ADVERTISEMENT

മധുരമാമ്പഴം (കഥ)

ചോര വാർന്നൊഴുകുന്ന ശരീരവുമായി അയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ചുറ്റും കൂടി നിന്ന ഡോക്ടർമാർ വിധിയെഴുതി. 

"ഇല്ല, മരണപ്പെട്ടുകഴിഞ്ഞിരിക്കുന്നു".

അയാൾക്ക് ഉറക്കെ നിലവിളിക്കണം എന്നുണ്ടായിരുന്നു.

"ഞാൻ മരിച്ചിട്ടില്ല..ജീവന്റെ ഒരു തുടിപ്പ് എന്നിൽ ഇപ്പോഴും അവശേഷിക്കുന്നു..." പക്ഷേ ശബ്ദം പൊങ്ങിയില്ല. അയാൾ വീണ്ടും ശ്രമിച്ചു.

"ഒന്ന് ഇങ്ങോട്ട് നോക്കൂ.. ഞാൻ മരിച്ചിട്ടില്ല... ജീവിച്ചിരിപ്പുണ്ട്... നിങ്ങൾക്ക് തെറ്റിയതാണ്... എനിക്ക് ഇനിയും ജീവിക്കണം. ഈ ഭൂമിയിൽ ജീവിച്ചു കൊതിതീർന്നിട്ടില്ല... ചെയ്തുതീർക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്... കണ്ടുതീരാത്ത, പൂവിടാൻ കാത്തിരിക്കുന്ന ഒരുപിടി സ്വപ്നങ്ങളുണ്ട്... കാണാൻ, ഉള്ളംകയ്യിൽ കോരിയെടുക്കാൻ, ഹൃദയം കൊതിക്കുന്ന വിരലിലെണ്ണാവുന്ന മുഖങ്ങളും പോകാൻ കൊതിക്കുന്ന ഒരുപാട് സ്ഥലങ്ങളും ഉണ്ട്... ഉണ്ണാൻ കൊതിക്കുന്ന ഒരുപിടി വാത്സല്യചോറും ദാഹം ശമിപ്പിക്കാൻ തണുത്ത നീരുറവയും ഉണ്ട്...  എല്ലാറ്റിലുമുപരി, ഓരോ ദിവസത്തെ ജീവിതയുദ്ധത്തിനും ശേഷം മുറിവേറ്റ ശരീരവും മനസുമായി കയറിച്ചെല്ലുമ്പോൾ അമ്മയെപ്പോലെ പുണർന്നു ആശ്വസിപ്പിക്കുന്ന ഒരു സ്നേഹവീടുണ്ട്... എനിക്ക ഇതെല്ലാം ഇനിയും കൺനിറയെ കാണണം... ഒന്നുകൂടി ഭ്രാന്തമായി സ്നേഹിക്കണം... മനസ്സ് തുറന്ന് പാടണം... ഒരുപാട് സ്നേഹമഴ നനയണം..."

പക്ഷേ, അയാളുടെ ആത്മാവിന്റെ ജല്പനങ്ങളൊന്നും ആരും കേട്ടില്ല. അയാൾ അടക്കം ചെയ്യപ്പെട്ടു. അയാൾ ഒടുവിലുറങ്ങാൻ കൊതിച്ച മണ്ണിൽ തന്നെ... കാലചക്രം നീങ്ങിത്തുടങ്ങി.. അയാളുടെ സ്വപ്നങ്ങളിൽ എന്നും നിറഞ്ഞുനിന്നിരുന്ന പല മുഖങ്ങളും കാലത്തിന്റെ കുത്തൊഴുക്കിൽ പുതിയ മുഖങ്ങൾ തേടി യാത്രയായി... അയാൾ മങ്ങിയ വെറുമൊരു ഓർമ മാത്രമായി...

അങ്ങനെയിരിക്കെ ഒരുനാൾ കോരിച്ചൊരിയുന്ന ഒരു മഴ പെയ്തു... ഈ പ്രപഞ്ചം മുഴുവൻ മുങ്ങിമരിക്കുമെന്നു തോന്നിപ്പിച്ച ഒരു മഴ...

പെയ്തുപെയ്ത് ഒടുവിൽ തോർന്ന ആ മഴയിൽ അയാളുടെ ശവകുടീരത്തിൽ ഒരു ചെറുചെടി മുളച്ചു... അതിനു പണ്ടെങ്ങോ അയാളുടെ നാവിലലിഞ്ഞ ഒരു ചെറു മാങ്ങായണ്ടിയുടെ ഛായയുണ്ടായിരുന്നു...

ചെറുതെങ്കിലും മാധുര്യമാർന്നതു തന്നെ...

കാലത്തിന്റെ ഒഴുക്കിൽ കടപുഴകാതെ നിന്ന ആ ചെടി കാലാന്തരത്തിൽ ഒരു വൻവൃക്ഷമായി പടർന്നുപന്തലിച്ചു... അതിന്റെ ശിരസ്സ് ആകാശഉയരങ്ങളിൽ ചെന്നുനിന്ന് ചുറ്റുമുള്ള ലോകം മുഴുവൻ കൺകുളിർക്കെ കണ്ടു... തേടിവന്നവർക്ക് തണലായി. വിശന്നവർക്ക് തേനൂറും മധുരമാമ്പഴങ്ങൾ ആവോളം വിളമ്പി...

കിളികൾക്കും ചെറുപ്രാണികൾക്കും ആലയമായി...

അയാൾ ഒരു സ്‌നേഹവീടായി മാറി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com