ADVERTISEMENT

പ്രേമലേഖനം 2 (കഥ)

മനുഷ്യർ, ഉറുമ്പ്, പാറ്റ, പൂച്ച, നായ, മരങ്ങൾ, നക്ഷത്രങ്ങൾ അങ്ങനെ ലോകചരാചരങ്ങൾ മുഴുവനും പ്രണയത്തിലാണ്.

യൂനുസും ഫാത്തിമയും ജനിക്കുന്നതിനു മുമ്പേ അവർ പരിചയക്കാരായിരുന്നു. യൂനസിന്റെ ഉമ്മ ഖദീജാത്തയും ഫാത്തിമയുടെ ഉമ്മ സൽമാത്തയും ഉറ്റ സുഹൃത്തുക്കളാണ്.

അവരുടെ കല്യാണം കഴിഞ്ഞതും ഓര് ഗർഭണികളായതും ഒക്കെ ഒരേ കാലത്താണ്. 

അവര് സുഹൃത്തുക്കളാവുന്നതിനു മുന്നേ ഖദീജാത്താന്റെ ഉമ്മ ആയിഷുമ്മയും സൽമാത്താന്റെ ഉമ്മ നബീസുമ്മയും പരിചയക്കാരായിരുന്നു. മദ്രസീല് മുതലേ ഓര് ഒരുമിച്ചാണ് പഠിച്ചതും കളിച്ചതും.

ഒരു മഴയുള്ള രാത്രീല് കണ്ണൂരാശുപത്രീൽ വെച്ചാണ് യൂനുസിനേയും ഫാത്തിമയയേയും പ്രസവിക്കുന്നത്.

ലേബർ മുറിയുടെ പുറത്ത് കാത്തിരുന്ന ഉമ്മൂമമാര് സിസ്റ്ററിത്തയുടെ കയ്യീന് അവരെ എടുത്ത അന്നാണ് യൂനസും ഫാത്തിമയും തമ്മിൽ ആദ്യമായി കാണുന്നത്.

അവര് കളിച്ചതും വളർന്നതും ഒരു മുറ്റത്തു തന്നാണ്. സർബത്ത് മാങ്ങക്ക് അടികഴിനും ചെരട്ടയിൽ പുട്ട് ചുട്ടും കൊത്തൻക്കല്ല് കളിച്ചും കാലം കഴിഞ്ഞു.

കാലത്തിനൊപ്പം യൂനസിന്റെ ആണധികാരം വളർന്നു. യൂനസും ഫാത്തിമയും ഒരേ ക്ലാസിലാണ്. സമപ്രായക്കാർ! 

"ഉമ്മീ.. ഞാനാണോ മൂത്തെ ഫാത്തിമയണോ മൂത്തെ "

"രണ്ടാളും ഓരേ പോലെയാന്ന്"

യൂനസിന്റെ ആണധികാരം ആ മറുപടിയിൽ തൃപ്തനായില്ല. ഉമ്മൂമാക്ക് ബെത്തിലയിൽ നൂറ് തേച്ചോട്ക്കുന്ന നേരം യൂനസ് ചോദ്യം ആവർത്തിച്ചു. 

"ഉമ്മീമാ.. ഞാനാണോ മൂത്തെ ഫാത്തിമയാണോ മൂത്തെ " 

ബെപ്പ് പല്ലിനിടയിൽ ബെത്തില വെച്ച് ചവച്ചരക്കുന്നതിനിടെ ഉമ്മൂമ പറഞ്ഞു. 

"ഫാത്തിമാനെ പെർന്നയിന് അര മണിക്കൂറ് മുന്നേ ഇന്ന പെറ്റിന്" 

ഭീമാകാരമായ സംശയം തീർന്നിരിക്കുന്നു. യൂനസിന്റെ ആണധികാരം സന്തോഷത്താൽ നൃത്തമാടി. ഒരീസം ഉസ്കൂളിലേക്ക് പോവുന്ന ഇടവഴീല് വെച്ച് ഫാത്തിമ ആ രഹസ്യം വെളിപ്പെടുത്തി. 

" ആരോടും പറയരുത് " 

" ഇല്ല " 

" അല്ലാഹണേ "

" അല്ലാഹണേ " യൂനുസ് സത്യം ചെയ്തു. 

ഫാത്തിമ യൂനസിന്റെ ചെവീടെ അടുത്ത് വന്ന് മന്ത്രിച്ചു. 

" മൊയ്തീ ശൈഖ് തങ്ങളേ..! നേരാ ??" 

" നേര് " ഫാത്തിമ പറഞ്ഞു. 

" പിന്നില്ലേ.. ഇന്നി യൊന്ന് എന്നെ ഇക്കാക്ക വിളിച്ചെ " പതിവില്ലാത്ത ചോദ്യം കേട്ട് ഫാത്തിമ ഓനെ തുറിച്ചു നോക്കി. 

" അയ്യെടാ... ഇമ്മക്ക് രണ്ടാക്കും ഒരീ വയസ്സാണ്." ഫാത്തിമ മറുപടി നല്‍കി. 

" ഇന്നീംകാളും അര മണിക്കൂറ് മൂത്തെ ഞാനാണ്."

" റബ്ബീ... ബില്യൊരു ഇക്കാക്ക ബന്നിന് " ദൂരെ നിന്നും സ്കൂൾ ബെല്ലിന്റെ ശബ്ദം കേട്ട് അവർ ഉസ്കൂളിലേക്ക് ഓടി. 

ആ വർഷം പരീക്ഷയിൽ യൂനുസ് ദയനീയമായി തോറ്റു. ഫാത്തിമ ആറിലേക്ക് മാറി. പുത്തനുടുപ്പിട്ട് ഉസ്കൂളിലേക്കുള്ള യാത്രയിലാണ്. 

ഫാത്തിമ ഇടംകണ്ണിട്ട് ഇടക്കിടെ യൂനസിനെ നോക്കുന്നുണ്ട്. 

" ഇന്ന്യന്താ ഒന്നും മിണ്ടാതെ "

" ഒന്നൂലാ "

" ഞാ ഇനിക് ഉത്തര കള്ളാസ് കാണിച്ചന്നല്ലെ. എന്തീറ്റാ നോക്കി എഴുതാനെ "

കഴിഞ്ഞ കൊല്ലവും അയിന് മുമ്പിലത്തെ കൊല്ലവും ഫാത്തിമയുടെ നോക്കി എഴുതിയാണ് യൂനുസ് പരീക്ഷ ജയിച്ചത്. 

" പെണ്ണിന്റെ നോക്കി പരീഷ എഴുതാനൊന്നും അന്നെ കൊണ്ട് കൈലാ. ഞാനൊരു ആണല്ലേ "

" ഉംഭ്.. ബില്യൊരു പുരുഷൻ ബന്നിന് " അതുകേട്ട് യൂനുസ് മുഖം കോസ്രയിട്ട് ചെരിച്ചു.

" പിന്നില്ലേ....!" ഫാത്തിമ ഓന്റെ മുഖത്തേക്ക് എത്തി നോക്കി. 

" എന്താ...? "

" ഇന്നിയൊന്ന് എന്നെ ഇത്താത്തന്ന് വിളിച്ചേ? " 

യൂനസിന്റെ മുഖം ദേഷ്യത്താൽ ആളി. 

" ഞാൻ ഇന്നീംകാളും അര മണിക്കൂറ് മൂത്തെയാന്ന് " 

" ഞാൻ ആറില്, ഈയ് അഞ്ചില്. അപ്പൊ ആരാ മൂത്തെ !? " 

യൂനുസിന് ഉത്തരമുണ്ടായില്ല. ഓൻ തലതാഴ്ത്തി.

ഫാത്തിമയുടെ മുഖത്ത് പാവം തോന്നി. സ്കൂൾ വരാന്തയിൽ നിന്ന് നിശബ്‌ദമായി അവർ രണ്ടു ഭാഗത്തേക്ക് പിരിഞ്ഞു. ബുക്കെഴുതി തരാനും, ഉത്തരം പറഞ്ഞെരാനും, ഉച്ചക്കഞ്ഞിയിൽ കൈക്കുത്തി കലക്കാനും ഓളെനി ക്ലാസിലിണ്ടാവില്ല.വൈകിട്ട് ഫാത്തിമയെ കാത്തുനിൽക്കാതെ യൂനസ് നേരത്തെ വീട്ടിലേക്ക് പോയി. രാവിലെയും അതുതുടർന്നു. പിന്നെ ദിവസങ്ങൾ അതു ശീലമാക്കി. ഫാത്തിമയുടെ മനസ്സിൽ കഠിനഭാരം അനുഭവപ്പെട്ടു. അവധി ദിനം അതിരാവിലെ ഫാത്തിമ ഓന്റെ വീട്ടിലെത്തി. 

" ഉമ്മീ.. ഇബനെന്തിനാ എന്നേ കൂട്ടാണ്ട് ഒറ്റക്ക് ഉസ്കൂളിൽ പോണെ? " 

അടുക്കളയിലിരുന്ന് യൂനുസ് അരിപ്പത്തിരി തിന്നുന്നുണ്ട്. 

നേരാണോടാ ? കയ്യിലിരുന്ന ചട്ടോൻ നീട്ടി ഉമ്മ ചോദിച്ചു. 

' ഇർർർർ...' കേട്ട ഭാവം നടക്കാതെ ഓൻ ഏമ്പക്കമിട്ടു പത്തിരി തൊള്ളയിൽ കുത്തിക്കേറ്റി. 

" ഉമ്മി ഇത് നോക്കിയേ " 

ഫാത്തിമ കുപ്പായം പൊന്തിച്ച് കൈമുട്ട് യൂനസിന്റെ ഉമ്മാക്ക് കാട്ടി. രക്തം വാർന്ന പാടുണ്ട്. കഴിഞ്ഞ ദിവസം നായിനെ കണ്ടപ്പോൾ ഓടി വീണതാണ്. 

യൂനുസ് മെല്ലെ കണ്ണുകൾ ഉയർത്തി. ഫാത്തിമ ഓനെ തുറിച്ചു നോക്കുന്നുണ്ട്. അടുത്ത ദിവസം അവർ ഒരുമിച്ചാണ് ഉസ്കൂളിലേക്ക് പോയത്. 

" പുതിയ കുട്ടുകാരൊക്കെ ങ്ങെനാ " 

" ക്ലാസിലൊരു മൊഞ്ചത്തിയുണ്ട്. " യൂനുസ് എശലാക്കി പറഞ്ഞു. ഫാത്തിമയുടെ മുഖത്ത് സങ്കടം നിറഞ്ഞു.

" ഉം..." 

" എന്തേ പെണ്ണേ മൂളുന്ന് "

" അൻക് മൂളാൻ പറ്റൂലേ ! ഇതെന്ത് കഥാ " 

' മൂളിക്കോ..! "

യൂനുസ് മുന്നിലേക്ക് കടന്നു ഫാത്തിമ കേൾക്കത്തക്കം വീണ്ടും പറഞ്ഞു.

" എന്താ ഓളെ കണ്ണ് ! എന്താ ഓളെ മൂക്ക്! തട്ടമിട്ട് കാണാൻ തന്നെ എന്താ ശേല് " 

ഫാത്തിമയുടെ മുഖം ചക്കയുടെ അത്രം വീർത്തു.

ടപ്പേം !!! 

പിറകിൽ നിന്നും യൂനസിന്റെ പുറത്ത് മാരകപ്രഹരമേറ്റു. വേദന കൊണ്ട് അവൻ തിരിഞ്ഞു. ഭദ്രകാളിയെ പോലെ ഫാത്തിമ കലികയറി നിൽക്കുകയാണ്. ദിവസങ്ങളും മാസങ്ങളും പിന്നിട്ടു. നാട്ടിൽ പുതിയ റോഡ് വരുന്നുണ്ട്. ഫാത്തിമയുടെ പെരയും ഓളെ അയൽക്കാരെടെ പെരയും പൊളിക്കാൻ ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്.

" ഞാൻ നാളെ പോവേന്ന് " 

' എങ്ങോട്ട്..? ' 

" ബാപ്പാന്റെ നാട്ടിലോട്ട് " 

' ഇനി വരൂലേ..?' 

" ഇല്ല !!" 

" ഉം... നീ പോയാ..! " 

" ഞാ പോയാ...? " 

" ഒന്നൂലാ "

" ഒന്നൂലേ !!?? "

കുറച്ചു നേരത്തെ നിശബ്ദത. 

" ഈയ് പോണ്ടാ..!." 

യൂനസിന്റെ തൊണ്ട ഇടറി. ഫാത്തിമയുടെ കണ്ണുകൾ നിറഞ്ഞു. ചുറ്റിലും മൗനം. 

" ഇനിക്കിനി ആ മൊഞ്ചത്തിയില്ലേ ?" 

യൂനുസിന്റെ കവിളിലൂടെ കണ്ണീരിന്റെ രണ്ട് ചാലുകളൊഴുകി. ആകാശത്ത് ഇടിമുഴക്കം ഉയര്‍ന്നു. കാർമേഘങ്ങൾ ഇരുണ്ടുമൂടി. പച്ചിലകളും മരച്ചില്ലകളും തട്ടി മഴ ഭൂമിയെ കുളിരണിയിച്ചു. മണ്ണിന്റെ മണം ചുറ്റിലും പരന്നു. ചോർന്നൊലിക്കുന്ന മഴയിൽ ആ ഇടവഴിയിലൂടെ അവർ ദുരേക്ക് നടന്നു നീങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com