sections
MORE

അല്ലെങ്കിലും ഈ പെണ്ണുങ്ങൾക്കൊക്കെ വീട്ടിൽ എന്താ പണി?

naughty kids
പ്രതീകാത്മക ചിത്രം
SHARE

കുട്ടികുറുമ്പ് (കഥ)

"ചേട്ടായിക്കെന്തിനാ ഇത്രേം ദേഷ്യം, ഞാൻ എപ്പോഴും മോളൂസിനു കാർട്ടൂൺ ഇട്ടു കൊടുക്കാറില്ലല്ലോ. അടുക്കള ജോലികൾ ചെയ്യുന്ന സമയത്തല്ലേ ഇടാറുള്ളു. അല്ലാത്തപ്പോൾ അവളുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കാറുണ്ട്." എന്നും പറഞ്ഞു സുധ മുഖം വീർപ്പിച്ചു.

"എടി സുധേ, നമ്മളുടെയൊക്കെ കാലത്ത് ഇതു വല്ലതും ഉണ്ടായിരുന്നോ? എന്നിട്ടും നമ്മളൊക്കെ വളർന്നില്ലേ. ഇപ്പോളത്തെ കുഞ്ഞുങ്ങൾക്കല്ലേ കാർട്ടൂണും നെറ്റും ഒന്നുമില്ലാതെ പറ്റാത്തത്"

"എന്റെ ചേട്ടായി, നമ്മുടെയൊക്കെ കാലത്തു വീട്ടിൽ അമ്മൂമ്മയോ അപ്പൂപ്പനോ ചേച്ചിയോ ചേട്ടനോ ചിറ്റയോ ആരെങ്കിലുമൊക്കെ കാണും, അപ്പോൾ നമ്മളെയൊക്കെ മാറിമാറി നോക്കാൻ അമ്മമാർക്കൊരു സഹായവുമാകും. അല്ലേൽ തൊട്ടപ്പുറത്തുള്ള ചേട്ടനോ ചേച്ചിയോ അല്ലേൽ നമ്മുടെ കുഞ്ഞിന്റെ പ്രായമുള്ള കുഞ്ഞുങ്ങളോ ഒക്കെ കാണും കൂടെ കളിക്കാൻ. നമ്മുടെ കാലമല്ല ഇപ്പോൾ. ചേട്ടായി പോയാൽ ഞാനും മോളും തനിച്ചല്ലേ ഉള്ളു ഈ ഫ്ലാറ്റിൽ. അവളേം വെച്ചു കൊണ്ട് സമയത്ത് ഒരു പണിയും നടക്കാത്തോണ്ടല്ലേ അൽപനേരത്തേക്ക് കാർട്ടൂൺ  ഇട്ട് അതിന്റെ മുന്നിൽ അവളെ ഇരുത്തുന്നേ. അവളുടെ ഒരു മുഷിച്ചിൽ മാറാൻ എന്റെ പണികളൊക്കെ കഴിഞ്ഞു ഫ്രീ ആകുമ്പോൾ അപ്പുറത്തെ രാധേച്ചിയുടെ ഫ്ളാറ്റിൽ കൊണ്ടു പോകുമല്ലോ. അവിടുത്തെ കുഞ്ഞുങ്ങളുടെ കൂടെ നമ്മുടെ മോള് കളിക്കാൻ. ഒറ്റയ്ക്ക് അവളെ എങ്ങും കൊണ്ടാക്കാൻ വയ്യാത്തൊണ്ടല്ലേ ഞാൻ പോലും ഒരു ജോലിക്കു ശ്രമിക്കാത്തെ. കളിക്കാനായാൽ കൂടെ എവിടേലും ഒറ്റക്ക് ആക്കാൻ പറ്റുമോ ഈ നശിച്ച കാലത്ത് "

" നിനക്ക് കുഞ്ഞുങ്ങളെ ഡീൽ ചെയ്യാനറിയാത്തോണ്ടാ ഇങ്ങനൊക്കെ പറയുന്നേ. നീ അവളെ കൂടെ അടുക്കളയിൽ ഇരുത്തി വല്ല കപ്പോ സ്പൂണോ ഒക്കെ കളിക്കാൻ കൊടുത്തു നോക്ക്. അവളവിടെ മിണ്ടാതെ ഇരിക്കും "

"പിന്നെ. ഇപ്പൊ അടങ്ങിയിരിക്കും. ചേട്ടായി ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് എല്ലാം കൗതുകമാ. അവർക്കു നല്ലതെന്താണെന്നോ ചീത്തയെന്താണെന്നോ ഒന്നുമറിയില്ല. ഞാൻ എന്തേലും ചെയ്തു കൊണ്ടിരിക്കുമ്പോളാകും അവള് കുസൃതി ഒപ്പിക്കുന്നെ, വെറുതെ റിസ്ക് എടുക്കാൻ വയ്യാത്തൊണ്ടല്ലേ ഞാൻ അടുക്കളയിൽ കേറുന്ന സമയത്തു മാത്രം അവൾക്കു ടിവി വെച്ചു കൊടുക്കുന്നെ"

"അല്ലെങ്കിൽ തന്നെ എന്തു പണിയാ നിനക്ക് ഇവിടെ? എല്ലാ പെണ്ണുങ്ങളുടേം സ്ഥിരം നമ്പർ ആണിതൊക്കെ. കുഞ്ഞുങ്ങളുള്ളതു കൊണ്ട് സമയത്ത് ജോലികളൊന്നും നടക്കത്തില്ലാ എന്ന്... നാളെ ലീവ് അല്ലെ. ഞാൻ ചെയ്തു കാണിച്ചു തരാം, എങ്ങനാ കുഞ്ഞിനെ അടുക്കള ജോലികൾ ചെയ്യുന്ന സമയത്തും നോക്കുന്നതെന്ന്."

"അതു വേണോ ചേട്ടായി."

"വേണം. നാളെ കുക്കിംഗ് എന്റെ വക. നിനക്ക് റസ്റ്റ്. അല്ലേലും നീ ഈ ജോലികളൊക്കെ ചെയ്തു ക്ഷീണിച്ചു പോയെന്നല്ലേ പരാതി. സൊ നാളെ കിച്ചൻ ഡ്യൂട്ടി എനിക്ക്. നീ നോക്കി പഠിച്ചോ. എല്ലാം. ഞാൻ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചിരിക്കുവാ".

"സരി. സമ്മതിച്ചു. പക്ഷേ ചില കണ്ടിഷൻസ് ഉണ്ട്. ഒന്ന്, രാവിലത്തെ കാപ്പി ഞാനുണ്ടാക്കാം. ഉച്ചക്ക് അഥവാ സമയത്ത് ഫുഡ് ആയില്ലേലും  പാർസൽ വാങ്ങാല്ലോ " എന്നും പറഞ്ഞു അവൾ ചിരിച്ചു. 

"നീ കൂടുതൽ കളിയാക്കണ്ട"...

" പിന്നെ രണ്ടാമത്തേത് ഞാൻ ഇവിടെ ഉണ്ടെന്ന് മോളറിയരുത്. അല്ലേൽ ഇടയ്ക്ക് അവളെന്റെ അടുത്തേക്ക് വരും, അതുകൊണ്ട് അവൾക്കു  രാവിലത്തെ ഭക്ഷണം കൊടുത്തിട്ട് ഞാൻ ഈ റൂമിൽ കേറി അവള് കാണാതിരിക്കാം. ഇവിടാകുമ്പോൾ ജനാല വഴി അടുക്കളയും കാണാം. എനിക്ക് ചേട്ടായി എങ്ങനെയാ എല്ലാം ചെയ്യുന്നേ എന്നു നോക്കി പഠിക്കേം ചെയ്യാം. പിന്നെ ഒരു കാര്യത്തിനും എന്നെ വിളിച്ചു പോകരുത്, നിങ്ങൾ രണ്ടു പേരും മാത്രേ ഇവിടെ ഉള്ളു എന്നു കരുതിയാൽ മതി "

"ശരി. നിങ്ങൾ പെണ്ണുങ്ങൾക്ക് ഒരു വിചാരമുണ്ട്. നിങ്ങളില്ലെങ്കിൽ നമ്മൾ ആണുങ്ങളുടെ ഒരു കാര്യവും നടക്കില്ലെന്ന്. അതൊക്കെ ഞാൻ നാളെ മാറ്റി തരാമെടി"..

