sections
MORE

'കൃഷ്ണ നീ കണ്ടിരുന്നോ? ' ചില അവധിക്കാല ഓർമകൾ

vishu
SHARE

ചുട്ടുപഴുത്ത മേടസൂര്യൻ ഉരുക്കിയൊഴിക്കുന്ന അത്യുഷ്ണത്തെ നേരിടാൻ വേണ്ടിയണിഞ്ഞ അയഞ്ഞ പരുത്തിയുടുപ്പിന്റെ പിൻവശത്തെ രണ്ടു ലെയ്‌സു നാടകളിൽ ചാക്കിന്റെ നൂലു കെട്ടി തീവണ്ടിയാക്കി തൊടിയാകെ കുട്ടിപ്പട പടയോട്ടം തുടങ്ങിയിരുന്നത് ഏപ്രിൽ ആദ്യത്തെ ആഴ്ചയിലായിരുന്നു. അങ്ങനെ  വേനലവധിയുടെ ഹൃദയത്തിൽ പൂത്തിരി കത്തിച്ചാണ് വിഷുക്കാലങ്ങൾ വിരുന്നു വന്നിരുന്നത്. തൊടിയിൽ നിന്നും പാടത്തേയ്ക്കിറങ്ങുന്ന വഴിയുടെ അരികിലായി ഉള്ള വലിയ കുളത്തിലെ വെള്ളം അടി തട്ടി തുടങ്ങുമ്പോൾ പരൽ കുട്ടികളൊക്കെ പതറി ഇടയ്ക്കിടെ മാനത്തേക്ക് ചാടാൻ ശ്രമിച്ചതും വിഷു കാലത്തു തന്നെ ആയിരുന്നു. കുളത്തിനടിയിലെ ചേറു വെള്ളം പാള തൊട്ടിയിൽ കോരിയെടുത്തു വെള്ളരി ചുവട്ടിൽ എത്തുമ്പോഴേക്കും പകുതിമുക്കാലും തൂവിപ്പോയിട്ടുണ്ടാവും. എന്നാലും സന്ധ്യക്ക് അസ്തമയ വെളിച്ചത്തിൽ നോക്കിയാൽ  ഇടയ്ക്ക് ചില വെള്ളരികളെങ്കിലും സ്വർണ്ണ നിറമായിട്ടുണ്ടാവും. എള്ളിട്ടു ചുട്ട ഉണ്ണിയപ്പങ്ങളെ നോക്കി ഒളി കണ്ണിട്ടത്, സാറ്റ് കളിച്ചു നടന്ന കുട്ടികൾ മാത്രമല്ല, മറിച്ച് വാഴ ഇലയിൽ സമതുലനം ചെയ്ത് ഇരുന്ന കാക്കകൾ കൂടെ ആയിരുന്നു. അവിയലിന്റെയും സാമ്പാറിന്റെയും മണം നാട്ടു വഴികളിൽ പടർന്ന വെളിച്ചെണ്ണ മണമുള്ള ദിവസങ്ങൾ എവിടേക്കാണ് ഓടി മറഞ്ഞത്. 

ഭഗ്നഹൃദയയായി മത്തങ്ങാകാശു കുടുക്ക തച്ചുടച്ചു തുട്ടുകളെടുത്ത് കമ്പിത്തിരി വാങ്ങിച്ചു കത്തിച്ചതും, ഓർക്കാപ്പുറത്ത് തീ പടർന്നു കത്തിയപ്പോൾ പേടിച്ചു വിറച്ചു കണ്ണുമടച്ചു എറിഞ്ഞ എരിയുന്ന കമ്പിത്തിരി  മുറ്റത്തിന്റെ അരികിൽ പാതി മയക്കത്തിൽ കിടന്ന റാണി പട്ടിയുടെ മേൽ വീണതും, അവളെന്നെ വീടിനു ചുറ്റും ഒരു പത്ത് റൗണ്ട് ഓടിച്ചതും, ഉസൈൻ ബോൾട്ടിന്റെ സ്പീഡിൽ ഓടി, സൈറണായി നെലോളിച്ച് പാതിരാത്രിക്ക് ഒരു ഗ്രാമം മുഴുവനും ഉണർത്തിയയതിന്റെ കിതപ്പ് ഇന്നും മാറാത്ത പോലെ. തൊടിയിലവിടവിടെ സ്വർണ്ണ നിറത്തിൽ നിറഞ്ഞ മാമ്പൂക്കൾക്കും, കണിയൊരുക്കി നിന്ന മാവുകൾക്കും, മനം നിറച്ച വരിക്കച്ചക്ക മണത്തിനുമിടയ്ക്ക് ചെമ്മണ്ണ് തൊടിയിലെ കൊന്ന ആരോടും പറയാതെ പതുക്കെയങ്ങ് മൊട്ടിട്ട് വിഷു ദിനമാകുമ്പോഴേക്കും പൂത്തുലയും. മുളങ്കൂട്ടത്തിനിടയിലൂടെ മലയിറങ്ങി വന്ന  ചെറിയ ഉഷ്ണകാറ്റ് വീശിയ നട്ടുച്ചയ്ക്ക് വെറും മണ്ണിലെ ഉണങ്ങിയ പുൽ മെത്തയിൽ കിടന്ന്, നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ കടും മഞ്ഞ പൂക്കൾ നോക്കിയപ്പോൾ പുസ്തകത്തിൽ വായിച്ച നീലക്കളറുള്ള കുഞ്ഞി കൃഷ്ണൻ മഞ്ഞ പട്ടുടുത്ത് മേഘക്കൂട്ടങ്ങളിൽ നൃത്തം ചവിട്ടയത് ആരെങ്കിലും കണ്ടിട്ടുണ്ടോ?

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA