ADVERTISEMENT

നല്ല ശമരിയക്കാരി (കഥ)

ടർപായയുടെ പടുത വലിച്ചു കെട്ടി വഴിയരികിലെ ചെറിയ കട മറയ്ക്കുമ്പോൾ ക്രിസ്റ്റീനയുടെ മനസ്സിൽ ഉമ്മറത്തിണ്ണയിലെ തൂണിനരികിൽ അമ്മച്ചി വരുന്നതും കാത്തിരിക്കുന്ന ആൻ മോളുടെ മുഖമായിരുന്നു. നഗരത്തിൽ മഴയും മഞ്ഞും പെയ്തിറങ്ങാൻ തുടങ്ങി. തണുപ്പിൽ വിറയ്ക്കുന്നവർ കമ്പിളിയിൽ പൊതിഞ്ഞു കൂടി.

കർത്താവേ, ഈ മഴ ഇപ്പോഴൊന്നും നിൽക്കുമെന്നു തോന്നുന്നില്ല. ഇന്നാണെങ്കിൽ കച്ചോടം ഒന്നും നടന്നിട്ടുമില്ല.. വൈകിട്ട് എന്തെടുത്തു ഞാൻ അന്നകുട്ടിക്ക് ക്രിസ്തുമസിന്റെ കേക്കും, അലങ്കാരങ്ങളും വാങ്ങും..

നഗരത്തിലെ തെരുവോരത്തു കമ്പിളി പുതപ്പു വിൽക്കുകയാണ് ക്രിസ്റ്റീന.. ആൻ മോൾക്ക് രണ്ടു വയസ്സുള്ളപ്പോൾ അവളുടെ അപ്പച്ചൻ ആന്റണിക്ക് ഒരു പനി വന്നതാണ്. നല്ലവരെ കർത്താവു നേരത്തെ എന്ന് പറഞ്ഞ പോലെ ആന്റണിയെയും കൊണ്ടാണ് ആ പനി പോയത്. ജീവിതത്തിൽ ഒരുപാട് ഒറ്റക്കായിപോയ ക്രിസ്റ്റീനയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നത് അവളുടെ അമ്മയാണ്. ഒരു പെണ്ണിന് ഒറ്റക്കും ജീവിക്കാം എന്ന് പറഞ്ഞും കാണിച്ചും കൊടുത്ത അവളുടെ അമ്മ. ആൻ മോൾക്കു വേണ്ടി ക്രിസ്റ്റീന വീണ്ടും ജീവിക്കാൻ തുടങ്ങി.. അല്ല ജീവിതത്തോട് പടവെട്ടാൻ തുടങ്ങി 

തന്റേടം .. അതാണ് അവളുടെ അമ്മ ക്രിസ്റ്റീനക്ക് കൊടുത്തത്. പകൽ അവൾ പണിക്കു പോകുമ്പോൾ അമ്മ മോളുടെ കൂടെ ഇരുന്നു. ക്രിസ്റ്റീനയെക്കാൾ കരുതലായിരുന്നു അമ്മാമക്ക് ആൻ മോളോട്. ക്രിസ്റ്റീന രാവിലെ വീടുകളിൽ പണിക്കു പോകും. അവിടെ നിന്നും കിട്ടുന്ന ഭക്ഷണം മോൾക്കും അമ്മയ്ക്കും കൊണ്ടുവന്ന് കൊടുക്കും. പിന്നെയാണ് നഗരത്തിൽ വഴിയോരത്തെ കച്ചവടം ചെയ്യുക. തിരിച്ചു വീട്ടിൽ വരുമ്പോൾ മിക്കപ്പോഴും ഇരുട്ട് വീണിരിക്കും. ആൻ മോളുറക്കം പിടിച്ചിരിക്കും. ഉറങ്ങി കിടക്കുന്ന ആൻ മോളുടെ നെറ്റിയിലും, നെറുകിലും ഉമ്മ കൊടുത്തിട്ടേ ക്രിസ്റ്റീന പ്രാർഥനയ്ക്കും, ഭക്ഷണം കഴിക്കാനും പോകൂ...

അന്നു രാവിലെ ഇറങ്ങിയപ്പോഴും ആൻമോള് പറഞ്ഞതാണ് അമ്മെ വൈകിട്ട് കേക്ക് കൊണ്ടുവരണം... പിന്നെ നക്ഷത്രോം, നമ്മുക്കും പുൽക്കൂട് കെട്ടണമെന്നും.. അപ്പഴാ ഒരു മഴ.. നഗരം വെള്ളത്തിനടിയിൽ മുങ്ങിപ്പോകുന്ന മഴ. ഇന്നിനി ആരും പുറത്തിറങ്ങില്ല. കച്ചവടവും നടക്കില്ല. ശൂന്യമായ റോഡിന്റെ അങ്ങേ അറ്റത്തേക്കും കണ്ണ് പായിച്ചവൾ നിസ്സഹായയായി നിന്നു.

പടുതയുടെ അടിയിൽ ഓരോന്നാലോചിച്ചു തളർന്നിരിക്കുകയാണ് ക്രിസ്റ്റീന. അപ്പോഴാണ് അവളതു ശ്രദ്ധിച്ചത്.. തെല്ലകലെ ഒരു മരച്ചോട്ടിൽ മഴയിൽ കുതിർന്നു തണുത്തു വിറച്ചിരിക്കുന്ന ഒരു പെൺകുട്ടി.. പിഞ്ഞി തുടങ്ങിയ ഉടുപ്പുകൾ വലിച്ചു കൂട്ടി പിടിച്ചിരിക്കുകയാണ് അവൾ. ക്രിസ്റ്റീന അവളെ ശബ്ദമുണ്ടാക്കി വിളിച്ചു.

വാ കൊച്ചെ.. ഈ പടുതയുടെ അടിയിലേക്ക് വാ.. തണുത്തു മരവിച്ച വിരലുകൾ.. തണുപ്പിനാൽ അവൾ വിറയ്ക്കുകയാണ്.. ക്രിസ്റ്റീന അവൾക്കു കുടിക്കാൻ രാവിലെ വീട്ടിൽ നിന്നും ഫ്ലാസ്കിലാക്കി കൊണ്ടുവന്ന ചുക്ക് കാപ്പി കൊടുത്തു.. കഴിക്കാൻ ബാക്കി വന്ന രണ്ടു കഷ്ണം ബ്രെഡും,

"കഴിക്ക് കൊച്ചെ, തണുപ്പ് മാറാൻ നല്ലതാ, ഇതേ ഇപ്പൊ ഇവിടുള്ളൂ .."

ഒന്നും മിണ്ടാതെ നന്ദിയോടെ ക്രിസ്റ്റീനയെ നോക്കി അവൾ അത് കഴിക്കാൻ തുടങ്ങി. 

"നിന്റെ അച്ഛനും അമ്മയുമൊക്കെ എന്തിയെ കൊച്ചെ?"

"അമ്മച്ചീനെ പൊലീസ് കൊണ്ടോയി.."

"പൊലീസ് കൊണ്ടൊയോ.. അതെന്നാത്തിനാ?"

" അറിയത്തില്ല.. ഇടയ്ക്കിടയ്ക്ക് കൊണ്ടോവും. അമ്മേടെ പണി പോലീസുകാർക്കിഷ്ടല്ല ന്നാ പറയണേ.."

" അമ്മക്കെന്നതാ കൊച്ചെ പണി? "

" അറിയത്തില്ല.. കൊറേ ചേട്ടന്മാരൊക്കെ വരും... അമ്മ അവരുടെ കൂടെ പോകും. വരുമ്പോ മോക്ക് തിന്നാനൊക്കെ കൊണ്ടാരും. ഇന്നലെ അമ്മയെ പൊലീസ് കൊണ്ട് പോയതാ.. പിന്നെ ഇപ്പഴാ ഞാൻ വല്ലതും തിന്നുന്നെ.."

ക്രിസ്റ്റീനക്ക് ആനിനെ ഓർമ വന്നു. അവൾക്കു ഞാനെങ്കിലും ഉണ്ട്. താമസിക്കാനൊരു വീടും. വൈകിട്ട് ആൻ മോളോട് എന്തു പറയും എന്ന ചിന്ത വീണ്ടും ക്രിസ്റ്റീനയെ അലട്ടാൻ തുടങ്ങി.. അപ്പുറത്തു ചിട്ടി കമ്പനി നടത്തുന്ന ആൽബർട്ട് മുതലാളിയെ കാണാൻ അവൾ തീരുമാനിച്ചു.. പലപ്പോഴും വഴിയോരക്കച്ചവടകാർക്കു കൊള്ളപലിശക്കാണെങ്കിലും പണം കൊടുത്തു സഹായിക്കുന്നത് ആൽബർട്ട് മുതലാളി ആയിരുന്നു..

ചിട്ടിക്കമ്പനിയിലെ ഒറ്റമുറിയിലിരുന്നു കണക്കു കൂട്ടുകയായിരുന്നു ആൽബർട്ട് മുതലാളി... അപ്പോഴാണ് ക്രിസ്റ്റീന കടന്നു വന്നത്. മുതലാളീ.. എന്നെ ഒന്ന് സഹായിക്കണം. പറഞ്ഞോളൂ ക്രിസ്റ്റീന.. അയാൾ കണക്കു പുസ്തകം അടച്ച് അവളെ നോക്കി. മഴ നനഞ്ഞു വന്ന ഒരു പനിനീർ പൂവിനെ പോലെ മനോഹരിയായിരുന്നു അവൾ അപ്പോൾ.. അവളുടെ മനോഹാരിതയ്ക്കു മാറ്റ് കൂട്ടാനായി മഴ ഒരു തുള്ളി വെള്ളം അവളുടെ ചുണ്ടിൽ ഒട്ടിച്ചു വച്ചിരുന്നു..

കുറച്ചു കാശു തന്നു സഹായിക്കണം.. നാളെ തന്നെ തിരിച്ചു തരാം.. ഇന്ന് മഴയായതുകൊണ്ട് കച്ചോടം ഒന്നും നടന്നില്ല..

എത്ര കാശു വേണം ക്രിസ്റ്റീന..

എനിക്കൊരു ആയിരം രൂപ വേണം.. ക്രിസ്തുമസ്അല്ലേ, വീട്ടിലേക്ക് ഒന്നും വാങ്ങിയില്ല മോൾക്ക്...

ആൽബർട്ട് ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു. പിന്നെ മെല്ലെ എഴുന്നേറ്റു പുറത്തേക്കുള്ള കതകടച്ചു ലോക്ക് ചെയ്തു, ക്രിസ്റ്റീന ഭയപ്പാടോടെ അയാളെ നോക്കി..

പേടിക്കേണ്ട ക്രിസ്റ്റീന. കാശു ഞാൻ തരാം, നിനക്ക് തിരിച്ചു താരാൻ പറ്റിയില്ലെങ്കിലോ... എനിക്കൊരു ഉറപ്പു വേണ്ടേ... ഇതാണെങ്കിൽ നീ തിരിച്ചു തരേണ്ട.. എത്ര നാളായി ഞാൻ നിന്നോട് പറയുന്നു. എന്റെ കടയിൽ പണിക്കു വരാൻ. നിന്റെ സൗന്ദര്യം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്... അയാൾ പതുക്കെ അവളുടെ പിന് കഴുത്തിലൂടെ വിരലോടിച്ചു..

തൊട്ടു പോകരുത്, ക്രിസ്റ്റീന അരയിൽ നിന്നും ചെറിയ കത്തി പുറത്തേയ്ക്കെടുത്തു..

ആലോചിക്കൂ.. ക്രിസ്റ്റീന.. നിനക്കിപ്പോൾ കാശിനു വേറെ ഒരു വഴിയും ഇല്ല.. എനിക്ക് കാശിന് ഉറപ്പും വേണം.. ഇതാണെങ്കിൽ എനിക്കും നിനക്കും കണക്കു വേണ്ട.

അയാളുടെ വിരൽ അവളുടെ ചുണ്ടിൽ നിന്നും മഴ തുള്ളി വടിച്ചെടുത്തു. എതിർക്കാനും ആൽബെർട്ടിനെ ആക്രമിക്കാനുമുള്ള ക്രിസ്റ്റീനയുടെ ആഗ്രഹം അകലെ കേക്കും കാത്തിരിക്കുന്ന ആൻമോളുടെ മിഴികൾ തടഞ്ഞു നിർത്തി. അവൾ കത്തി താഴെ ഇട്ടു. നിസ്സഹായയായി അയാളെ നോക്കി.. ആട്ടിറച്ചി കണ്ട ചെന്നായയെ പോലെ ആൽബർട്ടിന്റെ കണ്ണിൽ വിശപ്പാളി കാത്തുനിന്നത് അവൾ കണ്ടു. ആൽബർട്ടിന്റെ ചുടു നിശ്വാസങ്ങൾ അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി.. പുറത്തു പെയ്യുന്ന മഴയിലും തണുപ്പിലും അവരുടെ ശരീരം വിയർത്തു... കുറച്ചു സമയങ്ങൾക്കു ശേഷം വിയർപ്പിൽ കുതിർന്നു കിടക്കുന്ന ആൽബർട്ട് പോകാനിറങ്ങിയ ക്രിസ്റ്റീനക്ക് പേഴ്സിൽ ഉണ്ടായിരുന്ന മുഴുവൻ നോട്ടുകളും എടുത്തു കൊടുത്തു, 

