകനും സതിയും പ്രശാന്തും ബേബിമോളുമൊക്കെ ഒക്കെ ചുറ്റിനും വന്നു നിൽപ്പായി. മനസിൽ കുമ്പളങ്ങി നൈറ്റ്‌സ് ഒന്നുകൂടി ആദ്യം മുതൽ അവസാനം വരെ ഓടി. ഷമ്മിയുടെ ഭാവമാറ്റങ്ങളും ബോബിയുടെ നിസഹായാവസ്ഥയും എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്ന ഫ്രാങ്കിയുടെ സ്വപ്നവും അതിനു സംഭവിക്കുന്ന ആശാഭംഗവും കഥ തുടരുമ്പോൾ ജ്യേഷ്ഠനെ മനഃശാസ്ത്രജ്ഞന്റെ അടുത്തു കൊണ്ടുപോയി, ചേർത്തുപിടിച്ചു നടന്നുപോകുന്ന ആ സഹോദരങ്ങളുമൊക്കെ വളരെപ്പെട്ടെന്നാണ് പരിചിതരായത്. ''നിങ്ങൾക്ക് എന്നു പറഞ്ഞാൽ ചേച്ചിക്ക്'' എന്ന ഒറ്റ ഡയലോഗിൽ ഹൃദയം കീഴടക്കുന്ന ബോബിയും ആദ്യാവസാനം മനോഹരമായ ശബ്ദമായി സിനിമയുടെ ജീവനാകുന്ന ബോണിയും ഭാവമാറ്റങ്ങളിലൂടെ ഭയപ്പെടുത്തുന്ന ഷമ്മിയും ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്. അതുതന്നെയായിരിക്കുമല്ലേ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്? കണ്ടു കഴിഞ്ഞിറങ്ങുമ്പോൾ തിയറ്റർ ചുവരുകൾക്കുള്ളിൽ അവസാനിക്കാതെ പിന്നെയും കൂടെ പോരുന്ന കുറെ കഥാപാത്രങ്ങൾ, അതുതന്നെയാണ് ഈ സിനിമയുടെ വിജയം.

ഒരിക്കൽ കൂടി കുമ്പളങ്ങിയുടെ സൗന്ദര്യം ആസ്വദിക്കണമെന്ന മോഹം ബാക്കിയാക്കുന്നുണ്ട് ആ സിനിമ.

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA