sections
MORE

ദാരിദ്ര്യത്തിലും ഒറ്റയ്ക്ക് മക്കളെ വളർത്തി; എന്നിട്ടും ആ അമ്മ അനാഥാലയത്തിൽ...

working women
പ്രതീകാത്മകചിത്രം
SHARE

അമ്മിണി (കഥ)

ദുബായ് സമയം ആറര കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു... കുട്ടികളെ സ്കൂളിൽ വിടാൻ ഉള്ള തിരക്കിൽ ആണ് ദിനേശന് നാട്ടിലെ വൃദ്ധസദനത്തിൽ നിന്ന് കോൾ വന്നത്... രണ്ടു തവണയിൽ കൂടുതൽ ആയപ്പോൾ മുഷിഞ്ഞ മനസുമായി അയാൾ ഫോൺ എടുത്തു.

" ഹലോ ..."

" വേഗം പറയൂ.. തിരക്കിൽ ആണ് .."

" സമയം ഉണ്ടായാൽ ഒന്ന് ഇവിടെ വരെ വരണം ..."

" എന്താണ് കാര്യം ....?"

" അമ്മിണി അമ്മ മരിച്ചു ...."

" ഓ ..." ഇരുതലക്കലും നിശബ്ദത.

" എപ്പോൾ ആയിരുന്നു ...?"

" രാവിലെ ഭക്ഷണവും മരുന്നുമായി ചെന്നപ്പോൾ ആണ് കണ്ടത് .." ഏതൊരു വൃദ്ധ സദനത്തിലെയും പോലെ ഒരു സ്വാഭാവിക മരണം...

"ഞാൻ തിരിച്ചു വിളിക്കാം ...." 

അറിയിപ്പ് അവിടെ കഴിഞ്ഞു. അമ്മിണി മരിച്ചാൽ വേണ്ടത് ചെയ്‌തോളാൻ നേരത്തെ തന്നെ മക്കൾ പറഞ്ഞ് ഏൽപിച്ചതു കൊണ്ട് വിളിച്ചു പറയൽ ഒക്കെ ഒരു ഔപചാരികത മാത്രം. ആചാര പ്രകാരം അടക്കം ചെയ്യും

ഹിന്ദു ആണെങ്കിൽ ചിതാഭസ്മം അവർ കുറച്ചു കാലം സൂക്ഷിച്ചു വെയ്ക്കും... മക്കൾ ആരേലും വന്നാൽ നൽകും അല്ലേൽ മക്കളുടെ സ്ഥാനത്തു നിന്ന് ഏതേലും പുണ്യ തീർത്ഥത്തിൽ ഒഴുക്കും.

നാലു വർഷം മുൻപ് അറുപത്തി രണ്ടു വർഷം ജീവിച്ച മണ്ണിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അമ്മിണിക്ക് ഇനി ഒരു തിരിച്ചു വരവില്ല എന്ന് അറിയാമായിരുന്നു ...

എങ്കിലും...

അന്നമ്മയോടും മറ്റ് അയലത്തുകരോടും മകന്റെ ഒപ്പം ദുബായ്ക്ക് പോവുകയാണെന്നു മാത്രം പറഞ്ഞു... ദുബായ് യാത്ര തീർന്നത് പാഥേയം എന്ന വൃദ്ധസദനത്തിനു മുന്നിൽ ആയിരുന്നു എന്നു മാത്രം..

അമ്മിണി. നാട്ടിൽ കല്യാണമോ ഉത്സവമോ എന്ത് ഉണ്ടായാലും നാലു പേര് വഴിയിൽ കൂടിയാൽ പറയുന്ന പേര് ആണ് അമ്മിണി ...

"നല്ല സ്വയമ്പൻ സാധനം കിട്ടും" .. "സംഗതി വാറ്റ് ആണ് "... "വാറ്റു ചാരായം" .. ഒരു കണ്ടീഷനെ അമ്മിണിക്കുള്ളു. കാശു കൊടുത്തോണം. സാധനം വാങ്ങിക്കോണം... വിട്ടോണം... അവളുടെ പുരയിൽ ഇരുന്നോ പുരപ്പറമ്പിൽ നിന്നോ അടിക്കാൻ പറ്റില്ല എന്നു മാത്രം.

അമ്മിണിക്കു രണ്ടു മക്കൾ ആയിരുന്നു . ദിനേശനും ബിന്ദുവും. ബിന്ദു ചെറുപ്പത്തിലേ ഹൃദ്രോഗി ആണ്. ചെത്തുകാരൻ രാഘവൻ അമ്മിണിയെ കെട്ടി കൊണ്ടുവരുമ്പോൾ അമ്മിണിക്കു 14 വയസ്സേ ഉണ്ടായിരുന്നു... അന്നൊക്കെ അതായിരുന്നു നാട്ടുനടപ്പ്...

ഉള്ള പണി ചെയ്തു പോറ്റി വരുമ്പോൾ ആണ് ഇളയ കൊച്ചിന് ദീനം ആണെന്ന് അറിഞ്ഞത്. കുറെ കടം ഒക്കെ വാങ്ങി ചികിത്സ തുടങ്ങി. കാശു തികയാതെ വന്നപ്പോൾ ആണ് രാഘവൻ മരം മുറിക്കാനും പോയി തുടങ്ങിയത് ....

ഒരിക്കൽ മരം മുറിക്കുമ്പോൾ ലേശം മാറിപ്പോയി... അമ്മിണിയുടെ ജീവിതവും. ചില ജീവിതങ്ങൾ ദൈവത്തിനു തമാശ ആണ്... വിധിയുടെ ആ വിളയാട്ടത്തിൽ അങ്ങേരു രാഘവനെയും കൊണ്ട് പോയി. പട്ടിണി ദാരിദ്ര്യം മോളുടെ ചികിത്സ, കടം... ഏതേലും വീട്ടിൽ വേലക്കു പോയി പത്തു കാശു കിട്ടിയാൽ മക്കൾക്കു വയറു ഒഴിയാതെ കഴിയാം ..

പക്ഷേ ചികിത്സക്കും കടം വാങ്ങിയവരോടും എന്തു പറയും?

എന്തു ചെയ്‌തും ജീവിക്കണം ... ചെത്തുകാരൻ രാഘവന്റെ ഭാര്യ വാറ്റു തുടങ്ങി. നല്ലതോ ചീത്തയോ എന്ന് ചിന്തിക്കാൻ അമ്മിണിക്കു കഴിയുമായിരുന്നില്ല ... ആരോടും അഭിപ്രായം ചോദിച്ചതും ഇല്ല ...

മരം മുറിക്കുന്നതിന്റെ ദേഹവേദന മാറ്റാൻ രാഘവൻ ഉണ്ടാക്കിയ മരുന്നുകൂട്ട് ആണ് അമ്മിണിയുടെ പാചക കുറിപ്പ്. കൊച്ചിന്റെ ഓപ്പറേഷന്റെ പണം അഞ്ചു പൈസ കടം ഇല്ലാതെ അമ്മിണി നടത്തി... 

നിർത്താം... എന്നു തോന്നിയെങ്കിലും കഴിഞ്ഞില്ല...

ദിനേശനും ബിന്ദുവും പഠിക്കുന്നുണ്ടല്ലോ... മോൻ കള്ളു ചെത്തിയോ മരം മുറിച്ചോ കാലം കഴിക്കാതെ ഇരിക്കാൻ നല്ലോണം പഠിപ്പിക്കണം

അമ്മിണി എന്ന പേര് നാട്ടിൽ ഒരു ട്രേഡ് മാർക്ക് ആയതിനാൽ ഇനി വീട്ടുവേലയ്ക്കൊന്നും സാധ്യത ഇല്ലാതെ ആയി എന്നും പറയാം.

ദിനേശൻ... അമ്മ ചെയ്യുന്നതിനോട് അവനു യോജിക്കാൻ കഴിഞ്ഞോ എന്ന് അറിയില്ല... കാരണം അമ്മ മക്കളോട് സംസാരിക്കാറില്ലായിരുന്നു

സ്കൂൾ വിട്ടു വന്നാൽ കഴിക്കാൻ ഉള്ളത് വിളമ്പി തരും. അതിന്റെ ഇടയിൽ ആൾക്കാർ വരും. അമ്മ സാധനം കൊടുക്കാൻ ചായിപ്പിൽ പോകും 

സന്ധ്യ കഴിഞ്ഞാൽ പിന്നെ അമ്മിണിയുടെ എളിയിൽ ഒരു അരിവാൾ കൂടി ഉണ്ടാകും ... വാറ്റു ചാരായം വാങ്ങാൻ വന്ന ഒരുത്തനു ഒരു സംശയം. അമ്മിണി വാറ്റു മാത്രേ കൊടുക്കുകയുള്ളോ എന്ന് ...

സ്ഥിരം പറ്റുകാർക്ക് ഇല്ലാത്ത സംശയം അന്ന് അവളുടെ അരിവാൾ പുറത്തു എടുത്തപ്പോൾ തീർന്നു... പക്ഷേ പിറ്റേ ദിവസം സ്കൂൾ വിട്ടു വന്ന ദിനേശനും ബിന്ദുവും കണ്ടത് മുറ്റം നിറയെ പോലീസുകാരെ ആണ്... കുറച്ച് ഒഴിഞ്ഞ കന്നാസും ... പിള്ളേരെ രണ്ടുപേരെയും അന്ന് അന്നമ്മാമ്മ കൊണ്ടു പോയി. കരഞ്ഞു തളർന്ന രാത്രി ...

പിറ്റേന്ന് തന്നെ അമ്മിണിയെ ഏക്സൈസുകാർ വിട്ടു.

"നിന്റെ അമ്മയെ പോലീസ് പൊക്കിയെടാ.."

സ്കൂളിൽ കളിക്കുന്ന കൂട്ടത്തിൽ, തല കുനിഞ്ഞു മാത്രം റോഡിലൂടെ നടന്ന കാലങ്ങൾ. എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറ്റപ്പെട്ട ജീവിതം ...

പത്തു കഴിഞ്ഞപ്പോൾ തന്നെ ദൂരെ മാറി പഠിക്കണം എന്ന് ദിനേശൻ വാശിപിടിച്ചത് അതാകാം ...

അന്നു മുതലേ വീട്ടിലേക്കു ഉള്ള വരവ് വല്ലപ്പോഴും ആയി... ബിന്ദു പഠിച്ചതും വെളിയിൽ ആണ്. നഴ്സിംഗ് പഠിക്കാൻ നിർബന്ധിച്ചതും ദിനേശൻ തന്നെ... അപ്പോൾ വീട്ടിൽ സ്ഥിരമായി നിൽക്കേണ്ട കാര്യം ഇല്ലല്ലോ.

ഒരു രൂപ പോലും കടം എടുക്കാതെ മക്കളെ പഠിപ്പിക്കാൻ ഉള്ള കാശ് അമ്മിണി ഉണ്ടാക്കിയിരുന്നു. എങ്കിലും, കാശു കൊടുക്കുന്ന എടിഎം മെഷീൻ എന്നതിൽ ഉപരി ആർക്കു വേണ്ടി അമ്മിണി ജീവിക്കുന്നു എന്ന് എവിടെയോ അവർ മറന്നു പോയിരിക്കാം. അല്ലേൽ വാറ്റുകാരി അമ്മിണിയുടെ മക്കൾ എന്ന ലേബലിൽ നിന്ന് മാറാൻ ഉള്ള അവരുടെ ഓട്ടം ആയിരുന്നിരിക്കാം ...

പഠിച്ചു തീർന്നപ്പോളേക്കും ബിന്ദുവിന്റെ കല്യാണം നടത്തി ... അതിനുള്ളത് അമ്മിണി ഉണ്ടാക്കി വെച്ചിരുന്നു .. പക്ഷേ അവിടെയും അമ്മിണിയെ വിധി കളിയാക്കി. അവളുടെ സീനിയർ ആയി പഠിച്ച ചെക്കൻ... ദിനേശനോടാണ് അവൾ എല്ലാം പറഞ്ഞതുംത് .. അവരാണ് ഉറപ്പിച്ചതും. കല്യാണം നാട്ടിൽ നിന്ന് അകലെ ഗുരുവായൂരിൽ വെച്ച്. അതാകുമ്പോൾ ആരും ഒന്നും അറിയില്ലല്ലോ...

പിന്നീട് ഒറ്റയ്ക്കുള്ള ദിവസങ്ങൾ ... ദിനേശൻ കല്യാണം കഴിച്ചതൊന്നും അമ്മിണി അറിഞ്ഞില്ല. ഒരു ക്രിസ്ത്യാനിയെ മറ്റോ ആണ് കല്യാണം കഴിച്ചതെന്നും രണ്ടു കുട്ടികൾ ആയെന്നും ബിന്ദു ഇടയ്ക്കു വിളിച്ചപ്പോൾ പറഞ്ഞതാണ് ..

രണ്ടു പേരും ദുബായിൽ തന്നെ ....

വാറ്റുകാരിയുടെ മക്കൾ എന്ന ലേബലിൽ നിന്ന് എത്രത്തോളം അകന്നു കഴിയാമോ അത്രത്തോളം അകന്നു നിൽക്കാൻ അവർ ശ്രമിച്ചിരുന്നു.

ഒരിക്കൽ, ഒരിക്കൽ മാത്രം... നിനച്ചിരിക്കാതെ ദിനേശൻ എത്തി... നല്ല പ്രായത്തിൽ കണ്ണീരു വറ്റി പോയ കണ്ണുകൾ ഈറനണഞ്ഞോ?

" ദിനേശൻ അമ്മയെ കൂട്ടാൻ വന്നതാണോ ?" അന്നും ഇന്നും അമ്മിണിയുടെ കൂട്ടായ അന്നമ്മ ചോദിച്ചു

" അതെ ..."

" ദുബായിക്ക് ....?" മറുപടി ഒന്നും ഇല്ലായിരുന്നു എങ്കിലും അന്നമ്മാമ്മ അങ്ങനെ വിശ്വസിച്ചു.

അമ്മിണി ഒന്നും പറഞ്ഞില്ല ...

രാത്രിയിൽ മകൻ അമ്മയോട് സംസാരിച്ചു. തന്റെ കുട്ടികളുടെ കാര്യം... തങ്ങളുടെ കുട്ടികാക്കാലത്തെ കാര്യം ... വാറ്റുകാരിയുടെ മക്കൾ എന്ന വിളിപ്പേരിന്റെ കാര്യം ...

ദിനേശന് ദുബായിൽ ബാങ്കിൽ ജോലി ആണ് .. ഭാര്യ ബിന്ദുവിനെ പോലെ വലിയ ഒരു ആശുപത്രിയിൽ നേഴ്സും ...

അവർക്ക് അറിയില്ല അമ്മയുടെ, അല്ല ... കുടുംബത്തിന്റെ ചരിത്രം ...

"അത് അറിയിക്കുവാൻ എനിക്ക് താൽപര്യം ഇല്ല ... അച്ഛന്റെ അമ്മ ഒരു ചീത്ത തൊഴിൽ ചെയ്തു ജീവിച്ചവർ ആണ് എന്ന് എന്റെ മക്കൾ അറിയരുത് "

അമ്മിണി എല്ലാം കേട്ടു...

അമ്മക്ക് ഒരു കുറവും വരുത്താതെ നോക്കാൻ ഞങ്ങൾ രണ്ടുപേരും കൂടി തീരുമാനിച്ചതാണ് ... ബിന്ദു ഫോണിൽ വിളിച്ചു ...

ഞങ്ങളുടെ ജീവിതത്തെ കരുതി എങ്കിലും അമ്മ ഇത് സമ്മതിക്കണം എന്നു പറഞ്ഞു ...

" ഞങ്ങളുടെ ജീവിതം ..." അമ്മിണി ദീർഘമായി ഒന്ന് നിശ്വസിച്ചു ... രാവിലെ ദിനേശൻ വീടിനു പുറത്തു ഒരു ബോർഡ് തൂക്കി.

" വീടും പറമ്പും വിൽപനക്ക് " വാറ്റുകാരി എന്ന പേര് നിലനിൽക്കുന്ന ഒന്നും പേറാൻ അയാൾ ഒരുക്കം അല്ലായിരുന്നു ...

കൊണ്ട് ചെന്ന് ആക്കുന്നിടത്തു അമ്മക്ക് ഒരു കുഴപ്പവും വരില്ല .. ഒറ്റയ്ക്ക് ആക്കി എന്ന് ഞങ്ങൾക്ക് തോന്നാതെ ഇരിക്കുവാൻ കൂടി ആണ് ..

യാത്രക്ക് ഇടയിൽ ദിനേശൻ അമ്മിണിയോട് പറഞ്ഞു ..

പാഥേയത്തിലെ ഓരോ ആൾക്കാർക്കും ഇങ്ങനെ പറയാൻ കഥകൾ ബാക്കി വെച്ചവർ ആയിരുന്നു ... നാല് വർഷങ്ങൾ .. വാതിൽ പടിയിൽ നിന്ന് വഴിയിലേക്ക് നീളുന്ന ദയനീയമായ കണ്ണുകളിൽ നിന്ന് അമ്മിണി എന്നും മാറി ഇരുന്നു ...

വരില്ല എന്ന് അറിയുമെങ്കിലും വന്നിരുന്നു എങ്കിൽ എന്ന് ആ അമ്മ ഒരു പാട് ആഗ്രഹിച്ചിരുന്നോ? വരാൻ ആരും ഇല്ലാത്തതു കാരണം മരണാനന്തര ചടങ്ങുകൾ പാഥേയത്തിലെ ജീവനക്കാർ വേഗം നീക്കി ... ഹിന്ദു ആചാരപ്രകാരം ആണ് അമ്മിണിയുടെ ചിത ഒരുക്കിയത് ... തങ്ങളുടെ ഊഴം കാത്തു കിടക്കുന്നവരുടെ പ്രാർഥനകൾ യാത്രാമൊഴി ആയി ...

ചിത കത്തി അമർന്നപ്പോൾ കേട്ട വലിയ ശബ്ദത്തിനു അവിടെ നിന്ന കൃഷ്ണേട്ടൻ പറഞ്ഞു ... " ചങ്കു പൊട്ടിയ ശബ്ദം ആണ് എന്ന്"

എല്ലാം ഉള്ളിൽ ഒതുക്കിയ അത് ഇപ്പോൾ എങ്കിലും ഒന്ന് പൊട്ടി തെറിക്കട്ടെ....

വാറ്റുകാരി അമ്മണി എന്ന പേരിന്റെ ദോഷം ഇല്ലാതെ ...

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA