ADVERTISEMENT

ഉറുമ്പുകൾ (കഥ) 

എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള വഴിയേ ബെന്നിയുടെ ടാക്സിയിൽ പിൻസീറ്റിൽ ചാരിയിരുന്ന് ജോസൂട്ടി, ആധുനികയുഗത്തിൽ മുന്നോട്ടോടുന്ന തന്റെ നാടിന്റെ പരിവർത്തനദൃശ്യങ്ങളിലേക്കായിരുന്നില്ല കണ്ണോടിച്ചുകൊണ്ടിരുന്നത്. മറിച്ച് അയാളുടെ കണ്ണും മെയ്യും ചിന്തകളും, എന്തിന് ശ്വാസംപോലും ഇപ്പോഴും പോയകാലത്തിന്റെ ഇടവഴികളിലെവിടെയോ, എന്തിനെയൊക്കെയോ തിരഞ്ഞും ആരെയൊക്കെയോ പ്രതീക്ഷിച്ചും കാത്തുകിടക്കുകയായിരുന്നല്ലോ.. പിന്നെയെങ്ങനെയാണ് ജോസൂട്ടിക്ക് ഈ കാഴ്ചകൾ കാണാനാവുക..?  

കറുത്ത സൺഗ്ലാസും വെച്ച് കടന്നുപോകുന്ന കാഴ്ചകളെയോ, നിഴലുകളെയോ, കാറിന്റെ വിൻഡോ ഗ്ലാസ്സിലൂടെ അരിച്ചിറങ്ങിയ വെയിൽപ്പാളിയെയോ ഒന്ന് സ്പർശിക്കുകപോലും ചെയ്യാതെ അങ്ങനെയൊരെയൊരു ഇരിപ്പിനിടയിലും വെൽവെറ്റ് തുണി പതിച്ച കാർസീറ്റ് കവറിനിടയിൽ നിന്നും എത്തിനോക്കിയ ഒരു കുഞ്ഞുറുമ്പിനെ അയാൾക്ക്‌ ശ്രദ്ധിക്കാതിരിക്കാനും കഴിഞ്ഞില്ല.. അയാളുടെ ജീവിതത്തെ, ജീവിതത്തിന്റെ ബാഹ്യാന്തരതലങ്ങളെയെല്ലാം ഇത്രമേൽ കൃത്യമായി സാധൂകരിക്കാനാവുന്ന മറ്റേത് ജീവിവർഗ്ഗമുണ്ടീയുലകത്തിൽ ഇനി ജീവനോടെ... അയാളാ വെൽവെറ്റ് തുണിയിൽ സ്വതന്ത്രവിഹാരം നടത്തിക്കൊണ്ടിരുന്ന ചോണനുറുമ്പിനെ പൊക്കിയെടുത്ത് ഉള്ളംകൈയിൽ വെച്ചു.. ചാടിപ്പോകാൻ ഉറുമ്പും ശ്രമിച്ചുകൊണ്ടിരുന്നു. ഒരോതവണ ഉള്ളംകൈയുടെ മുകൾപരപ്പിൽ നിന്ന് താഴേയ്ക്കരിച്ചിറങ്ങാൻ ശ്രമിക്കുമ്പോഴെല്ലാം ജോസൂട്ടി വീണ്ടും അതിനെ ചൂണ്ടുവിരലിൽ പൊക്കിയെടുത്ത് ഉള്ളംകൈയിലേക്ക് തന്നെയിട്ടു –ലോകം ചുറ്റാനുള്ള അതിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിലും അതിനെയിങ്ങനെയൊരു വട്ടത്തിൽ തളച്ചിടാനാകുന്നതിലുമപ്പോൾ ജോസൂട്ടി നിഗൂഢമായി സന്തോഷിക്കുകയായിരുന്നു... ദൈവം കുറേക്കാലമായി ജോസൂട്ടിയോട് ചെയ്തുകൊണ്ടിരുന്നതും അതുതന്നെയായിരുന്നുവല്ലോ. ജോസൂട്ടിയോട് മാത്രമല്ല, അപ്പൻ മരിച്ചുപോയ കുഞ്ഞുങ്ങളോടെല്ലാം ദൈവത്തിന്റെ നിലപാട് അതു തന്നെയായിരുന്നു എന്നാണ് ജോസൂട്ടി അക്കാലങ്ങളിൽ പഠിച്ചെടുത്തത്.. ഉള്ളംകൈയുടെ ഒറ്റവവട്ടത്തിൽ നിന്ന് അരിച്ചു നീങ്ങാൻ അനുവദിക്കാതെ ജീവിതത്തെയങ്ങനെ ഒതുക്കിക്കളഞ്ഞു... 

"നീ ഉറുമ്പുകളെ കണ്ടിട്ടില്ലേ? അപ്പൻ മരിച്ചുപോയ കുഞ്ഞുങ്ങളാണ് ഉറുമ്പുകളായി മാറുന്നത്... തന്നെക്കാൾ വലിയ ഭാരം ചുമന്നുകൊണ്ട് പോകുന്നത്... അവയ്ക്ക് കരിയിലതണുപ്പുകൾക്കടിയിലേ ജീവിക്കാനാകൂ" എന്ന് ആനിയമ്മച്ചി പറയുമ്പോളാണ് ഒരരിമണി വലിപ്പത്തേക്കാൾ ചെറിയൊരുറുമ്പ് അതിനേക്കാൾ വലിയൊരരിമണിയും താങ്ങിയുയർത്തിക്കൊണ്ട് അതുവഴി അരിച്ചുപോകുന്നത് കുഞ്ഞുജോസൂട്ടി കാണുന്നത്. അവനാ കുഞ്ഞുറുമ്പിനോട് സഹതാപവും അനുകമ്പയും തോന്നാതിരിക്കാനായില്ല. അമ്മച്ചി പറയുന്നത് നേരെങ്കിൽ പാവം, ഈ ഉറുമ്പും അപ്പൻ മരിച്ചുപോയ ഏതോ ഒരു കുഞ്ഞായിരിക്കും... മനുഷ്യരൂപം മടുത്തു മടുത്തൊടുവിൽ ഉറുമ്പായി മാറിയതായിരിക്കുമെന്ന് സങ്കടപ്പറച്ചിൽ പറഞ്ഞുകൊണ്ടവൻ വെറും നിലത്ത് കിടന്ന് ആ ഉറുമ്പിനെ ചെരിഞ്ഞു നോക്കുകയും, നേര്– അതിന്റെ മുഖത്ത് വിഷാദഭാവം തന്നെയെന്ന് കണ്ടെത്തുകയും ചെയ്തു. അന്നു മുതൽ ജോസൂട്ടി സ്വയമൊരുറുമ്പായി മാറുന്നതും കാത്തുകാത്തിരിക്കുകയാണ്... തന്നെക്കാൾ വലിയൊരീ ഭാരം ചുമന്ന് ചുമന്നൊടുവിൽ ജീവിതത്തിന്റെ ഏതെങ്കിലുമൊരു വഴിത്തിരിവിൽ പെട്ടെന്നൊരു ദിനം ഞാനും ഒരുറമ്പായി മാറുമെന്ന് അവനുറച്ചു വിശ്വസിച്ചിരുന്നു.. 

ആത്മഹത്യ ചെയ്ത, ആർക്കും വേണ്ടാത്ത, ദൈവത്തിനുപോലും വേണ്ടാത്തവരെയൊക്കെയാണ് തെമ്മാടിക്കുഴിയിൽ കുഴിച്ചുമൂടുക എന്ന് ബെന്നി പറയുമ്പോഴാണ് തന്റെ അപ്പനും ആത്മഹത്യ ചെയ്തതാണെന്ന് ജോസൂട്ടി തിരിച്ചറിയുന്നത്.. അപ്പനെയടക്കിയത് തെമ്മാടിക്കുഴിയിൽ ആയിരുന്നുവല്ലോ എന്നപ്പോഴാണ് അവന് വീണ്ടുവിചാരമുണ്ടായത്. അതുവരേയ്ക്കും അപ്പൻ വെറുതെയങ്ങനെ മരിച്ചുപോയതാകുമെന്നാണ് അവനുറപ്പിച്ചു വെച്ചിരുന്നത്... അപ്പൻ മരിച്ചുപോയതിനു ശേഷം ഇങ്ങനെ നിരവധി വിശ്വാസങ്ങളും ഉറപ്പുകളും തകർന്നു തരിപ്പണമാകുന്നത് ജോസൂട്ടിയും ആനിയമ്മച്ചിയും നിസ്സഹായരായി നോക്കി നിന്നിട്ടുണ്ടെന്നുള്ളത് സത്യം തന്നെയായിരുന്നു. എങ്കിലുമപ്പോൾ അപ്പന്റെ മരണത്തെ ചൊല്ലിയുള്ള വിശ്വാസവും ബെന്നിയങ്ങനെ തകർത്തു കളഞ്ഞതിൽ ജോസൂട്ടിക്ക് അതിയായ സങ്കടം തോന്നിയിരുന്നു... 

സങ്കടത്തോർച്ചക്കൊടുവിൽ വീട്ടിലേക്കോടി ചെന്ന  ജോസൂട്ടി കാണുന്നതും മറ്റൊരു വിശ്വാസ തകർച്ചയ്ക്കൊടുവിൽ കൈയിൽ കിട്ടിയ പെട്ടി വട്ടി സാമാനങ്ങളുമൊക്കെയായി വീട്ടുപടിക്കൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മച്ചിയെയായിരുന്നു... 'എന്ത്പറ്റിയ്യമ്മച്ചി' എന്ന അവന്റെയാശങ്ക ചോദ്യത്തിന്, 'നമുക്കിനിയീ വീടില്ല കൊച്ചേ, ഇവിടെയാരും ഇവിടെയൊന്നും നമ്മുടേതല്ല' എന്ന തേങ്ങലൊതുക്കിയ  അമ്മച്ചിചൊല്ലിനൊടുവിൽ അവിടെനിന്നും പെട്ടിയും ബാഗുമെല്ലാമെടുത്ത് തലയിൽ ചുമന്ന് നടക്കുമ്പോൾ മുതൽ ജോസൂട്ടി ഒരുറുമ്പായി മാറിത്തുടങ്ങുകയായിരുന്നു.. ജീവിതത്തിന്റെ പൊങ്ങാചുമട് അവന്റെ മുതുകിലിരുന്നപ്പോൾ ചാടി കളിക്കെടാ, ഓടി കളിക്കെടാ, ഭാരം ചുമക്കടാ ജോസൂട്ടി എന്നു ചൊല്ലി അവനെ ഉറുമ്പ് കളിപ്പിക്കാൻ തുടങ്ങുകയായിരുന്നു.. സാധാരണ ഫ്ലാഷ്ബാക്കുകളിൽ കാണാറുള്ളതുപോലെ, ജനിച്ച് അത്രയും നാൾ ജീവിച്ചുപോന്ന 'അപ്പൻവീട്ടിൽ' നിന്നിറക്കി വിട്ട എളേപ്പനോട് കണക്കു തീർക്കുമെന്നോ, പകരം വീട്ടുമെന്നോ, കാൽചുവട്ടിലിട്ട് നരകിപ്പിക്കുമെന്നോ എന്നൊന്നും ദൃഢപ്രതിജ്ഞയെടുക്കാനോ വെല്ലുവിളിക്കാനോ നിൽക്കാതെ ജോസൂട്ടി തനിക്ക് വീണുകിട്ടിയ ഉറുമ്പുജീവിതത്തോട് എളുപ്പം സമരസപ്പെടാൻ തീരുമാനിക്കുകയായിരുന്നു എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.. അവനാണെങ്കിൽ ഈ മനുഷ്യരൂപം മടുത്ത് ഉറുമ്പായി രൂപാന്തരം പ്രാപിക്കുന്നതും മോഹിച്ചു മോഹിച്ചുനടക്കുകയായിരുന്നില്ലേ? 

'അപ്പനെന്തിനാണ് അമ്മച്ചി, ആത്മഹത്യ ചെയ്തതെന്ന്' ജോസൂട്ടി ഒരിക്കൽപ്പോലും അന്വേഷിച്ചിരുന്നില്ല.. ചോദിച്ചിരുന്നുവെങ്കിലും അമ്മച്ചിയത് പറഞ്ഞുതരികയില്ലെന്നും അവനുറപ്പുണ്ടായിരുന്നു.. അവനെയറിയിക്കാതെ അമ്മച്ചി സദാകാത്തു സൂക്ഷിച്ചു പോന്നിരുന്ന  രഹസ്യങ്ങളുടെ താക്കോൽ കണ്ടുപിടിക്കാൻ ജോസൂട്ടി പലകുറി പരിശ്രമിച്ചു പരാജയപ്പെട്ടതാണ്.. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കെല്ലാം മറുപടിയന്വേഷിച്ചാണ് അവനാദ്യമായി അന്നൊരിക്കൽ തെമ്മാടിപ്പറമ്പിലേക്ക് ചെന്നത്.. സെമിത്തേരിക്ക് പിറകു വശത്ത് റോഡാണ്.. അതിനുമപ്പുറത്താണ് തെമ്മാടിക്കുഴി. മരിച്ചുപോയവർക്ക് ജീവിതമില്ലെന്ന് പറഞ്ഞത് ആരാണ്? സെമിത്തേരിയിലെ കല്ലറകൾക്കുള്ളിൽ കിടന്ന് അവർ ചിരിക്കുകയും കരയുകയും ദേഷ്യപ്പെടുകയും ജീവിച്ചിരിക്കുന്നവരെയോർത്ത് വ്യാകുലപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് പാലാട്ടന്നാമ്മച്ചി പറഞ്ഞു തന്നത് സെമിത്തേരി പറമ്പ് മുറിച്ചുകടക്കുമ്പോൾ ജോസൂട്ടിക്ക് ഓർമവന്നിരുന്നു.. ആഴ്ചയിലൊരിക്കൽ തോമാക്കുട്ടിച്ചായന്റെ കല്ലറക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ അച്ചായൻ അന്നാമ്മച്ചിയോട് സംസാരിക്കുകയും അന്നാമ്മച്ചി തിരിച്ചും അച്ചായനോട് കൊച്ചുവർത്തമാനം പറഞ്ഞിരിക്കുകയും ചെയ്യാറുണ്ടെന്ന് അന്നാമ്മച്ചി എത്രയോ തവണ ജോസൂട്ടിയോട് പറഞ്ഞിരിക്കുന്നു.. സെമിത്തേരി പറമ്പ് മുറിച്ചുകടക്കുമ്പോൾ കല്ലറകൾക്കുള്ളിൽ നിന്നും മരിച്ചുപോയ മനുഷ്യശബ്ദങ്ങൾ ഉയർന്ന്‌ മുഴങ്ങുന്നതായി അവന് തോന്നുകയും അതു വെറും തോന്നൽമാത്രമെന്നുറപ്പിച്ചുമാണ് ജോസൂട്ടി ധൈര്യം സംഭരിച്ചു തെമ്മാടിപ്പറമ്പിലേക്ക് കടക്കുകയും ചെയ്തത്.. 

