ADVERTISEMENT

"ഇത് ഞാനല്ല, എന്ന് പ്രണയം " (കഥ)

"ഡാ.. അതവൾക്ക് കൊടുക്ക്.. നിനക്ക് പരീക്ഷ കഴിയുമ്പോൾ അച്ഛൻ വേറെ വാങ്ങിത്തരും." മകൾ മഞ്ജുവിന് പുതുതായ് വാങ്ങിയ ഫോൺ തട്ടിപ്പറിച്ച മകനോട് സുജ പറഞ്ഞു... ആര് കേൾക്കാൻ! അവൻ അപ്പോളേക്കും ആ ഫോണുമായി ബൈക്കിൽ കയറി എങ്ങോ പോയി കഴിഞ്ഞു... 

"അമ്മേ കഷ്ടമുണ്ടുട്ടോ... ഞാൻ എത്ര നാൾ അച്ഛയോടു പുറകെ നടന്നു ചോദിച്ചിട്ടാണ് ഒരു ഫോൺ വാങ്ങി തന്നത്? പ്ലസ് ടുവിൽ പഠിക്കുന്ന അവനെന്തിനാണ് ഫോൺ?" മഞ്ജു അമ്മയോട് ദേഷ്യത്തോടെ ചോദിച്ചു.

"അച്ഛൻ ഇങ്ങോട്ട് വരട്ടെ... നീ സമാധാനപ്പെട്..."സുജ അവളെ സമാധാനിപ്പിക്കാൻ നോക്കി... 

"അവനല്ലേ അച്ഛയെ പേടി..?!

അമ്മയുടെ മാല ഒരു ദിവസം ഇട്ടിട്ട് തരാമെന്നു പറഞ്ഞ് വാങ്ങിക്കൊണ്ടു പോയിട്ട്... അതു വിറ്റ് ബൈക്ക് വാങ്ങിച്ചവനല്ലേ അവൻ...! 

അതിന് അച്ഛ വഴക്കു പറഞ്ഞപ്പം അവൻ എന്താ ചെയ്തതെന്ന് അമ്മക്ക് ഓർമയില്ലേ? ഉള്ള ഡ്രസ്സൊക്കെ വാരി എടുത്ത് അവനന്ന് ഇറങ്ങി പോയപ്പോൾ, ആകെ ഉള്ളൊരു ആൺതരിയല്ലേ... അവനെ തിരിച്ചു വിളിച്ചോണ്ട് വാ... എനിക്കു മാല ഇല്ലെങ്കിലും കുഴപ്പമില്ല എന്നു പറഞ്ഞ് അമ്മ കരഞ്ഞത് ഓർമയില്ലേ? നിങ്ങൾ രണ്ടുപേരും ചേർന്നാണ് അവനെ ഇങ്ങനെ വഷളാക്കുന്നത്. എനിക്ക് എന്റെ ഫോൺ കിട്ടിയേ പറ്റു.. "

ചേച്ചിയുടെ ഫോണുമായി മനു നേരേ പോയത് ഉറ്റസുഹൃത്ത് സനോയുടെ അടുത്തേയ്ക്ക് ആയിരുന്നു.

"ഡാ... മച്ചാനെ നീ എനിക്ക് ഒരു സഹായം ചെയ്യണം..." അവൻ ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ സനോയോട് പറഞ്ഞു. 

"വെയിറ്റ് ബഡ്‌ഡി ഒരു മിനിറ്റ് ഞാൻ ഈ ടീ ഷർട്ട്‌ ഒന്ന് മാറ്റി വരാം..." ഇതും പറഞ്ഞ് സനോ അകത്തേക്ക് പോയി.

സനോ പോയിക്കഴിഞ്ഞപ്പോൾ മുറ്റത്ത് ചെടി നനച്ചുകൊണ്ടിരിക്കുകയായിരുന്നു സനോയുടെ അമ്മ..." മനു പരീക്ഷ അടുത്തൂട്ടോ... നിങ്ങൾ ഇങ്ങനെ ഒന്നും പഠിക്കാതെ കറങ്ങി നടന്നോ... "

അതിനു ഒരു വളിച്ച ചിരി നൽകി സനോയുമായി മനുവിന്റെ ബൈക്ക് റോക്കറ്റ് പോലെ പാഞ്ഞു... 

