ADVERTISEMENT

ഉറക്കക്കുറിപ്പ് (കഥ)

ഒരു വീടിന്റെ മുകളിലെ നിലയിൽ ഇപ്പോൾ ഞാൻ മാത്രം ആണ് താമസം. നാലു മുറികൾ, രണ്ടു കക്കൂസുകൾ, ഉള്ളിൽ ഒരു ചെറിയ വരാന്ത, പുറത്ത് ഇറങ്ങിയാൽ ഒരു വലിയ ടെറസ്, അവിടേക്ക് ഒരു വലിയ മാവ് ചാഞ്ഞു നിൽക്കുന്നു. നിറയെ മാങ്ങകൾ ഉള്ള ഒരു മാവ്. കയ്യെത്തിയാൽ അവ പറിക്കാം. താഴെ ആരോ ഒരു കുടുംബം ഉണ്ട്, ഇടയ്ക്കിടെ പുറത്തു കാണുന്ന ഒരു സുന്ദരി, ഒരു കൊച്ചു കുട്ടി, പ്രായം ആയ ഒരു സ്ത്രീ. അവരുടെ ശബ്ദം മാത്രമാണ് അവർ അവിടെ ഉണ്ടെന്നുള്ളതിന് തെളിവ്. ഇടയ്ക്കിടെ വന്നുപോകുന്ന ഒരു ചെറുപ്പക്കാരൻ. നേരത്തെ താമസിച്ച വീട്ടിൽ വലിയ ഏകാന്തത തോന്നിയതു കൊണ്ടാണ് മറ്റൊരു സ്ഥലം നോക്കിയത്. എന്നാൽ ഇവിടെ... മറ്റുള്ളവർ ആരൊക്കെയോ ഈ നിലയുടെ മറ്റു മുറികളിൽ താമസം ആക്കാൻ ഉടൻ തന്നെ വരും എന്നാണ് വീട്ടുടമസ്ഥൻ പറയുന്നത്, അയാളത് പറയാൻ തുടങ്ങിയിട്ട് ഒരു മാസം കഴിയാറായി. ഞാൻ ഇവിടെ ഈ ഒഴിഞ്ഞ മുറികളിൽ ഒരു കോണിൽ തനിയെ....

നേരത്തെ എപ്പഴോ വായിക്കാൻ കയ്യിൽ കരുതിയ പുസ്തകം ആണ് ഡോ. ബി. ഉമാദത്തന്റെ "ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ" എന്ന പുസ്തകം. മറ്റ് എന്തൊക്കെയോ വായിക്കാൻ ശ്രമിച്ചു, നടക്കുന്നില്ല. ചില നോവലുകൾ, കഥകൾ... ഒന്നും വായിക്കാൻ കഴിയുന്നില്ല. സിനിമ കാണാൻ ശ്രമിച്ചു അതിനും കഴിയുന്നില്ല. രാത്രി ഉറങ്ങാൻ കഴിയുന്നില്ല. പകൽ ഉറക്കം വരാതെ കൊടും ചൂടത്ത് മയങ്ങി കിടക്കുന്നു, അത്ര തന്നെ. ഒരു ഇന്റർവ്യൂനാണ് കണ്ടുമുട്ടി അവളുമായി അടുക്കുന്നത്, മെസ്സേജുകൾ അയച്ചു തുടങ്ങുന്ന സമയം ഒരു പ്രത്യേക സൗഹൃദം എന്നു പറയാവുന്ന അവസ്ഥ. പക്ഷേ ഇപ്പൊൾ അതും ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഒന്നിനും കഴിയാത്ത അവസ്ഥ.

ചില നീല ചിത്രങ്ങൾ കാണാൻ ശ്രമിച്ചു അതും വയ്യ. മടുപ്പ്, വിരക്തി, കഴിവില്ലായ്മ എന്തൊക്കെയോ... ഒടുവിൽ എങ്ങനെയോ ഈ പുസ്തകം വീണ്ടും കയ്യിലേക്ക് എത്തി. പുസ്തകം പിടിക്കുന്നത് ഞാൻ ആണോ എന്ന് സംശയം തോന്നുന്ന വിധം അത് എന്റെ കൈകളിൽ മുറുകി പിടിച്ചു. ആത്മഹത്യയും, കൊലപാതകവും നിറഞ്ഞ ഒരു പുസ്തകം. ഫാനിന്റെ ശബ്ദം എപ്പഴോ നിശബ്ദമായിരുന്നു, വായനയുടെ ഇടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ട്രെയിൻ ശബ്ദം, ചിലപ്പോൾ അവ വേഗം കുറഞ്ഞ് പതിയെ നിലയ്ക്കുന്നു, ചിലപ്പോൾ അത് വേഗം കൂടി നിലയ്ക്കുന്നു. ഒരുപക്ഷേ ട്രെയിൻ പാളത്തിന്റെ അടുത്ത് അധികകാലം താമസിക്കാത്തതു കൊണ്ടാണോ...