സെമിത്തേരിയിലെ കല്ലറജീവിതങ്ങളിൽ നിന്ന് വിഭിന്നമാണ് തെമ്മാടിക്കുഴി ജീവിതങ്ങൾ... ഏകാന്തതയുടെ തടവറകളിൽ ശ്വാസംമുട്ടി പിടയുന്ന ആ അനാഥ ജീവിതങ്ങളെ കല്ലറജീവിതങ്ങൾ അവജ്ഞയോടെ മാത്രം നോക്കി കിടന്നു.. ഒപ്പീസ് കിട്ടി സുഖസുഷുപ്തിയിൽ കിടക്കുന്ന അവർക്കെങ്ങനെയാണ് തിരിഞ്ഞു നോക്കാൻ ആരുമില്ലാത്ത, പ്രാർഥനാനാദങ്ങളാൽ സ്പർശിക്കുകയെ ചെയ്തിട്ടില്ലാത്ത തെമ്മാടിക്കുഴി ജീവിതങ്ങളുടെ നോവും നൊമ്പരവും തിരിച്ചറിയാനാവുക.. ആരും കേൾക്കാനില്ലാത്തതു കൊണ്ട്, എവിടെയും ചെന്നെത്തിപ്പെടാതെ അവരുടെ വാക്കുകൾ മണ്ണിനടിയിൽ തന്നെ കിടന്ന് ദ്രവിച്ചുപോകുകയായിരുന്നു.. കേൾക്കാനാരുമില്ലാത്തതിനാൽ മിണ്ടാട്ടമില്ലാതെ തെമ്മാടിപ്പറമ്പിന്റെ ഒരു കോണിൽ കിടക്കുന്ന അപ്പനെ സങ്കൽപിക്കുമ്പോൾ ജോസൂട്ടിക്ക് കരച്ചിൽ വരുമായിരുന്നു... 

അപ്പനോട് സംസാരിക്കണമെന്ന് അവനുറപ്പിച്ചത് അങ്ങനെയൊരു സങ്കടത്തീർച്ചയുണ്ടായ ദിവസമായിരുന്നു.. അന്ന് തെമ്മാടിപ്പറമ്പിൽ ഒരിടത്ത്, അപ്പൻ കിടക്കുന്നതിനോട് ചേർന്നുള്ള നിത്യകല്ല്യാണി ചെടിയുടെ വേരിനടിയിലൂടെ മണ്ണിനടിയിലേക്ക് നൂണ്ടിറങ്ങുന്ന ഉറുമ്പിൻനിരയെ കണ്ടപ്പോഴാണ് ജോസൂട്ടി ഉറുമ്പ്ജീവിതം ആത്മാർഥമായി മോഹിച്ചുതുടങ്ങിയത്... ഉറുമ്പായി മാറിയാൽ മണ്ണിനടിയിലൂടെ അപ്പനടുത്തേക്ക് ചെന്നെത്താമെന്നും അപ്പനോട് മിണ്ടിയും പറഞ്ഞുമിരിക്കാമെന്നും അവൻ കരുതിയിരുന്നുവല്ലോ... ഈ ഉറുമ്പുകൾക്ക് എന്റെ അപ്പനെ കാണാൻ പറ്റുമല്ലോ എന്നൊരു ചിന്തയിൽ ജോസൂട്ടിക്ക് ആ നിമിഷം ഉറുമ്പിൻ നിരയോട് കലശലായ അസൂയതോന്നുകയും അവൻ അവരുടെ നീണ്ടവരിക്കിടെ ഒരു വിരൽവെച്ച് മാർഗ്ഗതടസ്സമുണ്ടാക്കുകയും നിരതെറ്റി അലഞ്ഞു തിരിയുന്ന ഉറുമ്പിൻ പറ്റത്തെക്കണ്ട് നിഗൂഢമായി സന്തോഷിക്കുകയും ചെയ്തു.. കൂട്ടത്തിൽ നിന്നൊരുറുമ്പ് മാത്രം അവന്റെ വിരലിൽ പറ്റുകയും അതിനെ ഞെരിച്ചു കളയാൻ ശ്രമിച്ച നിമിഷം, പാവം ആ ഉറുമ്പും അപ്പൻ മരിച്ചുപോയ ഏതോ ഒരു കുഞ്ഞായിരിക്കുമല്ലോ എന്ന ഓർമയിൽ അവനാ ക്രൂരകൃത്യത്തിൽ നിന്ന് പിന്മാറുകയും അതിനെ തിരിച്ച് നിത്യകല്യാണി ചെടിയുടെ വേരുകളിൽ തന്നെ കൊണ്ട് വെക്കുകയും ചെയ്തു... അതിനു ശേഷമായിരുന്നു ജീവിതത്തിൽ ജോസൂട്ടിക്ക് അറിഞ്ഞുകൊണ്ടൊരു ഉറുമ്പിനെപ്പോലും നോവിക്കുന്നത് ചിന്തിക്കാനേ കഴിയാതെ വന്നതും തെമ്മാടിപ്പറമ്പും നിത്യകല്യാണി ചെടിയും പിന്നെ ഉറുമ്പുകളും അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ മാറുകയും ചെയ്തത് !

പാലാട്ടന്നാമ്മച്ചി കനിഞ്ഞതു കൊണ്ട് മാത്രമായിരുന്നു ജോസൂട്ടിക്കും ആനിയമ്മച്ചിക്കും ഒരു വാടകവീട് ഒത്തുകിട്ടിയത്. ആ വീട് ഒത്തുകിട്ടിയതിന്റെ കടം അന്നാമ്മച്ചിക്ക് വീട്ടി തീർക്കാൻ ഇനിയും ബാക്കി നിൽക്കെ, അന്നാമ്മച്ചിയുടെ മുനയുള്ള വാക്ശരങ്ങൾക്കിടയിൽ നിന്നുകൊണ്ടാണ് പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നതിനെപറ്റി ആനി ചിന്തിച്ചു തുടങ്ങിയതും, അയൽവീടുകളിലും ഗ്രാമത്തിനപ്പുറത്തുള്ള വീടുകളിലും വീട്ടുപണിക്ക് പോകാൻ അവൾ തീരുമാനിച്ചതും. 

ജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും, നൊമ്പരങ്ങളും ഉറുമ്പിനെക്കാൾ ചെറിയ സന്തോഷങ്ങളും തെമ്മാടിക്കുഴിയിൽ ഉറങ്ങുന്ന അപ്പനോട് പങ്കുവെക്കുന്ന കൂട്ടത്തിൽ അമ്മച്ചി വീട്ടുവേലക്ക് പോകാൻ തീരുമാനിച്ച വിശേഷവും ജോസൂട്ടി പറഞ്ഞിരുന്നു.. അപ്പനതിന് മറുപടി പറയാതിരുന്നത് അപ്പന്റെ നിസ്സഹായതമൂലമായിരിക്കുമെന്ന് നിത്യകല്യാണി ചെടിയിലേക്കും നോക്കി  ജോസൂട്ടി ഒരു കുഞ്ഞു നെടുവീർപ്പോടെ ആശ്വാസത്തീർച്ച വരുത്തിയിരുന്നു.. അപ്പന്റെ മനസ്സാണ് ആ നിത്യകല്യാണി ചെടിയെന്നാണ് അവൻ കരുതിപ്പോന്നിരുന്നത്.. കേൾക്കാനാരുമില്ലാതെ മണ്ണിനടിയിൽ കിടന്ന് ദ്രവിച്ചു തുടങ്ങിയിരുന്ന അപ്പന്റെ വാക്കുകളാണ് അതിലെ വെളുത്ത പൂക്കളായി വിടരുന്നത്... 

ഉള്ളത് പറയാമല്ലോ, ജോസൂട്ടി തെമ്മാടിപ്പറമ്പിലെ നിത്യ സന്ദർശകനായതിനു ശേഷമാണ് നിത്യകല്ല്യാണി നിത്യവുമിങ്ങനെ വെളുത്തപൂക്കളുമായി നിൽക്കാൻ തുടങ്ങിയത്, അതൊരുതരം കാത്തു നിൽപ്പായിരുന്നു – മകനുവേണ്ടിയുള്ള അപ്പന്റെ കാത്തുനിൽപ്പ്..  ഞായറാഴ്ചകളിലെ വൈകുന്നേരങ്ങളിലും, സ്കൂൾ വിട്ടു വരുന്ന വൈകുന്നേരങ്ങളിലും ഒരു പിച്ചളമൊന്തയിൽ നിറയെ വെള്ളവുമായി ജോസൂട്ടി തെമ്മാടിപ്പറമ്പിൽ വന്നെത്തിയിരുന്നു.. 

അപ്പന് മാത്രമല്ല, അപ്പന്റെ കൂടെ തെമ്മാടിപ്പറമ്പിൽ അന്തിയുറങ്ങുന്ന അന്തേവാസികൾക്കൊക്കെ അവൻ പിച്ചളമൊന്തയിൽ നിന്ന് വെള്ളം പകർന്നു നൽകാൻ തുടങ്ങി.. പോകെപ്പോകെ, ഇറ്റലിയിൽ നിന്നു കൊണ്ടുവന്ന പൂന്തോട്ടപുല്ലുകൾ വിരിച്ച സെമിത്തേരി പറമ്പിനെ നാണംകെടുത്തുന്ന വിധത്തിൽ തെമ്മാടിപ്പറമ്പിൽ വസന്തം വിരിഞ്ഞു – പനിനീർചാമ്പയും കാട്ടുചെമ്പകവും കണ്ണാന്തളിയും കനകാമ്പരവും നന്ത്യാർവട്ടവും ഒരുമിച്ച് പൂത്ത് സെമിത്തേരിപ്പറമ്പിനെ നോക്കി തലയുയർത്തി നിന്നു – അതൊരു തരം അഭിമാനനിൽപ്പായിരുന്നു - ഞങ്ങൾക്കുമുണ്ടെടോ വേണ്ടപ്പെട്ടവരൊക്കെ, എത്തിനോക്കാനും മിണ്ടാനുമെന്ന് പറഞ്ഞുള്ള വെല്ലുവിളിനിൽപ്പ്... ആ നിൽപ്പും നോക്കി അപ്പനോട് മിണ്ടിയും പരിഭവം പറഞ്ഞും പിണങ്ങിയും ഇണങ്ങിയും ചിണുങ്ങിയുമൊക്കെ നേരം ഇരുട്ടിച്ച ജോസൂട്ടിയും ആ സത്യം അന്ന് പഠിച്ചെടുത്തു – ഈ കാണായ ലോകത്തെല്ലാം വിരിഞ്ഞു നിൽക്കുന്ന പൂക്കളൊക്കെ മരിച്ചു മണ്ണോടു ചേർന്നവരുടെ മൂടിപ്പോയ വാക്കുകളാണത്രെ...

അങ്ങനെയങ്ങ് ഇരുട്ടു വീണ്‌ കറുത്തുപോയ  ഒരു വൈകുന്നേരമാണ് അവനാ ചോദ്യം അപ്പനോട് ചോദിച്ചത് -'അപ്പനെന്തിനാണപ്പാ ആത്മഹത്യ ചെയ്ത് എന്നെയിങ്ങനെ ഇട്ടേച്ചും പോയത്? എന്തുത്തരമാണ് അപ്പൻ തരാൻ പോകുന്നത്? അപ്പനറിയാവോ – ചിലദിവസങ്ങളിൽ ഒരുനേരമാണ് അപ്പാ അടുപ്പ് പുകയുന്നത്.. വിശന്നു വിശന്നിപ്പൊ വിശപ്പ് എന്റേം അമ്മച്ചീടേം ജീവിതത്തിന്റെ ഒരു ഭാഗമായി... ഈ നാടായ നാടൊക്കെ പറയുന്നതെന്താണെന്ന് അപ്പനറിയുന്നുണ്ടോ – അമ്മച്ചിയുടെ നടപ്പ് ദോഷം സഹിക്കാൻ മേലാഞ്ഞിട്ടാണത്രെ അപ്പൻ ചത്തു കളഞ്ഞതെന്ന്, മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന്. ഞാനത് വിശ്വസിക്കത്തില്ല, എന്റെ ആനിയമ്മച്ചിയെ കർത്താവ് അവിശ്വസിച്ചാലും ഞാൻ അവിശ്വസിക്കത്തില്ല.. ഈ വാപോയ നാട്ടുകാരൊക്കെ പറയുന്ന മാതിരി ആയിരുന്നേൽ അമ്മച്ചിക്കിപ്പൊ എന്നേം ഇട്ടേച്ചു പോകാമായിരുന്നല്ലോ... എന്നിട്ട് പോയോ? ഇല്ല.. നടുവൊടിഞ്ഞും വല്ലവന്റേം എച്ചിലും വാരി, അടുക്കളപ്പുറങ്ങളിൽ നരകിക്കുന്നത് ആർക്ക് വേണ്ടിയാണെന്നാ? ആരെ പഠിപ്പിക്കാൻ വേണ്ടിയാണെന്നാ? ഇത് വല്ലതും ഇവറ്റകൾക്ക് അറിയാമോ.. അറിയാം.. എന്നാലും അറിയത്തില്ലാന്നങ്ങു നടിക്കുകയല്ലേ... ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ എന്താ ശേല്..  വല്ലവന്റേം ജീവിതത്തിലോട്ട് എത്തി നോക്കി ഇത്തിരി പൊടിച്ചേർത്ത കഥ മെനയാൻ എന്താ  സുഖം...

അപ്പനറിയാവോ അപ്പാ, ബെന്നിയൊഴിച്ചു ബാക്കി പിള്ളേരൊക്കെ സ്കൂളിലെന്നെ വിളിക്കുന്ന പേരെന്താണെന്നോ –ഇല്ല.. അത് ഞാൻ പറയത്തില്ല. ഒരു മകന് അപ്പനോട് പറയാൻ പറ്റുന്ന പേരല്ല അത്.. ഈ മണ്ണിനടിയിൽ കിടന്ന് അപ്പനത് അറിയുന്നുണ്ടെന്ന് എനിക്കുമറിയാം. നിന്ന നിൽപ്പിലങ്ങു ഭൂമിക്കടിയിലേക്ക് താണ് താണ് പോകാൻ തോന്നിയിട്ടുണ്ട് ആ പേര് വിളിച്ചു കേൾക്കുമ്പോഴൊക്കെ.. ഇപ്പൊ അപ്പൻ കരുതുന്നുണ്ടാകും, എനിക്കീ ലോകത്തെ മൊത്തം കടിച്ചു തിന്നാനുള്ള ദേഷ്യമുണ്ടെന്ന്... ഇല്ലപ്പാ.. കടിച്ചു തിന്നാനും ചുട്ടെരിക്കാനും ഞാനാരാണ്? ഈ ലോകമായ ലോകത്തിന്റെ വലിപ്പം വെച്ചു നോക്കുമ്പോ ഒരുറുമ്പിനോളം പോന്നൊരു ജീവി... പക്ഷേ, അപ്പൻ ഉറുമ്പുകളുടെ ജീവിതം കണ്ടിട്ടില്ലേ..? അരിച്ചരിച്ചു പോകുന്നതിനിടയിൽ ഒരു കാലടിയിൽ പെട്ട് ചതഞ്ഞങ്ങു പോകാവുന്നതേയുള്ളൂ.. എങ്കിലുമവർക്കീ ലോകത്തിന്റെ സത്യത്തിൽ വിശ്വാസമുണ്ട്.. എപ്പോ ഏത് നിമിഷം ചതഞ്ഞു പോകാമെങ്കിലും അവരീ മണ്ണായ മണ്ണെല്ലാം തിരഞ്ഞു നടക്കുകയാണ്.. നുള്ളിപ്പെറുക്കി ജീവിതം കെട്ടിപ്പൊക്കുകയാണ്.. അരിയും പയറും കൂട്ടി കൂട്ടി കൂമ്പാരമാക്കി വെച്ച് വരും കാലത്തെ കാത്തിരിക്കുകയാണ്... കാലത്തെ തന്നെ അവർ തോൽപ്പിക്കുകയാണ്.. നുള്ളിപ്പെറുക്കിയതെല്ലാം ഒന്നിച്ചുകൂട്ടി കൂമ്പാരമാക്കി ഒരുനാൾ ഞാനുമൊരു മാളിക പണിയും.. അവിടെയെന്റെ ആനിയമ്മച്ചിയെ മഹാറാണിയായി വാഴിക്കും.. അപ്പഴും ഈ നാട്ടുകാരൊക്കെ പല്ലികളെപ്പോലെ ഉത്തരത്തിലിരുന്ന് ചിലക്കുമായിരിക്കും.. എങ്കിലുമെന്റെ വീട് ഞാനെല്ലാ ജീവികൾക്കും തുറന്നു കൊടുക്കും.. ജനലുകളും വാതിലുകളും തുറന്നിട്ട്‌ അവർക്കൊക്കെ ആകാശത്തിന്റെയും ഭൂമിയുടെയും ഭംഗി കാണിച്ചു കൊടുക്കും.. എനിക്കിപ്പഴും ഈ ലോകത്തിന്റെ സത്യത്തിൽ വിശ്വാസമുണ്ടപ്പാ എന്നും പറഞ്ഞ് ഇറ്റുവീണ കണ്ണീർ തുടക്കുന്ന മകനെക്കണ്ട് തെമ്മാടിക്കുഴിയിൽ കിടന്ന് അപ്പൻ  കരയുന്നുണ്ടായിരുന്നു... ജോസൂട്ടി മാത്രമല്ല, അപ്പനില്ലാ ലോകത്ത് അമ്മച്ചിയേം ചേർത്തുപിടിച്ചൊരെ നിൽപ്പ് നിൽക്കുന്ന കൊച്ചുചെറുക്കന്റെ ആത്മബലം കണ്ടും അവന്റെ ചുടു കണ്ണീർ കണ്ടും തെമ്മാടിപ്പറമ്പിലെ അന്തേവാസികളൊക്കെ കരയുന്നുണ്ടായിരുന്നു.. ജോസൂട്ടിടെ അപ്പനും അപ്പന്റെ കൂട്ടുകാരും അവന്റെ കണ്ണീരിനുമുന്നിൽ അന്നൊരു ദൃഢനിശ്ചയമെടുത്തു 'ഇനിയൊരിക്കലും ഞങ്ങളാരും ആത്മഹത്യ ചെയ്യത്തില്ല.. ജീവിച്ചിരിക്കാൻ ഒരു കാരണവും ഇല്ലാതിരുന്നതു കൊണ്ടാണ് ഞങ്ങളൊക്കെ ആത്മഹത്യ ചെയ്തത്.. ഇനിയില്ല.. ഒരു അപ്പനില്ലാ കുഞ്ഞിനെക്കൂടി ഇരുണ്ടുതുടങ്ങുന്നയീ ലോകത്തിൽ തനിച്ചാക്കി ഞങ്ങളൊന്നും ഇനിയൊരിക്കലും ആത്മഹത്യ ചെയ്യത്തില്ല..'

അപ്പൻ മരിച്ചുപോയ കുഞ്ഞുങ്ങൾ ഇല്ലാതായാൽ പിന്നെയീ ലോകത്ത് ഉറുമ്പുകളെ കാണുകയേയില്ലല്ലോ? നിങ്ങളൊന്നു സൂക്ഷിച്ചു നോക്കിക്കേ, എത്രയെത്ര ഉറുമ്പുകളാണ് ചിലപ്പോൾ കൂട്ടമായും ചിലപ്പോൾ ഒറ്റക്കും നമുക്ക് ചുറ്റിലൂടെ അരിച്ചരിച്ചു നീങ്ങുന്നത്? അല്ലെങ്കിലും ഒരിക്കൽ മരിച്ചുപോയവരുടെ ദൃഢപ്രതിജ്ഞക്കെന്ത് വിലയാണുള്ളത്.. അതൊന്നും ഒരിക്കലും നിറവേറ്റപ്പെടുകയില്ലല്ലോ.. പിന്നെയും എത്രയോ അപ്പനില്ലാ കുഞ്ഞുങ്ങളാണ് ഭൂമിയിൽ തനിച്ചായത്.. എത്രയോ ഉറുമ്പുകളാണ് പിന്നെയും പിന്നെയും മണ്ണിനടിയിൽ നിന്നും പൊന്തി വന്നത് !.  

സങ്കടത്തോർച്ചക്കൊടുവിൽ, നിത്യകല്യാണിച്ചെടിയുടെ വേരിലൂടെ പുറത്തേക്ക് എത്തിനോക്കിയ 'ഒരപ്പനുറുമ്പിനെ ' വിരൽത്തുമ്പിനാൽ ഉള്ളം കൈയിലേക്കിട്ട് തെമ്മാടിപ്പറമ്പിൽ നിന്നും പുറത്തേക്ക് നടന്നു പോയ ജോസൂട്ടിയെ കണ്ട് അപ്പന്റെ കൂട്ടുകാരൊക്കെ തെമ്മാടിക്കുഴിയിൽ കിടന്ന് പറഞ്ഞു - 'താൻ വിഷമിക്കണ്ടടൊ.. അവന്റെ നെഞ്ചിൽ നിറച്ചും നന്മയുണ്ട്.. അവന്റെ നന്മക്ക് കർത്താവ് പ്രതിഫലം കൊടുക്കും.. അവൻ അവന്റമ്മച്ചിയെ മഹാറാണിയെ പോലെ വാഴിക്കും.. താൻ കരയാതെടോ '!

ആപറഞ്ഞത് സത്യമാണെന്ന്, ജോസൂട്ടിയുടെ നന്മയുടെ ആഴം സത്യമാണെന്ന് പിൽക്കാലത്ത് കാലം ജോസൂട്ടിയുടെ അപ്പന് കാണിച്ചുകൊടുക്കാൻ തുടങ്ങിയിരുന്നു.. പഠിക്കാൻ മിടുക്കനായിരുന്നു ജോസൂട്ടി.. പഠിത്തത്തിനിടയിലും പത്രമിടാൻ പോയും, ആഴ്ചയിലൊരിക്കൽ കവലയിലെ പലചരക്ക് കടയിൽ സഹായത്തിനു നിന്നും അവൻ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അമ്മച്ചിക്ക് ഒരു കൈത്താങ്ങാവാൻ മറന്നില്ല.. 'നീ ഇങ്ങനെ പണിയെടുക്കണ്ടെടാ കൊച്ചേ, പഠിക്കാൻ വിട്ട സമയത്ത് പഠിച്ചാൽ മതിയെന്ന് അമ്മച്ചി പറയുമ്പോൾ, ഞാൻ പഠിക്കുന്നുണ്ടല്ലോ അമ്മച്ചീ, പണത്തിന് പണം തന്നെ വേണ്ടായോ എന്നവൻ തിരിച്ചു ചോദിക്കാൻ തുടങ്ങി.. അവൻ അവന്റെ ഉറുമ്പ് ജീവിതത്തെ സ്നേഹിക്കുന്നതു കണ്ട് നാടായ നാട്ടിലെ നാട്ടുകാർക്കൊക്കെ അസൂയ മൂത്ത് പിന്നെയും പിന്നെയും പല്ലികളെപ്പോലെ ഉത്തരത്തിലും കവലയിലെ ആരും കാണാ മൂലകളിലുമിരുന്ന് ചിലക്കാൻ തുടങ്ങി.. ഇപ്പോഴും ആ ദിവസമോർക്കുമ്പോൾ ജോസൂട്ടിടെ അപ്പന് കരച്ചിൽ വരും.. ഈ കുഴിമാടത്തിൽ നിന്നൊന്ന് എഴുന്നേറ്റു ചെന്ന് ജോസൂട്ടിയെ വീഴ്ത്തിയ ആ കന്നാലിക്ക് രണ്ടു പൊട്ടിക്കണമെന്ന് അന്നയാൾക്ക് തോന്നിയിരുന്നു.. . എന്തുണ്ട് കാര്യം? ഇതൊക്കെ ആത്മഹത്യ ചെയ്യും മുൻപ് ഓർക്കണമായിരുന്നു... 

ജോസൂട്ടിക്ക് ഈ ഭൂമിയിൽ ആകെപ്പേടിയുണ്ടായിരുന്നത് എളേപ്പനെയായരുന്നു. പുറത്ത് വെച്ച് ഒറ്റക്ക് കാണുമ്പോഴെല്ലാം അയാൾ സൈക്കിൾ അവന് നേരെ ഓടിച്ചു അവനെയിടിക്കാൻ വരുന്നതായി ഭാവിക്കും. വീട്ടിൽ നിന്ന് തന്നെയും അമ്മച്ചിയേയും നിഷ്കരുണം ഇറക്കിവിട്ട അയാൾ ഒരുപക്ഷേ തന്നെ കൊല്ലാനും മടിക്കില്ലെന്ന് ജോസൂട്ടി അപ്പനോട് ഇടയ്ക്കിടെ ആശങ്ക പറയാറുണ്ടായിരുന്നു.. 

അന്നൊരു കർക്കിടകമഴപെയ്ത്തിൽ റേഷൻ കടയിൽ നിന്നും ഒരുകൂട് അരിയുമായി തിരിച്ചു വീട്ടിലേക്കു ഓടിവരികയായിരുന്ന ജോസൂട്ടിയെ എളേപ്പൻ സൈക്കിളിൽ പിന്തുടർന്നു.. അവനോട്ടത്തിനു വേഗം കൂട്ടി.. പിറകെ അയാളും.. ഓടിയോടി സെമിത്തേരിക്ക് മുൻവശത്ത് എത്തിയപ്പോഴാണ് കൂട് പൊട്ടി അരിമുഴുവൻ വെറും നിലത്ത് ചിതറി വീണത്.. മഴ നനഞ്ഞ റോട്ടിലെ ചെളിയിൽ മൂടിപ്പോയ അരിമണികളെ നോക്കി ജോസൂട്ടി കരഞ്ഞ കരച്ചിൽ, മഴതോർച്ചക്കൊടുവിൽ അരിമണികൾ ഓരോന്നായി പെറുക്കിയെടുക്കുമ്പോൾ അവന് ശരിക്കുമൊരുറുമ്പിൻ ഛായ വന്നിരുന്നുവോ... അവനെയും നോക്കി ക്രൂരമായി ചിരിച്ചു കൊണ്ടിരുന്ന അവന്റെ എളേപ്പനെ തല്ലാൻ കുഴിമാടത്തിൽ നിന്നും എഴുന്നേറ്റ് വരണമെന്ന് ജോസൂട്ടിടെ അപ്പൻ അന്ന് അതിയായി ആശിച്ചിരുന്നു.. 

പക്ഷേ അപ്പഴും തെമ്മാടിക്കുഴിയിൽ കിടന്ന് അപ്പന്റെ കൂട്ടുകാരയാളോട് പറയുന്നുണ്ടായിരുന്നു –ഇതു കൊണ്ടൊന്നും ജോസൂട്ടി തോൽക്കില്ലടോ.. അവന്റെ നന്മ കർത്താവ് കാണുന്നുണ്ടെന്ന്.. 

ദൈവത്തിന്റെ വികൃതികൾ ചില നേരങ്ങളിൽ ക്രൂരമാകുന്നത് ജോസൂട്ടിടെ അപ്പന് നിസ്സഹായനായി ഒരിക്കൽ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്.. ദൈവം, ദൈവത്തിന്റെ ഉള്ളം കൈയിലിട്ടാണ് ജോസൂട്ടിയെ ഉറുമ്പ് കളിപ്പിച്ചുക്കൊണ്ടിരുന്നത്. ഓരോ തവണ ഉള്ളം കൈയുടെ ബാഹ്യതലത്തിൽ നിന്നും അരിച്ചിറങ്ങാൻ നോക്കുമ്പോഴൊക്കെ ദൈവം അവനെ പിന്നെയും പൊക്കിയെടുത്ത് പഴയ സ്ഥാനത്തേക്കു തന്നെ കൊണ്ടു വന്നിട്ടു.. 

ആനിയമ്മച്ചി രക്തം ഛർദിച്ചു തളർന്നു വീണുവെന്ന വാർത്ത കേട്ടാണ് ജോസൂട്ടി ആശുപത്രിയിലേക്ക് ഓടി ചെല്ലുന്നത്.. അമ്മച്ചിക്കെന്തോ വലിയ രോഗമാണെന്ന് ഡോക്ടർ പറഞ്ഞതു കേട്ട് സഹായത്തിന് ആരെ വിളിക്കുമെന്നറിയാതെ കുഴഞ്ഞുപോയ ജോസൂട്ടിക്ക് പെട്ടെന്നാണ് പാലാട്ടന്നാമ്മച്ചിയുടെ മുഖമോർമ്മവന്നത്. ചികിത്സക്ക് പണം വേണമെന്നവൻ അവരുടെ കാലു പിടിച്ചു കരഞ്ഞപേക്ഷിച്ചു.. ആദ്യം തന്ന കാശ് പലിശയും മുതലുമടക്കം മടക്കി തരണമെന്ന് അന്നാമ്മച്ചി. അത് ഞാൻ തന്നു തീർത്തോളാമെന്ന ജോസൂട്ടി വാക്കിനെ 'നീയോ ചെർക്കാ' എന്ന് പുച്ഛിച്ചുകൊണ്ട് അന്നാമ്മച്ചി നിർദയം കതകടച്ചകത്തേക്ക് പോയി.. അന്നാണ് ജീവിതത്തിൽ അവനെപ്പോലൊരുറുമ്പിനെ കാൽചുവട്ടിലിട്ട് ഞെരിച്ചു കളയുന്നവരോട് ആദ്യമായവന് പകയുയരുന്നത്.. ആ പകത്തോന്നലിൽ ഹൃദയത്തിലെ നന്മകളുപേക്ഷിച്ച ജോസൂട്ടി ജീവിതത്തിലാദ്യമായും അവസാനമായും ഒരു കള്ളന്റെ വേഷമണിഞ്ഞു അന്ന്... ഒന്നു നോക്കണേ –അവന്റെ നന്മക്ക് ദൈവം കാത്തുവെച്ച പ്രതിഫലം... അന്നാമ്മച്ചിയുടെ മരയലമാരക്കുള്ളിൽ നിന്ന് പണം മോഷ്ടിച്ചു ഇരുട്ട് വീണ വഴിയേ ഓടിയ അവനെ നാട്ടുകാർ ചേർന്ന് പിടിച്ചു കെട്ടുകയായിരുന്നു. കൈയും കാലും കെട്ടിയിട്ട് തല്ലുന്നതിനിടയിലും ജോസൂട്ടി കരഞ്ഞു പറയുന്നുണ്ടായിരുന്നു എന്റെ അമ്മച്ചിയെ ചികിത്സിക്കാനാണെ.. എന്നെ തല്ലരുതേ എന്ന്.. ഒരുറുമ്പ് നിലവിളിച്ചാൽ ആര് കേൾക്കാനാണ്? തല്ലിനും ചവിട്ടിനുമൊടുവിൽ ക്ഷീണിച്ച്  ഓടിക്കൂടിയവരൊക്കെ പിന്തിരിഞ്ഞപ്പോൾ ജോസൂട്ടി പതുക്കെ പതുക്കെ ഇഴഞ്ഞിഴഞ്ഞ് തെമ്മാടിപ്പറമ്പിലേക്കാണ് പോയത്. അപ്പോൾ, കാലടികൾക്കിടയിൽ കിടന്ന് ചവിട്ടേറ്റ് ഞെരിഞ്ഞമർന്നു പോയ ഒരുറുമ്പിന്റെ ഛായയായിരുന്നു തന്റെ മകനെന്ന് തെമ്മാടിക്കുഴിയിൽ കിടന്ന് ജോസൂട്ടിടെ അപ്പന് തോന്നിപ്പോയിരുന്നു... അപ്പാ, എന്ന് വിളിച്ചവൻ മണ്ണിനോട് മുഖം ചേർത്തു കരഞ്ഞപ്പോൾ, സത്യം പറയാമല്ലോ ഹൃദയം പറിഞ്ഞുപോകുന്ന വേദനയായിരുന്നു ജോസൂട്ടിടെ അപ്പന് അനുഭവപ്പെട്ടത്.. കരഞ്ഞു കരഞ്ഞു കണ്ണീർ മുഴുവൻ ഒഴുക്കി കളഞ്ഞുകൊണ്ട് ജോസൂട്ടി പറഞ്ഞു - ഞാൻ ഇവിടുന്ന് പോവുകയാണ് അപ്പാ.. ..അമ്മച്ചിക്ക് ബോധം വരുമ്പോൾ അമ്മച്ചിടെ മകൻ കള്ളനായി എന്നറിയാൻ പാടില്ല... എന്ന്... 

അന്നേരമാണ് ജോസൂട്ടിടെ അപ്പന് ആത്മാർഥമായും ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നും തന്റെ മകനെയൊന്ന് ചേർത്തു പിടിക്കണമെന്നും തോന്നലുണ്ടായത്.. മരിച്ചുപോയവരുടെ നിസ്സഹായതയെക്കുറിച്ച് നിങ്ങളെപ്പോഴെങ്കിലും ഇതിനു മുൻപ് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇല്ല അല്ലേ.. നമ്മൾ എപ്പോഴും നമ്മുടെ സങ്കടകണക്കെടുപ്പുകൾ മാത്രമല്ലേ നടത്തിയിട്ടൊള്ളൂ.. ജീവിച്ചിരിക്കുന്നവരേക്കാൾ ദയനീയമാണ് മരിച്ചുപോയവരുടെ ജീവിതം ... 

അന്ന് നാടുവിട്ടുപോയ കള്ളൻ ജോസൂട്ടിയാണ് തന്റെ കാറിന്റെ പിൻ സീറ്റിലിരിക്കുന്നതെന്ന് വിശ്വസിക്കാൻ ബെന്നിക്ക്ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.. കറുത്ത കണ്ണാടക്കിടയിലൂടെ ജോസൂട്ടി ആരെയാണ് നോക്കുന്നതെന്നും ബെന്നിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.. കാറ് നാട്ടുവഴിയിലേക്ക് കയറിയപ്പോഴാണ് ജോസൂട്ടി കണ്ണടയൂരി പുറത്തേക്കു നോക്കിയത്.. അത്രയും നേരം കഴിഞ്ഞ കാലത്തെ പിറകോട്ടോടിച്ചുകൊണ്ടിരുന്ന ജോസൂട്ടിക്ക് പുറംകാഴ്ചകളെ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ...

നിങ്ങളിപ്പോൾ കരുതുന്നില്ലേ, ജോസൂട്ടിയുടെ ജീവിത കഥ ദുരന്തപര്യവസായിയായിരിക്കുമെന്ന്.. എങ്കിൽ നിങ്ങൾക്ക് തെറ്റി.. അന്ന് തെമ്മാടിപ്പറമ്പിലെ അന്തേവാസികളോടും അപ്പനോടും ജോസൂട്ടി പറഞ്ഞൊരു വാക്കുണ്ടായിരുന്നു – ഓർമയുണ്ടോ അത്– നുള്ളിപ്പെറുക്കി കൂട്ടി വെക്കുന്നതെല്ലാം ചേർത്ത് ഞാനൊരു വലിയ മാളികപണിയും. അവിടെ എന്റെ ആനിയമ്മച്ചിയെ മഹാറാണിയെപ്പോലെ വാഴിക്കും - എന്ന്. ജോസൂട്ടിക്ക് ഈ ലോകത്തിന്റെ സത്യത്തിൽ വിശ്വാസമുണ്ടായിരുന്നതു പോലെ ജോസൂട്ടിയെ അവന്റെ ആനിയമ്മച്ചിക്ക് കർത്താവിനേക്കാൾ വിശ്വാസമായിരുന്നു. അതു കൊണ്ടല്ലേ അവർ മകൻ ഒരിക്കൽ മടങ്ങിവരുമെന്നങ്ങനെ ഉറച്ചു വിശ്വസിച്ചു പോന്നത്.. 

ജോസൂട്ടി നാടുവിട്ടു പോയതോടെയും ആനി ദീനം വന്ന് കിടപ്പിലായതോടെയും നാട്ടിലെ പല്ലികളായ പല്ലികളൊക്കെയും തുറിച്ചുനോക്കലുകളും ചിലക്കലുകളുമുപേക്ഷിച്ച് മറ്റുത്തരങ്ങൾ തേടി പോയി.. കാലം മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ ആനിയെ അന്വേഷിച്ചുകൊണ്ട് മണിയോർഡറുകളും കുറിമാനങ്ങളും വന്നു തുടങ്ങി.. കിട്ടുന്നതെല്ലാം കൂട്ടി കൂട്ടി കൂമ്പാരമാക്കിവെച്ചുവെച്ചങ്ങനെ ജോസൂട്ടിയും ആനിയമ്മച്ചിയും അന്നാട്ടിലെ കോടീശ്വരന്മാരായി മാറിയപ്പോഴാണ് മറ്റുത്തരങ്ങൾ തേടിപ്പോയ പല്ലികൾക്ക് അക്കിടിപറ്റിയ തിരിച്ചറിവുണ്ടായത്.. ഇനി പറഞ്ഞിട്ടെന്ത് കാര്യം? സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞില്ലേ.. 

സെമിത്തേരിപ്പറമ്പിനു മുന്നിലെത്തിയപ്പോഴാണ് ജോസൂട്ടിയുടെ ശബ്ദം പുറത്തേക്ക് വന്നത്.. കാർ ഒരു വശം ചേർത്തൊതുക്കാൻ അവൻ ബെന്നിയോട് ആവശ്യപ്പെട്ടു.. കാലം മാറിയിട്ടും സെമിത്തേരിക്കോ അതിനുള്ളിലെ കല്ലറകളിലെ അനേകമനേകം മരിച്ചുപോയ ജീവിതങ്ങൾക്കോ ഒരു മാറ്റവുമില്ലായിരുന്നു.. സെമിത്തേരി പറമ്പ് മുറിച്ചു കടക്കുമ്പോൾ കല്ലറകൾക്കുള്ളിൽ നിന്നും അവൻ വീണ്ടും മരിച്ചുപോയ മനുഷ്യശബ്ദങ്ങൾ കേട്ടു.. പക്ഷേ നടന്നു നടന്നൊടുവിൽ റോഡിനു മറുവശത്തുള്ള പഴയ തെമ്മാടിപ്പറമ്പിൽ എത്തിയപ്പോൾ ജോസൂട്ടി അതിശയിച്ചു നിന്നു.. അവിടെയിപ്പോൾ അങ്ങനെയൊരു തെമ്മാടിപ്പറമ്പില്ല.. കാട്ടു ചെമ്പകവും പനിനീർ ചാമ്പയുമില്ല.. കനകാമ്പരവും നിത്യകല്യാണിയുമില്ല.. പകരം ആകാശം നോക്കി നിൽക്കുന്ന ഒറ്റത്തടിപോലൊരു കെട്ടിടം മാത്രം.. 

'ഈ സ്ഥലം പള്ളിക്കാര് വിറ്റു.. ഇവിടെപ്പോ ഫ്ലാറ്റിന്റെ പണി നടക്കാ' എന്ന് ബെന്നി പറഞ്ഞപ്പോൾ അവൻ മറുചോദ്യം ചോദിച്ചു. 

'അപ്പോൾ ആത്മഹത്യ ചെയ്യുന്നവരൊക്കെ'

'കാലം മാറീലെ ജോസൂട്ട്യേ.. ഇപ്പോ തെമ്മാടിക്കുഴീമില്ല ഒരു തേങ്ങേമില്ല.. ഒക്കെ, എല്ലാരും, ചത്തുപോണോരൊക്കെ ദാ ഇവിടെ തന്നെ.. ഈ സെമിത്തേരീല്.. അല്ലെങ്കിലും ചത്താ പിന്നെ എന്ത്‌ കല്ലറ, എന്ത്‌ തെമ്മാടിക്കുഴി.. മിണ്ടാണ്ട് പോയി മണ്ണിന്റെ അടീല് കെടക്കാൻ ഒരു സ്ഥലം പോരെ '... ബെന്നിക്ക് ചിരിവന്നു. 

പക്ഷേ, ജോസൂട്ടിക്ക് എങ്ങനെ ചിരിക്കാനാകും... അവന്റെയപ്പന്റെ ഒരംശം പോലും ഇന്നിപ്പോൾ ഈ ഭൂമിയിൽ ബാക്കിയില്ലല്ലോ. അപ്പൻ അലിഞ്ഞു ചേർന്ന മണ്ണുമില്ല.. അപ്പനില്ലാത്ത ജോസൂട്ടി ഇപ്പോഴാണ് ശരിക്കും അപ്പനില്ലാത്ത ജോസൂട്ടിയായത്.. വർഷങ്ങൾക്കു ശേഷം താൻ മടങ്ങി വന്നുവെന്നും പണ്ടൊരിക്കൽ പറഞ്ഞതു പോലെ താനൊരു മാളിക പണിതുവെന്നും അവിടെ ആനിയമ്മച്ചിയെ മഹാറാണിയായി വാഴിക്കാൻ പോവുകയാണെന്നും പറയാൻ അപ്പനെ തേടി വന്നപ്പോൾ തനിക്ക് അപ്പനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയല്ലോ എന്നോർത്ത് ജോസൂട്ടിക്ക് അപ്പൻ ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങളോടൊക്കെയും ആ നിമിഷം അസൂയ തോന്നിയിരുന്നു.. തൊട്ടടുത്ത നിമിഷം അവന്റെ കാൽവിരൽത്തുമ്പിൽ മുട്ടിയുരുമ്മി നിന്ന ഒരുറുമ്പിനെ കണ്ടവൻ അതിനെ വിരൽത്തുമ്പാൽ പൊക്കിയെടുത്ത് ഉള്ളം കൈയിലെടുത്തു.. അതിനെ ഞെരിച്ചു കളയാൻ തോന്നിയവന്.. പെട്ടെന്നാണ് നിരനിരയായി ഒരുറുമ്പിൻ കൂട്ടം റോഡിനൊരു വശത്തെ കരിയിലക്കൂട്ടങ്ങൾക്കിടയിലേക്ക് നൂണ്ടിറങ്ങുന്നത് കണ്ടവന് 

"നീ ഉറുമ്പുകളെ കണ്ടിട്ടില്ലേ?.. അപ്പൻ മരിച്ചുപോയ കുഞ്ഞുങ്ങളാണ് ഉറുമ്പുകളായി മാറുന്നത്.. തന്നെക്കാൾ വലിയ ഭാരം ചുമന്നുകൊണ്ട് പോകുന്നത്.. അവയ്ക്ക് കരിയിലതണുപ്പുകൾക്കടിയിലേ ജീവിക്കാനാകൂ " എന്ന് പണ്ട് അമ്മച്ചി പറഞ്ഞുതന്നതോർമ്മ വന്നത്.. 

ഉള്ളം കൈയിലെ ഉറുമ്പിനെ സ്വതന്ത്രമാക്കി വിട്ട് തനിക്കൊരുറുമ്പായി രൂപാന്തരം പ്രാപിക്കാൻ കഴിയാതെ പോയതിൽ ദുഃഖിച്ചു കൊണ്ടും അത് വഴി മണ്ണിനടിയിൽ കിടന്നിരുന്ന അപ്പനടുത്തേക്കെത്താൻ കഴിയാതിരുന്നതിന്റെ നഷ്ടബോധം കൊണ്ടും, ജോസൂട്ടി തിരിഞ്ഞു നടന്നു.. 

അറിയാതെയെങ്കിലും ഒരുറുമ്പിനെ, അപ്പനില്ലാ ലോകത്ത് തനിച്ചായിപ്പോയ, ഉറുമ്പായി മാറിയ അപ്പൻ മരിച്ചുപോയൊരു കുഞ്ഞിനെ  ഞെരിച്ചു കളയാൻ തോന്നിയ നിമിഷത്തെ അവൻ ശപിക്കുകയും അതേ സമയം അപ്പനെ കാണാൻ ആ കുഞ്ഞിന് ഭാഗ്യം കിട്ടിയല്ലോ എന്ന ചിന്തയിൽ നിന്ന്‌ വീണ്ടും ഉതിർത്തു വന്ന ഒരു ഉറുമ്പിനോളം പോന്നൊരസൂയത്തരിയുമായി ജോസൂട്ടി തിരിച്ചു കാറിൽ കയറി കറുത്ത കണ്ണടയും വെച്ച് പിൻസീറ്റിൽ ചാരികിടന്നു.. ബെന്നിയുടെ കാർ ജോസൂട്ടിയുടെ പുതിയ മാളികയും ലക്ഷ്യമാക്കി കടകട ശബ്ദത്തോടെ നീങ്ങുമ്പോൾ വർഷങ്ങൾക്കു ശേഷം മടങ്ങി വന്ന കോടീശ്വരനായ ജോസൂട്ടിയെ കാണാൻ റോഡിനു വശത്തേക്ക് നീങ്ങി നീങ്ങി നിന്ന നാട്ടുകാരെയൊന്നും ശ്രദ്ധിക്കാതെ ജോസൂട്ടി കണ്ണടച്ച് കിടന്നു.. സത്യം പറയട്ടെ അവനപ്പോൾ കരയുന്നുണ്ടായിരുന്നു.. അവന്റെ ജയം കാണാൻ, ഈ ലോകത്തിന്റെ സത്യത്തിലുണ്ടായിരുന്ന അവന്റെ വിശ്വാസം തകർന്നില്ലല്ലോ എന്ന് കാണിച്ചുകൊടുക്കാൻ  അപ്പനില്ലാണ്ടായല്ലോ എന്ന സങ്കടത്തോന്നലിൽ നിന്നുണ്ടായ കരച്ചിൽ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com