ADVERTISEMENT

സഖാവിന്റെ ഭാര്യ (കഥ)

നൂറുകൂട്ടം കാര്യങ്ങളുമായി തിരക്കായിരുന്നെങ്കിലും വീട്ടിലെത്തിയ ബന്ധുവിനെ മുഖം കാണിച്ചില്ലെങ്കിൽ മര്യാദകേടാവുമെന്ന് സഖാവ് ബാലചന്ദ്രന് തോന്നി. രാധിക വന്നിട്ടുണ്ടെന്ന് ഭാര്യ ലളിത വിളിച്ചു പറഞ്ഞപ്പോൾ ബാലൻ ഉച്ചയൂണിന് വീട്ടിലേക്കോടിയെത്തി. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ചേച്ചിയെ കാണാൻ രാധിക വീട്ടിലെത്താറുള്ളതാണ്. വിദേശത്തുള്ള മക്കളുടെ കാര്യങ്ങളും നാട്ടുവിശേഷങ്ങളുമൊക്കെ പറഞ്ഞ് ഒന്നിച്ചാണ് അപ്പോഴൊക്കെ ഊണ് കഴിക്കാറുള്ളത്.അനിയത്തി വന്ന സന്തോഷത്തിൽ അടുക്കളയിലൂടെ നൊണ്ടി നടന്ന് ലളിതയുണ്ടാക്കിയ സാമ്പാറിനും പയറുപ്പേരിക്കും നല്ല രുചിയായിരുന്നു. സാമ്പാറിനൊപ്പം തൈരും മാങ്ങയച്ചാറും കൂടി കൂട്ടി മൂന്നുപേരും ഭംഗിയായി ഊണ് കഴിച്ചു.

ഊണിനു ശേഷം ചുരുട്ടിപ്പിടിച്ച കടലാസുകെട്ടുകളുമായി സഖാവ് ബാലൻ പുറത്തേക്കിറങ്ങി. അതിൽ മിക്കവയും പൂരിപ്പിച്ചതും അല്ലാത്തതുമായ അപേക്ഷാഫോറങ്ങളായിരുന്നു. സർക്കാർ ജോലിയിൽ നിന്നുള്ള റിട്ടയർമെന്റിനു ശേഷം ബാലന് തിരക്ക് കൂടിയിട്ടേയുള്ളൂ. 

നാട്ടിലുള്ള വ്യക്തിതർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിൽ തുടങ്ങി, വാർധക്യ പെൻഷനുകൾ, വിധവാ പെൻഷനുകൾ വരെ ഏതു സർക്കാർ കാര്യങ്ങൾക്കും നാട്ടുകാരിൽ അധികവും ബാലന്റെയടുത്ത് സഹായമന്വേഷിച്ചെത്തും. അവർക്കു വേണ്ടി ബാലൻ അപേക്ഷകൾ തെറ്റില്ലാതെ പൂരിപ്പിച്ചു നൽകും. തിരക്ക് കൂടിയതോടെ അടുത്ത കൂട്ടുകാർ ബാലനെ തിരക്കുബാലൻ എന്ന് വിളിക്കാനും തുടങ്ങി.

വീടിനു മുൻവശമുള്ള വെള്ളമൊഴുകുന്ന തോടിന്റെ മരപ്പാലം കടന്ന്, ഇരുണ്ടു കിടക്കുന്ന റബ്ബർ തോട്ടത്തിനുള്ളിലൂടെ ജനസേവനങ്ങൾക്കായി ബാലൻ നടന്നകലുന്നത് ലളിതയും രാധികയും നോക്കി നിന്നു.

ലളിത ഗൗരിവിലാസം യുപി സ്‌കൂളിൽ മലയാളം ടീച്ചറായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം നാട്ടിലെ വനിതാസമാജത്തിന്റെ പ്രസിഡന്റായി പ്രവർത്തനങ്ങളുമായി ഓടി നടന്നു. ഇന്നിപ്പോൾ സ്ഥിതി മറിച്ചാണ്.

 ആദ്യമൊക്കെ വലതു കാലിൽ ചെറുതായി മുട്ടു വേദന തോന്നിയിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. പതിയെ പതിയെ വേദന കലശലായി. ഡോക്ടറെ കണ്ടപ്പോൾ മുട്ടുതേയ്മാനമാണെന്ന് പറഞ്ഞു. ഇരുകാലിൽ നിവർന്നുള്ള നടത്തം മാറി ഇപ്പോൾ ഒരു കാൽ ഞൊണ്ടിയുള്ള നടത്തമായി!

