ADVERTISEMENT

പൊടിമീശക്കാരി (കഥ)

"ദൈവമേ ആ കുട്ടി എന്നെ തന്നെ ആണോ നോക്കുന്നത്." ഏയ് തോന്നിയതായിരിക്കും. പോകാനുള്ള ബസ് വരുന്നുണ്ടോ എന്ന്‌ നോക്കിയതാവും. അല്ലേൽ ഇത്രേം മോഡേൺ ആയ സുന്ദരി നമ്മളെ എറിയുമോ. വെളുത്ത പാദങ്ങളിലൊന്നിൽ നേർത്ത കറുപ്പ് ചരട് പോലെ എന്തോ ഒന്ന് ചുറ്റി കിടക്കുന്നതു കാണാൻ തന്നെ എന്ത് ഭംഗിയാ. ലൂസ് വെള്ള ഷർട്ട്‌ ഇറുകിയ നീല ജീൻസിൽ ബെൽറ്റ് ഇല്ലാതെ ഇൻ ഷർട്ട്‌ ചെയ്ത്, സ്ട്രൈറ്റൻ ചെയ്ത ഇളകി പറക്കുന്ന മുടിയിൽ ഒരു മോഹിനിയാണവൾ. ഇടയ്ക്കിടയ്ക്ക് മൊബൈലിൽ ആരെയോ വിളിക്കുന്നുണ്ട്. കാമുകനെ ആയിരിക്കും. ആ ഭാഗ്യവാൻ ഒരു ഫ്രീക്കനായിരിക്കും ഉറപ്പാ. ഏതായാലും ഇപ്പോൾ ഈ എംഎൽഎ വക കാത്തിരുപ്പ് ഷെഡിൽ ഞാനും മോഹിനിയും മാത്രം. ഇടയ്ക്ക് സ്ഥിരം പോകുന്ന ബസ് വന്നു നിർത്തി, കിളി വിളിച്ചുണർത്തിയിട്ടും മോഹിനിയുടെ മോഹവലയത്തിൽപ്പെട്ട് അവിടെ തന്നെ കുത്തിയിരുന്നു. 

അവളുടെ മുഖത്ത് ചെറിയ ടെൻഷൻ ഉണ്ടോ. അപ്പോഴാണ് മോഹിനിയെ കൂടുതൽ ശ്രദ്ധിച്ചത്. അവളുടെ മുല്ലപ്പൂ മൂക്കിന്റെ തൊട്ടു താഴെ ചെമന്ന ചുണ്ടിന്റെ മുകളിൽ കുഞ്ഞൻ ചെമ്പൻ രോമങ്ങൾ അങ്ങിങ്ങായി പിണങ്ങി മയങ്ങി നിൽക്കുന്നത് കണ്ടത്. മൂക്കിൻ തുഞ്ചത്ത് ഒരു കോണിലായി കുഞ്ഞു നക്ഷത്രം പോൽ മിന്നി തിളങ്ങുന്ന രത്നക്കല്ലു മൂക്കൂത്തി അപ്പപ്പോൾ വന്നു വീഴുന്ന വെട്ടത്തിൽ തിളങ്ങി ഇടയ്ക്കിടയ്ക്ക് ചെമ്പൻ രോമങ്ങളെ പല നിറങ്ങൾ പൂശുന്നുണ്ട്. ചെറിയ ചാറ്റമഴ കാറ്റിനെ കൂട്ടു പിടിച്ച് പെയ്തിരുന്നേൽ അതിലൂടെ പറന്നു കേറിയ തൂവാന തുള്ളികൾ ആ ചെമ്പൻ രോമങ്ങളിൽ കൂട് കൂട്ടിയേനെ. 

എന്റെ സൂഷ്മ നിരീക്ഷണത്തിൽ മോഹിനി അസ്വസ്ഥയായി തുടങ്ങിയോ? അവൾ എന്റെ അടുക്കലേക്കു തന്നെ വരുവാണോ. തൊട്ടപ്പുറത്തു വന്നിരിക്കാനാവും. ഞാൻ പതിയെ കുറച്ച് പിറകോട്ടു മാറി എംഎൽഎ വക തൂണിൽ ചാരി നിന്നു. മോഹിനി എന്റെ തൊട്ടു മുന്നിൽ മുഖത്തോടു മുഖം വന്നു നിന്നു. അവസാനം എടുത്ത ശ്വാസം നെറുകയിൽ കേറി പുറത്ത് പോകാൻ കൂട്ടാക്കാതെ ശ്വാസം മുട്ടിച്ചു തുടങ്ങി. ഇപ്പോൾ അവളുടെ മുല്ലപ്പൂ മൂക്കിന്റെ തൊട്ടു താഴെയുള്ള കുഞ്ഞൻ ചെമ്പൻ രോമങ്ങൾ എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നുണ്ട്. ശരീരം തളരുന്നുണ്ട്. കാലിന്റെ വെള്ള വിയർത്തു നനയുന്നുണ്ട്. 'എന്താണ്‌ മോഹിനി' എന്ന്‌ ചോദിക്കണമെന്നുണ്ട്. നാവ് പൊങ്ങുന്നില്ല. ചെറിയ തണുപ്പും മരവിപ്പും. ചെവിയിലൂടെ രണ്ടുമൂന്നു വാക്കുകൾ മുഴങ്ങുന്നുണ്ട്. കേൾക്കാം... കേൾക്കാം... ഇപ്പോൾ കേൾക്കാം...

 "ചേട്ടാ ഫിഫ്റ്റി ബഗ്‌സ് ക്യാഷ് ആയി തരുമോ? തിരിച്ചു Tez ചെയ്യാം നമ്പർ തന്നാൽ. എന്റെ ഫ്രണ്ട് എന്നെ പിക്ക് ചെയ്യാൻ വരാമെന്ന് പറഞ്ഞതാ... ഇതു വരെയും കാണുന്നില്ല. ബസിൽ പോകാൻ വേണ്ടിയാ. പേഴ്‌സും പൈസയും കൊണ്ട് നടക്കാറില്ല അതാ. ബുദ്ധിമുട്ടാണേൽ വേണ്ട ചേട്ടാ"  

എനിക്ക് തൂണിൽ കെട്ടി പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നി. പയ്യെ നിരങ്ങി ഇരന്നു. വൺ മിനിട്ട് എന്ന്‌ ആക്ഷൻ കാണിച്ചിട്ട് പഴയ പരുവത്തിലേക്ക് ആകാൻ ശ്രമിച്ചു. പിന്നെ ഉള്ളിൽ ഒരു ഞെട്ടലോടെ ആ തിരിച്ചറിവ് നെറുകയിൽ നിന്നും നെഞ്ചിലേക്ക് കുത്തിയിറങ്ങി. പേഴ്സിൽ ആകെ ഒരു ഒറ്റ നൂറുരൂപ നോട്ട് മാത്രമേയുള്ളു എന്ന തിരിച്ചറിവ്. ഒന്നാം തീയതി ഞായറാഴ്ച ആയതിനാൽ ഇനി തിങ്കളാഴ്ചയെ ശമ്പളം വീഴൂ. ഓഫിസിലെ അശോകിന്റെ കൈയിൽ നിന്നും പത്ത് രൂപാ പലിശക്കാ ഈ നൂറ് രൂപാ കടം വാങ്ങിയത്. പള്ളക്കിട്ടു കുത്ത് വേറെയും. ചില്ലറ ഇല്ലാതെ ഇതും കൊണ്ട് ബസിൽ കേറിയാൽ ബാക്കി കിട്ടിയില്ലെങ്കിലോ എന്നോർത്ത് 4 കിലോമീറ്റർ നടക്കാമെന്നു വിചാരിച്ചിരിക്കുവായിരുന്നു. അപ്പോഴാണ് ഈ മോഹിനിയുടെ ഒരു മോഹം. കാര്യങ്ങൾ വ്യക്തമായി പ്ലാൻ ചെയ്യണം, പ്ലാൻ A : ആ കോഫി ഷോപ്പിൽ കേറി രണ്ട് കോഫി കുടിച്ചിട്ട് ബാക്കി വരുന്ന 70 രൂപയിൽ നിന്നും 50രൂപാ മോഹിനിക്ക് കൊടുക്കാം. ബാലൻസ് 20രൂപാ. നേരത്തെ തീരുമാനിച്ച പോലെ റൂം വരെ നടത്തം. രാത്രി രണ്ട് ദോശയിൽ ഒതുക്കാം. 10രൂപാ ഞായറാഴ്ചത്തേക്കുള്ള ദോശയ്ക്കായി മാറ്റാം. ഇനിയിപ്പോൾ മോഹിനി ഗൂഗിൾ പേ വഴി 100 ബഗ്‌സ് അക്കൗണ്ടിലോട്ട് ഇട്ടാലും കുറേ നാൾ അകൗണ്ട് പൂജ്യം വെച്ച് കാലിയാക്കിയതിന്  വമ്പൻ പ്രതികാരം വീട്ടും. മൂടോടെ പൊക്കും. ഏതായാലും പ്ലാൻ B കൂടി കരുതി ഇരിക്കാം. ശമ്പളം കിട്ടും വരെ ഡയറ്റിങ്. ഇനി താമസിപ്പിച്ചു കൂടാ. മോഹിനിയെ വെയ്റ്റ് ചെയ്യിക്കണ്ട. പെട്ടെന്നു തന്നെ ചൂട് കോഫി ആവാം. ഒരു റൗണ്ട് കൂടി ശ്വാസം വലിച്ച് വിട്ടേച്ചു, മോഹിനിയോട് പറയണ്ട ഡയലോഗ് മനസ്സിൽ ഓർത്തു കൊണ്ട്, അൽപം കൂടുതൽ ഡമ്പനായി ശ്വാസം പിടിച്ചു മോഹിനിയുടെ അടുത്തെത്തി. 

"അതേ! കുട്ടീ! എന്റെ പേഴ്സിൽ രണ്ടായിരത്തിന്റേം നൂറിന്റെയും നോട്ടുകളാണ്. ചെയിഞ്ച് ഇല്ല. എനിക്ക് ബസിൽ പോകാനും ചെയിഞ്ച് ആവശ്യമുണ്ട്. ഒരു കാര്യം ചെയ്യാം. ഞാൻ കുട്ടിക്ക് ആ കോഫി ഷോപ്പിൽ നിന്നും ഒരു കോഫി ഓഫർ ചെയ്യുന്നു. അങ്ങനെ ആണെങ്കിൽ നമ്മൾ ഓരോ കോഫി കുടിക്കുന്നു. അത് കഴിയുമ്പോൾ ചെയ്ഞ്ച് കിട്ടുന്നു. കുട്ടിക്ക് ഫിഫ്റ്റി ബഗ്‌സ് തരുന്നു. എനിക്കും ചെയിഞ്ച് കിട്ടുന്നു. പ്രോബ്ലം സോൾവ്ഡ്. എന്താ കുട്ടീ!!! Ok അല്ലേ." 

ഇത്രയും പറഞ്ഞിട്ട് ഞാൻ ഒരു ദീർഘ നിശ്വാസവും പാസാക്കി മോഹിനിയുടെ മറുപടിക്ക് കാത്തു നിന്നു. കുറച്ച് നിമിഷങ്ങൾ വളരെ വേഗം കുറഞ്ഞു നീങ്ങിയ പോലെ. മോഹിനി ഒന്ന് ആലോചിച്ചിട്ട് അവളുടെ മുഖത്തേക്ക് പറന്നിറങ്ങിയ മുടി കൈ കൊണ്ട് ചെവിയുടെ പിറകിലേക്ക് ഒതുക്കികൊണ്ട് പറഞ്ഞു. 

"യ്യോ ചേട്ടാ! ഞാൻ ഈ സമയത്ത് കോഫി കുടിക്കാറില്ല. ഫലൂഡ ആണ് കൂടുതൽ ഇഷ്ടം. ഇപ്പോൾ തത്കാലം എനിക്കൊന്നും വേണ്ടാ. നമുക്ക് ഒരുമിച്ച് പോകാം. ചേട്ടൻ കോഫി കുടിച്ചോ. ഞാൻ ചേട്ടന് കമ്പനി തരാം. പിന്നെ ആ 100ബഗ്‌സ് എന്റെ കൈയിൽ തന്നേരെ. ഞാൻ ആണ് കൊടുക്കുന്നതെങ്കിൽ ചെയ്ഞ്ചു എന്തായാലും കിട്ടും. ഓകെ !!!"

"ഓ പിന്നെ!!! എനിക്ക് ഡബിൾ ഒക്കെ!!! എങ്കിൽ ബാ... നമുക്ക് കാപ്പി കുടിക്കാം... അല്ല ഞാൻ കോഫീ കുടിക്കാം.... ഇന്നാ 100രൂപാ പിടിച്ചോ...

പേഴ്സിൽ നിന്നും 100 രൂപാ എടുത്തു മോഹിനിയുടെ കൈകളിലേക്ക് കൊടുത്തു. അവൾ ആ നോട്ട് വാങ്ങി ജീൻസിന്റെ പിറകിലെ വലത്തേ പോക്കറ്റിലേക്ക് തിരുകി വെച്ചു. എന്റെ നെഞ്ചൊന്നു പിടച്ചു. ഓഫിസിലെ അശോകിന്റെ പേഴ്സിൽ നിന്നും എന്റെ പേഴ്‌സിലൂടെ കേറി വന്ന ആ നൂറ് രൂപാ നോട്ട് പോയ പോക്കേ! ഒരു ആശ്വാസ നിശ്വാസവും വിഴുങ്ങി ഞാൻ കോഫീ ഷോപ്പിലേക്ക് ആദ്യം നടന്നു. മോഹിനി പുറകെയും.

തുടക്കം തന്നെ പിഴച്ചു. കോഫി ഷോപ്പിന്റെ ഗ്ലാസ്‌ ഡോറിൽ തന്നെ വെച്ചിരുന്ന PUSH ബോർഡിൽ കൺഫ്യൂഷൻ ആയി ഞാൻ പിറകോട്ടു വലിയോട് വലി. അവസാനം മോഹിനി വന്ന് തള്ളി തുറന്നു സഹായിച്ചു. ഇല്ലാരുന്നേൽ ആ ഡോർ പൊളിച്ചു പിടി ഊരിയെടുത്തേനേ. അകത്തോട്ടു കേറിയപ്പോൾ തന്നെ കൗണ്ടറിൽ ഇരുന്ന പഹയൻ 'എന്തൊരു ഊളയാടോ' എന്ന ഭാവത്തിൽ ഒരു ചിരി സമ്മാനിച്ചു. ഞാൻ അതും വാങ്ങി അയാളെ കാണാൻ പറ്റാത്ത ഒരു ഭാഗത്ത്‌ പോയി ഇരുന്നു. മോഹിനി എന്റെ മറുവശത്തും വന്നിരുന്നു. അവൾ ഫോൺ എടുത്തു കുത്തി കൊണ്ടിരുന്നു. ഡോറിന്റെ സംഭവത്തിൽ തന്നെ എന്റെ എല്ലാ കോൺഫിഡൻസും പോയി. എത്രയും പെട്ടെന്ന് ഒരു കാപ്പി കുടിച്ചേച്ച് ബാലൻസ് വാങ്ങി പുറത്തിറങ്ങാം. ബാക്കി കാര്യങ്ങൾ വെളിയിൽ വെച്ച് ഡീൽ ആക്കാം. 

സപ്ലയർ പയ്യൻ വന്നപ്പോൾ തന്നെ ഒരു കോഫി മാത്രം ഓർഡർ ചെയ്തിട്ട് മുന്നിലിരിക്കുന്ന മോഹിനിയെ നോക്കി ഇരുന്നു. യഥാർഥ പേര് എന്താണ് എന്നു ചോദിക്കാൻ തുടങ്ങിയപ്പോൾ തന്നെ മോഹിനിയുടെ ഫോണിലേക്ക് കോൾ വന്നു. ഏതോ കൂട്ടുകാരി ആണെന്ന് തോന്നുന്നു. നോൺ സ്റ്റോപ്പ് വർത്തമാനം. കോഫി വന്നതും അതെടുത്തു കുടിച്ചോണ്ടിരുന്നപ്പോൾ അവൾ കോഫി എങ്ങനെയുണ്ട് എന്ന്‌ ആംഗ്യത്തിൽ ചോദിച്ചു. പെരുത്ത് സന്തോഷത്തിൽ "സൂപ്പർ" എന്ന്‌ തിരിച്ചും ആക്ഷൻ കാണിച്ചു. കോഫീ മുക്കാലും തീർന്നപ്പോൾ ഫോണിംഗ് കഴിഞ്ഞ് മൊബൈൽ ടേബിളിൽ വെച്ചു. 

Tez ചെയ്യിക്കാൻ വേണ്ടി നമ്പർ ചോദിക്കാനായി ആഞ്ഞപ്പോൾ ഒരുത്തൻ പെട്ടെന്ന് കേറി വന്ന് അവളുടെ അടുത്തിരിക്കുന്നു. അതേ അവളുടെ ഫ്രീക്കൻ. മോഹിനിയുടെ മോഹൻ. ഇടിവെട്ടേറ്റ്‌ ഇരിക്കുന്ന എന്നെ നോക്കി കളിയാക്കുന്ന രീതിയിൽ പുഞ്ചിരിക്കുന്ന വേറൊരു സപ്ലയർ പയ്യന്റെ നോട്ടം മാറ്റാനായി ചെയ്തത് മറ്റൊരു അബദ്ധത്തിലേക്ക്. വെപ്രാളത്തിൽ ടേബിളിരുന്ന സോസ് എടുത്ത് കോഫിയിലേക്ക് ഞെക്കി ഒഴിച്ച് കുടിക്കാനായി എടുത്തതും മോഹിനിയും മോഹനും അത് കണ്ടിട്ട് പരസ്പരം കൈ തട്ടി ചിരിച്ചു. ചമ്മൽ ഒഴിവാക്കാനായി "ഇത് സൂപ്പർ കോമ്പിനേഷൻ ആണ്! വേണേൽ ഒന്ന് ട്രൈ ചെയ്ത് നോക്ക്" എന്നൊക്കെ പറഞ്ഞ് ആകെ കൊളമായി. ഇതിനിടക്ക്‌ മോഹിനിയും മോഹനും സ്പെഷ്യൽ ഫലൂഡയും, ചിക്കൻ ബർഗറും, ഓർഡർ ചെയ്ത് കഴിക്കുന്നു. ഞാൻ സോസ് കോഫി ഇളക്കി കൊണ്ടിരുന്നു. സോസിന്റെയും കോഫിയുടെയും കട്ട ടേസ്റ്റ് പണി എടുത്തു തുടങ്ങിയെന്നു തോന്നുന്നു. 

മുന്നിൽ ഒരാൾ ഇരിക്കുന്നു എന്നു പോലും നോക്കാതെ അവർ തട്ടി വിടുകയാണ്. എല്ലാം കഴിയാറായപ്പോൾ ബില്ല് ടേബിളിൽ കൊണ്ട് വെച്ചു. വെച്ചപ്പോൾ തന്നെ മോഹൻ അതെടുത്തു കൊണ്ട് നടന്നു... അൽപം കഴിഞ്ഞപ്പോൾ  മോഹിനിയും നടന്നു... ഇനിയിപ്പോൾ വാഷ് ചെയ്തിട്ട് വരുമ്പോൾ നമ്പർ വാങ്ങാം. ഞാൻ സോസ് കുപ്പി എടുത്തിട്ട് സ്വല്പം കൈയിലേക്ക് ഞെക്കി ഇട്ടേച്ച് ടേസ്റ്റ് ചെയ്ത് നോക്കി. 'സംഭവം കൊള്ളാല്ലോ' കഞ്ഞീം സോസും നല്ല കോമ്പിനേഷൻ ആയിരിക്കും. ഒരു തണുത്ത ലൈം ജ്യൂസ് കുടിക്കാൻ ദാഹിക്കുന്നല്ലോ. അങ്ങനെ ആഗ്രഹിച്ചിരുന്നപ്പോൾ മോഹനും മോഹിനിയും വന്ന് ഇരുന്നു. 'ഇനി എന്തെങ്കിലും വേണോ?' മോഹിനിയോട് മോഹൻ ചോദിച്ചു. ഒന്നും വേണ്ടാ എന്ന്‌ പറഞ്ഞിട്ട് ഉടനെ 'അല്ലേൽ ഒരു ലൈം ജ്യൂസ് കൂടി ആവാം.' 'ഒക്കെ ഞാൻ അതും കൂടി ചേർത്തിട്ടു ബില്ല് പേ ചെയ്തിട്ട് വരാം. വെയ്റ്റ് ബേബി.' മോഹൻ അങ്ങോട്ട്‌ പോയി. ആ തക്കം നോക്കി ഞാൻ പെട്ടെന്ന് തന്നെ ചോദിച്ചു. "Tez ചെയ്യാൻ നമ്പർ വേണ്ടേ" മോഹിനി മൊബൈൽ എടുത്തു കൊണ്ട് യെസ് യെസ് നമ്പർ. ഓ.. മൈ ഗോഡ്... ഞാൻ മറന്നു. 89..21.. അത്രയും പറഞ്ഞപ്പോൾ അവളുടെ മൊബൈലിലേക്ക് കാൾ വന്നു. 'വൺ സെക്കന്റ്' എന്നും പറഞ്ഞ് കാൾ അറ്റന്റ് ചെയ്തു കൊണ്ട് സംസാരിക്കുന്നു. ലൈം ജ്യൂസുമായി വന്ന സപ്ലയർ പയ്യൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പോയി. മോഹിനി ചിരിച്ചും പറഞ്ഞും എണ്ണീറ്റു നടന്നും സംസാരിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ആണേൽ ബാക്കി നമ്പർ പ്രതീക്ഷിച്ചു തൊട്ടടുത്തിരിക്കുന്ന ലൈം ജ്യൂസിന്റെ ഗ്ലാസിൽ പറ്റിയിരുന്ന ചെറിയ നാരങ്ങാ കഷ്ണം പയ്യെ തട്ടി തെറിപ്പിച്ചു മോഹിനിയുടെ സൈഡിലേക്ക് നീക്കി വെച്ചു. 

അൽപനേരം കഴിഞ്ഞപ്പോൾ സപ്ലയർ പയ്യൻ വന്നിട്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യാൻ പറ്റുന്ന പോലത്തെ വലിയ ഒരു പേഴ്‌സ് പോലെയുള്ള ഒരു ഐറ്റം എന്റെ മുന്നിൽ വെച്ചിട്ട്. "അവരുടെ കാർഡ് വർക്ക്‌ ആയില്ല. ചേട്ടൻ ബില്ല് ക്ലോസ് ചെയ്തോളാൻ പറഞ്ഞു. പിന്നെ എനിക്ക് ടിപ്സ് ഒന്നും തരണ്ടെന്നും 100ബഗ്‌സ് ആ ചേച്ചി തന്നെന്നും പറയാൻ പറഞ്ഞു" അത്രയും പറഞ്ഞേച്ച് അടുത്തിരുന്ന ലൈം ജ്യൂസും എടുത്ത് കൊണ്ട് സപ്ലയർ പയ്യൻ പോയി. ഇത്തവണ അവന്റെ മുഖത്ത് പുഞ്ചിരി ഇല്ലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com