"ഡാ എനിക്ക് പുതിയ ഫോൺ കിട്ടി... ആൻഡ്രോയ്ഡ്... ആരെ കൊന്നിട്ടാണെങ്കിലും ഒരെണ്ണം വാങ്ങണമെന്ന് വിചാരിച്ചിരുന്നപ്പോളാണ്, തന്തപ്പടി പെങ്ങൾക്ക് ഡിഗ്രിയ്ക്ക് നല്ല മാർക്ക്‌ കിട്ടിയതിന് സമ്മാനമായി ഇത് കൊടുത്തത്... അവൾക്കെന്തിനാ ഇപ്പോൾ ആൻഡ്രോയ്ഡ് ഫോണൊക്കെ..? ഞാൻ നൈസ് ആയിട്ട് ഇങ്ങ് ചൂണ്ടി... "

"കൊള്ളാലോ ഫോൺ.... നീ എന്താ സഹായം വേണമെന്നൊക്കെ പറഞ്ഞത്?" സനോ ചോദിച്ചു.

"അതോ.. എനിക്കൊരാഗ്രഹം ഇതിൽ ആദ്യത്തെ ഫോട്ടോ.. ഞാനും ചിഞ്ചുവും ഒന്നിച്ചു നിൽക്കുന്നത് വേണമെന്ന്... നീ ഒന്നെടുത്തു തരണം..." മനുപറഞ്ഞു.

"അതിനവൾ നിന്ന് തരുമോ? എന്ന സനോയുടെ ചോദ്യത്തിന് മറുപടിയായി "അതെന്താ ഒരു ഫോട്ടോ എടുക്കാൻ നിന്നു തന്നാൽ നീ അല്ലേ കഴിഞ്ഞ ദിവസം പറഞ്ഞത് അവൾക്ക് എന്നോട് എന്തോ പ്രത്യേക ഇഷ്ടം ഉള്ളതു കൊണ്ടാണ് നോട്സ് ഒക്കെ എഴുതി തന്നത് എന്ന്.... " മനു പറഞ്ഞു. 

''അത് ശരിയാണ്... അവൾക്ക് നിന്നോട് എന്തോ ഒരു പ്രത്യേക ഇഷ്ടമുണ്ട്. എന്നാൽ നീ മിണ്ടാതെ പിടിച്ചിരുന്നോ അവളുടെ ഫോട്ടോയും കൊണ്ടേ നമ്മൾ ഇന്നു മടങ്ങു... " ഇതും പറഞ്ഞ് അവർ ട്യൂഷൻ സെന്ററിലേക്ക് ചെന്നു.

"എന്താ സനോ നീ ഇവിടെ..? നീയും ട്യൂഷൻ ചേരാൻ വന്നതാണോ? നല്ല കാര്യം സ്റ്റഡി ലീവിന് മനസ്സിരുത്തി പഠിച്ചാൽ നിനക്ക് നല്ല മാർക്ക്‌ വാങ്ങാൻ പറ്റും അവനെ കണ്ട പാടേ ചിഞ്ചു അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു... "

"ഞാൻ ട്യൂഷനൊന്നും വന്നതല്ല... നിന്നെ കൂട്ടി ഒരു ഫോട്ടോ എടുക്കാൻ വന്നതാണ്. മനു പറഞ്ഞു .

ഫോട്ടോയോ എന്തിന്..? അവൾ ചോദിച്ചു.

"എന്തായാലും ഞാൻ നിന്നെ കെട്ടും... അപ്പോൾ നമുക്കുണ്ടാകുന്ന പിള്ളേരെ കാണിച്ചു കൊടുക്കാമല്ലോ അവരുടെ അമ്മയും അച്ഛനും പ്രേമിക്കുന്ന സമയത്ത് എങ്ങനെയാണ് ഇരുന്നതെന്ന്." അവൻ മറുപടി പറഞ്ഞു.

"എന്താ മനു... നീ ഈ പറയുന്നത് കല്യാണമോ?.. പ്രേമമോ?! എനിക്കൊന്നും മനസ്സിലാകുന്നില്ല..." അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി

"നിനക്ക് മനസ്സിലാകുന്നില്ലെന്നോ..? ഒന്നും ഇല്ലാഞ്ഞിട്ടാണോടി എനിക്ക് നോട്ട്സ് ഒക്കെ എഴുതി തരുന്നത്... "

"നോട്ട്സ് എഴുതി തരുന്നത് പ്രേമം ആയിട്ടാണെന്ന് ആരാ പറഞ്ഞത്? നിന്റെ അമ്മ അമ്പലത്തിൽ വച്ച് ഇന്നാളു കണ്ടപ്പോൾ പറഞ്ഞു നീ പഠിക്കാൻ ഭയങ്കര മോശമായതു കൊണ്ട് ഒന്ന് സഹായിക്കണമെന്ന്... അല്ലാതെ പ്രേമം ഒന്നും ആയിട്ടല്ല.. " അവൾ പറഞ്ഞു.

