sections
MORE

എന്നും കരുതും എല്ലാം അവസാനിപ്പിച്ച് തിരിച്ചുമടങ്ങണമെന്ന്, പ്രവാസിയുടെ വേദനകൾ

desert
പ്രതീകാത്മക ചിത്രം
SHARE

അലാറം (കഥ)

തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നവളെ പറ്റി ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രമേ അവനുണ്ടായിരുന്നുള്ളൂ. 

കുറ്റങ്ങളും കുറവുകളും അംഗീകരിക്കുകയും കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും തോളോട് തോൾചേർന്നു നിൽക്കുകയും ചെയ്യുന്ന മെയ്യിന്റെ പാതി.!

സാധാരണയായി എല്ലാ യുവാക്കളുടെയും പോലെ തന്നെയാണു ജിത്തുവിനും കല്യാണത്തേ കുറിച്ചുണ്ടായിരുന്ന സ്വപ്നങ്ങൾ. കല്യാണത്തോട് അടുക്കുന്തോറും മനസ്സിൽ ആധിയായിരുന്നു.

എന്തായിരിക്കും? എങ്ങനെ ആയിരിക്കും? മുന്നോട്ട് ജീവിതം ഇനി എന്താവും? പവിത്രമായ ഒരു ജീവിതം എങ്ങനെ കെട്ടിപ്പടുക്കും!  

ഒന്നും തന്നെ നിശ്ചയമോ പ്ലാനിങ്ങോ ഇല്ല... 

ആദ്യവാരത്തിലെ പുതുമോടിയൊക്കെ കഴിഞ്ഞു. വളരെ സന്തോഷകരമായിരുന്നു ഓരോ ദിവസവും. അവൾക്കെപ്പോഴും സംസാരിക്കാൻ ഉണ്ടാവും അവളുടെ ഇഷ്ടങ്ങളിൽ വലിയ ഇഷ്ടം എന്നും അവളുടെ അച്ഛനായിരുന്നു.

പ്രവാസത്തിന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടും അറിയിക്കാതെ തങ്ങളെ വളർത്തിയതും, വീട് എടുക്കാൻ വേണ്ടി ലോൺ എടുത്തതും, കുടുംബക്കാർക്കും നാട്ടുകാർക്കും ആഘോഷമായി കല്യാണം കൂടാൻ വേണ്ടി അനുഭവിച്ച ത്യാഗങ്ങൾ… എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങളുള്ള അവളുടെ അച്ഛനെകുറിച്ചുള്ള മധുരസ്മരണകളിൽ വാചാലമാവുന്ന അവളെ കണ്ടപ്പോൾ. പെൺമക്കളോടും പെൺകുട്ടികളോടും എന്തെന്നില്ലാത്ത സ്നേഹവും ഒരു ബഹുമാനം തോന്നിപ്പോയ നിമിഷമായിരുന്നു അത്!

ഒരു അച്ഛനായാൽ എന്റെ മകളും എന്നെ പറ്റി ഇങ്ങനെ പറയുമല്ലോ എന്നോർത്തപ്പോൾ ഒരു ഉൾപുളകം. 

ആദ്യാനുഭവങ്ങളുടെ പ്രളയങ്ങളുടെ പ്രണയമായിരുന്നു അവളിൽ, ഉച്ച നിശ്വാസങ്ങളുടെ താളലയമുള്ള പ്രണയം …

മാസങ്ങൾ നിമിഷങ്ങളുടെ ദൈർഘ്യത്തിലൂടെ കടന്നു നീങ്ങി നാളെയാണ് പ്രവാസ ലോകത്തേക്ക് തിരിച്ചു പറക്കേണ്ടത് എന്നൊരു ചിന്ത അയാളെ അലോസരപ്പെടുത്തി.

*****    *****    *****    *****

വിരസമായ നാളുകളിൽ അവളെ കുറിച്ചോർക്കുമ്പോൾ എന്തോ ഒരു നഷ്ടം. യന്ത്രികതയുടെ ലോകത്തിൽ നിന്ന് വർണ്ണാഭമായ നിമിഷങ്ങളിലേക്കും ദിവസങ്ങളിലേക്കും പറന്നു ഉല്ലസിക്കാൻ മനസ്സ് തുടിക്കുന്നു …

പറ്റുന്നില്ല ഈ കുരുക്കഴിക്കുവാൻ ഓരോ മാസങ്ങളിലും അതിന്റെ ഉഗ്രരൂപം ശക്തി പ്രാപിച്ചു കൂടുതൽ കുരുക്കി കൊണ്ടിരിക്കുന്ന  പറഞ്ഞറിയിക്കാൻ പറ്റാത്തൊരു പ്രതിഭാസമാണ് പ്രവാസം…

ജന്മദിനത്തിന് ഗിഫ്റ്റ്, കല്യാണത്തിന് ചുരിദാർ, അനിയന്റെ കല്യാണത്തിന് ലഹങ്ക, മൂത്ത അമ്മാവന്റെ മകന്റെ കല്യാണത്തിന് കുർത്ത,

ഓണം വിഷു എന്നിങ്ങനെ സീസൺ അനുസരിച്ചുള്ള ഓരോ ആഘോഷങ്ങൾക്കും ലഭ്യമായ വസ്ത്രങ്ങൾ! കൂട്ടുകാരുടെ ബന്ധുക്കളുടെ ജനന മരണ ആഘോഷങ്ങളുടെ ഗിഫ്റ്റിന്റെ നീണ്ട നിര...

ജീവിതയാത്രയിലെ സമ്മാനങ്ങളുടെ ലൈനിന്റെ നിര നീളുകയും ജീവിതത്തിന്റെയും സമാധാനത്തിന്റെ നിര കുറഞ്ഞും ഇരിക്കുന്ന മഹത്തായ ഊരാക്കുടുക്കാണ് പ്രവാസിയുടെ ജീവിതം 

"തെറ്റുകളും കുറ്റങ്ങളും ഇല്ലാത്ത മനുഷ്യരില്ലല്ലോ ഒന്നവളെ ചേർത്തു പിടിച്ചു ആ ഇളം കൈകൾ തലോടിക്കൊണ്ട് പറഞ്ഞാൽ മനസിലാവാത്ത കാര്യമൊന്നുമല്ലല്ലോ" എന്നോർത്തു സമധാനിക്കും.

പ്രണയവും പ്രാണനും മണലാരണ്യങ്ങളിൽ ഉരുകി തീരുന്നവനാണ് പ്രവാസി. അതിന്റെ ഇടയിൽ ഇങ്ങനെ പറഞ്ഞാൽ ജീവിതത്തിന്റെ സ്വസ്ഥത തനിക്ക് നഷ്ടമാവുമോ എന്നയാൾ ആശങ്കപ്പെട്ടു.!

ജീവന്റെ ഓരോ നല്ല നിമിഷങ്ങളും ഉരുകി തീരുകയാണ്. സുഖമില്ലാത്ത മാതാപിതാക്കളെയും ചേർത്തു പിടിച്ച് ഹോസ്പിറ്റലുകളിലും അവർക്ക് ചെയ്യേണ്ട കടമകളും കടപ്പാടുകളും ഇട്ടെറിഞ്ഞു ഈ വർഷമത്രയും ഇവിടെ താമസിച്ച് എന്തുണ്ടാക്കി? സമ്പാദ്യംകൊണ്ട് എല്ലാം നേടാൻ സാധിക്കുമെങ്കിൽ...

പോവണം. തിരിച്ചുപോവണം.!

നഷ്ടപെട്ട ബാല്യത്തിന്റെയും, കൗമാരത്തിന്റെയും കണക്കുകൾ കൂട്ടി കിഴിച്ചാൽ ഒന്നും നേടിയിട്ടില്ല...

എങ്ങനെ? ഈ പ്രവാസം.... എന്നെകൊണ്ട് എങ്ങനെ സാധിക്കും അത്..... 

അടുത്താഴ്ച ശമ്പളം വരും. 'ഹമ്!!!' എന്ന് ഒന്നമർത്തി മുളിയതിനു ശേഷം പണിയുടെ ഇടവേളകളെ അവഗണിച്ചു രൗദ്രഭാവത്തിൽ കത്തിനിൽക്കുന്ന സൂര്യനെ വകവയ്ക്കാതെ ട്രാവൽസ് ഓഫിസിന്റെ പടവുകൾ കയറി…

ശീതികരിച്ച റൂമിന്റെ ടേബിളിനരികിലേക്കവൻ നടന്നു നീങ്ങി. അവിടെ ഉള്ള ജോലിക്കാരൻ കംപ്യൂട്ടറിൽ നിന്ന് മുഖമെടുക്കാതെ വളരെ ഗൗരവപൂർവം ഇരിക്കാൻ ആംഗ്യം കണിച്ചു …

ആസ്സലാമു അലൈകും…

വ അലൈകുമുസ്സലാം …

എന്താ പേര് 

ജിത്തു … ജിത്തിൻ മനോഹർ

ഉം. എവിടേയ്ക്കാ? ഏതാ തിയ്യതി?

കോഴിക്കോട്. അടുത്ത ആഴ്ച കഴിഞ്ഞ് ഏതു ദിവസം ആയാലും കൊഴപ്പം ഇല്ല

ഉം, നോക്കട്ടെ ചേട്ടാ, ഈ ആഴ്ചയിലും രണ്ടായിരത്തി അഞ്ഞൂറ് രൂപ കൂടുതലാണ് അടുത്താഴ്ചത്തേ ടിക്കറ്റ് ചാർജ്.

അതെയോ... ഇപ്പോ എത്രയാ?

ഏഴായിരത്തി അഞ്ഞൂറ്. ഈ സീസൺ ടൈം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞാൽ ആറായിരത്തിന് കിട്ടും. അതെന്താ ചേട്ടാ അങ്ങനെ ഇപ്പോ ഏഴായിരത്തി അഞ്ഞൂറ് അടുത്താഴ്ച രണ്ടായിരത്തി അഞ്ഞൂറ് കൂടി കൂട്ടിയാൽ പതിനായിരം! സീസൺ ടൈം പ്രവാസികളെ കൊള്ളയടിക്കുകയാണല്ലോ ഇവിടെ ഇതൊന്നും കാണാൻ ആരും ഇല്ലേ …?

ഭായ്, നിങ്ങള് വേണം എന്നുണ്ടെങ്കിൽ പറ അതൊന്നും അന്വേഷിക്കലല്ല എന്റെ പണി നാട്ടിലെ ഗവൺമെന്റ് സർ ചാർജും മറ്റും കൂട്ടിയാൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാ...

അല്ല ഭായ് ഞാൻ... ഞാൻ എന്റെ ആത്മരോഷം കൊണ്ട് ചോദിച്ചു പോയതാ "ഈ ഗവൺമെന്റിന് അകെ ചെയ്യാൻ പറ്റുന്ന ഒരു പണിയാണ് കുത്തക മുതലാളിമാരോടൊത്തു കൂടി സീസൺ ടൈം നോക്കി ടിക്കറ്റ് കൂട്ടുക എന്നത്... നടക്കട്ടെ.. പ്രവാസി എന്നാൽ ക്ഷമിക്കുന്നവൻ എന്നാണല്ലോ"

എന്നാ, ശരി ഭായ്, നോക്കിയിട്ട് പിന്നെ വരാം.

ഓക്കെ അങ്ങനെ ആയിക്കോട്ടെ,

നേരെ പണി സൈറ്റിലേക്കു പോയി പണിയിൽ മുഴുകിയതു കാരണം സമയം പോയതറിഞ്ഞില്ല പണികഴിഞ്ഞു കൂടെ ഉള്ളവരോട് യാത്ര പറഞ്ഞു റൂമിലേക്ക് നടന്നു. തീരുമാനിച്ചുറച്ച കാൽ ചുവടുകളുടെ താളവും പ്രകൃതിയുടെ ചൂടിന്റെ കാഠിന്യവും ശരീരത്തിന്റെ ക്ഷീണവും റൂമിലേക്കുള്ള അവന്റെ നടത്തിന്റ വേഗതയുടെ ആക്കം കൂട്ടി...

നാലുചുവരുകൾക്കുള്ളിലെ സ്വർഗ്ഗ കട്ടിലിലേക്ക് കയറിയിരുന്നപ്പോൾ എന്തെന്നില്ലാത്ത ഒരു ഉത്കണ്ഠ, ഒരാശ്വാസം "ഈ കട്ടിലും ഈ മുറിയുമാണ് ഇത്ര കാലത്തേ എന്റെ ലോകം" പുതുകാഴ്ച പോലെ അവനൊന്നു ചുറ്റും കണ്ണോടിച്ചു ഇത്രനാളും ഇവിടെ താമസിച്ചിട്ടും ഈ കട്ടിലിനും ചുവരുകൾക്കും ഇത്ര സൗന്ദര്യം അനുഭവപ്പെട്ടില്ല …

നിർത്താതെ കരയുന്ന മൊബൈലിലേക്കു നോക്കി വൈഫൈ കണക്റ്റഡ് പ്രവാസിഗ്രൂപ്പുകൾ കുടുംബ ഗ്രൂപ്പുകൾ എവിടെ നോക്കിയാലും 99പ്ലസ് എന്ന് മെസ്സേജ് കാണാം അതൊന്നും നോക്കാതെ പച്ച കത്തിനിൽക്കുന്ന മൈ വൈഫ് എന്ന ബോക്സിലേക്കവന്റെ കണ്ണുകൾ ആദ്യമുടക്കി....

ചേട്ടാ, അനിയത്തിക്ക് നല്ല ആലോചനകൾ വന്നിട്ടുണ്ട് വേഗം നടത്തണം ന്നാ 'അമ്മ' പറയുന്നേ ഇനി ഒരു കല്യാണം കൂടാൻ പറ്റിയില്ലെങ്കിലോന്നാ ചോദ്യം.

പിന്നെ വേറെ ഒരു കാര്യം. അമ്മയ്ക്ക് തീരെ സുഖമില്ല. ആ പഴയ ശ്വാസ തടസത്തിന് ഒരു മാറ്റവും ഇല്ല. ഇന്നലെ കുറേശ്ശെ രക്തം ഛർദിച്ചിരുന്നു. കാണിച്ചപ്പോ ഡോക്ടർ പറഞ്ഞു മെഡിക്കൽ ചെക്കപ്പ് ചെയ്യണമെന്ന്, ഇന്ന് അതിന്റെ റിസൾട്ട് വാങ്ങിച്ചു ഡോക്ടറെ കാണാൻ പോയപ്പോ പറഞ്ഞു രക്തത്തിൽ ക്യാൻസറിന്റെ അണുക്കൾ കാണുന്നുണ്ട്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്ന്  ഉള്ളിൽ ഒരു മുഴ ഉണ്ടെന്നും അത് എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം എന്നും, ഞാൻ എന്താ വേണ്ടത്?

റൂമിൽ എത്തിയാൽ റിപ്ലേ താ കേട്ടോ, എന്നാൽ ഓക്കേ...

മെസ്സേജ് വായിച്ചു നെടുവീർപ്പോടുകൂടി ഒന്ന് അമർത്തി മൂളി ചുറ്റുപാടും ഒന്നുകണ്ണോടിച്ചു എല്ലാവരും അവരവരുടെ ബെഡ് റെഡിയാക്കുന്നു. മെസ്സിലെ ഭക്ഷണ സമയം അടുത്തതു കൊണ്ട് ചിലർ മുകളിലത്തെ ബെഡിൽ നിന്ന് താഴെ ഇറങ്ങുന്നു...

'എല്ലാം ശരിയാവും. നമുക്ക് റെഡിയാക്കാം'

മെസ്സേജിന് മറുപടി കൊടുക്കുന്നതിനിടയിൽ ദീർഘമായ നെടുവീർപ്പ് അവനിൽ നിന്നുതിർന്നു....

അരണ്ട വെളിച്ചത്തെ വകഞ്ഞു മാറ്റി മൊബൈലിലേക്ക് നോക്കി പിറ്റേന്ന് കാലത്ത് ഡ്യൂട്ടിക്ക് പോവാനുള്ള അലാറം സെറ്റ് ചെയ്ത് മെസ്സിലേ പ്ലേറ്റുകളുടെ ഭാഗത്തേക്കവൻ നടന്നു നീങ്ങി...

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA