ADVERTISEMENT

ബാല്യത്തിൽ നിന്നും

തീപിടിച്ചൊരു ട്രെയിന്‍ 

കൗമാരത്തിന്റെ ഇരുമ്പുപാലം

കടന്നുപോകുന്നു

വറ്റിയൊരു സ്വപ്നമാണപ്പോൾ

താഴെയുള്ള നദി

          വീടില്ലാത്തൊരാൾ

          അതിന്റെ കരയിലിരുന്ന്

          ബാബുരാജിനെ തൊണ്ടകീറിപ്പാടുന്നു

          കണ്ണീരും സ്വപ്നങ്ങളും

          വിൽക്കുവാനായ് വന്നവൻ ഞാന്‍ ...

കാലം 

എഴുപതുകളുടെ വാർദ്ധക്യത്തിൽ

ഒഴുക്ക് നിലച്ച് ഘനീഭവിച്ചു കിടക്കുന്നു

ചുണ്ടില്‍ ചെഞ്ചായം പുരട്ടിയൊരു

നാഗസുന്ദരി 

ക്ഷുഭിതയൗവന ദേഹങ്ങളെ

വിഷംതീണ്ടിയിഴയുന്നു

വരണ്ട പാടങ്ങളിൽ

തടവറക്കവിതയുടെ വിത്തുകള്‍ 

വീണ് തീനാമ്പുകൾ മുളയ്ക്കുന്നു

ഒരു കുട്ടി 

മുറിഞ്ഞ പാദങ്ങളാൽ

കത്തിക്കരിഞ്ഞ പന്ത് തട്ടിക്കളിക്കുന്നു

          എല്ലാ ക്ലാസ്സിലും തോറ്റു മുരടിച്ചൊരു

          ബോൺസായിയാണ്

          കുട്ടിക്കാലം

          ചില്ലകളേക്കാൾ വലിയ

          വേരുകളുള്ള മരം

                കഴുമരങ്ങൾക്കു താഴെ

             ചുരുട്ടിയ മുഷ്ടിയുടെ ആകൃതിയില്‍ 

          പൊട്ടിമുളയ്ക്കുന്ന പുൽക്കൊടി

വസന്തം 

ക്രൂരമായൊരാകാശമായി

സൂര്യവെളിച്ചത്തിൽ

ചുട്ടു പഴുക്കുമ്പോൾ

യൗവനം ചങ്ങല പൊട്ടിച്ച്

ഭ്രാന്തിന്റെ കുതിരപ്പുറത്ത്

പ്രണയത്തിന്റെ രാജ്യത്തേക്ക്

ഒളിച്ചു കടക്കുന്നു

നിദ്രയൊരു അശാന്തിയുടെ

കൊടുങ്കാടായ് വളർന്ന് പൊതിയുന്നു

പേക്കിനാവുകളുടെ ഒളിത്താവളത്തിൽ വെച്ചൊരു

ഗറില്ലാ ശലഭത്തെ

മറവിയുടെ സൈനികർ

വളഞ്ഞുപിടിച്ച് വരിഞ്ഞുകെട്ടുന്നു

വെടിയൊച്ചയുടെ സിംഫണിയിൽ

ഒരു ഗസൽ 

ഭൂമിയിലാകെ

ചിതറിത്തെറിക്കുന്നു

കറുത്ത മരങ്ങൾക്കിടയിൽ

ചുവന്ന വിത്തുകള്‍ മുളയ്ക്കുന്നു

നീലക്കടലില്‍ 

ചുവന്ന മത്സ്യങ്ങൾ

പെറ്റുപെരുകുന്നു

          ഓർമകളുടെ 

          മുനമ്പിൽ വെച്ചൊരാൾ

          യൗവനാന്ത്യം

          മരവിപ്പിന്റെ കൊക്കയിലേക്ക്

          എടുത്തു ചാടുന്നു

          ഉണരുമ്പോൾ കാടൊരു 

          വീടായി ചുരുങ്ങുന്നു

          ഉടലിനെ ഉള്ളിനെ പൊതിയുന്ന

          ചുമരുകൾ മതിലുകൾ

          കർഷകർ കയറിപ്പോയ വയലുകളിൽ

          കവചിത വാഹനങ്ങള്‍ വെടിക്കോപ്പുകളുമായി

          തമ്പടിക്കുന്നു

          ഓട്ടുകമ്പനിയിലെ സായാഹ്ന സൈറണുകൾക്കു പകരം

          വിശുദ്ധ ഗോപുരങ്ങളിലെ

          കാതടപ്പിക്കുന്ന മണിയൊച്ചകൾ

          മാത്രം 

          കൊടുങ്കാറ്റിന്റെ വരികള്‍ 

          മാഞ്ഞുപോയിരിക്കുന്നു

          ഭ്രാന്ത് പൂത്ത ചില്ലകൾ

          വെട്ടിക്കളഞ്ഞിരിക്കുന്നു

          ഒരു ബ്ളാക്ക്ആന്റ് വൈറ്റ് തെരുവിലെ 

          കെട്ടിടമുകളിൽ നിന്ന് 

          ജോണെബ്രഹാമെന്നൊരാൾ

          ചിറകില്ലാതെ പറന്നുവീഴുന്നു

             ചോരയില്‍ ചിതറിയ

          തലച്ചോറിൽ നിന്ന് 

             ആയിരം ശലഭങ്ങൾ

          ചിറകടിച്ചുയരുന്നു

എന്നും കഴുകി വൃത്തിയാക്കുന്നതിനാൽ

തെരുവുകളിൽ ഇപ്പോള്‍ രക്തമില്ല

നെരൂദിയൻ കവിതയില്‍ 

നിന്നൊരാൾ 

ലഹരിയുടെ പക്ഷികള്‍ 

കൊത്തിത്തിന്ന കരളുമായ്

നാടുകാണാനിറങ്ങുന്നു

അമ്പേറ്റ വാക്കുകളാൽ

മുറിഞ്ഞ ഹൃദയത്തെ

നിരത്തിൽ വരയ്ക്കുന്നു

കല്ലേറ്കൊണ്ട കവിയുടെ ജഡം

തെരുവിനെ ചുവപ്പിക്കുന്നു

കണ്ണുകളില്‍ കരുണകെട്ട

ബുദ്ധന്മാർ 

ആട്ടിൻകൂട്ടത്തെ നായാടുന്നു

കീറിപ്പറിഞ്ഞൊരു

കൊടിയടയാളമായയ്യപ്പൻ

ചിരിക്കുന്നു

          പിറക്കാതെ പോയവരുടെ

          മൗനനിലവിളികളിൽ

          കുത്തിനിർത്തിയ ശൂലമുനകളുടെ

          കോമ്പല്ലുകൾ

          വിലാസങ്ങളില്ലാത്തവരുടെ

          ജഡങ്ങളൊഴുകുന്ന

          കറുത്ത നദിക്കരയിൽ

          വാർദ്ധക്യത്തിന്റെ മഴക്കാറ്

          പൂക്കുന്നു

          മൗനമെന്ന് പേരുള്ളൊരു 

          രാജ്യത്തെ പൗരനാണിന്ന്

          മൂവർണ്ണക്കുറി വരച്ച നെറ്റിത്തടം

          ചുണ്ടുകളിൽ ഉണങ്ങിപ്പോയ

          തുന്നൽപ്പാടുകൾ

തടവറയിൽ നിന്ന് 

കഴുമരത്തിലേക്കുള്ള

യാത്രാമദ്ധ്യേ

ഒരാള്‍ മാത്രം 

വെടിയേൽക്കുമെന്നറിഞ്ഞിട്ടും

പ്രണയദേശത്തിലേക്ക്

ഓടിരക്ഷപ്പെടാൻ

ശ്രമിക്കുകയാണ്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com