"ഡീ... പുല്ലേ വെറുതെ കഥയുണ്ടാക്കി എന്നെ തേക്കാൻ നോക്കുന്നോ. നീ ഇന്ന് ഫോട്ടോ എടുക്കാൻ കൂടെ നിൽക്കുന്നുണ്ടോ? അത് മാത്രം പറഞ്ഞാൽ മതി... " അവൻ ദേഷ്യത്തോടെ ചോദിച്ചു.

"ഇല്ല.. അവൾ ഉറച്ച ശബ്ദത്തിൽ തന്നെ മറുപടി പറഞ്ഞു... "

അവരുടെ സംസാരം കേട്ട് മറ്റു കുട്ടികളും വട്ടം കൂടി... മനുവിന്, ചിഞ്ചു തന്നെ പരസ്യമായി അപമാനിച്ചതായി തോന്നി അവൻ അവളുടെ കൈക്കുകയറി ബലമായി പിടിച്ചു... 

അവൾ അവനെ പിടിച്ചു തള്ളിയിട്ടിട്ട് ഓടി. ഒട്ടും പ്രതീക്ഷിക്കാത്ത അവളുടെ ആ പ്രവൃത്തിയിൽ അവൻ നിലത്തേയ്ക്ക് വീണു... മറ്റു കുട്ടികൾ അവനെ നോക്കി കളിയാക്കി ചിരിച്ചു... സനോ അവനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി അവൻ സനോയേയും തട്ടിമാറ്റി ബൈക്ക് സ്റ്റാർട്ട് ചെയ്തു... എന്നിട്ട് ഫുൾ അക്‌സിലെറ്റർ കൊടുത്ത് നിമിഷനേരം കൊണ്ട് അവിടെ നിന്നും പോയി... 

*****    *****    *****    *****

ചിഞ്ചുന്റെ കണ്ണുകൾ നിറഞ്ഞു വന്നു... ഒരു സഹോദരനെ പോലെ കണ്ടിരുന്ന അവന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പ്രവൃത്തി അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല... പിന്നീട് ക്ലാസ്സിലിരിക്കാൻ അവൾക്ക് തോന്നിയില്ല... ഓടിയും, നടന്നും ഒക്കെയായി അവൾ വീട്ടിലേക്ക് തിരിച്ചു. 

വീടിനടുത്തേക്കുള്ള വളവിൽ അവൾ എത്തിയപ്പോൾ ഒരു ബൈക്ക് ഇരമ്പിക്കുതിച്ച് അവൾക്കരികിൽ വന്നു നിന്നു. മനുവായിരുന്നു അതിൽ. ബൈക്ക് സ്റ്റാൻഡിൽ വച്ച അവൻ അവൾക്ക് പിന്നാലെ എത്തിയിട്ട് ചോദിച്ചു..

നീ ഫോട്ടോ എടുക്കാൻ കൂടെ നിൽക്കുന്നോ? ഇല്ലയോ?

ഇല്ല എന്നവൾ പറഞ്ഞു തീരും മുൻപെ അവൻ തന്റെ കൈയിൽ കരുതിയിരുന്ന ക്യാനിൽ നിന്നും പെട്രോൾ അവളുടെ ദേഹത്തേക്ക് ഒഴിച്ചു. ഒരു നിമിഷം സ്തബ്ധയായി പോയ അവളുടെ ദേഹത്തേക്ക് അവൻ ലാംമ്പ് കത്തിച്ച് എറിഞ്ഞു.

അമ്മേ എന്ന നിലവിളിയോടെ എങ്ങോട്ടെന്നില്ലാതെ അവൾ അലറി പാഞ്ഞു... ആ തീ അവളെ കാർന്നു തിന്നുന്നത് നോക്കി അവൻ പുഞ്ചിരിച്ചു നിന്നു. എന്നിട്ട് ശബ്ദം കേട്ട് ആളുകൾ വരുന്നത് കണ്ടപ്പോൾ തന്റെ ബൈക്കിൽ കയറി വേഗത്തിൽ ഓടിച്ച് അവിടെ നിന്നും രക്ഷപെട്ടു.

*****    ******     ******     ******

"ഡാ... ഇന്ന് മൂന്നു ദിവസമായി... അവളെക്കുറിച്ചും നിന്നെക്കുറിച്ചും ഉള്ള വാർത്തകളാണ് പത്രം നിറയേ... ഒളിച്ചിരിക്കാൻ സഹായിച്ചതിന് എന്നെയും പിടിച്ച് അകത്തിടും... "

സനോ ബ്രെഡിന്റെയും, വെള്ളത്തിന്റെയും പാക്കറ്റ് അവനു കൈമാറുന്നതിനിടയിൽ പറഞ്ഞു. 

അവള് മരിച്ചില്ലേ ഇതുവരെ...? മനു ചോദിച്ചു.

"ഇല്ല... പക്ഷേ  രക്ഷപ്പെടില്ലെന്നാണ് കേട്ടത്... അവൾ ഇനി രക്ഷപ്പെട്ടാലും നീ അകത്തു പോകും... കൊലപാതക ശ്രമത്തിന്‌.. " സനോ പറഞ്ഞു.

" ആഹാ... അങ്ങനെ ആണോ എന്നാൽ അവളെ കൊന്നിട്ട് തന്നെ പോകാം..."

*****    *****    *****    *****

മെഡിക്കൽ കോളജിലെ പൊള്ളലേറ്റവരെ കിടത്തിയിരിക്കുന്ന വിഭാഗം തപ്പി മനു ചെന്നുപ്പെട്ടത് ദുർഗന്ധം വമിക്കുന്ന.. പാതിയും, മുഴുവനുമായി വെന്തുവികൃതമായ കുറേ രൂപങ്ങൾ കിടക്കുന്ന ഇടത്തേക്കായിരുന്നു... തൊപ്പിയും കണ്ണടയും വെച്ച അവൻ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാതിരിക്കാൻ മീശ കൂടി വടിച്ചിരുന്നു ...

മൃഗങ്ങൾ ചത്തു ചീഞ്ഞതുപോലെയുള്ള ദുർഗ്ഗന്ധം മൂക്കിലടിച്ചപ്പോൾ കൈയിൽ കരുതിയിരുന്ന തൂവാല കൊണ്ട് അവൻ മുഖം മൂടിക്കെട്ടി... പക്ഷേ, കണ്ണുകൾ അതിലേറെ ദുർഗന്ധം വമിക്കുന്ന കാഴ്ചകൾ അവനു സമ്മാനിച്ചു കൊണ്ടേ ഇരുന്നു... വെന്തടർന്ന ശരീരത്തിൽ നിന്നും പഴുപ്പും, ചലവും ഒഴുകുന്നതും... വേദന കൊണ്ട് ഞെളിഞ്ഞു പിരിയുമ്പോൾ അവ കൂടുതൽ വികൃതമാകുന്നതും.. അവൻ കണ്ടു.

അവൻ തന്റെ കണ്ണുകളെ മുറുകെ അടക്കാൻ ശ്രമിച്ചു.... എന്നാൽ കണ്ണുകൾ മുടക്കിയ കാഴ്ച അവനപ്പോൾ ചെവിയിലൂടെ അരിച്ചിറങ്ങിയ നിലവിളി ശബ്ദങ്ങളിലൂടെ മനസ്സിൽ കണ്ടു... അതിലും ഭീകരമായ കാഴ്ചയായിരുന്നു മുറിവിൽ നിറയുന്ന പഴുപ്പ് മാറ്റാനായി ചകിരി ഇട്ട് ഉരച്ചുള്ള കഴുകൽ .. അതും ആ രോഗിയുടെ കൈകൾ ബന്ധിച്ച ശേഷം.

"എന്താണ് നിങ്ങളീ കാട്ടുന്നത്.. "

അവൻ അത് ചെയ്തു കൊണ്ടിരുന്ന ആളോട് പുറത്തേയ്ക്ക് പാതി മാത്രം വന്ന ഒച്ചയിൽ ചോദിച്ചു... 

