ADVERTISEMENT

കടമ (കഥ)

"നിനക്കൊക്കെ തിന്നിട്ട് എല്ലിൽ കുത്തണതിന്റെ കുഴപ്പമാണ്... "

ബാംഗ്ലൂർ ഉന്നത പഠനത്തിനു പോയ പെങ്ങൾ ഒരു വർഷം പോലും തികയുന്നതിനു മുന്നേ പഠനം നിർത്തി തിരിച്ചു വന്നപ്പോൾ മിഥുന്റെ  നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടിരുന്നു...

ഇനിയും അവിടെ നിന്നാൽ നാക്കിനോടൊപ്പം തന്റെ കൈകളും ക്രൂരത കാണിക്കുമെന്നവനു തോന്നിയതു കൊണ്ടാകാം വാതിലിൽ ആഞ്ഞു ചവിട്ടി കൊണ്ട് അവൻ ഇറങ്ങി പോയത്..  

ബൈക്കെടുത്ത് പുറത്തേക്കു പോകുമ്പോൾ പഴയ കാര്യങ്ങളോരോന്നായി അവന്റെ മനസിലൂടെ മിന്നി മറഞ്ഞു.

അച്ഛനും അമ്മയും അപകടത്തിൽ മരിച്ചതിനു ശേഷവും ഇന്നുവരെ പൊന്നു പോലെയാണ് അവളെ നോക്കിയത്... ചിലപ്പോൾ കാർക്കശ്യക്കാരനായ അച്ഛനായി, സ്നേഹനിധിയായ അമ്മയായി, പെങ്ങളുടെ സന്തോഷത്തിനു മുന്നിൽ തോറ്റു കൊടുക്കുന്ന  ഏട്ടനായി... 

പ്രായം മുപ്പതിനോടടുത്തിട്ടും അവളുടെ കല്യാണം കഴിഞ്ഞു മതി സ്വന്തം വിവാഹത്തെ കുറിച്ചുള്ള ചിന്തപോലും എന്നു മനസ്സിനെ പറഞ്ഞു പാകപ്പെടുത്തിയതും അവളോടുള്ള സ്നേഹം കൊണ്ടു മാത്രമായിരുന്നു... വരണമാല്യം ചാർത്തികൊണ്ടു വരുന്നവൾ എന്നെ പോലെ തന്നെ അവളെയും സ്നേഹിക്കാതിരിക്കുമോയെന്ന പേടി... എന്റെ സ്നേഹം അവൾക്കു കുറഞ്ഞു പോകരുതെന്ന വാശി. അവരില്ലാത്ത കുറവ് ഒരിക്കലും അവൾക്കു തോന്നരുത്... അതു മാത്രമേയുണ്ടായിരുന്നുള്ളൂ എപ്പോഴും മനസ്സിൽ...

എന്നിട്ടും ഇന്നവൾ ഒരു വാക്കു പോലും പറയാതെ, പെട്ടെന്നൊരു സുപ്രഭാതത്തിൽ ഞാനിനി അവിടെ പഠിക്കുന്നില്ലെന്നു പറഞ്ഞ് ബാഗുമായി മുന്നിൽ വന്നാൽ ആർക്കായാലും ദേഷ്യം വരില്ലേ? ഇതൊക്കെ കുട്ടി കളിയാണോ? എത്ര പൈസ മുടക്കിയാണവളെ പഠിക്കാൻ വിട്ടത്? ഞാൻ എന്നെ തന്നെ ന്യായീകരിക്കാൻ ശ്രമിക്കുകയാണോ? 

മിഥുന്റെ മനസ്സിലേക്ക് വീണ്ടും പല വിധത്തിലുള്ള ചോദ്യങ്ങളും സംശയങ്ങളും കടന്നു വന്നു കൊണ്ടേയിരുന്നു. എല്ലാ വർഷത്തെയും പോലെ ഓണമാഘോഷിക്കാൻ പാലക്കാട്‌ നിന്നും പയ്യന്നൂരിലെ അമ്മയുടെ വീട്ടിലേക്കുള്ള ട്രെയിൻ യാത്രയിലാണ് പാളത്തിലേറ്റ വിള്ളലുകൊണ്ട് മയ്യഴി പുഴയിലേക്ക് ട്രെയിൻ മറിഞ്ഞതും, അച്ഛനെയും അമ്മയെയും മിഥുനും മനീഷക്കും നഷ്ടപ്പെട്ടതും... 

നീന്തലറിയാത്ത മനീഷ മുങ്ങിത്താഴാൻ തുടങ്ങിയപ്പോഴേക്കും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു അച്ഛനെയും അമ്മയെയും തേടി വീണ്ടും പുഴയിലേക്ക് ഊളിയിട്ടെങ്കിലും നിശ്ചലമായ ശരീരം മാത്രമായിരുന്നു മിഥുന്റെ കൈകളിലെത്തിപ്പെട്ടത്...

ആ കാഴ്ച താങ്ങാനാവാതെ അന്നാ 12 വയസ്സുകാരി പെൺകുട്ടി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോഴേക്കും  മിഥുനാകെ തളർന്നിരുന്നു... ഒരു വർഷത്തെ ചികിത്സക്കു ശേഷമവൾ സാധാരണ നിലയിലേക്ക് എത്തിയപ്പോഴേക്കും ആരുടെയൊക്കെയോ  കരുണകൊണ്ട് അവനൊരു ജോലി കിട്ടിയിരുന്നു...

അച്ഛന്റെയും അമ്മയുടെയും ഓർമകളുള്ള ആ വീട്ടിലേക്ക് പോകാതെ കുറച്ചകലെയായി വീടു വാടകയ്ക്കെടുത്ത് അങ്ങോട്ട്‌ താമസം മാറിയതും വീണ്ടുമവൾ ഈ അവസ്ഥയിലേക്ക് പോയേക്കാമെന്ന ഡോക്ടറുടെ നിർദ്ദേശത്താലും അങ്ങനെയൊന്നും സംഭവിക്കരുതെന്ന   ആഗ്രഹം കൊണ്ടും മാത്രമായിരുന്നു... 

മുടങ്ങി പോയ പഠനം പുനരാരംഭിച്ചു കഴിഞ്ഞപ്പോഴേക്കും അവൾ വീണ്ടും പഴയ ഊർജസ്വലയായ, വായാടിയായ മനീഷയായി മാറിയിരുന്നു... സ്കോളർഷിപ്പോടെ പഠനത്തിലെ ഓരോ ചുവടുകളും മനീഷ മുന്നേറുമ്പോൾ പെങ്ങളുടെ നേട്ടത്തിൽ മിഥുൻ അഭിമാനിക്കുകയായിരുന്നു.

ഡ്യുവൽ ഡിഗ്രി കോഴ്സ് ചെയ്യണമെന്ന ആഗ്രഹത്തോടെയവൾ ബാംഗ്ലൂറിൽ പഠിക്കാനായി പോകണമെന്നു പറഞ്ഞപ്പോൾ ഉള്ളിലവളെ  പിരിയുന്നതിന്റെ സങ്കടം നുരഞ്ഞു പൊന്തിയെങ്കിലും, അവളുടെ കണ്ണിൽ നിറഞ്ഞു നിന്ന സന്തോഷം കണ്ടപ്പോൾ

മറുത്തൊന്നും പറയാനും തോന്നിയില്ല...

മനീഷ പോകുന്നതിന് ദിവസങ്ങൾക്കു മുൻപെ ചക്ക ചിപ്സും ഉണ്ണിയപ്പവും കടുമാങ്ങ അച്ചാറും ഉണ്ടാക്കി ബാഗിലാക്കി വെക്കുമ്പോഴും  ചിലവിനായി അവളറിയാതെ തന്നെ പേഴ്സിൽ കുറച്ചധികം പൈസ വെക്കുമ്പോഴും മിഥുന് ഒരമ്മയുടെയും അച്ഛന്റെയും കടമ നിറവേറ്റിയ  നിർവൃതിയായിരുന്നു... ഓരോ വരവിനും ഇതാവർത്തിക്കുമ്പോഴും അവളുടെ മുഖത്തു നിറയുന്ന നിഷ്കളങ്കമായ ചിരി മാത്രം മതിയായിരുന്നു മിഥുന് അവളെ പിരിഞ്ഞിരിക്കുന്ന സങ്കടം മറക്കാൻ... 

   

പക്ഷേ, ഇന്നവൾ ചെയ്ത പ്രവൃത്തി അവന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു... തന്നോടെല്ലാം തുറന്നു പറയുന്നവൾ ഈ വരവിനെ കുറിച്ചു സൂചിപ്പിക്കുക പോലും ചെയ്യാത്തത്തിന്റെ പരിഭവമാകാം... അരുതാത്തതെന്തെങ്കിലും സംഭവിച്ചോ എന്ന വേവലാതിയാകാം... 

അച്ഛന്റെയും അമ്മയുടെയും ലാളനയും സ്നേഹവും ചെറുപ്പത്തിലെ നഷ്ടപ്പെട്ടു പോയവളാണവൾ... കാര്യമറിയുന്നതിനു മുന്നെ  അവളോട്‌ ഞാനിത്രയും ദേഷ്യപ്പെടാൻ പാടില്ലായിരുന്നു... 

ആത്മാവ് കുത്തി നോവിക്കാൻ തുടങ്ങിയപ്പോൾ ഓർമകളുറങ്ങുന്ന വീട്ടിൽ നിന്നും മിഥുൻ മെല്ലെ പടിയിറങ്ങി... സങ്കടമായാലും  സന്തോഷമായാലും അച്ഛനുമമ്മയും അന്തിയുറങ്ങുന്ന വീട്ടിൽ വന്നായിരുന്നു മിഥുൻ പങ്കു വെച്ചിരുന്നത്. 

അവൾക്കേറെയിഷ്ടമുള്ള പഴം പൊരിയും ചോക്ലേറ്റ് പഫ്സും വാങ്ങി കടയിൽ നിന്നിറങ്ങിയപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു... ഒരു വിധം മിഥുൻ വീട്ടിലെത്തിയപ്പോഴും വാതിൽ തുറന്നുകിടക്കുന്നതല്ലാതെ അവളുടെയൊരു അനക്കം പോലും കേട്ടില്ല... എത്ര പിണങ്ങിയാലും  തന്റെ ബൈക്കിന്റെ ശബ്ദം കേട്ടാലോടി വരുന്ന മനീഷയെ കാണാതിരുന്നപ്പോൾ അവന്റെ ഉള്ളൊന്നു കാളിയെങ്കിലും, കട്ടിലിന്റെ ഓരത്ത്  കൈയിൽ ചുരുട്ടിപിടിച്ച പേപ്പറുമായി ചാരിയിരിക്കുന്നയവളെ കണ്ടപ്പോഴാണ് മിഥുന് സമാധാനമായത്... 

"മനീഷേ... സോറി  മോളെ.. "

അവളുടെ അടുത്തേക്ക് സോറി പറഞ്ഞു കൊണ്ട് ചെന്നപ്പോഴേക്കും കൈയിലെ പേപ്പർ നീട്ടികൊണ്ട് അവളെന്തൊക്കെയോ പരസ്പരവിരുദ്ധമായി പുലമ്പുന്നുണ്ടായിരുന്നു... 

അവൾ വീണ്ടും മനോരോഗിയായ മനീഷയായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവ് അവനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

"അവളേറ്റവും ഇഷ്ടപ്പെടുന്നവരുടെ ചെറിയ പ്രവൃത്തി പോലുമവളെ വീണ്ടും ഈ അവസ്ഥയിലേക്ക് എത്തിക്കുമെന്ന " ഡോക്ടറിന്റെ  വാക്കുകൾ അവന്റെ ഹൃദയത്തിലേക്ക് വീണ്ടും തുളച്ചു കയറി... 

അവളെയുമെടുത്തു കൊണ്ട് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് പോകുമ്പോൾ അവളുടെ കൈവെള്ളയിൽ ചുരുട്ടിവെച്ച പേപ്പറവൻ  നിവർത്തി നോക്കി.. 

'ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ തുടർ പഠനത്തിന് സ്കോളർഷിപ്പ് കിട്ടി' 

ആ സന്തോഷവാർത്ത തനിക്കൊരു സർപ്രൈസ് ആയി അറിയിക്കാനാണ് അവൾ ഒന്നും പറയാതെ വന്നത് എന്ന സത്യം അവൻ  തിരിച്ചറിഞ്ഞു.. 

നൂറു വട്ടം അവളുടെ കാൽക്കൽ വീണുകൊണ്ട് മിഥുൻ മാപ്പുപറഞ്ഞിരുന്നു, ആ നശിച്ച നിമിഷത്തെ പ്രവൃത്തിയെ ശപിച്ചു കൊണ്ട്...  ഇതൊന്നുമറിയാതെ അപ്പോഴും മനീഷ വിചിത്രമായെന്തെക്കെയോ പറയുന്നുണ്ടായിരുന്നു... 

മാനസികാരോഗ്യകേന്ദ്രത്തിന്റെ കവാടങ്ങൾ കടന്നു വന്ന മനീഷയെ, ഷോക്ക് ട്രീറ്റ്‌മെന്റിനായി കൊണ്ടു പോകുമ്പോൾ കരഞ്ഞുകൊണ്ടു  നിസഹയാതയോടെ നിൽക്കുന്ന, മിഥുന്റെ മുഖത്തു പതിഞ്ഞ കണ്ണുകൾ വീണ്ടും പഴയ മനീഷയായി തന്നെയവൾ തിരിച്ചെത്തുമെന്ന്  പറയാതെ പറയുന്നുണ്ടായിരുന്നു...  

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com