ADVERTISEMENT

സ്വത്വം (കഥ)

അനന്തമായി നീണ്ട വരിയിൽ ആളുകൾ നിരന്നു നിൽക്കുന്നു. ആ വരിയിൽ കയറി നിൽക്കാൻ ആരോ ആജ്ഞാപിക്കുന്നതു പോലെ എനിക്കു തോന്നി. ഞാൻ വരിയിൽ കയറി നിന്നു. മുന്നിൽ നിൽക്കുന്നത് ആറടിയിലധികം പൊക്കമുള്ള വെളുത്തിട്ട് കറുത്ത മുടിയുള്ള ഒരാളായിരുന്നു. മലയാളിയാണോ എന്നു ചോദിക്കാൻ പോകുന്നതിനു മുമ്പ് അയാൾ മലയാളിയല്ല, ഇറാനിയനാണ്, പേര് നാമിദ് എന്ന് പറയുന്നതായെനിക്കു തോന്നി. ഇയാൾക്കെങ്ങനെ മലയാളം അറിയാം എന്നാലോചിച്ചയുടനെ തന്നെ അയാൾ പറഞ്ഞു, താങ്കൾ വിചാരിക്കുന്ന കാര്യങ്ങൾ ഫാർസി ഭാഷയിലാണ് താൻ മനസ്സിലാക്കുന്നതെന്നും അതേ ഭാഷയിൽ തന്നെയാണ് ഉത്തരം പറയുന്നതെന്നും അയാൾ പറഞ്ഞു.  

ടെഹ്റാനിൽ ജനിച്ചു വളർന്ന ലൂർ വംശത്തിൽപ്പെട്ട സുന്നി മുസ്​ലിം ആയിരുന്നു നാമിദ്. മറ്റു കാര്യങ്ങളൊന്നും ഓർമയില്ലെന്നും അയാൾ പറഞ്ഞു. എന്റെ കാര്യവും അതുപോലെതന്നെ പേര് ജോസഫ്, കേരളത്തിൽ ഒരു സുറിയാനി കുടുംബത്തിൽ ജനിച്ചു വളർന്നു. ഞങ്ങൾ എത്ര നേരം ആ വരിയിൽ നിന്നെന്നറിയില്ല, ഇപ്പോൾ ഞാൻ കാണുന്നത് ഒരു മുഖമില്ലാത്ത രൂപം എന്തോ കടലാസ് കഷണം പോലെ തോന്നിപ്പിക്കുന്ന വസ്തു ഓരോരുത്തർക്കും നൽകുന്നതാണ്. എന്റെ ഊഴമായപ്പോൾ എനിക്കും കിട്ടി. അതിൽ എന്തൊക്കെയോ കുറിച്ചിട്ടുണ്ട്. ഉടനെ തന്നെ മുഖമില്ലാത്ത രൂപത്തിൽ നിന്നും ഞാനിങ്ങനെ കേട്ടു. “താങ്കളുടെ പേര്, ഭൂമിയിലെ ജീവിതകാലം, ഏത് മതത്തിലാണ് വിശ്വസിച്ചിരുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് “ അടുത്തയിടത്തേക്ക് താങ്കൾക്ക് പോകാം. 

മറ്റൊരു മുഖമില്ലാത്ത രൂപം എന്നെ വിശാലമായ ഒരിടത്തേക്ക് കൂട്ടികൊണ്ടു പോയി. അവിടെ ഞാൻ പല പല വരികൾ കണ്ടു. അതിലൊരു വരിയിൽ എന്നെ കയറ്റി നിറുത്തി. എന്റെ മുമ്പിൽ നിന്നിരുന്നവരെ എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല, എങ്കിലും ഞാൻ മുന്നോട്ട് പോകുന്നുണ്ടായിരുന്നു. പതിയെ എനിക്ക്, എന്റെ മുമ്പിൽ തുകൽ കൊണ്ടു പൊതിഞ്ഞ തടിച്ച പുസ്തകങ്ങൾക്കു പിന്നിൽ ഇരിക്കുന്ന മുഖമില്ലാത്ത രൂപം കാണാറായി. എന്റെ കൈയിലിരുന്ന വസ്തു ഞാനയാൾക്ക് കൊടുത്തു. ജോസഫ് എന്നു പേരെഴുതിയ ഒരു പുസ്തകം എന്റെ മുമ്പിൽ തുറക്കപ്പെട്ടു. ഞാൻ ഭൂമിയിൽ ജീവിച്ചിരുന്ന എഴുപത്തി മൂന്ന് വർഷങ്ങൾ ഒരു ചലചിത്രമെന്നോണം എന്റെ മുന്നിൽ തെളിഞ്ഞു. രണ്ട് മതവിശ്വാസികളുടെ അവയവങ്ങൾ കൂടി പേറുന്ന താങ്കളുടെ വിധി സ്രഷ്ടാവ് നേരിട്ടു നടത്തുമെന്ന് മുഖമില്ലാത്ത രൂപം എന്നോടു പറഞ്ഞു. എനിക്ക് ഹൃദയം തന്ന മുഹമ്മദിനേയും കിഡ്നി തന്ന പങ്കജാക്ഷനേയും എനിക്കോർമ വന്നു. കൂടാതെ പല പ്രാവശ്യവും ഹിന്ദു മതവിശ്വാസികൾ തന്ന പ്രസാദം നിരസിച്ച കാര്യവും എനിക്കോർമ വന്നു. 

ഞാനിപ്പോൾ സ്രഷ്ടാവിനെ കാണാനുള്ള വരിയിലാണ്…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com