ADVERTISEMENT

അന്ന് ഓരോ ഇരട്ടപ്പേരുകൾക്കും ജീവനുണ്ടായിരുന്നു. കുട്ടിക്കാലത്തെ തോന്ന്യാസങ്ങൾക്കിടയിൽ എവിടെനിന്നോ ചേക്കേറി ഒടുവിൽ ഓർമകളുടെ നീലാകാശങ്ങൾക്കപ്പുറത്തേക്ക് പറന്നകന്ന ഓരോരോ പേരുകൾ. അർഥവത്തായ പേരുകൾക്ക് ആയുസ് നീളും. 

നീട്ടിവിളിച്ചുകൊണ്ട് "കട്ടച്ചൂള" എന്ന് എനിക്കാദ്യമായി പേരിട്ടത് അഞ്ചാം ക്ലാസ്സിൽവെച്ച് അമീർ ആയിരുന്നു. അന്നുമുതൽ ഓന്റെ വാപ്പാടെ തൊഴിലന്വേഷിച്ചു നടപ്പാരുന്നു ന്റെ പണി. ഒടുവിൽ കണ്ടുപിടിച്ചെങ്കിലും ആപേരിൽ തിരിച്ചുവിളിക്കാൻ എന്തുകൊണ്ടോ എനിക്കന്ന് കഴിഞ്ഞില്ല. ആറാം ക്ലാസ്സോടെ അമീർ ഈ തട്ടകം (സ്‌കൂൾ ) വിട്ടു.

മറ്റൊരു തട്ടകത്തേയ്ക്ക് (മറ്റൊരു സ്‌കൂൾ) പോയെങ്കിലും എനിക്ക് വീണ പേരിന് ഒരു മങ്ങലും ഏറ്റില്ല. സ്നേഹത്തിലും പിണക്കത്തിലും വാശിയിലും കോപത്തിലും "കട്ടച്ചൂള" എന്ന പേരിൽ പത്താം ക്ലാസ്സുവരെ ഞാൻ അറിയപ്പെട്ടു. അല്ലെങ്കിൽത്തന്നെ ഒരു കട്ടച്ചൂളപ്പണിക്കാരന്റെ മോന് ഇതിലും നല്ല പേര് സ്വപ്നങ്ങളിൽ മാത്രമായിരിക്കും. "കട്ടച്ചൂള" എന്ന ഓരോ മുഴക്കത്തിലും എന്നിൽ അപ്പനോടുള്ള സ്നേഹം കൂടുകയല്ലാതെ ഒരിക്കൽപോലും ഞാൻ ഇളിഭ്യനായിട്ടില്ല.

ആറാം ക്ലാസ്സിൽ പഠിക്കുന്ന എനിക്കും ഒൻപതാംക്ലാസ്സിൽ പഠിക്കുന്ന എന്റെ പെങ്ങൾക്കും കൂടി ഒരൊറ്റ കണക്കുപെട്ടി (instrument box) വാങ്ങിത്തന്ന് രണ്ടാളും മാറിമാറി ഇതുപയോഗിക്കണമെന്നും നന്നായി പഠിക്കണമെന്നും പറഞ്ഞ അപ്പനോളം വരില്ല എനിക്ക് മറ്റൊന്നും. എന്റെ കണക്കുപീരിഡിനു ശേഷമുള്ള ഇന്റർവെല്ലിൽ പുത്തൻ കണക്കുപെട്ടി ഒൻപതാംക്ലാസ്സിൽ പഠിക്കുന്ന ചേച്ചിക്കുനൽകാൻ അതുമായി പുറത്തേയ്ക്കിറങ്ങവേ എന്റെ ക്ലാസ്സിലെ രാഹുൽ ഉറക്കെ വിളിച്ചുപറഞ്ഞു: " പുത്തൻ ഇൻസ്ട്രുമെന്റ് ബോക്സ് എല്ലാരേം കാണിക്കാൻവേണ്ടി ദാ കട്ടച്ചൂള എഴുന്നുള്ളുന്നേ..." തിരിച്ച് എന്തൊക്കെയോ മറുപടി പറഞ്ഞ എന്റെ ശബ്ദവീചികൾ സഹപാഠികളുടെ പരിഹാസചിരികൾക്കിടയിലെവിടെയോ വീണുടഞ്ഞുപോയി.

ശാസ്ത്രീ ജംങ്ഷനിൽനിന്നും കുന്നിക്കോട് ടൗണിലേക്ക് ആ ദേശീയപാതയിലൂടെ നടന്നുപോകുമ്പോൾ പെട്രോൾപമ്പിനരികിലെ ആ പാലത്തിൽവെച്ച് വലതുവശത്തെ ആ വിശാലമായ ചുടുകട്ടക്കമ്പനിയിലേക്ക് ഞാൻ നോക്കാറുണ്ട്. അഗ്നികുണ്ഡം കണക്കെ ചുട്ടുപഴുത്ത സൂര്യനുതാഴെ; വെന്തുരുകുന്ന ഭൂമിക്കുമീതെ തലയിലൊരു ചുവന്ന തോർത്തും കെട്ടി വിയർപ്പു നിറഞ്ഞൊഴുകുന്ന മേനിയുമായി കുറിയനായ ഒരു കറുത്ത മനുഷ്യൻ മണ്ണിനോട് പടപൊരുതുന്നുണ്ടാകും. എൻറെ ജന്മത്തിന്റെ കാരണഭൂതൻ....

"കട്ടച്ചൂള" അതേ, അതെനിക്കൊരു ശക്തിയാണ്; തണലാണ്; സുരക്ഷിതത്വമാണ്; വികാരമാണ്, അതിലേറെ ഒരുതരം വാശിയാണ്; അന്നും ഇന്നും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com