എണ്ണണ്ട, മുഴുവൻ നിനക്ക്.. ഇനിയും നിനക്കാവശ്യം വരുമ്പോൾ വന്നാൽ മതി.. അല്ലെങ്കിൽ ഇവിടെ നിനക്കൊരു പണി തരാം. അഴിഞ്ഞു പോയ ഡ്രസ്സ് ധരിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു. ഏതോ ചളിക്കുഴിയിൽ വീണുപോയ ഭാവത്തോടെ നിൽക്കുന്ന ക്രിസ്റ്റീന കാശു പേഴ്സിൽ വച്ച് മഴയിലേക്കിറങ്ങി.. ശരീരത്തിൽ പറ്റിയ അഴുക്കു കഴുകിക്കളയാൻ എന്ന പോലെ അവൾ മഴ കൊണ്ട് നടന്നു.. അവളുടെ കണ്ണിൽ നിന്നും ഉറവയെടുത്ത പുഴ മഴയിൽ അലിഞ്ഞ് ഇല്ലാതായി..

ക്രിസ്തുമസ്സിന്റെ കേക്കും, പുൽക്കൂടിന്റെ അലങ്കാരങ്ങളും വാങ്ങി വീട്ടിലേക്കു തിരിച്ചു പോകാൻ തുടങ്ങുമ്പോഴാണ് ക്രിസ്റ്റീനക്ക് അവളെ ഓർമ വന്നത്, അവൾ ഇപ്പോഴും തന്റെ കടയിൽ ഉണ്ടാകുമോ.. അവൾ വേഗത്തിൽ തിരിച്ചു നടന്നു.

പടുതയ്ക്കടിയിൽ അസ്പഷ്ടമായി എന്തൊക്കെയോ പറഞ്ഞ് തണുത്തു വിറച്ച ദേഹത്തോടെ കിടക്കുന്ന ആ കൊച്ചു പെൺകുട്ടിയെ ക്രിസ്റ്റീന കണ്ടു.. കൊച്ചെ.. എണീറ്റെ.. ക്രിസ്റ്റീന അവളെ കുലുക്കി വിളിച്ചു.. വളരെ ബുദ്ധിമുട്ടിയാണ് അവൾ കണ്ണുകൾ തുറന്നത്.

ആന്റി, ഞാൻ പൊക്കോളാം.. മഴ മാറിയിട്ട്.. അവളുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു.

നീ എവിടെ പോകാനാ മഴ മാറിയിട്ട്... അറിയില്ല എന്ന ഭാവത്തിൽ അവൾ ക്രിസ്റ്റീനയെ തോളു കുലുക്കി കാണിച്ചു... ക്രിസ്റ്റീന ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. കെട്ടിവച്ചിരിക്കുന്ന കമ്പിളി ഉടുപ്പുകളിൽ നിന്നും പാകത്തിനുള്ള ഒരെണ്ണം എടുത്ത് അവളെ ധരിപ്പിച്ചു പിന്നെ അവളുടെ കൈയിൽ പിടിച്ചു..

വാ കൊച്ചെ, എന്റെ വീട്ടിൽ പോകാം.. ഒറ്റക്കിവിടെ നീ കിടക്കണ്ട. നിന്റെ അമ്മച്ചി വരുമ്പോ തിരിച്ചു വരാം. കൈയിലുള്ള ബലൂണിൽ ഒന്ന് ക്രിസ്റ്റീന അവൾക്കു കൊടുത്തു.. ക്രിസ്തുമസിന് ആൻ മോൾക്ക് കൊടുക്കാവുന്ന വലിയ സമ്മാനവും കൊണ്ട് ക്രിസ്റ്റീന വീട്ടിലേക്കുള്ള ബസ് പിടിക്കാൻ നടന്നു.. കരോൾ ഗാനം പാടി വരുന്ന സാന്താ ക്ലോസും കൂട്ടുകാരും അപ്പോഴേക്കും സന്മനസ്സുള്ളവർക്ക് സമാധാനം നേർന്ന് അവളുടെ പിന്നാലെ എത്തിയിരുന്നു.. അൾത്താരയിൽ ശുശ്രൂഷകൻ അപ്പോൾ പ്രസംഗിച്ചു.. എനിക്ക് വിശന്നു. അപ്പോൾ നീ എനിക്ക് കഴിക്കാൻ തന്നു.. എനിക്ക് തണുത്തപ്പോൾ നീ എനിക്ക് പുതയ്ക്കാൻ തന്നു...

****   ****   ****   ****

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com