വീട്ടുവരാന്തയിലെ ഗ്രില്ലു വാതിലിന്റെ പിടിവിട്ട് പതുക്കെ കാലുകൾ വെച്ച് ലളിത വരാന്തയിലെ പഴയ മരക്കസേരയിലിരുന്നു. ചേച്ചിയുണ്ടാക്കിയ ഊണ് വയറു നിറച്ചു കഴിച്ചതിന്റെ ആലസ്യത്തിൽ കോട്ടുവാ വിട്ടുകൊണ്ട് രാധിക ചേച്ചിക്കരികിലായി ബാലേട്ടന്റെ ചാരുകസേരയിലുമിരുന്നു.

"എന്റെ കാതിലൊന്നു മാറ്റണം. എത്ര കാലമായി ഞാൻ ഇതു തന്നെയിട്ടു നടക്കുന്നു."

"അതിന് ഏച്ചിയിപ്പോ മുട്ടുവേദനയും വച്ച് എവിടെ പോവാനാ... ഞൊണ്ടി നടത്തം നാട്ടുകാര് കാണുന്നതിലും ഭേദം ഏച്ചിക്ക് വീട്ടിലിരിക്കുന്നതല്ലേ?"

 ഈ പ്രായത്തില് കാതില് മാറ്റാനുള്ള മോഹം കേട്ട രാധിക ചേച്ചിയെ കളിയാക്കി.

"അതിനിപ്പോ നിനക്കും വയസ്സ് പതിനെട്ടൊന്നുമല്ലല്ലോ? എന്നേക്കാൾ അഞ്ചുവയസ്സിനിളപ്പമേയുള്ളൂ നിനക്ക്, ഓർത്തോ....."

"എന്തായാലും അടുത്ത തവണ നീ വരുമ്പോ നമുക്ക് ടൗണിൽ പോയി കാതില് മാറ്റണം. ദിവാകരന്റെ ഓട്ടോയില് പോവാലോ... എന്റെ ഞൊണ്ട് നാട്ടുകാര് കാണുമെന്ന നാണക്കേടും നിനക്ക് വേണ്ട."

"നമുക്ക് കോഫീഹൗസില് പോയി മസാലദോശയും കഴിക്കാം. എന്താ..? എത്ര കാലമായി ഞാൻ കോഫിഹൗസില് പോയി ഒരു ചായ കുടിച്ചിട്ട്."

"അതിന് ഏച്ചിക്ക് ബാലേട്ടനോട് പറഞ്ഞാൽ പോരെ. ഒരു മസാല ദോശ പാർസല് വാങ്ങി കൊണ്ടുവരൂലേ."

"അതിനിപ്പോ ബാലേട്ടന് അതല്ലേ പണി, ഏട്ടനിപ്പോ എന്നെപ്പോലെ മുട്ടുവേദനയൊന്നുമില്ലല്ലോ....

 രാവിലെയിറങ്ങും കൊച്ചു പിള്ളേർക്കൊപ്പം പാർട്ടിയോഫീസിലേക്ക്..."

ശുണ്‌ഠിയോടു കൂടി ലളിത അനിയത്തിയുടെ മുഖത്തേക്കു നോക്കി.

അപ്പോഴാണ് ചുമരിലുണ്ടായിരുന്ന കോളജ് പഠനകാലത്തെ പഴയ ഫോട്ടോയിലേക്ക് രാധികയുടെ മുഖം തിരിഞ്ഞത്. അക്കാലത്തെ ഫാഷനായിരുന്ന ബെൽബോട്ടം പാന്റും ടോപ്പുമിട്ട് കൂട്ടുകാരികളുടെ കൂടെ നിൽക്കുന്ന പതിനെട്ടുകാരിയുടെ ഫോട്ടോയായിരുന്നു അത് .

"ഈ ഫോട്ടോ കാണുമ്പോ എനിക്ക് സങ്കടം വരുന്നേച്ചീ. ഇനിയിപ്പോ ആ പഴയ പതിനെട്ടുകാരിയിലേക്ക് തിരിച്ചു പോവാൻ പറ്റില്ലല്ലോ."

മുഖം മുകളിലേക്കുയർത്തി, പുരികം വിടർത്തി ലളിത അനിയത്തിയെ നോക്കി.

"ഏച്ചിയെന്റെ മുടിയിലേക്കൊന്നു നോക്ക്. ചന്തീല് മുട്ടുന്ന മുടിയുണ്ടായിരുന്നതല്ലേ എനിക്ക്... ഇപ്പോ നരമൂടി ബോയ്കട്ടടിച്ച പോലെയായി."

"അഞ്ചു വയസ്സ് മൂത്തിട്ടെന്താ, ഏച്ചിക്കിപ്പോഴും എന്റത്രയും നരച്ചിട്ടില്ല."

"അപ്പോ എന്റെ മുടി നരക്കാത്തതാണോ നിന്റെ പ്രശ്നം! "

"എനിക്ക് അമ്മയുടെ മുടിയല്ലേ കിട്ടിയത്, നിനക്ക് അച്ഛന്റേതും."

"പൂമൊട്ടയായിരുന്നില്ലേ നമ്മുടെ അച്ഛൻ... തിളങ്ങുന്ന തലയും തടവി അച്ഛൻ ഈസിചെയറിലിരിക്കുന്നത് ഇപ്പൊ കഴിഞ്ഞ പോലെ... അച്ഛൻ പോയിട്ട് എത്ര കാലമായി..." അലസനായ അച്ഛനു പിറകെ കുറ്റവും പറഞ്ഞു കൊണ്ട് നടക്കുന്ന അമ്മയുടെ ദയനീയ മുഖവും ലളിതയുടെ മനസ്സിലേക്ക് ഓടിയെത്തി.

 പഴയ ഓർമകളിലേക്ക് പോയ മനസ്സിനെ ലളിത പിടിച്ചു നിർത്തി.

"മുടി പോയാലെന്താ രാധികേ, ആണുങ്ങളെ പോലെ നീ കഷണ്ടിയൊന്നുമല്ലല്ലോ.." ലളിത അനിയത്തിയെ സമാധാനിപ്പിച്ചു.

"ബാലേട്ടനെ നോക്ക് എത്ര ചെറുപ്പത്തിൽ കഷണ്ടിയായതാ.. ഇപ്പോൾ വയസ്സെത്രയായി... തലയിൽ ആൾതാമസം ഉള്ളതു കൊണ്ടാ മുടിപോയെതെന്നാ ബാലേട്ടൻ പറയാ.."

"പ്രായായി വരുമ്പോ ബാലേട്ടന്റെ രാഷ്ട്രീയത്തിന് ശക്തി കൂടിയെന്നാ നാട്ടുകാരുടെ സംസാരം."

"ബാലേട്ടൻ കമ്മ്യൂണിസ്റ്റാ.... നല്ല മനസ്സാ... നാട്ടുകാർക്ക് എന്തു സഹായം ചെയ്യാനും ഏതു പാതിരാത്രിയായാലും മുണ്ടും മടക്കിക്കുത്തി ഇറങ്ങും."

"എന്റെ വയ്യാത്ത ഈ കാലും വച്ച് വനിതാ മതിലിന് പോകാൻ ബാലേട്ടനെത്ര നിർബന്ധിച്ചതാ... എനിക്ക് പറ്റുമോ ഈ മുട്ടുവേദനയും വച്ച് മതില് കെട്ടാൻ....?

" ബാലേട്ടൻ പുറത്തു പോയപ്പോ ഞാൻ അയ്യപ്പന് വിളക്ക് വച്ച് പ്രാർഥിച്ചു." ബാലേട്ടനറിയണ്ട എന്ന ഭാവത്തിൽ മുഖമാട്ടിക്കൊണ്ട് ലളിത അനിയത്തിയോട് പറഞ്ഞു.

ഏച്ചി ബാലേട്ടനെ കുറിച്ചു പറഞ്ഞപ്പോൾ രാധിക ഭർത്താവിനെ കുറിച്ചോർത്തു. 

"ശങ്കരേട്ടന് രാഷ്ട്രീയത്തിലൊന്നും പണ്ടത്തെപ്പോലെ ഒരു താൽപര്യവുമില്ല, എപ്പോളും കൃഷിയും പശുവുമൊക്കെയായി കഴിഞ്ഞുകൂടാനാ ഇഷ്ടം. രാഷ്ട്രീയക്കാരേക്കാൾ നാടിനാവശ്യം കൃഷിക്കാരാണെന്നാ ശങ്കരേട്ടൻ പറയാ.."

"എല്ലാ രാഷ്ട്രീയക്കാരും ബാലേട്ടനെ പോലെ അല്ല ഏച്ചീ....." 

"അധികമായാൽ അമൃതും വിഷം എന്ന് പറയില്ലേ... അതു പോലെ തന്നെയാ രാഷ്ട്രീയം, അധികമായാൽ ആളെ കൊല്ലുന്ന കൊടും വിഷം."

"ഏച്ചീ എനിക്ക്‌ മൂന്നു മണീന്റെ ബസിനു തന്നെ മടങ്ങണം. ശങ്കരേട്ടന് നാളെ നാട്ടിലൊരു കല്യാണത്തിന് പോകാനുള്ളതാ. പശൂനെ നോക്കാൻ വീട്ടിലാരെങ്കിലും വേണം."

"നിനക്കാ പശുക്കളെ ആർക്കെങ്കിലും കൊടുത്ത് സമാധാനമായി വീട്ടിലിരുന്നൂടെ? "

"അയ്യോ ... ഏച്ചിയെന്താ പറയുന്നത്‌? ശങ്കരേട്ടന് പശുക്കളെന്നു വച്ചാൽ ജീവനാ... മക്കളൊക്കെ ഇപ്പോ നാട്ടില് വന്നിട്ട് എത്ര കാലമായി... മുന്നോട്ടേക്ക് ജീവിക്കാൻ എന്തെങ്കിലുമൊക്കെ സന്തോഷം വേണ്ടെ...? "

"പിന്നെ ഏച്ചിയോട് എനിക്കൊരു കാര്യം പറയാനുണ്ട്. ഏച്ചിക്കൊന്നും തോന്നരുത്."

"ഈ പ്രായത്തില് എനിക്ക് നിന്നോടെന്തു തോന്നാനാ രാധികേ.. നീ കാര്യം പറ."

"പിന്നെ ഏച്ചീ...ഞാൻ അടുത്ത മാസം നാട്ടിലെ മാതൃസമിതിയോടൊപ്പം ഒരു യാത്ര പോകുന്നുണ്ട്. കഴിഞ്ഞ വർഷം ഞാൻ ഏച്ചിയെയും കൂട്ടിയതല്ലേ...."

"നാൽപത് പേര് വരുന്നുണ്ട്. ബസൊക്കെ ഏർപ്പാടാക്കി. ഭജനയും പാടി നേരെ മൂകാംബിയിലിലേക്കാണ് ആദ്യം, പിന്നെ ഉഡുപ്പി, ധർമ്മസ്ഥലം, മുരുഡേശ്വരം അങ്ങനെ..."

തീർഥയാത്രയെ കുറിച്ച് കേട്ടപ്പോൾ ലളിത മുട്ടുവേദനയൊക്കെ ഒരു നിമിഷം മറന്നു പോയിരുന്നു. മൂകാംബിയിലും ഉഡുപ്പി കൃഷ്ണനെ കാണാനുമൊക്കെ അനിയത്തിയുടെ കൂടെ മുൻപ് പോയിട്ടുണ്ടെങ്കിലും മുരുഡേശ്വരം സന്ദർശിക്കാൻ ഇതുവരെ പറ്റിയിട്ടില്ല.

"ഞാനും വരുന്നുണ്ട് നിന്റെ കൂടെ, നീയെന്നെയും കൂട്ടില്ലേ രാധികേ....?"

ചേച്ചിയുടെ ആവശ്യം കേട്ടപ്പോൾ രാധിക ഒരു നിമിഷം എന്തു പറയണമെന്നറിയാതെ ശങ്കിച്ചിരുന്നു.

"ഏച്ചിക്ക് മുട്ടു വേദന കൂടുതലല്ലേ... ഇത്തവണ ഏച്ചിയെ കൂട്ടണ്ട എന്നാണ് മാതൃസമിതിക്കാര് പറഞ്ഞത്"

"അതിന് എനിക്ക് മുട്ടുവേദന കൂടിയത് അവരോടാരാ പറഞ്ഞത്...? ഞാനെന്തായാലും വരും, നിന്റെ കൈയും പിടിച്ച് പതുക്കെ നടന്നോളും."

"കഴിഞ്ഞ കൊല്ലം വിഷുക്കണി കാണാൻ ഗുരുവായൂര് നിന്റെ കൈയും പിടിച്ച് വന്നതല്ലേ ഞാൻ."

"ടീവീല് സീരിയല് കണ്ടിരിക്കാനൊന്നും എനിക്ക് പറ്റില്ല.... നീ പറഞ്ഞ പോലെ മുമ്പോട്ടേക്കു ജീവിക്കാൻ എനിക്കും എന്തെങ്കിലുമൊക്കെ സന്തോഷം വേണ്ടെ... പണ്ടൊക്കെ നമ്മള് രണ്ടാളും കൂടി എവിടെയൊക്കെ പോയിട്ടുള്ളതാ... നിനക്കോർമയില്ലേ അതൊക്കെ? "

രാധിക ഏച്ചിയുടെ കാലിലേക്ക് നോക്കി പറഞ്ഞതെല്ലാം ശരിയാണെന്നു സങ്കടത്തോടെ തലയാട്ടി.

"ഏച്ചിക്കു കഴിഞ്ഞ തവണത്തേക്കാൾ ഞൊണ്ട് ഇത്തവണ കൂടിയില്ലേ... ഏച്ചിയെ കൂട്ടിയാൽ വരുന്ന എല്ലാവർക്കും ബുദ്ധിമുട്ടാകും. അവരെല്ലാം എന്നെ കുറ്റപ്പെടുത്തില്ലേ...? "

അനിയത്തി പറയുന്നത് കേട്ട് സങ്കടത്തോടെ സ്വന്തം കാലിലേക്ക് നോക്കി ലളിത കുറച്ചു സമയം മിണ്ടാതിരുന്നു. മുട്ടുവേദനയപ്പോൾ അസഹനീയമായിരുന്നു. ഇനിയും വല്ലതും പറയുന്നത് ക്രൂരതയാവുമെന്നു തോന്നിയ രാധിക ചേച്ചിയെ കഴിയും വിധം സമാധാനപ്പെടുത്തി. അകത്തെ മുറിയിലുണ്ടായിരുന്ന ആയുർവേദ കുഴമ്പെടുത്ത് മുട്ടുമുതൽ താഴോട്ടു നന്നായി തിരുമ്മിക്കൊടുത്തു. പ്രിയപ്പെട്ട കൂടപ്പിറപ്പിന്റെ കരസ്പർശമേറ്റപ്പോൾ അൽപം ആശ്വാസം തോന്നി.

"നീയാ കൃഷ്ണന്റെ പാട്ടു ഒന്നു പാടുമോ രാധികേ...?"

ഏച്ചി പാട്ടു പാടിക്കാതെ മടക്കി അയക്കില്ലെന്ന് രാധികയ്ക്ക് നന്നായി അറിയാം, എപ്പോൾ വന്നാലും ഒന്നോ രണ്ടോ പാട്ടുകൾ ചേച്ചിക്ക് വേണ്ടി പാടാറുള്ളതാണ്.

"കണ്ണിന് കണ്ണായ കണ്ണാ... നീ ഗുരുവായൂർ വാഴും താമര കണ്ണാ..."

 രാധിക പാടി തുടങ്ങി. കണ്ണുകൾ ചിമ്മി വേദന മറന്ന് ലളിത അനിയത്തിയുടെ സംഗീതമാസ്വദിച്ചു.

പാട്ടുകഴിഞ്ഞ് ഏച്ചി കണ്ണുതുറന്നപ്പോൾ അടുത്ത മാസം വരാമെന്നും, ടൗണിൽ പോയി കാതില് മാറ്റാമെന്നും, മസാലദോശ കഴിക്കാമെന്നും പറഞ്ഞ് അടുത്ത ബസ് പിടിക്കാനായി രാധിക വീട്ടിൽ നിന്നിറങ്ങി. മരപ്പാലം കടന്ന് അനിയത്തി റബ്ബർതോട്ടത്തിലൂടെ നടന്നകലുന്നതു കാണാൻ ഗ്രില്ല് വാതിലിൽ പിടിച്ച് ചേച്ചി വരാന്തയിൽ തന്നെയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com