ഞാൻ ഗിരി പ്രസാദ്. കൊച്ചിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. സ്വന്തം നാടായ പാലാക്കാടു നിന്നും ഇങ്ങോട്ടു ട്രാൻസ്ഫർ ആയപ്പോൾ ഭാര്യ സുധയെയും കുഞ്ഞുമോളെന്നു വിളിക്കുന്ന അനാമികയെയും കൂട്ടി ഇങ്ങോട്ടു വന്നു. കുഞ്ഞുമോൾക്കിപ്പോൾ രണ്ടു വയസ്സാകാറായി. നല്ല കുസൃതി കുടുക്കയാണ്. അവളെയും വെച്ചു കൊണ്ട് ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം സുധ കാർട്ടൂൺ ഇട്ടു കൊടുക്കുന്നത് ഇഷ്ടമല്ലാത്തതു പറഞ്ഞതാ ഇത്തിരി മുന്നേ നടന്ന സംസാരം. കുഞ്ഞുമോളും ഒരു കൊച്ചു കുറുമ്പി തന്നെയാ. പക്ഷേ നാളെ എന്തായാലും ആണുങ്ങൾ വിചാരിച്ചാലും കുഞ്ഞിനെ നോക്കാനും അടുക്കള പണി ചെയ്യാനും പറ്റുമെന്ന് കാണിച്ചു കൊടുക്കണം. അങ്ങനെ അങ്ങു തോറ്റു കൊടുത്താലും ശരിയാവില്ലല്ലോ.

അങ്ങനെ, രാവിലത്തെ കാപ്പിയുണ്ടാക്കി മോൾക്കും കൊടുത്തിട്ട് മോളു കാണാതെ അവള് റൂമിൽ കേറി ലോക്ക് ചെയ്തു. കുട്ടികുറുമ്പി ഒന്നു മൊത്തത്തിൽ കറങ്ങി നോക്കിയിട്ട് അയ്യോ മ്മ പോയി എന്നു പറഞ്ഞു കൊണ്ട് എന്റെ അടുത്തു വന്നു ചിണുങ്ങി. ഞാൻ അവളെ എടുത്ത് ഒന്നു കളിപ്പിച്ചിട്ട് അവളുടെ കളിപ്പാട്ടപെട്ടി എടുത്തു കൊടുത്തു. നേരെ പോയി അരി അടുപ്പത്തിട്ടിട്ട് അയയിൽ കിടക്കുന്ന തുണികളൊക്കെ മടക്കി വെക്കാമെന്നു കരുതി തുണികളെല്ലാം കൊണ്ട് വന്നു സോഫയിലിട്ടു മടക്കി തുടങ്ങി. മടക്കി പകുതി ആയപ്പോളേക്കും കളിപ്പാട്ടങ്ങൾ കൊണ്ടു കളിച്ചു കൊണ്ടിരുന്ന കുഞ്ഞുമോള് വന്നു മടക്കി വെച്ച തുണികളുടെ നടുക്കു നിന്നും അവളുടെ ഉടുപ്പെടുക്കാൻ നോക്കി. അതും ഒത്ത നടുക്കു നിന്നും. ഞാൻ അത് വരെ മടക്കിയ തുണികളെല്ലാം തന്നെ നിരന്നു പോയി...

അവളുടെ ഉടുപ്പെടുത്തിട്ട് "ഉപ്പിട്ടാ ഉപ്പിട്ടാ " എന്നും പറഞ്ഞ് എന്റെ കാലിൽ തൂങ്ങി. എവിടെയെങ്കിലും പോകുന്നെന്ന് കരുതിയാകും ഉടുപ്പിട്ടു കൊടുക്കാൻ പറയുന്നേ. ഉടുപ്പിട്ടു കൊടുക്കാം അല്ലെങ്കിൽ ഇപ്പൊ സൈറൺ വിളി തുടങ്ങും. ബാക്കി മടക്കാനും സമ്മതിക്കൂല മടക്കി വെച്ചതെല്ലാം ഇപ്പോൾ പൊളിച്ചടുക്കുമെന്ന് അറിയാവുന്നതു കൊണ്ട് ഉടുപ്പിട്ട ശേഷം കളിപ്പാട്ടത്തിന്റെ അടുത്തിരുത്തി വീണ്ടും വന്നു തുണികൾ മടക്കി. പക്ഷേ ഞാൻ തുണികൾ മടക്കുന്നതു കണ്ടപ്പോൾ ഞാനെന്തോ കളിക്കുകയാണെന്ന് കരുതി വീണ്ടും വന്ന് തുണികളെല്ലാം മറിച്ചിട്ടു. എങ്കിൽ അവൾ തുണികളിൽ കളിക്കുന്ന സമയം കൊണ്ട് ആ കളിപ്പാട്ടങ്ങളൊക്കെ വാരി ഒതുക്കി വെക്കാമെന്നു കരുതി എല്ലാം ഒരു കവറിൽ ഇട്ടുകൊണ്ടിനിന്നപ്പോൾ ദാ, തുണികളൊക്കെ അവിടെ ഇട്ടിട്ടു കളിപ്പാട്ടങ്ങളുടെ പുറകെ വരുന്നു..

ദേവിയെ ഞാൻ എന്തെടുത്തലും അതവൾക്കു വേണമല്ലോ. തുണി മടക്കുമ്പോൾ അത് നിരത്തിയിടുന്നു... കളിപ്പാട്ടം ഒതുക്കിവെക്കാമെന്നു വെച്ചപ്പോൾ അപ്പൊ തന്നെ അവൾക്കത് കളിക്കാനും വേണം... സാരമില്ല, അവള് ഇതു രണ്ടിലും കളിക്കുന്ന സമയത്ത് അടുക്കളയിൽ പോകാം. അവസാനം വൃത്തിയാക്കാൻ നിക്കാമെന്നു കരുതി...

അടുക്കളയിൽ കേറി ഫ്രിഡ്ജിൽ നിന്നും മീനൊക്കെ എടുത്ത് വെള്ളത്തിലിട്ടിട്ട്, എരിശേരി ഉണ്ടാക്കാൻ വേണ്ടി മത്തങ്ങയും പയറും എടുത്തു. മത്തൻ അരിഞ്ഞ ശേഷം പയറെടുക്കാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നില്ല. ഇപ്പോളിവിടെ മേശപ്പുറത്തെടുത്തു വെച്ചതാണലോ  എവിടെ പോയി എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോളതാ മേശയിൽ നിന്നും പയറു ഡപ്പ എടുത്ത് തുറക്കാൻ നോക്കുന്നു എന്റെ കുറുമ്പി...

ഇതെപ്പോ വന്നു എന്നും പറഞ്ഞ് അവളുടെ കൈയിൽ നിന്നും അത് വാങ്ങിയപ്പോളേക്കും അവള് കരയാൻ തുടങ്ങി...

എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നപ്പോൾ എന്റെ തലയിൽ ഒരു ഐഡിയ ഉദിച്ചു. ഞാൻ കുറച്ചു പയറെടുത്ത് ഒരു പാത്രത്തിൽ ഇട്ട്, രണ്ടു സ്‌പൂണും കൊടുത്തിട്ടു മത്തങ്ങ അരിഞ്ഞെടുക്കാൻ തുടങ്ങി...

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കൊടുത്ത പയറൊക്കെ അവിടെ മുഴുവൻ വാരി വിതറിയിട്ട് ഒരു ഗ്ലാസും പൊക്കിപ്പിടിച്ചു കൊണ്ട് കുഞ്ഞുമോളെന്റെ കാലിൽ തൂങ്ങി. വെള്ളം കുടിക്കാനാകുമെന്നു കരുതി അതിൽ അൽപം വെള്ളം കൊടുത്തു. ഒരൽപം മാത്രം കുടിച്ചിട്ട് എന്റെ കുട്ടി കാന്താരി അതു മുഴുവനും തറയിൽ ഒഴിച്ചിട്ടു കയ്യിട്ടടിച്ചു കളിച്ചു.

ഈ കുറുമ്പി മനപ്പൂർവം പണി തന്നു കൊണ്ടിരിക്കുവാണല്ലോ എന്നും പറഞ്ഞു കൊണ്ട് ആ വെള്ളമൊക്കെ തുടച്ചു മാറ്റിയ ശേഷം അവളുടെ കളിപ്പാട്ടങ്ങൾ അടുക്കളയിൽ എടുത്തു കൊണ്ടുവന്നു കൊടുത്തിട്ട് എന്റെ പണികളിൽ മുഴുകി....

അൽപം കഴിഞ്ഞ് അവളുടെ ഒരു അനക്കവുമില്ലാതെ ഇരുന്നപ്പോൾ ചുറ്റും നോക്കി. ഈ കുഞ്ഞിപ്പെണ്ണ് എവിടെ പോയിരിക്കുവാ  എന്നുപറഞ്ഞ് അവിടെയൊക്കെ നോക്കിയിട്ടും കണ്ടില്ല.. കുറച്ചു കഴിഞ്ഞപ്പോൾ അതാ ഫ്രിഡ്‌ജും തുറന്നു വെച്ചു പച്ചക്കറികളെല്ലാം പുറത്തിട്ടു മൂന്നു മുട്ടയും താങ്ങി പിടിച്ചു നിക്കുന്നു... ഇവിടെ തന്നെയുള്ള പഴ ഫ്രിഡ്ജ് ആയതുകൊണ്ട് ചാവിയും ഇല്ലായിരുന്നു...

"അച്ഛന്റെ പൊന്നുംകുടമല്ലേ അത് ഇങ്ങു തന്നെ " എന്നും പറഞ്ഞു അടുത്തോട്ട് ചെന്നപ്പോളേക്കും ആ മുട്ടകൾ തറയിലെറിഞ്ഞിട്ട് ഓടി സോഫയിൽ ചെന്ന് കമ്മന്നു വീണു കണ്ണടച്ചു കിടന്നവൾ. എന്തേലും കള്ളത്തരങ്ങൾ കാണിച്ചാൽ ഇതാ അവളുടെ പരിപാടി.. എനിക്ക് ചിരിക്കണോ കരയണോ വഴക്കു പറയണോ എന്നറിയാത്ത ഒരവസ്ഥ. ഞാൻ ഒരു വിധത്തിൽ അവളെ എടുത്ത് അടുക്കളയിൽ കൊണ്ടിരുത്തി മുട്ട പൊട്ടി വീണ സ്ഥലമൊക്കെ കഴുകി വൃത്തിയാക്കിയിട്ടു വീണ്ടും പണികൾ തുടങ്ങി.. കുറച്ചു പാത്രങ്ങളും സ്പൂണും ഒക്കെ എടുത്തു കൊടുത്തിട്ട് അതു വെച്ചു കൊട്ടി കളിക്കുന്നതൊക്കെ കാണിച്ചു കൊടുത്തു. ഇടയ്ക്കിടക്ക് അവളെ ഞാൻ നോക്കുന്നുണ്ടായിരുന്നു കുസൃതി ഒപ്പിക്കുന്നുണ്ടോ എന്ന്. അങ്ങനെ എരിശേരിക്കുള്ളത് എല്ലാം കഴുകി കുക്കറിലാക്കി ഗ്യാസിൽ വെച്ചിട്ട് ഓണാക്കാൻ നോക്കുമ്പോൾ അത് ഓണാകുന്നില്ല.. ഈ ഇടയ്ക്കല്ലേ പുതിയ ഗ്യാസ് കുറ്റിയെടുത്തെ തീരാൻ സമയമായിട്ടില്ലലോ എന്നും പറഞ്ഞു നോക്കിയപ്പോൾ അതാ സിലിണ്ടർ വാൽവ് തുറന്നു കളിക്കുന്നു കാന്താരി... ഇത്തവണ അവളെ പിടിച്ചു ദേഷ്യത്തിൽ അൽപ്പം ഒച്ച ഇട്ടു. അപ്പോളേക്കും ആള്  സൈറൺ വിളി പോലെ കരഞ്ഞു തുടങ്ങി. അവളെ ആശ്വസിപ്പിക്കാനായിട്ട് ഫ്രിഡ്‌ജിൽ നിന്ന് ഐസ്ക്രീം എടുത്തു കൊടുത്ത് ഒരു വിധം സോൾവ് ചെയ്തു. അവളെ തറയിൽ ഇരുത്തിയിട്ട് മീൻ കഴുകാനായി തുടങ്ങി.

ഇടയ്ക്കിടക്ക് ആളെ നോക്കുന്നുണ്ടെങ്കിലും അനങ്ങാതെ ഐസ് ക്രീം കുടിക്കുവായിരുന്നു ആശാത്തി. ഇനി കുസൃതിയൊന്നും കാണിക്കില്ലെന്നു കരുതി മീൻ ഒക്കെ കഴുകി വൃത്തി ആക്കിയിട്ട് വന്നു നോക്കിയപ്പോൾ അതാ അടിയിലത്തെ റാക്ക് തുറന്ന് അരി മാവ് എടുത്തു തറയിൽ മുഴുവൻ ഇട്ടു കളിക്കുന്നു.

ഞാൻ തലയിൽ കൈ വെച്ച് അവിടെ ഇരുന്നു പോയി....

പക്ഷെ അതിലും കഷ്ടം എന്റെയും മോൾടെയും പ്രകടനങ്ങൾ എന്റെ കെട്ടിയോള് കണ്ടുകൊണ്ടിരിക്കുവാ റൂമിൽ ഇരുന്ന്. ആ മീൻ കഷ്ണങ്ങളും അവിടെ വെച്ചിട്ട് തറയൊക്കെ വീണ്ടും വൃത്തയാക്കി. അപ്പോളതാ വീണ്ടും ഗ്ലാസും പൊക്കിപ്പിടിച്ചു കൊണ്ട് കുറുമ്പത്തി എന്റെ അടുത്തു വന്നു വെള്ളത്തിനായി ചിണുങ്ങി. ഇത്തവണ ഗ്ലാസ്സ് നിറയ്ക്കാതെ ഒരു കാൽഭാഗം മാത്രം കൊടുത്തു. അതൊരൽപം കുടിച്ച ശേഷം വേറെ ഒരു ഗ്ലാസ്സെടുത്ത് ഒഴിച്ചു കളിക്കുന്നു... ഇനിയും ഗ്ലാസ്സ് മാറ്റിയില്ലേൽ തുടച്ച സ്ഥലത്തു വീണ്ടും വെള്ളമൊഴിക്കുമെന്നറിയാവുന്നതു കൊണ്ട് ഞാൻ പോയി പിടിച്ചു മാറ്റി. അപ്പോളതാ കരച്ചിൽ വീണ്ടും തുടങ്ങി....

ഞാൻ തലയിൽ കൈ വെച്ചു തറയിൽ ഇരുന്നു പോയി... കുട്ടിപാച്ചു ആളാണെങ്കിൽ കരച്ചിൽ നിർത്തുന്നുമില്ല. അവസാനം സഹികെട്ടാണെന്നു തോനുന്നു സുധ വന്നു. അവളെ കണ്ടപ്പോളേക്കും കാന്താരി കരച്ചിലൊക്കെ നിർത്തി അവളുടെ അടുത്തേക്ക് ഓടി ചെന്നു.

"നിന്നോടാരാ പറഞ്ഞെ ഇങ്ങോട്ട് വരാൻ... നീ വരത്തില്ല റസ്റ്റ് ആണെന്നല്ലേ പറഞ്ഞെ"

"പിന്നെ, അച്ഛന്റെയും മോൾടെയും പ്രകടനം കാണുമ്പോൾ സ്വസ്ഥമായിത്തന്നെ റസ്റ്റ് എടുക്കാൻ പറ്റും... എന്തെ ഒന്നും റെഡി ആയില്ലേ ഇതു വരെയും.."

"അത് ഇപ്പോളാകും"

"എന്ത് അടുക്കളയാ മനുഷ്യാ ഇത്... ആന കരിമ്പിൻകാട്ടിൽ കേറിയതു പോലെ"

"അതൊക്കെ ഞാൻ വൃത്തിയാക്കാം. നീ പോയെ"

"കുറെ നേരമായി അതല്ലേ നടക്കുന്നുള്ളൂ "

അവളെന്റെ അടുത്ത വന്നു കവിളിൽ പിടിച്ചിട്ടു "തോൽവി സമ്മതിക്കാൻ മനസില്ലല്ലേ" എന്നും പറഞ്ഞു ചിരിച്ചു.

ഞാനും ഗൗരവം വിടാതെ നിന്നു.

"അപ്പോൾ ഇന്ന് കഞ്ഞി അല്ലെ. ചോറ് വെന്തു കുളമായികാണും" അപ്പോളാണ് ഞാൻ അരി അടുപ്പത്തിട്ട കാര്യം ഓർത്തത്...

ഒരു വളിച്ച ചിരി പാസ്സാക്കി ഞാൻ നിന്നു.

"അപ്പൊ പാർസൽ വരുത്തുന്നോ പുറത്തു പോകുന്നോ"

"പാർസൽ വരുത്താം"

"ഇനി ഇങ്ങനെ വെല്ലുവിളികളുമായിട്ട് എന്റെ അടുത്ത് വരല്ലേ"

"എന്നാലും എങ്ങനെയാ നീ പണികളൊക്കെ സമയത്ത് ചെയ്യുന്നേ?"

"അവൾക്ക് ടിവി ഇട്ടു കൊടുത്തിട്ട് പെട്ടെന്ന് ജോലികൾ തീർക്കാൻ നോക്കും. ഇടയ്ക്ക് കുറുമ്പിക്കു ബോറടിക്കുമ്പോൾ അടുക്കളയിൽ ചേട്ടായിയെ സഹായിച്ചതു പോലെ സഹായിക്കാൻ തുടങ്ങും. കുറച്ചു നേരം ഇവിടെയൊക്കെ ചുറ്റിത്തിരിയട്ടെ എന്നു കരുതും. കുസൃതി കൂടുമ്പോൾ വീണ്ടും ടിവിയുടെ മുന്നിൽ ചെന്ന് അടുത്ത കാർട്ടൂൺ സിഡിയും ഇട്ടു രണ്ടു ബിസ്‌ക്കറ്റും കൊടുത്തിട്ട് അവള് വീണ്ടും അടുക്കളയിലേക്കു വരും മുമ്പ് ബാക്കി പണികൾ കൂടെ തീർക്കാൻ നോക്കും... എന്തുവേണേലും സഹിക്കാം.. പക്ഷേ, ഒരുരുള ചോറ് അവളുടെ വായിലേക്ക് ചെല്ലണമെങ്കിൽ ഇല്ലാത്ത പണിയൊക്കെ ചെയ്യണം. ഇപ്പൊ മനസ്സിലായോ എനിക്ക് ഇവിടെ വലിയ പണികളൊന്നുമില്ലെന്ന്" എന്നും പറഞ്ഞ് അവളെന്നെ ശരിക്കും കളിയാക്കി.

തോൽവി സമ്മതിച്ചു ഞാൻ പാർസൽ ഓർഡർ ചെയ്യാൻ നോക്കുമ്പോൾ ഫോൺ കാണുന്നില്ല. കാന്താരിയുടേം അനക്കമില്ല. അപ്പോളതാ എന്റെ ആപ്പിളിന്റെ ഫോണും എടുത്ത് തറയിൽ അടിച്ചു കളിച്ചു കൊണ്ടിരിക്കുന്നു കാന്താരി. ഞാൻ തലയിൽ കൈ വെച്ചു തറയിലിരുന്നു....

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA