ADVERTISEMENT

സ്പർശം എന്ന ആനന്ദം (കഥ)

ജോലിക്കാരിയായ വലിയമ്മയുടെ മുറിയുടെ പുറത്തെ ചുമരിലാണ് തറവാട്ടിലെ ഒരേയൊരു കണ്ണാടി. വെളിച്ചക്കുറവ് ധാരാളമുള്ള അവിടെ കണ്ണാടി നോക്കൽ ഒരു ചടങ്ങ് മാത്രം. അതിനാൽ പ്രീഡിഗ്രിക്കാലം വരെ എന്റെ പ്രതിഛായ വലിയ പ്രശ്നമായിരുന്നു. സത്യത്തിൽ വായനയാണ് എന്നെ കുടുക്കിയത്. നോവലുകൾ വായിക്കാൻ തുടങ്ങിയ എട്ടാം ക്ലാസുകാലം. എല്ലാത്തിലും കാണുന്ന ലോഭമില്ലാത്ത നായികാവർണ്ണനകൾ. വെളുത്തു കൊഴുത്ത് മിനുത്ത ശരീരം. നീണ്ടു ചുരുണ്ടു കറുത്ത ഇടതൂർന്ന കേശഭാരം. മാൻപേടക്കണ്ണുകൾ, കാമദേവന്റെ വില്ലുപോലുള്ള പുരികങ്ങൾ. പുസ്തകത്തിൽ നിന്നും പുറത്തു കടന്ന് ചുറ്റിനും കണ്ണുകൾ തിരയും, എവിടെ എവിടെ. ആ കണ്ണാടിയിലെ രൂപം എന്റെയെന്ന് ഞാൻ സമ്മതിച്ചില്ല. 

ഞാൻ ഉൾക്കൊണ്ട നായികമാർ ഇങ്ങനെയല്ല. കുളക്കടവിലെ പെണ്ണുങ്ങൾ പലരിലും പല ഘടകങ്ങൾ കണ്ടെങ്കിലും എവിടെയും ഒരു തികവു കണ്ടില്ല. ജയഭാരതി, ഷീല, ശ്രീവിദ്യ തുടങ്ങിയവർക്കൊക്കെ മാത്രമാണ് ഈ അഴകളവുകൾ എന്ന് മനസിലായത് പിന്നീടാണ്. കോളജ് കാലം അസ്സൽ ദാരിദ്ര്യകാലം. ഏത് പ്രതികൂല സാഹചര്യത്തേയും അനുകൂലമാക്കാൻ ഉള്ള അത്ഭുതവിദ്യ അച്ഛനിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്.

ആകെയുള്ള മൂന്ന് കോട്ടൺസാരികൾ നാല് ബ്ലൗസുകൾ ഇവയുടെ ധാരാളിത്തം കൊണ്ട് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ നടന്ന കാലം. അധോലോക വസ്ത്രങ്ങളെ പറ്റി വെറുതെയൊന്ന് പ്രതിപാദിക്കാമെന്ന് മത്രം.

ഞാനന്ന് അണിഞ്ഞത് ആദർശ ധീരതയായിരുന്നു. ലളിത ജീവിതം മുദ്രാവാക്യമാക്കിയ ആ ആദർശക്കാരിക്ക് ബ്യൂട്ടി പാർലർ ലിപ്സ്റ്റിക്, സ്ലീവ്​ലെസ്, ഹൈ ഹീൽസ് എന്നിവയൊക്കെ അശ്ലീല പദങ്ങളായിരുന്നു. പുസ്തകം, രാഷ്ട്രീയം, സമരം, ക്ലാസിക്സിനിമകൾ, പരിപ്പുവട, ചായ ഇതൊക്കെ ശ്ലീല പദങ്ങളും. ഒരു കൂട്ടിന് പുതിയ സിനിമാനായികമാരും. ശോഭ, ശാന്തികൃഷ്ണ, സുഹാസിനി എന്നിവരുമായി താദാത്മ്യപ്പെട്ടു. 

നല്ലൊരു കണ്ണാടി വീട്ടിലില്ലാത്തതു കൊണ്ട് ആത്മവിശ്വാസത്തിനൊരു കുറവും ഉണ്ടായിരുന്നില്ല. സൗന്ദര്യം ഒരു വിഷയമാവേണ്ട പ്രണയകാലത്ത് നിന്റെ സൗന്ദര്യം കണ്ടിട്ടല്ല നിന്നെ ഇഷ്ടായത് എന്ന് ഇടയ്ക്കിടെ കാമുകൻ ഓർമിപ്പിച്ചത് എന്നെ ഒട്ടും നിരാശപ്പെടുത്തിയില്ല. മ്മടെ ക്യാരക്ടർ ആവുംന്ന് അഹങ്കരിച്ചു. കല്യാണം, പ്രസവം, ജോലി കിട്ടാനുള്ള പഠനപരാക്രമങ്ങൾ, ഇതിനിടയിൽ എനിക്കൊരു മുഖം തന്നെ ഉണ്ടെന്ന് തോന്നിയിരുന്നില്ല.

പറയാൻ തുടങ്ങിയത് ബ്യൂട്ടി പാർലർ എന്നിലേക്കോ ഞാൻ ബ്യൂട്ടി പാർലറിലേക്കോ ആകൃഷ്ടയാവാനുള്ള സാഹചര്യത്തെപ്പറ്റിയായിരുന്നു.

ബ്യൂട്ടി പാർലർ എന്ന സ്ഥാപനത്തെ പറ്റി സ്വതവേ സുന്ദരിയായ നഫീസ പറയുന്നതു കേട്ട് അയ്യേ നീയവിടെയൊക്കെ പോണോളാണല്ലേ എന്ന പുച്ഛം പുറത്ത് പറഞ്ഞെങ്കിലും അവൾക്ക് ഒരാനച്ചന്തമൊക്കെ ഉണ്ടെന്ന് ചെറിയ അസൂയ തോന്നിയിരുന്നു. പ്രിയ സുഹൃത്ത് ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റിലെ ഷീനയാണ് ഒരിക്കൽ എന്തോന്നെടേയ് നിന്റെ പുരികമൊക്കെ ഇങ്ങനെ പാറ്റ നക്കിയ പോലെ. ഒന്ന് കൊയ്തുവരിയൊപ്പിക്കെടേയ് എന്ന് ഒരു പ്രേരിപ്പിക്കൽ. പരലോക ദൈവങ്ങളേ, ഇഹലോക മഹാജനങ്ങളെ, നിങ്ങളെന്തറിഞ്ഞു സുന്ദരിയായി കാണപ്പെടാൻ ഒരുത്തി അനുഭവിക്കുന്ന പീഡനങ്ങൾ എന്ന് അലറിക്കരഞ്ഞുകൊണ്ടിരുന്ന ആ ആദ്യ പതിനഞ്ച് മിനുട്ട്. ശരീരത്തിന്റെ പച്ചപ്പിൽ നിന്ന് രോമങ്ങളങ്ങനെ ക്ക്രൂം ത്രൂംന്ന് പറിച്ചെടുക്കുന്നു. അവസാനം നിറഞ്ഞു കലങ്ങിയ കണ്ണുകൾ തുറന്ന് കണ്ണാടിയിൽ. ഇത്ര തെളിഞ്ഞ കണ്ണാടി വേറെ കണ്ടിട്ടില്ല. നോക്കുമ്പോൾ പുരികക്കൊടി വളച്ചൊരുത്തി എന്നെ നോക്കുന്നു എങ്ങനുണ്ട് മാഡം എന്ന് ചോദിച്ചു കൊണ്ട്. എന്റെ മുഖത്തൊരു താജ് മഹൽ പണിത സന്തോഷം ആ ബ്യൂട്ടിഷ്യൻ കുട്ടീടെ മുഖത്ത്. സ്വർണ്ണാഭരണക്കടയും ബ്യൂട്ടി പാർലറും എനിക്ക് ബാലികേറാമലകളായിരുന്നു.

രണ്ടു ദിവസം മുമ്പ് എനിക്കൊരു ഉൾവിളി. ശരീരവും മനസ്സും ഒരുപോലെ ആശ്വാസമാഗ്രഹിക്കുന്നതു പോലെ. പെട്ടെന്നാഗ്രഹിച്ചാൽ നമ്മളെ ആശ്വസിപ്പിക്കാനാരിരിക്കുന്നു ഈ ഉലകത്തിൽ എന്ന് കുണ്ഠിതപ്പെട്ടിരുന്ന എന്നെയും കൊണ്ട് സ്കൂട്ടർ പുറത്തേക്കിറങ്ങി. ആദ്യമൊരു ഓയിൽ മസാജ് തലയ്ക്ക്. പതുക്കെ ഇളം ചൂടുള്ള എണ്ണ തലയിൽ പകർന്ന് മസാജ് തുടങ്ങി ആ നേപ്പാളി പെൺകുട്ടി. മൃദുവായും ഉറപ്പിച്ചും. തലയിൽ കഴുത്തിൽ നെറ്റിയിൽ. അമ്മ പോലും എന്നെ ഇങ്ങനെ സ്നേഹത്തോടെ കരുതലോടെ ക്ഷമയോടെ എണ്ണതേപ്പിച്ചിട്ടില്ല. ഇടക്ക് അവളുടെ കൈയിൽ ഞാനൊരു ഉമ്മ കൊടുത്തു. അവൾ ചോദിച്ചു. മാഡം പെഡിക്യൂർ? ചോദ്യം കേട്ടതും ഞാൻ ലജ്ജിച്ചു എന്റെ കാലിലേക്ക് നോക്കി. ഒളിപ്പിക്കാൻ നോക്കി. വൃത്തികെട്ട കാലുകൾ ഭംഗിയുമില്ല, വൃത്തിയുമില്ല. എന്റെ മർമ്മം പിടികിട്ടിയ അവൾ പറഞ്ഞു നല്ല മസാജ് കിട്ടും മാഡം. ഞാൻ വീണ്ടും പ്രലോഭിതയായി.

ചെറുനാരങ്ങ ഷാമ്പൂ എന്നിവ ചേർത്ത ചൂടുവെള്ളത്തിൽ കാല് 15 മിനുട്ട് അൽഭുതം തന്നെ. നല്ല സുഖവുമുണ്ട്. പിന്നെയവൾ എന്റെ കാലുകൾ ഓമനയായി എടുത്തവളുടെ മടിയിൽ വെച്ചു. പതുക്കെ നഖങ്ങൾ വെട്ടി ചെളിയൊക്കെ കുത്തി കളഞ്ഞ് ഉരയ്ക്കാനും തേക്കാനും ആരംഭിച്ചു. ഞാനാലോചിച്ചു. ഈ ലോകത്ത് സുഖങ്ങൾക്ക് എത്ര വഴികൾ. പിന്നെ ക്രീമോക്കെ പുരട്ടി മസാജ്. വിരലൊക്കെ പതുക്കെ പൊട്ടിച്ച് അമർത്തിയങ്ങനെയങ്ങനെ കിടക്കവെ എന്റെ മുഖം വേറൊരു കാരുണ്യവതി ഏറ്റെടുത്തു. ചില ചടങ്ങുകളുണ്ട് ഫേഷ്യലിന്. ചിലതെനിക്ക് സഹിക്കാനാവില്ല, എന്നാലും സഹകരിക്കും. ആകർഷകമായ ചടങ്ങ് മസാജ് തന്നെ. നെറ്റിയിൽ കവിളിൽ മുക്കിൽ കണ്ണിൽ താടിയിൽ കഴുത്തിൽ തോളിൽ അതങ്ങനെ നിരന്തരം തുടരാൻ നമ്മളാഗ്രഹിക്കും. ആ കൈകളുടെ ആരാധകരാകും നമ്മൾ. എല്ലാം കഴിഞ്ഞ് കണ്ണാടിയിലേക്ക് കൺതുറക്കുമ്പോൾ  വലിയ അൽഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഞാൻ സന്തുഷ്ടയായിരുന്നു, സ്വസ്ഥയായിരുന്നു, ആ പെൺകുട്ടികളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com