ADVERTISEMENT

കാരുണ്യം (കഥ )

ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. യാത്ര കഴിഞ്ഞുള്ള മടക്കത്തിൽ കാർ പഞ്ചർ ആയി. കടുത്ത വേനലിൽ അദ്ദേഹം ഒന്നു പുറത്തേയ്ക്കിറങ്ങി ആകെ വിയർത്തു സ്റ്റെപ്പിനി ചേഞ്ച് ചെയ്യുന്ന തന്റെ ഡ്രൈവറെ നോക്കി... കടുത്ത വേനലിൽ ആകെ വിയർത്തിരുന്നു. അയാൾക്കു നേരെ കയ്യിലിരുന്ന ബോട്ടിൽ വെള്ളം വച്ചുനീട്ടി... അയാൾ അത് ആർത്തിയോടെ അകത്താക്കി. വീണ്ടും വെള്ളം വേണോ എന്നു ചോദിച്ചപ്പോൾ ഡ്രൈവർ തലയാട്ടി. ഒരു ബോട്ടിൽ കൂടി കൊടുത്തു. അതും കുടിച്ച ശേഷം ഡ്രൈവർ പറഞ്ഞു അയ്യോ സാർ ഇനി ഒരു ബോട്ടിൽ കൂടിയേ ഉള്ളൂ..

എംഡി: അത് സാരമില്ല അടുത്തെവിടെ നിന്നെങ്കിലും വാങ്ങാം.

ഡ്രൈവർ: അയ്യോ സാർ കുടിക്കുന്ന മിനറൽ വാട്ടർ ഇവിടെ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.

എംഡി ഒന്ന് ഇരുത്തി മൂളി. എന്നിട്ട് ബാക്കി ഉണ്ടായിരുന്ന വെള്ളം എടുത്ത് പകുതി കുടിച്ചു. ബാക്കി വെള്ളത്തിന് മുഖം കഴുകി വണ്ടിയിൽ കയറി യാത്ര തുടങ്ങി.

ഇരുവശവും വിജനമായ റോഡ്. രണ്ടു വശത്തും മരുഭൂമി പോലെ തോന്നിച്ചു. കത്തി നിൽക്കുന്ന സൂര്യൻ റോഡിലെ ടാറിനെ വീണ്ടും വീണ്ടും പൊള്ളിച്ചു.

എംഡി: വല്ലാതെ ദാഹിക്കുന്നെടോ കുടിക്കാൻ വെള്ളം കിട്ടുമോ എന്നു നോക്ക്. 

ഡ്രൈവർ: ഇവിടെങ്ങും ഒരു കട പോലും ഇല്ല സാർ, മൊത്തം വിജനമാണ്.

എംഡി: വീടുകൾ വല്ലതും ഉണ്ടോ എന്നു നോക്ക് ദാഹം സഹിക്കുന്നില്ല.

ഡ്രൈവർ റോഡിൽ നിന്ന് മാറി ഒരു കൂര പോലൊരു വീട് കണ്ടു. സാർ അതൊരു വീടാണ് എന്നു തോന്നുന്നു സാർ ഇവിടെ ഇരിക്ക് ഞാൻ പോയൊന്നു നോക്കിയിട്ട് വരാം..

കോട്ടൊക്കെ ഊരി വണ്ടിയിൽ വച്ച് എംഡിയും ആ വീട് ലക്ഷ്യമാക്കി നടന്നു... അവിടെ കിണറ്റിൽ നിന്നും ഒരു മധ്യവയസ്കയായ സ്ത്രീ വെള്ളം കോരുന്നു. 

ഡ്രൈവർ: സാർ കിണറ്റിൽ നിന്ന് വെള്ളം കോരിയെടുക്കണം അതാ താമസിച്ചത്. 

സ്ത്രീ വെള്ളം കോരിയെടുത്ത് അകത്തേയ്ക്കു പോയ ശേഷം ഒരു കസേര കൊണ്ടു വന്ന് ഇരിക്കാൻ കൊടുത്തു. വെള്ളം സംഭാരമാക്കി അവർക്ക് കൊടുത്തു 

എംഡിയുടെ ഉള്ളു തണുത്തു. ഇത്രയും ടേസ്റ്റി ആയ സംഭാരം ഇതുവരെ കുടിച്ചതായി തോന്നുന്നില്ല.

സാർ ഏതോ വലിയ കമ്പനി മുതലാളി ആണെന്ന് ഈ കൊച്ചൻ പറഞ്ഞു (ഡ്രൈവറെ നോക്കി) ആ സ്ത്രീ പറഞ്ഞു. 

എംഡി ചിരിച്ചു. 

കുറച്ചു തൈര് ബാക്കി ഉണ്ടായിരുന്നു അതാ സംഭരമാക്കിയത് സാറിനെ പോലുള്ള വലിയ ആളുകൾക്ക് എങ്ങന്യാ പച്ചവെള്ളം തരുന്നത് 

എംഡി: അത് സാരമില്ല അമൃത് കുടിച്ചതു പോലെയാണ് തോന്നുന്നത്. 

ഇത്ര വിജനമായ സ്ഥലത്തു ഒരു ഹോട്ടലോ ജ്യൂസ് ഷോപ്പോ ഒന്നും ഇല്ലല്ലേ... എംഡി ഡ്രൈവറോട് പറഞ്ഞു

ഡ്രൈവർ: ശരിയാ സാർ ഇവിടെ ഒരു കൂൾ ബാർ നന്നായി പോകും 

എംഡി: എല്ലാറ്റിലും ബിസിനസ് അല്ലടോ... ഈ അമ്മയോട് ചോദിക്ക് ഒരു സംഭാര കട നടത്താൻ പറ്റുമോ എന്ന്. നമുക്ക് ശമ്പളം കൊടുക്കാം... ദാഹിച്ചു തളർന്നു വരുന്നവർക്ക് ഈ കുളിരു കോരുന്ന സംഭാരം സൗജന്യമായി കൊടുക്കണം.

സ്ത്രീ: സന്തോഷമേയുള്ളൂ സാർ... 

അതിനു ശേഷം അവിടെ ഒരു തണൽ കുട (ബീച്ച് അംബ്രല്ലയേക്കാൾ വലുത് ) ഉയർന്നു. സൗജന്യ സംഭാരം വിതരണം... വരൂ ദാഹമകറ്റു... തുടങ്ങിയ വാചകങ്ങൾ...

ദിവസങ്ങൾ കടന്നു പോയി വഴിയാത്രക്കാരും ചൂടിൽ തളർന്നവരും സംഭാരം കുടിച്ചു ശരീരം തണുപ്പിച്ചു യാത്രയായി. സ്ത്രീക്കുള്ള ശമ്പളം കൃത്യമായി കമ്പനി എത്തിച്ചുകൊണ്ടിരുന്നു. 

ഒരു ദിവസം ആദ്യമായി ഒരാൾ സംഭാരം കുടിച്ച ശേഷം സ്ത്രീക്ക് നേരെ 10 രൂപ വച്ചു നീട്ടി.

സ്ത്രീ: അയ്യോ സാർ ഇത് സൗജന്യമായി തരുന്നതാണ്  ഞാൻ ചെയ്യുന്ന ജോലിക്ക് എനിക്ക് പ്രതിഫലം കമ്പനി തരുന്നുണ്ട്. അയാൾ അതൊന്നും കേൾക്കാതെ അവർക്ക് ആ ക്യാഷ് കൊടുത്തിട്ട് പോയി.. പിന്നെയും ആരൊക്കെയോ അവർക്ക് ടിപ്പ് കൊടുക്കാൻ തുടങ്ങി അവർ അത് നിരസിക്കാനും പോയില്ല. പതിയെ പതിയെ അവരുടെ ആറ്റിറ്റ്യൂട് മാറി തുടങ്ങി. ടിപ്പ് തരുന്നവർക്ക് സ്പെഷ്യലും ചിരിയോട് കൂടിയതുമായ സംഭാരം. ടിപ്പ് കൊടുക്കാത്തവർക്ക് മുറുമുറുപ്പോടെ കൊടുക്കാനും തുടങ്ങി. പതിയെ പതിയെ ടിപ്പിന്റെ കനം നോക്കി തുടങ്ങി. 

ഈ ചൂടിൽ തളർന്നു വരുന്നവനൊക്കെ സംഭാരം കൊടുക്കുമ്പോൾ തരുന്നത് കണ്ടില്ലെ 10 രൂപ... പതിയെ പതിയെ സൗജന്യം അവർക്ക് ടിപ്പ് കൊടുത്താലേ കിട്ടു എന്ന തരത്തിൽ ആയി..

പിന്നീടൊരിക്കൽ എംഡി ആ വഴി പോകുമ്പോൾ അവിടെ ഒരുപാട് മാറ്റങ്ങൾ ഇരിക്കാൻ ബെഞ്ചുകൾ അങ്ങനെ അതൊരു കടയായി മാറിയിരിക്കുന്നു. അന്വേഷിച്ച എംഡി തന്റെ കാരുണ്യ പ്രവർത്തി ബിസിനസ് ആയി മാറിയത് അറിഞ്ഞു. അവരെ പുറത്താക്കി അവിടെ വേറെ ആളിനെ നിയമിച്ചു.

സ്ത്രീ തൊട്ടടുത്തായി പുതിയ ഒരെണ്ണം കടയായി തുടങ്ങി. വരുന്നവരോടെല്ലാം പറയാൻ തുടങ്ങി നല്ല വെള്ളം എങ്ങനെ സൗജന്യമായി കൊടുക്കും  വയറു കേടാക്കണം എന്നുള്ളവർ സൗജന്യത്തിനു പോകുക. അല്ലെങ്കിൽ ക്യാഷ് കൊടുത്ത് ഇവിടെ നിന്ന് ശുദ്ധമായ സംഭാരം കുടിക്കാം.. പതിയെ പതിയെ ആളുകൾ സൗജന്യ സംഭാരം ഒഴിവാക്കി സ്ത്രീയുടെ അടുത്തേയ്ക്ക് പോകാൻ തുടങ്ങി...

വാൽ കഷണം– സർക്കാർ സൗജന്യമായി ജനങ്ങളെ സേവിക്കാൻ വേണ്ടി സർക്കാർ ഓഫിസുകൾ തുടങ്ങി അവിടെ ശമ്പളത്തിന് ആളെ ഇരുത്തുന്നു.. നമ്മൾ ആദ്യം സന്തോഷത്തിനു കൊടുക്കുന്ന കൈക്കൂലി ആ ഉദ്യോഗസ്ഥനെ കൈക്കൂലി കൊടുത്താലേ കാര്യം സാധിക്കൂ എന്ന അവസ്ഥയിൽ എത്തിക്കുന്നു... ചിന്തിക്കുക ഞാനും നീയുമാണ്‌ തെറ്റുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com