sections
MORE

തമ്മിൽ പിരിയാം, പക്ഷേ മറക്കാനാകുമോ ഒരിക്കൽ ഒന്നിച്ചു ജീവിച്ചവർക്ക്?

Airport
SHARE

തിരികെയാത്ര (കഥ)

വിമാനത്തിൽ ടിക്കറ്റില്ലാതെ യാത്രചെയ്യാൻ പറ്റുമോ? എല്ലാവർക്കും പറ്റില്ല പക്ഷേ ചില നാടോടിപ്പക്ഷികളുണ്ട് എഞ്ചിന്റെ ഉള്ളിലേക്ക് പറന്നങ്ങു കയറും. പിന്നെ ഏറ്റവും അടുത്ത വിമാനത്താവളത്തിലിറക്കി കേടുപാടുകളൊന്നും ഇല്ലാന്ന് ഉറപ്പു വരുത്തിയേ യാത്ര തുടരാനാവൂ.. അതുകൊണ്ടുമാത്രം മറ്റൊരു സിറ്റിയിൽനിന്നും സമയംതെറ്റി വന്ന ഒരു വിമാനം. സന്ദേശം ഫോണിൽ കിട്ടിയിട്ടും ശരിക്കുള്ള സമയം നോക്കി നേരത്തെ തന്നെ എയർപോർട്ടിലെത്തി. ഹോട്ടൽ മുറിയിലെ ചുമരുകൾക്കുള്ളിൽ വീർപ്പുമുട്ടൽ അധികമായതു പോലെ. സെക്യൂരിറ്റി ചെക്കിന് കാലുകളകത്തി കൈകളുയർത്തി നിരുപാധികം കീഴടങ്ങി. ദേഹത്ത് അപകടങ്ങൾ ഒളിപ്പിച്ചിട്ടില്ല എന്നവരെ ബോധ്യപ്പെടുത്തി. വിമാനം വരുന്ന ഗേറ്റിലെത്തി ഒഴിഞ്ഞൊരു മൂലയിലെ കസേരയിൽ പോയിരുന്നു. 

മുന്നിൽ, മുകളിൽ നിന്നും താഴെവരെ ഗ്ലാസ് പാളിയിട്ട വലിയ വാതായനത്തിലൂടെ പുറത്തു ചെറുതും വലുതുമായ വിമാനക്കിളികൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നത് അലസമായി നോക്കിയിരുന്നു. ഒരഞ്ചു മിനിറ്റ് കഴിഞ്ഞു കാണും, പോക്കറ്റിൽ ഫോൺ വിറച്ചു.

"എവിടെയായി ..?"

"എയർ പോർട്ടിലാ, റേഞ്ച് ഉണ്ടാവില്ല.. പിന്നെ വിളിക്കാം" ഒറ്റയടിക്ക് മറുപടി കൊടുത്തു. പ്രിയയായിരുന്നു. അവളോടിപ്പോ സംസാരിച്ചാൽ ശരിയാവില്ല. ആകെ മൂഡോഫ് ആണ്. ഫോൺ തിരികെ പോക്കറ്റിലിട്ടു.

ഞാനോർത്തു... പലതും മായ്ച്ചു കളയാനൊക്കില്ല. നിമിത്തങ്ങളെന്നോണം ചിലതുണ്ടാവും. അത് നമ്മെ മറക്കാൻ പാടില്ലാത്തതിലേക്കു തിരികെ നടത്തിക്കും. പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരാഴ്ചത്തെ ഒദ്യോഗിക സന്ദർശനം എന്ന പേരിൽ ഇവിടെ വീണ്ടുമെത്തിയത് പിന്നെന്തുകൊണ്ടാണ്? താൽപര്യമില്ല എന്ന് നിർബന്ധം പിടിച്ചിട്ടും കോൺട്രാക്ട് ചർച്ചകൾക്ക് താൻ തന്നെ വരേണ്ടിവരിക. ആദ്യ ദിവസ്സം തന്നെ 

മീറ്റിങ്ങിൽ അവിചാരിതമായ കൂടിക്കാഴ്ചയുടെ ഷോക്കടിച്ചു വർഷങ്ങൾക്കപ്പുറത്തെ സ്ഥലകാലത്തിലേക്കു തെറിച്ചു വീഴുക. ഞാൻ ബാക് പാക്കിന്റെ കുഞ്ഞു പോക്കറ്റിൽകിടന്ന ടിക്കറ്റുകൾ വെറുതെയൊന്നെടുത്തു നോക്കി. ഒന്ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് മറ്റേത് അവിടുന്ന് കൊച്ചിയിലേക്ക്.. വർത്തമാനജീവിതത്തിലേക്കുള്ള ടിക്കറ്റുകൾ. മടക്കി വീണ്ടും ബാഗിൽ വച്ചു.

തീവ്രമായ ക്യാംപസ് പ്രണയം വിവാഹത്തിലെത്തിയപ്പോഴാണ് കേരളത്തിനു തെക്കും വടക്കും രണ്ടു തരം മലയാളികളാണെന്നും മുന്നോക്ക പിന്നോക്ക മനോഭാവങ്ങൾ എല്ലായിടത്തും ഒന്നാണെന്നും അനുഭവിച്ചറിയുന്നത്. പ്രണയം മധുരവും ധീരവുമാണെന്നു പരസ്പരവും പിന്നെ മറ്റുള്ളവരെയും ഓർമിപ്പിച്ചു കൊണ്ട് കല്യാണം കഴിക്കുമ്പോൾ ഒരുമിച്ചു ജീവിക്കാം എന്നല്ലാതെ മറ്റു പ്രതീക്ഷകൾ ഇല്ലായിരുന്നു. വീട്ടിൽ നിന്ന ഏതാനും നാളുകൾ അവളെ അമ്മ വല്ലാതെ നോവിച്ചിരുന്നു... അമ്മയെ മാത്രം എന്തിനു പറയണം എല്ലാരും എന്നതാവും കൂടുതൽ ശരി. 

ഇവിടം സ്വർഗ്ഗമാണെന്നവൾ പറഞ്ഞിരുന്നു. ഇഷ്ടമായി ജീവിക്കാം.. ഇഷ്ടമുള്ളതിടാം.. ആരും ഇടപെടാനും വിലക്കാനും ഒന്നും വരില്ല. ഡ്രൈവിങ് പഠിച്ചതോടെ ഇഷ്ടമുള്ളിടത്തു പോകാം എന്നു കൂടിയായി. പിന്നെ ചില ക്ളാസുകളെടുത്തു. ചെറിയൊരു ജോലിയുമൊപ്പിച്ചു.. എല്ലാം സ്വന്തമായി നേടിയതു തന്നെ. ഒക്കെ എനിക്ക് സന്തോഷമായിരുന്നു. 

എങ്കിലും ഇടയ്ക്കു ചില പൊട്ടിത്തെറികൾ ഉണ്ടാകുമായിരുന്നു എന്നത് നേര്. പലപ്പോഴും വിഷയം പഴയ കാര്യങ്ങൾ തന്നെയാവും. ഒരു ചെറിയ വഴിക്കിന്റെ സമയത്തു പറഞ്ഞതോർക്കുന്നു 'അമ്മേടെ ദുർമുഖം എനിക്കിനി കാണേണ്ട'. എന്തായിരുന്നു വഴക്ക്. ഒറ്റ മോന്, ഒറ്റയ്ക്കായി നോക്കാനാളില്ലാതെ അസുഖമായി കഴിയുന്ന അമ്മയോട് കടപ്പാടുണ്ട്. വരുമ്പോൾ തന്നെ പറഞ്ഞിരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞു നമുക്ക് തിരിച്ചു പോണംന്ന്.. പോയെ തീരൂ എന്ന്.. അന്നവൾ സമ്മതിക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് വീണ്ടും സുഖമില്ലായെന്നറിഞ്ഞു വിഷയം വീണ്ടുമെടുത്തിട്ടപ്പോഴാണ് അത് വഴക്കിലവസാനിച്ചത്. എന്നാലും കാര്യങ്ങൾ വല്യ കുഴപ്പമില്ലാതെ തന്നെയാണ് പോയിരുന്നത്. 

എവിടെയാണ് പിഴച്ചത്? ഇടിവെട്ടിയന്റെ കാലിൽ പാമ്പ് കടിച്ച പോലായിരുന്നു അത്. ഔട്ട് സോഴ്സിങ് കാരണം കമ്പനിയിലെ തൊഴിലുകൾ വെട്ടിക്കുറച്ചു തുടങ്ങിയിരുന്നെങ്കിലും എനിക്കൊന്നും പറ്റില്ല എന്ന് തോന്നിയിരുന്നു. ഒരു വെള്ളിയാഴ്ച മാനേജർ മീറ്റിങ് ഉറപ്പിച്ചപ്പോഴും അശുഭമായി ഒന്നും തോന്നിയില്ല. ലാപ്‌ടോപ് തിരികെയേൽപ്പിച്ചു സെക്യൂരിറ്റി എസ്കോർട് ചെയ്തു പുറത്തിറങ്ങുമ്പോൾ ഒരന്യതാബോധമാണ് മനസ്സിലേയ്ക്കിരച്ചു കേറിയത്. വർഷങ്ങളുടെ അനുഭവവും അടുപ്പവും ഒറ്റ ദിവസത്തിൽ തീർത്ത് ഒരു ശത്രുവിനെപ്പോലെ ഇറക്കിവിടുമ്പോൾ മറ്റെന്താ തോന്നുക. വീട്ടിലെത്തി അവളോട് പറയാൻ തുടങ്ങുമ്പോഴേ അവൾ കാര്യം പറഞ്ഞു കഴിഞ്ഞിരുന്നു.. പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആണെന്ന്. 

അമ്മയുടെ അസുഖവും ജോലി പോയതും കാരണമായി പറഞ്ഞു നാട്ടിലേക്കു പോവാൻ നിർബന്ധം പിടിച്ചപ്പോഴാണ് എന്തു വന്നാലും തൽക്കാലം നാട്ടിലേക്കില്ല എന്ന് അവളും ശാഠ്യം പിടിച്ചത്. 

ഞാൻ നാട്ടിലേയ്ക്കു പോയി ഒരു പക്ഷേ കുറെ കഴിഞ്ഞ് അവൾ വരും എന്നു തന്നെ വിചാരിച്ചു. അത് സംഭവിച്ചില്ല. അമ്മയുടെ നിർബന്ധം ഒരു വശത്ത്... എന്റെ ആത്മാഭിമാനം മറ്റൊരു വശത്ത്. എന്നാൽ പിരിയാം എന്ന് പറയുമ്പോൾ ഒരിക്കലും അവൾക്കു പിരിയാനാവില്ല എന്നു കരുതിയ എനിക്ക് തെറ്റുപറ്റി. ബന്ധം ഒഴിയാൻ വന്നപ്പോഴാണ് അവസാനം കണ്ടത്. പിന്നെ എന്റെ ജീവിതം മറ്റൊരു വഴിക്കു പോയി... ഞാൻ തിരികെ വരുന്നതു വരെ അറിയാത്ത മറ്റു വഴികളിലൂടെ അവളുടേതും. രണ്ടു വഴികളും ശരിയായിരുന്നു എന്നു കരുതാൻ ഇന്നെനിക്കു കഴിയും.. അന്ന് കഴിഞ്ഞില്ലെങ്കിലും.

 ബോർഡിങ് ഉടൻ തുടങ്ങുന്നു എന്ന അനൗൺസ്‌മെന്റ് വന്നപ്പോഴാണ് പരിസര ബോധം തിരിച്ചു കിട്ടിയത്. വിശക്കുന്നുമുണ്ട്. എതിർവശത്തെ മക് ഡൊണാൾഡ്‌സിൽ പോയി സാൻവിച് വാങ്ങി വരുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. അനു. 

"എപ്പോഴാണ് ഫ്ലൈറ്റ്..?"

"ലേറ്റ് ആയിരുന്നു.. ബോഡിങ് തുടങ്ങുന്നു"

"മം..." 

പിന്നെ ഒന്നും മിണ്ടിയില്ല. രണ്ടു പേരും. കനത്ത മൗനചരട് പ്രയാസപ്പെട്ടു പൊട്ടിച്ചു ഞാൻ പറഞ്ഞു.

"മെയിൽ അയക്കാം .. അവിടെത്തീട്ട്"  

"അയക്കണം.." വീണ്ടും മൗനം.

"ചിലതു പറയാനുണ്ട് സുരേഷിനോട്.."

 പൊടുന്നനെ തള്ളിക്കയറിയ സങ്കടത്തിന്റെ വേലിയേറ്റം കണ്ണ് നനയിച്ചു.

"എനിക്കും. പറഞ്ഞതൊന്നും പൂർണമായിരുന്നില്ലല്ലോ.. പലതും വിട്ടുപോയിരുന്നു..."

"ഇപ്പൊ പൊക്കൊളു ബോർഡിങ് അല്ലെ.."

"മെയിൽ അയക്കാം.. ടേക്ക് കെയർ"  - 

മറ്റെന്തു പറയാൻ. ബോർഡിങ് തുടങ്ങിയിരിക്കുന്നു. ടിക്കറ്റ് കയ്യിലെടുത്തുവച്ച് സൗകര്യത്തിന്. സാൻവിച് കഴിക്കുമ്പോൾ ഓർത്തു. എത്തി മൂന്നാം ദിവസമാണ് പരസ്പരം മനസ്സു തുറക്കുന്നത്. നഷ്ടപ്പെട്ട, അറിയാതെ പോയ പതിനെട്ടു വർഷങ്ങൾ വാക്കുകളിലൂടെ നികത്താൻ വിഫലമായി ഞങ്ങൾ ശ്രമിച്ചു. അമ്മയുടെ മരണം, വിവാഹം കുട്ടികൾ ഒക്കെ പറഞ്ഞെങ്കിലും അവൾ പറഞ്ഞതു പലതും മനസ്സിലായില്ല. ഞങ്ങളുടെ കുഞ്ഞ് ഞങ്ങൾ പിരിഞ്ഞേക്കുമെന്നറിഞ്ഞാവണം ലോകം കാണാൻ നിൽക്കാതെ പോയത്രേ.. അതു പറയുമ്പോൾ മാത്രം അവൾ അടക്കിപ്പിടിച്ചു കരഞ്ഞു. പിന്നുള്ള വിവാഹം വിവാഹ മോചനം ഇതൊന്നും പെട്ടെന്ന് പറഞ്ഞതു കൊണ്ടാവാം ശരിക്കു മനസ്സിലായില്ല. 

"ഓൾ ഗ്രൂപ്സ് - ഫൈനൽ കാൾ.." 

യാത്രക്കാർ അകത്തേക്ക് കയറാനുള്ള അവസാനത്തെ അറിയിപ്പ്. ഫ്ലൈറ്റ് പുറപ്പെടാൻ പോകുന്നു. സാൻവിച് ബാഗ് വേസ്റ്റ് കുട്ടയിലിടാനായി നടക്കുമ്പോഴോർത്തു. സത്യം ഇങ്ങിനെ പോകാൻ എനിക്ക് കഴിയുന്നില്ല. എന്നെ മാത്രം ചുറ്റി നിൽക്കുന്ന പ്രിയയും കുട്ടികളും അവിടെ ഞാനെത്തുന്നതും കാത്തിരിക്കുന്നു അറിയാം... ശരിയാണ്. പക്ഷേ തീവ്രമായ പരീക്ഷണങ്ങളിൽ ഒരുമിച്ചുനിന്ന ഒരിക്കൽ എല്ലാമായിരുന്ന അവളെ കേൾക്കാനെങ്കിലും നിൽക്കാതെ ഞാൻ എങ്ങിനെ മടങ്ങിപ്പോകും. 

കഴിച്ചതിന്റെ ബാക്കി വേസ്റ്റ് കുട്ടയിൽ കളയുമ്പോൾ, കൂടെ വീണുപോകാതിരിക്കാൻ ഞാൻ ടിക്കറ്റ് മുറുകെ പിടിച്ചു. പിന്നെ തിരികെ നടന്നു... ഗേറ്റിനടുത്തേക്ക്. തിരികെ വർത്തമാനത്തിലേക്കു പറക്കാൻ.

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA