sections
MORE

വിവാഹമോചനകേസ് തീർപ്പാക്കും മുൻപ് ജഡ്ജി പറഞ്ഞു, ഇന്ത്യവരെ ഒന്നു പോയി വരൂ...

divorce
പ്രതീകാത്മക ചിത്രം
SHARE

സൗദി കണ്ട കൊടൈക്കനാൽ (കഥ)

വിവാഹ മോചനത്തിന്റെ വക്കിലെത്തിച്ച കുടുംബ കലഹം. അവസാന വിധിക്കു മുൻപ് ശരീഅത്ത് കോടതിയിലെ ജഡ്ജി ചോദിച്ചു.

"ദമ്പതികളേ... നിങ്ങൾക്ക് ഇന്ത്യ വരെ ഒന്നു പോയി വരാമോ? അന്തിമ വിധി എന്നിട്ടാകാം. ദക്ഷിണേന്ത്യയിലിപ്പോൾ കോടമഞ്ഞിന്റെ കാലമാണ്. പ്രണയം പൂക്കുന്ന പൂപാടങ്ങളിൽ നിറസൗഗന്ധികങ്ങളുടെ നീരാട്ട് കാണാം." -

ജഡ്ജി പറഞ്ഞത് നേരായിരുന്നു. കൊടൈക്കനാലിലേക്കുള്ള യാത്രയില്‍ ഞാനത് അനുഭവിച്ചു. എന്നെ ഇത്രയേറെ കാൽപനികനാക്കിയ ഒരു യാത്ര അടുത്തൊന്നും വേറെ ഉണ്ടായിട്ടില്ല. അനന്തമായി ഉയരുന്ന ചുരങ്ങളുടെ ഓരോ തിരിവിലും പ്രേമത്തിന്റെ പൂമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. 

ഒരു വീണ്ടെടുപ്പായിരുന്നു അത്. എന്നല്ല, പുതിയ ജീവിതത്തിലേക്കുള്ള പിന്‍മടക്കം. പ്രണയതീക്ഷ്ണമായ യൗവനത്തിന്റെ ഭാവാത്മക നിമിഷങ്ങൾ. മനസ്സിന്റെ കെട്ടുപാടൊക്കെ അഴിഞ്ഞ്, ഒരു കാൽപനികഭാവത്തിലേക്ക് ഏതു ശിലാഹൃദയനും നിമിഷങ്ങള്‍ കൊണ്ടു വീണുപോവും.

ഒരു രാത്രിയുടെ ഏഴാം യാമത്തിൽ അബഹയിലെ രണ്ടുവീടുകളിൽ നിന്നാണ് ഞങ്ങൾ പുറപ്പെട്ടത്. മൂന്നു ദിവസം മൂന്നാറിൽ.

മഴ മേഘങ്ങളിലാവൃതമായ ആഷാഡത്തിലെ ആകാശം പോലെ ഇരുണ്ടു മൂടി മനസ്സ്. ഉള്ളിൽ പെയ്തൊഴിയാത്ത മേഘങ്ങളുടെ കാളിമ.

അവസാനിക്കാത്ത മൂടൽ മഞ്ഞു പോലെ മനസ്സിന്റെ പ്രതലത്തിൽ പലതും തളം കെട്ടി നിൽക്കുന്നു. എന്നോ ഒരിക്കൽ നഷ്ടപ്പെട്ടു പോയ അനുഭൂതിയുടെ അനുരണനങ്ങൾ അവളുടെ ഹൃദയാന്തരീക്ഷത്തിലും അലകളിളക്കുന്നുണ്ടാവണം. ശരത്കാല സന്ധ്യയിൽ തെളിഞ്ഞ ആകാശത്തു നിന്നും ചിറക് കുഴഞ്ഞ് തളർന്നുവീണ മഴപ്പാറ്റ. പാവം! ഇഴയുവാൻ വിധിക്കപ്പെട്ട പെൺകുട്ടി.

എന്റെ ദുരഭിമാനം കൊണ്ട് ഭർതൃസുഖം മരീചികയായി കലാശിച്ചവൾ. മൂന്നു കുട്ടികളുണ്ടായത് ഒരത്ഭുതമായി കണക്കാക്കാനേ പറ്റൂ– യാന്ത്രികമായൊരു ഉൽപാദനം മാത്രം. എല്ലാം എന്റെ തെറ്റ്!

ഒരു പെരുമഴയുടെ പിറ്റേന്ന് വാടകയ്ക്കെടുത്ത കാറിൽ ഞാനും അവളും ഒറ്റക്ക് കൊടൈക്കനാലിലേക്ക്. വാഹനത്തിന്റെ സ്പീക്കറില്‍ നിന്നൊഴുകുന്ന പ്രണയഗാനങ്ങളും കേട്ട് പ്രണയാതുരമായ മൂഡില്‍ ഒരു യാത്ര. (ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ)

കൗമാരം ഉള്ളിൽ പതിപ്പിച്ചു പോയ, അവൾ തണലുകൊണ്ട അത്തിമരവും അതിന്റെ മർമ്മരം വീണ അബഹ മലമടക്കുകളിലെ മഴക്കാടിന്റെ നിറച്ചാര്‍ത്തും കുളിരും കിനാവും കണ്ണീരും അറിയാതെ ഓര്‍മകളിലെത്തി. പ്രണയം പച്ച കുത്തിയ നാളുകളില്‍ സ്വപ്നാടകനെപ്പോലെ അലഞ്ഞു നടന്ന അബഹയിലെ കുന്നിൻ ചരുവുകളെയും നാട്ടുപാതകളെയും അതോര്‍മ്മിപ്പിച്ചു. 

കഴിഞ്ഞ കുറച്ചു കാലമായി നഷ്ടപ്പെട്ട, പലതു കൊണ്ടും ആസ്വദിക്കാന്‍ പറ്റാതെ പോയ പ്രണയം പൊടുന്നനെ വീണ്ടുകിട്ടിയതു പോലെ.

വാഹനത്തിലിരുന്ന് ഞാനവളെ ആകാംക്ഷയോടെ നോക്കി. അവളുടെ മനസ്സിന്റെ ആഴങ്ങളിൽ നിന്നാവണം ഒരു നെടുവീർപ്പു കുതറിച്ചാടി.

ഹൃദയം നിശബ്ദം തേങ്ങുകയാണോ? കൺകോണിൽ മുത്തുമണികൾ ഉരുണ്ടു കൂടുന്നു. പിന്നെ എന്തോ ആലോചിച്ചുറപ്പിച്ചെന്ന പോലെ

അമര്‍ത്തിപ്പിടിച്ച ഒരു ചിരിയും കവിളുകളില്‍ പടരുന്ന പഴയൊരു പ്രണയത്തിന്റെ ചുവപ്പുരാശിയും അവിടെ ഞാന്‍ കണ്ടു. നഷ്ടബോധത്തിന്റെ വലിയൊരു കോടക്കാര്‍ അപ്പോള്‍ എന്റെ മനസ്സില്‍ വന്നു നിറഞ്ഞു.

സ്വയം കല്‍പ്പിച്ച ആത്മനിന്ദയിൽ, നഷ്ടപ്പെടുത്തിയത് ജീവിതം തന്നെയാണല്ലോ എന്ന ഖേദം വെളിപാടു പോലെ കടന്നു വന്നു. ഞങ്ങൾ കൊടൈക്കനാലിലെ പച്ചപുതച്ച മലമുകളിലെത്തി. എല്ലാം മറയ്ക്കുന്ന കോടമഞ്ഞിന്റെ ആലിംഗനം ഞങ്ങളെ പൊതിഞ്ഞു. പ്രണയതീവ്രമായ അതിന്റെ ഉള്‍ക്കുളിരിലേക്ക് ഞങ്ങള്‍ വലതു കാല്‍ വെച്ചിറങ്ങി. ആകാശവും താഴ്​വരയും ഒന്നായലിയുന്ന പ്രണയത്തിന്റെ കൊടുമുടിയിലൂടെ ഞങ്ങള്‍ നടന്നു.

ഒന്നും മിണ്ടാതെ ഞങ്ങളൊരു നീല പുതപ്പ് ദേഹത്തേക്കു വലിച്ചിട്ടു. അപ്പോള്‍ പ്രായവും വര്‍ഷങ്ങളും ഞങ്ങളില്‍ നിന്നൂര്‍ന്നുപോയി. കാലം പിറകോട്ടു പാഞ്ഞു. പ്രണയാതുരമായ നവയൗവനത്തിന്റെ പിന്‍വിളികള്‍ ഞങ്ങള്‍ കേട്ടു. ഓര്‍മകളിലേക്ക് ഞങ്ങള്‍ ഒരുമിച്ചു നടന്നു. സമയത്തിലൂടെ മുന്നോട്ടും സ്മരണകളിലൂടെ പിന്നോട്ടുമുള്ള സഞ്ചാരം. നടത്തത്തിനിടയിലെപ്പോഴോ ഞാന്‍ അവളുടെ കൈകള്‍ കോര്‍ത്തുപിടിച്ചു. അപ്പോള്‍ ഒരു മോതിരം എന്റെ കൈകളില്‍ തടഞ്ഞു. കോടമഞ്ഞില്‍ നിന്നു പുറത്തു കടന്നപ്പോള്‍ ഞാന്‍ കണ്ടു. 

അബഹയിലെ ചെമ്മരിയാടുകൾ മേയുന്ന കുന്നിൻ ചരുവിലെ പുൽമേടിൽ വെച്ച്, ആയിരത്തൊന്ന് രാവുകളിലെ കിനാവുകൾ പറഞ്ഞ്, ഞാനവളുടെ കൈവിരലില്‍ രഹസ്യമായി അണിഞ്ഞ അതേ മോതിരം! നഷ്ടബോധത്തോടെ ഞാനതില്‍ മുറുകെ പിടിച്ചു...

അപ്പോൾ അവളുടെ ചെഞ്ചുണ്ടുകൾ എന്റെ ചെവിയോട് ചേർന്നു...

വാഹ്...റൂഹീ*...

*വാഹ് റൂഹീ – എന്റെ ജീവനേ...

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA