ADVERTISEMENT

നീന (കഥ)

കോടതി വളപ്പ് പതിവിൽ നിന്ന് വിപരീതമായി ജനനിബിഢമായിരുന്നു... അനിയന്ത്രിതമായി ജില്ലാ കോടതിയിലേക്കൊഴുകിയെത്തിയ ജനങ്ങളെയും മാധ്യമപ്രവർത്തകരെയും നിയന്ത്രിക്കാൻ പൊലീസ് നന്നേ പ്രയാസപ്പെടുന്നുണ്ട്... കാരണം വെറും പെറ്റി കേസുകൾ മാത്രം തീർപ്പ് കൽപിച്ചിരുന്ന ഹൈറേഞ്ചിലെ ആ ജില്ലാ കോടതി ഇന്നാദ്യമായി അപൂർവങ്ങളിൽ അപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊലപാതക കേസിന്റെ വിസ്താരത്തിന് സാക്ഷ്യം വഹിക്കുകയാണ്…  കൊലപാതകിയെന്ന് പൊലീസ് സംശയിക്കുന്നയാളെ കോടതിക്കു മുന്നിൽ ഹാജരാക്കിയിട്ടുണ്ട്... ആ കൊലയാളിയെ ഒരു നോക്ക് കാണുവാനും ഈ കൊലപാതക കേസിന്റെ തുടർന്നുള്ള നടപടികൾ എന്തൊക്കെയായി തീരും എന്നറിയാനുമാണ് ഈ ജനസാഗരം കോടതി മുറ്റത്ത് തടിച്ചു കൂടിയിരിക്കുന്നത്… വെറുമൊരു കൊലപാതകമായി മാത്രം ഇതിനെ ചുരുക്കി കാണാൻ കഴിയില്ല... ഒരു പക്ഷേ ചരിത്രത്തിൽ ആദ്യമായിട്ടാകും കൊലപാതകത്തെക്കാൾ പ്രാധാന്യം കൃത്യം ചെയ്ത കൊലയാളിക്ക് ജനങ്ങൾ നൽകുന്നത്... കൊലയാളി അത്ര കണ്ട് നിസ്സാരനല്ല... ദാ ഇന്നീ നിമിഷം വരെ നാടും നഗരവും മാധ്യമങ്ങളും ഒരു പോലെ ചർച്ച ചെയ്ത "എ സൈക്കോ സീരിയൽ കില്ലർ" അതും ഒന്നും രണ്ടുമൊന്നുമല്ല കൃത്യമായി എണ്ണി പറഞ്ഞാൽ ആറുപേരെയാണ് നിഷ്കരുണം കാലപുരിയിലേക്കയച്ചത്…

"ആരാണയാൾ?"

കൂട്ടം കൂടി നിൽക്കുന്ന ഏവരുടെയും മനസ്സിൽ നിലയ്ക്കാത്തൊരു ചോദ്യമായിരുന്നു അത് "ആരാണയാൾ?"

ഉത്തരമില്ലാത്ത ആ ചോദ്യവുമായി എല്ലാ കണ്ണുകളും അയാളുടെ വരവിനെ സ്വാഗതം ചെയ്ത് കോടതി വരാന്തയിലേക്ക് നീങ്ങി തുടങ്ങി…  കോടതി പരിസരത്തിനൊരൽപമകലെ കുറച്ചാളുകൾ കൂട്ടംകൂട്ടമായി തിരിഞ്ഞ് അവരുടേതായ അനുമാനങ്ങൾ മറ്റുള്ളവർക്ക് വർണിച്ച് നൽകുന്നുണ്ട്... അവരിൽ ഭൂരിഭാഗവും പ്രായമായ സ്ത്രീകളായിരുന്നു... ആ സ്ത്രീകളിൽ കുറച്ചുപേർ ഹൃദയം നുറുങ്ങുന്ന വേദനയോടെ കണ്ണുനീർ പൊഴിച്ചുകൊണ്ട് ആ കൊലയാളിക്കായി ദൈവത്തോട് പ്രാർഥിക്കുന്നുണ്ട്...

"സത്യത്തിൽ ആരായിരിക്കുമയാൾ…? ഒരു പക്ഷേ ഈ കൂടി നിൽക്കുന്ന ജനങ്ങൾക്ക് പ്രിയമുള്ളവനായിരിക്കുമോ...? അതോ ഇരുളിലേക്ക് കൂപ്പുകുത്തുന്ന ഈ സമൂഹത്തിന്റെ രക്ഷകനോ...?” ഉത്തരമില്ലാത്തൊരനേകം ചോദ്യങ്ങൾ കോടതി മുറ്റത്ത് മുഴങ്ങി കേട്ടു…

ഈ സമയം കോടതിക്കുള്ളിൽ ഇരു വിഭാഗങ്ങളുടെയും വാദപ്രതിവാദങ്ങൾ തകൃതിയായി നടക്കുകയായിരുന്നു... പൊലീസ് നിരത്തിയ ഓരോ തെളിവുകളും സസൂഷ്മം നിരീക്ഷിച്ച് എല്ലാ കേസിലുമെന്നതു പോലെ കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ പതിനാല് ദിവസത്തേയ്ക്ക് റിമാണ്ടിൽ സൂക്ഷിക്കാൻ ആ കോടതി ഉത്തരവിട്ടു… ഒന്നും സംഭവിക്കാത്ത മട്ടിൽ ജഡ്ജിയുടെ മുഖത്തേയ്ക്കു നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് പൊലീസ് തീർത്ത സുരക്ഷാ വലയത്തിലൂടെ കൈകൾ ബന്ധിക്കപ്പെട്ട നിലയിൽ ആ കൊലപാതകി പ്രതികൂട്ടിൽ നിന്നും പുറത്തേക്ക് നടന്നകന്നു... അയാളൊരു ചെറുപ്പക്കാരനാണ്… ഉയർന്ന നെറ്റിത്തടങ്ങളും ഉറച്ച ശരീരവുമുള്ള അതിസുന്ദരനായ ഒരു ചെറുപ്പക്കാരൻ…

ചെയ്തു കൂട്ടിയ അരും കൊലപാതകത്തിന്റെ യാതൊരു പശ്ചാത്താപവുമില്ലാതെ തനിക്ക് പുഞ്ചിരി നൽകി തന്റെ മുന്നിലൂടെ തലയുയർത്തി നടന്നു നീങ്ങിയ ആ ചെറുപ്പക്കാരനായ കൊലയാളിയിലേക്ക് ജഡ്ജി തന്റെ ചിന്തകളുടെ ഭാണ്ഡക്കെട്ടുകൾ മലർക്കെ തുറന്നിട്ടു… ഒരു ന്യായാധിപന്റെ പുറം ചട്ടകൾക്കതീതമായി ഒരു പക്ഷേ ഒരു പച്ച മനുഷ്യനായി അദ്ദേഹം മാറിയിട്ടുണ്ടാകും... കാരണം കൃത്രിമമായി കെട്ടി ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമ വ്യവസ്ഥയെയും ജനങ്ങളെയും വിഡ്ഢികളാക്കി യഥാർഥ പ്രതികൾ രക്ഷപെടുമ്പോൾ കാലഹരണപ്പെട്ട ഒരു നിയമത്തിനും വിട്ടു കൊടുക്കാതെ പ്രതികൾ അവർ എത്ര ഉന്നതകുലജാതരാണെങ്കിലും അവർക്കർഹമായ ശിക്ഷ നടപ്പാക്കാൻ ഇതുപോലുള്ള അവതാരങ്ങൾ പിറവിയെടുക്കേണ്ടത് അനിവാര്യമാണ്… തന്റെ മുന്നിൽ കൂടി നടന്നകന്നവൻ അങ്ങനെ ഒരവതാരം തന്നെയാണ്… അവൻ കൊന്ന് തള്ളിയവരാരും സമൂഹത്തിലെ പുണ്യാളന്മാരായിരുന്നില്ല തെറ്റിൽ നിന്നും തെറ്റിലേക്ക് നടന്നു നീങ്ങിയ അല്ലെങ്കിൽ ജീവിതത്തിലെന്നും തെറ്റുകൾ മാത്രം സമ്പാദ്യമുള്ള ഒരു കൂട്ടം കാപാലികരെയായിരുന്നു... ഒരു പക്ഷേ താനുൾപ്പെടുന്ന ന്യായാധിപന്മാരെല്ലാവരും ലജ്ജിച്ച് തല കുനിക്കേണ്ടുന്ന ആ മഹാസംഭവത്തിന്റെ തീർപ്പ് കൽപ്പിക്കൽ മാത്രമായിരുന്നു ഈ കൊലപാതകങ്ങൾ... 

ഒരു ദീർഘ നിശ്വാസത്തിന്റെ അകമ്പടിയോടെ തന്റെ ചേമ്പറിൽ ഒന്നമർന്നിരുന്ന് കോടതി നടപടികൾക്ക് ഒരൽപനേരം ഇടവേള കൊടുത്തുകൊണ്ട് അദ്ദേഹം ഒരു നിമിഷം കണ്ണുകൾ മുറിക്കിയടച്ച് യാഥാർഥ്യങ്ങളുടെ പിന്നാമ്പുറങ്ങൾ തിരഞ്ഞു… അദ്ദേഹത്തിന്റെ ചിന്തകളുടെ സഞ്ചാര പദങ്ങളിൽ നിഴൽ പോലെ പ്രതിധ്വനിച്ചിരുന്നത് അവൾ മാത്രമായിരുന്നു... മാധ്യമങ്ങൾ മാസങ്ങളോളം അർഥമില്ലാതെ ചർച്ച നടത്തിയ നീന എന്ന പതിനാലുവയസുകാരി പെൺകുട്ടി…

തോട്ടം തൊഴിലാളിയായ സെബാസ്റ്റ്യന്റെയും ഭാര്യ ലിസിയുടെയും ഒറ്റ മകളായിരുന്നു അവൾ... ഒരുപാട് സ്വപനങ്ങളുണ്ടായിരുന്ന ഒരു കാനന ശലഭം... പഠനത്തിൽ എന്നും സ്കൂളിന്റെ അഭിമാനം... പക്ഷേ അവളുടെ സ്വപ്നങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല... ലോകമെന്താണെന്ന് തിരിച്ചറിവാകാത്ത പ്രായത്തിൽ ഒരു കൂട്ടം തെമ്മാടികളാൽ അതിക്രൂരമായി പിച്ചിചീന്തപ്പെട്ടു...

ഒരു മാസകാലത്തോളം അബോധാവസ്ഥയിലായിരുന്ന അവളെയും കൂട്ടി ചില മനുഷ്യ സ്നേഹികളുടെ നിർദ്ദേശപ്രകാരം ആ തോട്ടം തൊഴിലാളികൾ കേസുമായി മുന്നോട്ടു പോയി... പല തരത്തിലുള്ള ഭീഷണിയും പ്രതിസന്ധികളും ഈ കാലഘട്ടത്തിൽ ആ കുടുംബത്തെ തേടിയെത്തിയെത്തി... ഒരുവേള അന്വേഷണ ഉദ്യോഗസ്ഥന്റെ തിരോധാനം സാരമായി തന്നെ ഈ കേസിനെ ബാധിച്ചു... എങ്കിലും കോടതിയുടെ പരിഗണയിലേക്ക് കേസ് കൈമാറും വരെ ആ തോട്ടം തൊഴിലാളികൾ പതറാതെ പിടിച്ചു നിന്നു... കാരണം എവിടെ നിന്നും നീതി കിട്ടിയില്ലെങ്കിലും പരമോന്നത നീതിപീഠം തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നവർ ഉറച്ചു വിശ്വസിച്ചിരുന്നു… പക്ഷേ ആ വിശ്വാസം ഒരിക്കൽ പോലും അവരെ തുണച്ചില്ല… എന്തുകൊണ്ടോ നീതിയും ന്യായവും അവർക്കെന്നും അന്യമായി തന്നെ നിന്നു… മാത്രല്ല അവിടുന്നങ്ങോട്ട് ആ കുടുംബത്തിന്റെ സർവ്വനാശം ആരംഭിക്കുകയായിരുന്നു...

നിയമത്തെ നോക്കുകുത്തികളാക്കി യഥാർഥ പ്രതികൾ രക്ഷപെടും വിധം നീതി ദേവത പോലും നാണിച്ചു തലതാഴ്ത്തുന്ന തരത്തിൽ വളരെ മ്ലേച്ഛമായ വാദപ്രതിവാദങ്ങൾക്ക് കോടതി മുറി സാക്ഷിയായി… ഇരയുടെ പേര് പോലും പറഞ്ഞ് അവരെ വേദനിപ്പിക്കരുതെന്ന് പറയുന്ന നിയമം പലപ്പോഴും ചോദ്യങ്ങൾ ചോദിച്ചും പരിഹസിച്ചും അവളെ വീണ്ടും മാനസികമായി പീഡിപ്പിച്ചു... കൂട്ടിന് മാധ്യമപ്പടയുടെ വക വേറെയും... ഒടുവിൽ ആ കുടുംബത്തിന്റെ അഭിമാനം പോലും നഷ്ടപ്പെട്ട് ആ ബാല്യം ഒരു തുണ്ട് കയറിൽ തൂങ്ങിയാടി... അവൾക്ക് കൂട്ടായി ആ തോട്ടം തൊഴിലാളികളും... ആ മരണങ്ങൾ ആത്മഹത്യയാണോ അതോ ആരെങ്കിലും കൊന്ന് കെട്ടി തൂക്കിയതാണോയെന്ന് ഇനിയും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല... എന്തിനേറെ അവളെ ഇല്ലാതാക്കിയ യഥാർഥ പ്രതികൾ സമൂഹത്തിലെ ഉന്നതരുടെ മക്കളായിരുന്നുയെവെന്ന് ഈ സീരിയൽ കില്ലെറിലൂടെയാണ് ജനങ്ങൾ പോലും തിരിച്ചറിഞ്ഞത്... ഒരു പക്ഷേ, ഈ അറസ്റ്റോടെ പ്രതികാര കൊലപാതകത്തിന്റെ തിരശ്ശീല വീണെങ്കിലും ആ പൈതലിനെ പിച്ചി ചീന്തിയ ദുഷ്ട ശക്തികൾ പലരും ഇന്നും ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞും തെളിഞ്ഞും ജീവിക്കുന്നു... അവിടെയും കാക്കിപ്പട ബോധപൂർവമോ അല്ലാതെയോ ആരെയൊക്കെയോ പൊതിഞ്ഞ് സംരക്ഷിക്കുന്നു...

പക്ഷേ, എന്തു തന്നെയാണെങ്കിലും ഒരു കോടതിയുടെ മേലധികാര സ്ഥാനമലങ്കരിക്കുന്ന തനിക്ക് നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ എല്ലാ കുറ്റവാളികളും സമൻമാരാണ്... അവിടെ നന്മയുള്ള കുറ്റവാളിയെന്നോ തിന്മയുള്ള കുറ്റവാളിയെന്നോ വകഭേദങ്ങളില്ല... പെട്ടെന്നാണ് കോടതിയിലെ ഘടികാരത്തിൽ സമയമണി മുഴങ്ങിയത്... ജഡ്ജി തന്റെ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്ന് മെല്ലെ ഘടികാരത്തിലേക്ക് നോക്കി... ഇടവേളക്കനുവദിച്ചിരിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നു... അദ്ദേഹം ഇടതു കൈ കൊണ്ട് തന്റെ നെറ്റിത്തടത്തിനിരുവശവും മെല്ലെ തഴുകി തന്റെ ചിന്തകളുടെ ഭാണ്ഡക്കെട്ടുകൾ ഉപേക്ഷിച്ച് തൊണ്ടയൊന്ന് മുരടി നിയമജ്ഞനെന്ന പഴയ തലത്തിലേക്കുയർന്നു... കോടതി വീണ്ടും സാധാരണ നിലയിലേക്കെത്തി... അടുത്ത കേസിന്റെ വാദങ്ങൾ കേൾക്കാനായി ജഡ്ജി തയാറെടുത്തു…

ഈ സമയം പുറത്ത് കോടതി വരാന്തയിൽ കൂടി ഒരു നായകന്റെ പരിവേഷത്തോടെ തലയുയർത്തി ആ കൊലപാതകി നടന്നു നീങ്ങി... അയാളുടെ വിശ്വരൂപം നോക്കി നിന്ന എല്ലാ കണ്ണുകളിലും ആവേശത്തിന്റെയും ആശ്ചര്യത്തിന്റെയും ശംഖുനാദം മുഴങ്ങി കേട്ടു... ജനങ്ങൾ ആവേശത്തോടെ ആ ചെറുപ്പക്കാരനെ അഭിവാദ്യം ചെയ്യുകയാണ്... ഇന്നത്തെ മുഴുവൻ ശ്രദ്ധാ കേന്ദ്രവും ആ ചെറുപ്പക്കാരനാണ്... ഒരു പക്ഷേ, അയാൾ നടത്തിയ എല്ലാ കൊലപാതങ്ങളും ഒരർഥത്തിൽ തിന്മകളുടെ വന്മരങ്ങളായതു കൊണ്ടാകാം ജനങ്ങൾ മുഴുവൻ അവനെ ഇത്രയുമധികം സ്നേഹിക്കുന്നത്... അയാൾ കോടതിയുടെ പടികെട്ടിറങ്ങി താഴേക്ക് നടന്നിറങ്ങുമ്പോൾ മാധ്യമ പ്രവർത്തകരും ജനങ്ങളും അയാളെ വളഞ്ഞു... പലർക്കും അറിയേണ്ടിയിരുന്നത് ഈ നന്മ നിറഞ്ഞ കൊലയാളി ആരാണെന്നായിരുന്നു... മാധ്യമങ്ങൾ പതിവ് ശൈലിയിൽ നിന്ന് ഒട്ടും വിഭിന്നമല്ലാതെ ഇന്നത്തേ അന്തി ചർച്ചക്കുള്ള വകതേടി അവനെ ചുറ്റി പറ്റി നിന്നു... കൂടിനിന്നവരിൽ ചിലർ അയാളെ നോക്കി

"നീ നാടിന് നന്മ ചെയ്യാൻ പുറത്തുണ്ടാകണമെന്നും നിനക്കു വേണ്ടി മുഴുവൻ കുറ്റകൃത്യങ്ങളും ഞങ്ങളേറ്റെടുക്കുമെന്നുമൊക്കെ" വളരെ തേങ്ങലോടെ ആരൊക്കെയോ പറയുന്നുണ്ട്... ആ വിലാപ സ്വരങ്ങൾ പ്രകൃതിയിൽ പോലും വലിയ മാറ്റങ്ങൾ വരുത്തി… ആകാശ പൊയ്കയിൽനിന്നും താഴെ കൂട്ടം കൂടി നിൽക്കുന്ന മലമടക്കുകളിൽ കണ്ണുനീർ പൊഴിച്ച് പ്രകൃതി ആ നന്മ പേറുന്ന കൊലയാളിയുടെ വിടവാങ്ങലിന് മൂക സാക്ഷിയായി… കൂട്ടിന് അംഗരക്ഷകരെപോലെ വലിയ ഇടിമിന്നൽ പിണർപ്പുകളും…   

ആർക്കും ഒരു മറുപടിയും നൽകാതെ മുഖത്ത് ഒരു ചെറു പുഞ്ചിരി വരുത്തി ജനങ്ങളെയും മാധ്യമ പ്രവർത്തകരെയും വകഞ്ഞു മാറ്റി പൊലീസ് തെളിയിച്ച വഴിയിലൂടെ അയാൾ പൊലീസ് വാഹനം ലക്ഷ്യമാക്കി നടന്നു... പെയ്തിറങ്ങുന്ന മഴമേഘങ്ങളിൽ നനഞ്ഞൊലിച്ച് വിലങ്ങുകളാൽ ബന്ധിക്കപ്പെട്ട കൈകൾ കൊണ്ട് മുഖത്തേക്ക് പതിക്കുന്ന മഴത്തുള്ളികൾ മെല്ലെ തുടച്ച് അയാൾ പൊലീസ് വണ്ടിയിലേക്ക് കയറുവാൻ കാലെടുത്തു വെച്ചു... പൊലീസ് വാഹനത്തിലേക്ക് കയറുമ്പോൾ അലക്ഷ്യമായി കോടതി പരിസരത്ത് സഞ്ചരിച്ച നന്മയേറിയ ആ കൊലപാതകിയുടെ കണ്ണുകൾ പെട്ടന്നാണ് അയാളിലേക്ക് ചെന്നു പതിച്ചത്... അത് മറ്റാരുമായിരുന്നില്ല തീഷ്ണമായ കണ്ണുകളാൽ കൊലപാതകിയെ മാത്രം തുറിച്ചു നോക്കി നിൽക്കുന്ന ഈ കേസിന്റെ ആദ്യാവസാനം മുതൽ എല്ലാത്തിനും ചുക്കാൻ പിടിച്ച അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഉദയകുമാറായിരുന്നു... അദ്ദേഹത്തിന്റെ തീവ്രമായ നോട്ടം കൊലപാതകിയിൽ പെട്ടെന്നെന്തോ മാറ്റങ്ങൾ സൃഷ്ടിച്ചു... ഭയം കൊണ്ടോ ബഹുമാനം കൊണ്ടോ അയാൾ തന്റെ ശിരസ്സ് കുനിച്ച് വണ്ടിയിലേക്ക് വേഗം തന്നെ കയറി…

ആ പെരുമഴയത്ത് പൊലീസിന്റെ ഇടി വണ്ടിക്കു ചുറ്റും തിങ്ങി നിന്ന ജനക്കൂട്ടം അവനു വേണ്ടി ജയാരവം മുഴക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടെ അവന്റെ കണ്ണുകൾ കോടതി വരാന്തയിൽ വിജയശ്രീലാളിതനായി തലയെടുപ്പോടെ നിൽക്കുന്ന എസ്‌പി ഉദയകുമാറിലേക്ക് പായുന്നുണ്ടായിരുന്നു... ചിലപ്പോൾ ഒരന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ പരിപൂർണ വിജയം കൈവരിക്കുവാൻ  എസ് പി ഉദയകുമാറിന് കഴിഞ്ഞു എന്നതായിരിക്കാം ഒരു പക്ഷേ ആ നന്മ നിറഞ്ഞ കൊലപാതകിയുടെ നോട്ടത്തിന് ഹേതു... കാരണം തെളിവുകളുടെ അഭാവത്താൽ ഇരുണ്ട് മൂടി കിടന്നിരുന്ന ഈ കൂട്ടകൊലപാതങ്ങളുടെ യാഥാർത്യങ്ങളെ മറനീക്കി പുറത്തു കൊണ്ടുവന്നത് എസ്പി ഉദയകുമാറായിരുന്നു... ഒരു പക്ഷേ എസ്പി ഈ കേസിന്റെ ചുമതല ഏറ്റെടുത്തിട്ടില്ലായിരുന്നെങ്കിൽ ഒരിക്കലും ഇന്നീ കേസിന്റെ വാദം ഈ കോടതിയിൽ അരങ്ങേറില്ലായിരുന്നു… അത്രയേറെ സമയബന്ധിതവും സമർപ്പിതവുമായിരുന്നു അന്വേഷണത്തിന്റെ നാൾ വഴികൾ...

(“കഠാര പോലെ മാരകമായ ഒരായുധം ആഴത്തിൽ ഹൃദയത്തിലേക്ക് തുളച്ചു കയറിയ നിലയിലായിരുന്നു എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നത്... അതിനോടൊപ്പം കൊല്ലപ്പെട്ട എല്ലാ വ്യക്തികളുടെയും നെറ്റി തടത്തിൽ കൊലപാതകി മൂർച്ചയേറിയ ഒരായുധം കൊണ്ട് നീന എന്ന് ഇംഗ്ലിഷ് അക്ഷരങ്ങളാൽ എഴുതി ചേർക്കുകയും ചെയ്തിരുന്നു... കൂടാതെ കൊല്ലപ്പെടുന്ന ഓരോ വ്യക്തികൾക്കും മുൻപ് സമാനമായ രീതിയിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ചിത്രം ഒരു മുന്നറിയിപ്പ് പോലെ മൊബൈൽ ഫോൺ വഴി കൈമാറുകയും ചെയ്തിരുന്നു… ഇത് മാത്രമാണ് പൊലീസിന് അകെ കിട്ടിയ പ്രാഥമികമായ തെളുവുകൾ…. പക്ഷേ എന്തു കൊണ്ടോ ആ നന്മ നിറഞ്ഞ കൊലപാതകിക്ക് ആറാമതായി ചെയ്ത കൊലപാതകത്തിൽ ഒരൽപം പിഴച്ചു... വെറുമൊരു പിഴവല്ല വലിയ പിഴവ് തന്നെ... കാരണം ആറാമതായി കൊല്ലപ്പെട്ടവൻ മറ്റുള്ളവരെ അപേക്ഷിച്ച് ഒരൽപം പ്രമുഖനായിരുന്നു അത് മറ്റാരുമായിരുന്നില്ല എസ്പി ഉദയകുമാറിന്റെ ഒരേയൊരു സഹോദര പുത്രൻ ശ്യാം മോഹനായിരുന്നു… ആള് പക്കാ ന്യൂ ജനറേഷൻ ക്രിമിനലായിരുന്നെങ്കിലും രക്തബന്ധത്തിൽ തൊട്ടപ്പോൾ എസ്പിക്ക് ശരിക്കും വേദനിച്ചു... സടകുടഞ്ഞെഴുന്നേറ്റ അദ്ദേഹം കൃത്യമായ തെളിവുകളോടെ അധികം വൈകാതെ പ്രതിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്നു”)

പൊലീസ് വാഹനം പെട്ടെന്ന് മുന്നിലേക്ക് നീങ്ങി… ഒപ്പം വിലാപയാത്ര പോലെ ജനങ്ങൾ കൂട്ടം കൂട്ടമായി വാഹനത്തിനു പിന്നാലെയും പക്ഷേ പൊലീസുകാർ ജനങ്ങളെ ശക്തമായ രീതിയിൽ തടഞ്ഞു നിർത്തി... അങ്ങനെ ജില്ലാ കോടതിയുടെ ഗേറ്റ് കടന്ന് പൊലീസ് വാഹനം കുന്നിൻ ചെരുവുകളാൽ സമ്പുഷ്ടമായ ഹൈറേഞ്ച് പാതയിലൂടെ ജയിലിനെ ലക്ഷ്യമാക്കി കുതിച്ചു... വാഹനം കണ്ണിൽ നിന്നു മായും വരെയും അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി ഉദയകുമാർ ഗൗരവഭാവത്തിൽ ആ കാഴ്ച നോക്കി നിന്നു... സമയചക്രം മുന്നിലേക്കൊഴുകി ആളും ആരവവും നിറഞ്ഞ കോടതി പരിസരത്ത് നിന്നും ജനങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു തുടങ്ങി... ഈ സമയത്താണ് തന്റെ ഔദ്യോഗിക വാഹനത്തിൽ ഓഫിസിലേക്കുള്ള യാത്രയിൽ എസ്പി ഉദയകുമാറിനെ തേടി ആ ഫോൺ വരുന്നത്... അത് മറ്റാരുമായിരുന്നില്ല സ്ഥലം എസ് ഐ കമാലുദ്ദിനായിരുന്നു... കമാലുദ്ദിനും ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരിൽ പ്രധാനിയാണ്... കൂടാതെ എസ് പി ഉദയകുമാറിന്റെ വലം കയ്യും. സാധാരണമെന്നതു പോലെ ഫോൺകോളെടുത്ത എസ്പിയിൽ വളരെ പെട്ടെന്ന് ചില ഭാവമാറ്റങ്ങളുണ്ടായി... ഫോൺ ബന്ധം വിച്ഛേദിച്ച് അദ്ദേഹം ഡ്രൈവറോട് ആജ്ഞാ സ്വരത്തിൽ കോടതി റോഡിലേക്ക് വാഹനം തിരിച്ചു വിടാൻ ആവശ്യപ്പെട്ടു. എസ്പിയുടെ ഓർഡർ കേട്ടയുടനെ കോടതി റോഡ് ലക്ഷ്യമാക്കി ശരവേഗത്തിൽ തിരിച്ച് ഡ്രൈവർ വാഹനം മുന്നോട്ട് ചലിപ്പിച്ചു... ആ യാത്രയിലുടനീളം എസ്പി ഉദയകുമാർ വളരെയധികം പരിഭ്രാന്തനായിരുന്നു… അയാൾ ഇടയ്ക്കിടയ്ക്ക് "വേഗം പോകൂ" എന്ന് ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തു കൊണ്ടേയിരുന്നു... വാഹനം അതിവേഗത്തിൽ മുന്നോട്ട് പായുകയാണ്... കോടതി റോഡിന്റെ അവസാനത്തെ വളവിൽ എസ്പി യുടെ വാഹനം സഡൻ ബ്രേക്കിട്ട് നിന്നു... വാഹനത്തിൽ നിന്നും പരിഭ്രമത്തോടിറങ്ങിയ എസ്പി ഉദയകുമാറിന്റെ അരികിലേക്ക് ഒരു കിതപ്പോടെ എസ്ഐ കമാലുദ്ദീൻ ഓടിയെത്തി…  

“താഴേക്കാണ് സാർ വണ്ടി മറിഞ്ഞത്... എസ്‌കോട്ട് വന്ന എന്റെ ജീപ്പ് വരുന്ന വഴി ഒന്ന് കേടായതു കൊണ്ട് അവർക്കൊപ്പം ഓടിയെത്താൻ എനിക്ക് സാധിച്ചതുമില്ല... പിന്നെ വണ്ടി മറിയുന്ന സമയത്തൊരു വെടിയൊച്ച കേട്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നതു കേട്ടു സാർ..."

കമാലുദ്ദിന്റെ വാക്കുകൾ ഭയത്തോടെ കേട്ടു നിന്ന എസ്പി ഉദയകുമാർ എന്തെങ്കിലും തിരിച്ചു പറയുന്നതിനു മുന്നേ കാമാലുദ്ദിൻ വീണ്ടും പറഞ്ഞു തുടങ്ങി

"പിന്നെ സാർ… സാറിപ്പോൾ…. സാറിപ്പോൾ അങ്ങോട്ട് പോകണ്ട... വണ്ടിയിലുണ്ടായിരുന്ന പൊലീസുകാരെയെല്ലാം നാട്ടുകാർ രക്ഷപെടുത്തി പക്ഷേ അവൻ... ആ... അവനെ മാത്രം..."

മുറിഞ്ഞു തുടങ്ങിയ കമാലുദ്ദിന്റെ വാക്കുകൾ അവസാനിക്കും മുൻപേ എസ്പി ഉദയകുമാർ വാഹനം മറിഞ്ഞെന്നു പറയപ്പെടുന്ന ഭാഗത്തേക്കോടി... കൂടി നിന്ന ആളുകളെ തള്ളി മാറ്റി അദ്ദേഹം താഴേക്കിറങ്ങി... ഒപ്പം "സാർ... സാർ" എന്നു വിളിച്ച് എസ്ഐ കമാലുദ്ദിനും... വളരെ പ്രയാസപ്പെട്ട് താഴേക്കിറങ്ങി വന്ന എസ്പിയെ പെട്ടെന്നു കണ്ടപ്പോൾ താഴേക്ക് മറിഞ്ഞ ഇടി വണ്ടിയിൽ പ്രാഥമിക പരിശോധന നടത്തുന്ന പൊലീസുകാർ തലകുനിച്ച് നിന്നു... അവരുടെ പരാജയത്തോടെയുള്ള തലകുനിക്കൽ എസ്പി ഉദയകുമാറിൽ അസ്വസ്ഥതയുളവാക്കി... എസ്പി അപകടം സംഭവിച്ച വാഹനത്തിലേക്ക് കണ്ണോടിച്ചു...

"അതെ ഇത് അതുതന്നെയാണ് കോടതിയിൽ നിന്നും പ്രതിയുമായി ജയിലിലേക്ക് പോയ അതെ വാഹനം... വണ്ടി പൂർണമായും തകർന്നിരിക്കുന്നു... മുന്നിലെ ചക്രം മുൻകൂട്ടി തയാറാക്കിയ പദ്ധതി പോലെ മനപൂർവം ആരോ തകർത്തിരിക്കുന്നു..."

വാക്കിലും നോക്കിലും മൗനത്തിൽ മൂടി കെട്ടി എസ്പിക്ക് തൊട്ടു പിന്നിൽ ഓടിയെത്തിയ എസ്ഐ കമാലുദ്ദിനെ വികാരനിർഭരനായി അദ്ദേഹം നോക്കി...

“ഒരിക്കലും സംഭവിക്കരുതെന്ന് താൻ കരുതിയത് സംഭവിച്ചിരിക്കുമോ? താൻ ഈ കഷ്ടപെട്ടതൊക്കെ വെറുതെയായി തീരുമോ? ഹേയ്... ഇല്ല... തന്റെ കൊക്കിന് ജീവനുള്ളിടത്തോളം കാലം ആ ശരീരത്തിൽ ഒരു നുള്ള് മണ്ണ് വീഴാൻ താൻ സമ്മതിക്കില്ല..." അയാളുടെ ചിന്തകൾ കാടുകയറി...

എസ് പി ഉദയകുമാർ ചുറ്റും കണ്ണോടിച്ചു... ഒരൽപം ദൂരത്ത് കമഴ്ന്ന് കിടക്കുന്ന തരത്തിൽ പെട്ടെന്നാണ് ഒരു മനുഷ്യ ശരീരം അയാളുടെ ശ്രദ്ധയിൽ പെട്ടത്… ആ കാഴ്ച എസ്പി ഉദയകുറിന്റെ മനോനിലയിൽ നേരിയ മാറ്റങ്ങൾ വരുത്തി... ഹൃദയതാളം ക്രമാതീതമായി വർധിച്ചു... ആ ശരീരത്തിന് ചുറ്റും കുറെയധികം പൊലീസുകാർ കൂടി നിൽക്കുന്നുണ്ട്... ഇൻക്വിസ്റ്റ് പോലെ എന്തോ നടപടിയിലാണവർ... അദ്ദേഹം വിറയ്ക്കുന്ന കാലുകളാൽ പതുക്കെ പതുക്കെ അടിവെച്ചടിവെച്ച് അങ്ങോട്ടേക്ക് നടന്നു… പിന്നിൽ നിന്നും അങ്ങോട്ടേക്ക് പോകണ്ടായെന്ന് തലകൊണ്ട് ആഗ്യ ഭാഷയിൽ കാണിച്ച്, കയ്യിൽ ബലമായി പിടിച്ച എസ്ഐ കമാലുദ്ദിന്റെ കൈകൾ തട്ടി മാറ്റി എസ്പി ഉദയകുമാർ മുന്നിലേക്ക് നടന്നു... പോകുന്ന വഴികളിൽ രക്തം ചീന്തിയ പാടുകൾ അയാളുടെ മനസ്സിനെ ദുർചിന്തകളുടെ കൊടിമുടികളിലെത്തിച്ചു…. എസ്പി നടന്നു വരുന്നതു കണ്ട് മറ്റുള്ള പൊലീസുകാർ അദ്ദേഹത്തിനായി വഴിയൊരുക്കി അകലം പാലിച്ചു നിന്നു...

എസ്പി ഉദയകുമാർ കമഴ്ന്നു കിടക്കുന്ന ആ മനുഷ്യ ശരീരത്തിനു തൊട്ടരികിൽ മുട്ടുകുത്തി നിന്ന് തനിക്കു ചുറ്റും കൂടി നിൽക്കുന്ന പൊലീസുകാരിലേക്ക് ഒരിക്കൽ കൂടി കണ്ണോടിച്ചു കൊണ്ട് കമിഴ്ന്നു കിടക്കുന്ന ആ ചലനമറ്റ ശരീരത്തെ വിറയാർന്ന കൈകളാൽ പതുക്കെ മലർത്തി കിടത്തി... ആ മുഖം കണ്ടപ്പോൾ ഹൃദയം വിങ്ങിപൊട്ടി ആ ചലനമറ്റ ശരീരത്തെ നെഞ്ചോട് ചേർത്ത് വെച്ച് എസ്പി ഉദയകുമാർ അലറി കരഞ്ഞു... അയാൾ ആ ശരീരത്തിലേക്ക് സൂക്ഷിച്ചു നോക്കി ഇടനെഞ്ചിൽ നിന്നും കട്ട ചോരയുടെ  പ്രവാഹം ഇനിയും നിലച്ചിട്ടില്ല... നെറ്റിയിൽ നീനയെന്ന് എഴുതി ചേർത്തിരിക്കുന്നു... ഈ സമയം അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി തോളിൽ തട്ടി സമാധാനിപ്പിച്ചുകൊണ്ടിരുന്ന എസ്ഐ കമാലുദ്ദിന്റെ കൈകൾ തട്ടി മാറ്റി കൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പകയൊടുങ്ങാത്ത പ്രതികാര ദാഹവുമായി എസ്പി ഉദയകുമാർ എസ്ഐ കമാലുദ്ദിന് നേരെ വിരൽ ചൂണ്ടി കൊണ്ട് ആക്രോശിച്ചു...

"ഇതിനായിരുന്നോടോ ഞാനിത്രയും കഷ്ടപെട്ടത്... എനിക്ക് വേണമവനെ... എന്റെ മകനെ കൊന്നവനെ... ദാ... ഈ കൈകൊണ്ടെനിക്കവനെ തീർക്കണം..."

ആ ആക്രോശം കേട്ട് കണ്ണു മിഴിച്ചു നിന്ന എസ്ഐ കമാലുദ്ദിൻ തീ കനൽ പോലെ ചുവന്നു തുടുത്ത എസ്പിയുടെ കണ്ണുകളിലൂടെ തന്റെ നേതൃത്വത്തിൽ നടന്ന തിരക്കഥയുടെ പിന്നാമ്പുറങ്ങളിലേക്ക് സഞ്ചരിച്ചു...

നാടിനെയും നാട്ടുകാരെയും വിളിച്ചുണർത്തി ലോകത്തിന്റെ തന്നെ ശാപമായ ആറോളം പേരെ കൂട്ടകൊല ചെയ്ത നന്മയേറിയ കൊലയാളിയെന്ന പേരിൽ കോടതിയുടെ മുന്നിൽ ഹാജരാക്കിയവൻ യഥാർഥത്തിൽ പൊലീസ് തിരയുന്ന കൊലയാളിയായിരുന്നില്ല... നീന എന്ന പെൺകുട്ടിയെ ദിവസങ്ങളോളം ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അത് അന്വേഷിക്കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ സംഘം ചേർന്ന് ഇല്ലാതാക്കുകയും ചെയ്ത ഡിപ്പാർട്മെന്റിൽ തന്നെ ക്രിമിനലായറിയപ്പെടുന്ന ഒരച്ഛന്റെ മകനായിരുന്നു... അത് മറ്റാരുമല്ല എസ്പി ഉദയകുമാറിന്റെ മകൻ സിദ്ധാർഥ്... സിദ്ധാർഥ് കുമാറെന്ന സിദ്ധു... കൊലയാളിയുടെ അടുത്ത ലക്ഷ്യം തന്റെ മകനാണെന്നറിഞ്ഞ എസ്പി ജയിലിനേക്കാൾ വലിയ സുരക്ഷാ ലോകത്തെവിടെയും അവന് ലഭിക്കില്ലെന്നു മനസിലാക്കി തന്റെ മകനെ പ്രതിയാക്കുകയായിരുന്നു... കൂടാതെ റിമാൻഡ് കാലാവധിക്കുള്ളിൽ യഥാർഥ പ്രതിയെ കണ്ടെത്തി തന്റെ മകനെ മോചിപ്പിക്കാനുമായിരുന്നു പദ്ധതി... പക്ഷേ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ യഥാർഥ കൊലയാളി അതിനുള്ള സമയം അനുവദിച്ചു നൽകിയില്ല... കുന്നിൻ മുകളിൽ കൂടി നിൽക്കുന്ന ആ ജനക്കൂട്ടത്തിനുള്ളിൽ ഒരു പക്ഷേ അവനുണ്ടാകാം...

എസ്ഐ കമാലുദ്ദിൻ ചിന്തയിൽ നിന്നുണർന്ന് വേർപാടിന്റെ ദുഃഖം പേറുന്ന എസ്പിയുമായി ആ കുന്നിൻ മുകളിലേക്ക് കയറുമ്പോൾ ദൂരെ സിറ്റിക്കുള്ളിൽ തന്നെ മറ്റൊരിടത്ത് നഗരത്തിലെ കോടീശ്വരനും വലിയ ബിൽഡറുമായ ശങ്കറിന്റെ മകൻ അനിൽ ശങ്കറിനായി ഒരു പിക്ചർ മെസ്സേജ് ഫോണിൽ കാത്തു കിടക്കുന്നുണ്ടായിരുന്നു... സിദ്ധു എന്ന സിദ്ധാർത്ഥിനെ അൽപം മുൻപ് കൊന്നു തള്ളിയ ചിത്രം... ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആ നന്മയുള്ള കൊലയാളിയുടെ കൊലവിളി സന്ദേശം…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com