ADVERTISEMENT

മിറർ (കഥ)

സിവിൽ എഞ്ചിനീറിങ് കഴിഞ്ഞ് ഒരു പണിക്കും പോകാതെ പെങ്ങളുടെ കുട്ടികളുടെ കൂടെ ഡോറയും ബുജിയും കണ്ടു നടന്നപ്പോഴാണ് എന്റെ അയൽക്കാരനും പത്താംക്ലാസ് വരെ ഒന്നിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചെങ്കിലും പത്താംക്ലാസിൽ എട്ടുനിലയിൽ പൊട്ടി ഒരു പണിക്കും പോകാതെ വീടിനും നാടിനും നാട്ടുകാർക്കും ഉപകാരിയല്ലാത്തവനുമായ നമ്മുടെ ചങ്ക് ബ്രോ മുജീബ് എനിക്ക് പുതിയൊരു ജോലി ഓഫറുമായി വരുന്നത്.... ഇന്റർവ്യൂ എന്നുംപറഞ്ഞ് വീട്ടുകാരുടെ ക്യാഷ് കുറെ പൊടിച്ചു കളഞ്ഞ എനിക്ക് മുജീബിന്റെ ഈ ഓഫർ കേട്ടപ്പോൾ സ്വർഗം കിട്ടിയ വാശിയായിരുന്നു.... മുജീബ് പറഞ്ഞ ജോലി നമ്മുടെ പ്രൊഫഷന് പറ്റിയതല്ലെങ്കിലും രാവിലെ വിളിച്ചുണർത്തി ചായ തന്നിട്ട് “ഏതെങ്കിലും കോൾ സെന്ററിലെങ്കിലും ജോലിക്കുപോടെ” എന്ന് പുച്ഛത്തിന്റെ അതിഭയാനകമാം വേർഷനിടുന്ന അമ്മത്തമ്പുരാട്ടിക്ക് മുന്നിൽ അഭിമാനത്തോടെ നെഞ്ചുവിരിച്ചു നിൽക്കാനുള്ള അവസാന കച്ചി തുരുമ്പായി ഞാനിതിനെ കണ്ടു. അതുകൊണ്ടു വന്നുകയറിയ മഹാലക്ഷ്മിയെ പടി അടച്ച് പിണ്ഡം വെക്കാൻ മനസ്സനുവദിച്ചില്ല അതെങ്ങനാ പോകുന്ന സകലമാന ഇന്റർവ്യൂവിനും കുറഞ്ഞത് അഞ്ചുവർഷത്തെയെങ്കിലും എക്‌സ്‌പീരിയൻസെങ്കിലും വേണമെന്ന് വാശിപിടിച്ചാൽ പഠിച്ചിറങ്ങി ആറുമാസം പോലും കഴിയാത്ത ഞാനെവിടെ പോയി എക്സ്പീരിയൻസ് ഒപ്പിക്കാനാ..

എന്തായാലും ഓസ്‌ട്രേലിയ അമേരിക്ക ലണ്ടൻ എന്നീ പുണ്യപുരാതന സ്ഥലങ്ങളിൽ മാത്രമേ ജോലിക്കു പോകൂ എന്ന് തീരുമാനിച്ചുറപ്പിച്ച ഞാൻ മറ്റു യാതൊരു മാർഗ്ഗമില്ലാത്തതു കൊണ്ടും “ജോലിയൊന്നുമായില്ലേ മോനെ” എന്ന നാട്ടുകാരുടെ ആക്കിയുള്ള ചോദ്യത്തിൽ നിന്നും രക്ഷപ്പെടാനും വേണ്ടി വീട്ടിൽ വലിയ താൽപര്യമൊന്നുമില്ലാഞ്ഞിട്ടു പോലും മുജീബ് പറഞ്ഞിടത്തു പോകുവാൻ തീരുമാനിച്ചു. ഞാൻ മാത്രമല്ല അവനുമുണ്ട്... തിരുവനന്തപുരത്ത് അവന്റെ മാമ പുതിയതായി തുടങ്ങിയ അറുപത്തൊമ്പത്‌ രൂപ ചൈനീസ് സ്റ്റാളിലേക്കാണ് ഓഫർ. എന്റെ വിഷമം കണ്ടിട്ട് അവന്റെ പ്രത്യേക റിക്വസ്റ്റിൻ പ്രകാരമാണ് അവന്റെ മാമ എന്നെ സെലക്ട് ചെയ്തത്.

അങ്ങനെ കുറച്ചധികകാലം നിൽക്കാനുള്ള ലഗേജുമായി ഞാനും ചങ്കും അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് വെച്ചു പിടിച്ചു.. ഞങ്ങൾ രണ്ടാളും ജീവിതത്തിലാദ്യമായാണ് ഒരു ജോലിക്കു പോകുന്നത്… യാത്രയിൽ മുഴുവൻ മുജീബിന് മാമയുടെ ഗുണഗണങ്ങൾ മാത്രമേ വർണിക്കാനുണ്ടായിരുന്നുള്ളു മാമ തേങ്ങയാണ് മാങ്ങയാണ് ചക്കയാണ് എന്നൊക്കെ ഞാനതൊന്നും ശ്രദ്ധിക്കാനേ പോയില്ല. ഏറ്റെടുക്കാൻ പോകുന്ന പുതിയ ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള കണക്കുകൂട്ടലിലായിരുന്നു ഞാൻ

എന്തായാലും തമ്പാനൂരിൽ ബസിറങ്ങിയ ഞങ്ങളെ സ്വികരിക്കാൻ മാമ ആരതിയുമായി നിൽക്കുന്നുണ്ടായിരുന്നു സ്നേഹ സംവാദങ്ങൾക്ക് ശേഷം ഞങ്ങൾ നേരെ മാമയുടെ കടയിൽ പോയി... കട എന്നൊന്നും പറയാൻ പറ്റുകേല നാല് തൂണും കുറെ ടാർപ്പ ഷീറ്റും വാരി വലിച്ചു കെട്ടിയ അതിവിശാലമായ ഷോറും.... പക്ഷേ മൂന്നിലധികം സ്റ്റാഫുണ്ട്

ചെന്നയുടൻതന്നെ സെക്ഷൻ തിരിച്ച് ഞങ്ങൾക്കു ജോലി തന്നു അധികം എക്‌സ്‌പീരിയൻസ് ഇല്ലാത്തതു കൊണ്ട് വലുതായി ആള് വരാത്ത കണ്ണാടി ചീർപ്പ് അത്യാവശ്യം പ്ലാസ്റ്റിക് ഐറ്റം എന്നിവയുടെ സെക്ഷനിലാണ് എന്നെ കുഴിച്ചു മൂടിയത്... പക്ഷേ, പത്താംക്ലാസ് അത്യാവശ്യം നല്ല നിലയിൽ തന്നെ പൊട്ടിയ ചങ്കിന്റെ പൊസിഷൻ കണ്ടു ഞാൻ ഞെട്ടി മാനേജർ വെറും മാനേജറല്ല ഞങ്ങളെ എല്ലാം നിയന്ത്രിക്കാൻ അധികാരമുള്ള പഴയ കൊച്ചുമുതലാളി കറുത്തമ്മ സെറ്റപ്പ്  മാമയില്ലാത്തപ്പോൾ കടയുടെ മുഴുവൻ ചുമതലയും അവനാണ് ശമ്പളത്തിലും ആ വേരിയേഷൻ നല്ല രീതിയിൽ പ്രകടമായിരുന്നു. ഒരു എഞ്ചിനീയർ ആയിട്ടു കൂടി മാമ എന്നെ ശ്രദ്ധിക്കപോലും ചെയ്തില്ല ആദ്യത്തെ രണ്ടു ദിവസം വല്യ കുഴപ്പമില്ലാതെ പോയെങ്കിലും പിന്നീടുള്ള ഓരോ ദിവസവും കർത്താവ് കുരിശുചുമക്കുമ്പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ... മാമ ഏറെക്കുറെ എല്ലാ അടിമപ്പണികളും എനിക്ക് മാത്രമായി തന്നു കുപ്പീന്നു വന്ന ഭൂതം കണക്കെ തീരുമ്പോൾ തീരുമ്പോൾ പണി ചെയ്ത് ഞാനൊരു വഴിക്കായി അകത്തും പുറത്തുമായി രാവിലെ തുടങ്ങുന്ന തൂപ്പും തുടപ്പും വൈകുന്നേരമായാലും തീരില്ല അത്യാവശ്യം വെളുത്ത് ചുവന്നിരുന്ന ഞാൻ ഓരോ ദിവസം കഴിയും തോറും കറുത്ത് കാരിമാക്കാനേ പോലെയായി... തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ “പെറ്റ തള്ള കണ്ടാൽ സഹിക്കൂല” അതുപോലെയായി ഞാൻ.. ഈ പുല്ലു കളഞ്ഞിട്ടു പോയാലോന്ന് പലതവണ ഓർത്തെങ്കിലും വീട്ടിൽ നിന്നിറങ്ങിയ വാശിയും അതിനപ്പുറം കടയുടെ മുന്നിൽ കൂടി എന്നും പോകുന്ന യൂണിവേഴ്‌സിറ്റി കോളജിലെ പെങ്കൊച്ചുങ്ങളെയും ഓർത്തപ്പോൾ ഇട്ടെറിഞ്ഞു പോകാൻ മനസ്സുവന്നില്ല... പിന്നെ പിന്നെ ഈ അടിമപ്പണികൾ ജീവിതത്തിൽ നിന്നും ഒഴിച്ചു നിർത്താൻ പറ്റാത്ത അവസ്ഥയായി.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു ഞാൻ എന്നും നോക്കി നോക്കി എന്റെ വായിലെ വെള്ളം വറ്റിച്ച ഒരു യൂണിവേഴ്‌സിറ്റി സുന്ദരി ഒരു ദിവസം പതിവില്ലാതെ നമ്മുടെ കടയിലേക്ക് വന്നു... എന്റെ സെക്ഷനിലേക്ക് നടന്നുവരുന്ന അവളെ കണ്ട് എന്നേക്കാൾ മുന്നേ അവളെ നോക്കി വെള്ളമിറക്കിയ മുജീബ് വന്നെന്നോടപേക്ഷിച്ചു.. "പൊന്നളിയ അവളിങ്ങോട്ടാണ് വരുന്നത് എന്റെ ഹൃദയം തുറന്നു കാണിക്കാൻ പറ്റിയ അവസരമാണ് നീ അത് പാഴാക്കരുത് ഞാൻ തന്നെ ഇത് ഡീൽ ചെയ്തോളാം നീ ഒന്ന് അപ്പുറത്തോട്ട് മാറി നിൽക്ക്" ജോലി വാങ്ങി തന്ന ചങ്ക് ബ്രോ ആദ്യമായി പറഞ്ഞത് കേട്ടില്ലെന്നുവേണ്ട ഞാൻ കുറച്ചപ്പുറത്തേക്കു മാറി നിന്നു.. കാര്യമെന്തൊക്കെയാണേലും അരവിന്ദസ്വാമിയുടെ ഗ്ലാമറുള്ള അവന്റെ മുന്നിൽ നമ്മുടെ എഞ്ചിനീയറിംഗ് ഒന്നുമല്ല അത്രയ്ക്ക് ഗ്ലാമറാണവൻ അതിന്റെ കുറച്ച് അഹങ്കാരവുമുണ്ട്.

അവൾ വന്നിട്ട് എന്നെ ഒന്ന് നോക്കി. കൂടെ വേറെ രണ്ടുപെൺകുട്ടികളുമുണ്ട് മുജീബിനോടവൾ പറഞ്ഞു.

"ഒരു മിറർ വേണം അത്യാവശ്യം വലുതായിക്കോട്ടെ ഹോസ്റ്റലിൽ വെക്കാനാ"

ഗ്രാമാന്തരീക്ഷത്തിലെ പെൺകുട്ടികളോട് മാത്രം സംസാരിച്ച് പഴക്കമുള്ള മുജീബിന് സിറ്റി ലൈഫിലെ കോളജ് സുന്ദരി മിറർ എന്ന്‌ പറഞ്ഞപ്പോൾ ആകെയുള്ള കണ്ട്രോളും തെറ്റി…. നിന്ന് വിയർക്കാൻ തുടങ്ങിയ മുജീബ് പരിസരബോധമില്ലാതെ പറഞ്ഞു തുടങ്ങി "മിറർ അല്ലെ ഇപ്പം തരാം" മുജീബ് ഷെൽഫായ ഷെൽഫ് മുഴുവൻ നോക്കി എന്നതാ മിറർ. ഒരു രക്ഷയുമില്ല മിറർ മാത്രം അവൻ കണ്ടില്ല.

“ഇന്നലെ ഞാനിവിടെ രണ്ട്‌ മിറർ വെച്ചിരുന്നു ചിലപ്പോൾ സ്റ്റോക്ക് തീർന്നതാകും” മുജീബ് എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു.... പിന്നെയും നമ്മുടെ മുജീബ് തിരച്ചിലോടു തിരച്ചിൽ സത്യത്തിൽ അവൻ നിൽക്കുന്നിടം മുഴുവൻ കണ്ണാടികൾകൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കാരണം അത് മിറർ സെക്ഷനാണ്... ബോക്സിൽ അടുക്കി വെച്ചിരുന്ന മുഴുവൻ കണ്ണാടികളും താഴെ വാരി വലിച്ചിട്ട് മുജീബ് മിറർ തിരഞ്ഞുകൊണ്ടേയിരുന്നു ഒരിക്കലും നിലയ്ക്കാത്ത തിരച്ചിൽ.. പെൺകുട്ടികളെല്ലാം ഇവന്റെ വെപ്രാളം കണ്ട് അടക്കി ചിരിക്കുകയാണ് അവർ ഇടയ്ക്ക് എന്നെ നോക്കും എന്നിട്ട് വീണ്ടും ചിരിക്കും അവസാനം തിരഞ്ഞുതിരഞ്ഞ് ഒരു പരുവമായി നമ്മുടെ ചങ്ക് ബ്രോ അവന്റെ മുന്നിലെ നെഞ്ചോളം പൊക്കത്തിൽ അടുക്കി വെച്ചിരുന്ന കണ്ണാടി ബോക്‌സുകളിൽ കൈ കുത്തി താടിക്കു കൈയും കൊടുത്ത് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.

“മിററിന്റെ സ്റ്റോക്ക് തീർന്നിരിക്കുകയാണ് തമിഴ് നാട്ടിൽ നിന്ന് സാധനം വന്നുകൊണ്ടിരിക്കുവാ രണ്ടുദിവസം കഴിഞ്ഞു തന്നേക്കാം"

ചിരിയടക്കി അവന്റെ മുന്നിൽ കുന്നോളം തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിലേക്ക് ചൂണ്ടി അവൾ പറഞ്ഞു "എനിക്കൊരു കണ്ണാടി വേണം"

"അതിനെന്താ തരാമല്ലോ ഈ ഇരിക്കുന്നതെല്ലാം കണ്ണാടികളാണ് ഏതു ടൈപ്പാണ് വേണ്ടത്" മുജീബ് പലതരത്തിലുള്ള കണ്ണാടികൾ അവൾക്കു മുന്നിൽ നിരത്തി.... അവളാഗ്രഹിച്ചതു പോലെ അത്യാവശ്യം വലിയ മിറർ തന്നെ അവൾ വാങ്ങി.... പക്ഷേ അവൾപോയി കഴിഞ്ഞും നമ്മുടെ ചങ്ക് തിരച്ചിലിലായിരുന്നു രണ്ടു ദിവസം കഴിഞ്ഞ് അവൾക്കു കൊടുക്കുവാനുള്ള അവനുമാത്രമറിയാവുന്ന മിററിനായുള്ള തിരച്ചിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com