"ഇങ്ങനെ ചെയ്യാതിരുന്നാൽ മുറിവുകൾ പഴുക്കും.. പുഴുക്കൾ നിറയും... എന്നാൽ ഇയാളെ ബോധം കെടുത്തിയിട്ട് ചെയ്യൂ... 

അങ്ങനെ ചെയ്യാൻ ഞാൻ ഡോക്ടറോ നേഴ്സോ അല്ല... ഈ കിടക്കുന്നത് എന്റെ മകൻ ആണ്... ഇവൻ ഇങ്ങനെ കിടപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ചയായി.... അയാൾ അത്രയും പറഞ്ഞു കൊണ്ട് ചകിരിയും സോപ്പും ഉപയോഗിച്ചു വീണ്ടും ഉരച്ചു... ആ പയ്യൻ അലറി കരയുമ്പോളും അയാൾ അത് തുടർന്നു... അവസാനം ചോര പടർന്നപ്പോൾ നിർത്തി. ആ പയ്യൻ അനുഭവിക്കന്നതിലും വേദന അയാൾ മനസ്സിൽ പേറുന്നുണ്ട്. അവനു തല കറങ്ങും പോലെ തോന്നി. എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപെടാൻ ദിക്കറിയാതെ ഓടിയ അവൻ ചെന്നുപെട്ടത് ചിഞ്ചുവിന്റെ അമ്മയുടെ അരികിലായിരുന്നു. കരിഞ്ഞ ഒരു രൂപം പോലെ ഉള്ള എന്തിനെയോ നോക്കി അവർ ഇരിക്കുന്നത് അവൻ കണ്ടു... അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... 

ക്ലാസ്സിലെ ഏറ്റവും സുന്ദരി ആയിരുന്ന അവൾ ആവില്ല അത്... അവളുടെ നീളൻ തലമുടി എവിടെ? ഗോതമ്പ് നിറമുള്ള തൊലിയും

കൺപോളകളും എന്തിന് മനുഷ്യ രൂപം പോലും ഇല്ലാതെ ആയിരിക്കുന്നു...

ഒരു നിമിഷം വിശ്വസിക്കാനാവാതെ അവനാ മാംസപിണ്ഡത്തിലേക്ക് ഉറ്റുനോക്കി.. അപ്പോൾ അതിൽ നിന്നും ഒച്ച പുറത്തു വന്നു. അതെ, അത് അവളുടെ ശബ്ദം തന്നെ.... അവൻ ചെവിയോർത്തു... 

"അമ്മേ എനിക്ക് ജീവിക്കണം.... എനിക്ക് മരിക്കാൻ പേടിയാകുന്നമ്മേ.... എന്നെ ഒന്ന് കെട്ടിപിടിക്കാമോ .... വേദനിച്ചിട്ടു വയ്യാ... വെള്ളം... വെള്ളം.... അമ്മേ എനിക്ക് വേദനിക്കുന്നു.... എന്നെ ഒന്ന് കൊന്നു താ... ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലരുതേ... എന്നെ കൊല്ല്...."

പിന്നെയും അവൾ നിർത്താതെ മിണ്ടുന്നു... 

കുറച്ചു നേരം പതറി നിന്നെങ്കിലും ഉറച്ച കാൽവെയ്പ്പോടെ തന്നെ അവൻ അവളുടെ അരികിലേക്കു ചെന്നു. എന്നിട്ട് കൈയിൽ കരുതിയ കത്തി ആ വെന്ത മാംസപിണ്ഡത്തിലേക്ക് ആഴ്ന്നിറക്കി. അതുവരെ ഉള്ള പ്രതികാരം ആയിരുന്നില്ല അവനെ കൊണ്ടത് ചെയ്യിച്ചത്...

അവളുടെ അമ്മ പെട്ടെന്ന് തടയാൻ ആഞ്ഞെങ്കിലും... തടഞ്ഞില്ല... അവരും അത് ആഗ്രഹിച്ചിരുന്നപ്പോലെ.... 

അവൻ നടന്നു... അവന്റെ നടത്തിന്റെ വേഗത കൂടി... അത് ഓട്ടമായി മാറി... പടികൾ പലതും താണ്ടി ആകാശം കണ്ടപ്പോൾ... അവൻ ഭൂമിയിലേക്ക് മനസ്സിന്റെ ഭാരം ഇറക്കി വെച്ചു. പിന്നെയൊരു അപ്പൂപ്പൻ താടിയായി പറന്നിറങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com