ഈ സംഭവങ്ങളിൽ പലതും നടക്കുന്നത് തിരുവനന്തപുരത്തു തന്നെയാണ്, ഏതാണ്ട് നാൽപതു വർഷം മുൻപ് നടന്ന മരണങ്ങൾ. അവ എന്റെ മുന്നിൽ വീണ്ടും വരയ്ക്കപ്പെടുന്നു. ഇതൊന്നും കെട്ടുകഥകൾ അല്ല. എല്ലാം യാഥാർഥ്യങ്ങൾ. അവ യുക്തിയുടെ പിന്തുണയോടെ വ്യാഖ്യാനിച്ച അനുഭവങ്ങൾ ആണ് ഈ പുസ്തകം മുഴുവനും. ഒരു പക്ഷേ അവയിൽ ഏതെങ്കിലും ഈ പരിസരത്ത് നടന്നിട്ടുണ്ടാകും... ഓർമകൾ എവിടെയൊക്കെയോ പോകുന്നു. കഴിഞ്ഞ കാലങ്ങളിൽ, ഞാൻ ജനിക്കുന്നതിനും മുൻപ് സഞ്ചരിക്കാൻ എനിക്കു കഴിയുമോ. നീല നിറമുള്ള ചുവരുകൾ, തറയിൽ യാഥാർഥ ചിത്രം മറച്ച് ഒരു പുതിയ ഷീറ്റ് ഒട്ടിച്ചിരിക്കുന്നു. ഈ ചുവരുകൾ മരണത്തിന്റെ കഥ അറിയാവുന്നവർ ആണോ... 

ഭിത്തിയിൽ ഒരിടത്ത് രണ്ടു കറുത്ത പൊട്ടുകൾ ഒട്ടിച്ചു വച്ചിരിക്കുന്നു. എങ്ങനെയൊക്കെ അത് ഇവിടെ വരാം എന്ന ആലോചന തന്നെ തൊഴിൽ നഷ്ടപ്പെട്ട് ഒറ്റക്ക് ഇരിക്കുന്ന എന്റെ കുറെ സമയം തള്ളി നീക്കി. ഒരു പക്ഷേ ഈ വീട്ടിൽ ഇതിനു മുൻപ് ഒരു ചെറിയ കുടുംബം താമസിച്ചിരുന്നിരിക്കണം. ഒരു പെൺകുട്ടി ഉൾപ്പെടുന്ന കുടുംബം. ചെറിയ മുഖം ഉള്ളവൾ. ഇരുണ്ട നിറം, യൗവന തീഷ്ണമായ, ആരെയോ കാത്തിരിക്കുന്ന ശരീരം ഉള്ളവൾ. നീണ്ട മുടി ഉള്ളവൾ. അവളുടെ പുരികത്തിന്റെ ഇടയിൽ ആകും ഈ പൊട്ട് അതിന്റെ കർമ്മം നിറവേറ്റിയത്.

അല്ലെങ്കിൽ ഒരു വീട്ടിലേക്ക് പുതുതായി കല്ല്യാണം കഴിച്ചു വന്ന ഒരു പെൺകുട്ടി, അവളുടെ ഈശ്വരന്റെ ചിത്രത്തിനു താഴെ സ്ഥാപിച്ച കണ്ണാടിയുടെയും താഴെ അവള് ആ പൊട്ടുകൾ വച്ചിരിക്കും. അല്ലെങ്കിൽ ആർക്കും വന്ന് അന്തിയുറങ്ങാവുന്ന ഒരു വേശ്യാലയം ആയിരുന്നിരിക്കണം, അവിടെ എപ്പോഴോ വന്നുപോയ ഒരു പെൺകൊടി അവളുടെ ഒപ്പം വന്ന കാമുകന്റെ മേൽ പറ്റി അവരുടെ ബന്ധം പുറംലോകം അറിയാതിരിക്കാൻ ഒഴിവാക്കിയത് ആകും ഈ പാവം പൊട്ടിനെ. അതുമല്ലെങ്കിൽ ഒരു സ്ത്രീ മനസ്സുള്ള പുരുഷ ശരീരം പേറുന്ന മനുഷ്യന്റെ ഒളിച്ചുള്ള ആനന്ദം. 

എന്തായാലും ആ പൊട്ടുകൾ എന്നെ നോക്കി ദുരൂഹമായ എന്തോ പറഞ്ഞു കൊണ്ട് അവിടെ തന്നെ ഉണ്ട്. അവ എടുത്തു മാറ്റാൻ എനിക്കു കഴിഞ്ഞില്ല. എനിക്കു മുൻപേ ഇവിടെ ഉണ്ടായിരുന്ന ജീവന്റെ അടയാളം അല്ലേ... എന്റെ കൂട്ട്... പണ്ടെങ്ങോ ആത്മഹത്യ ചെയ്ത ആത്മാക്കൾ തിരിച്ചു വരുമെന്നും, അവർക്ക് കിട്ടാത്ത ന്യായം നടത്താൻ എന്നെ ഉപയോഗിക്കാൻ ഇടയുണ്ടെന്നും ഉള്ള ചിന്തയിൽ ഞാൻ ഉറങ്ങാൻ ശ്രമിച്ചു. അങ്ങനെ എങ്കിലും അർഥം തേടാൻ. ഉറക്കം വന്നില്ല. എന്നെ അവർ വിളിക്കുന്നു. എന്നോ മരിച്ച, കൊല്ലപ്പെട്ട കാമുകിമാർ. അവരുടെ കാമുകൻ ആകാൻ. ഈ ലോകത്തിന്റെ ഭാരം കുറയ്ക്കാൻ, കോടാനുകോടി അണുവിന് ശരീരം കൊണ്ട് സദ്യ ഒരുക്കാൻ. ലയനം പൂർത്തിയാക്കാൻ എന്നോട് പറയുന്നു. അടുത്ത ട്രെയിനിന്റെ ഒച്ച കേട്ടു തുടങ്ങി, വേഗത കൂടി കൂടി ദൂരേക്ക്....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com