ADVERTISEMENT

ഇരുട്ടിൽ തനിയെ (കഥ)

അന്നു ഞാൻ പതിവിലും നേരത്തെ എഴുന്നേറ്റു. കോളജിൽ പോകാൻ വല്ലാത്ത ഉത്സാഹം. എന്തിനാണ് അതുവരെ തോന്നാത്ത ഉത്സാഹം അന്ന് തോന്നിയത്? എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. കുളിച്ചു റെഡി ആയി ബാഗും എടുത്ത് ബസ്റ്റോപ്പിലോട്ട് ഓടി. ബസിൽ കയറി ആദ്യത്തെ സീറ്റിൽ തന്നെ ഇരുന്നു. ജനാലയുടെ അരികിലിരുന്നുള്ള യാത്ര എനിക്ക് എന്നും ഇഷ്ടമാണ്. അങ്ങനെ ആ ഒരു മണിക്കൂർ യാത്രയ്ക്കിടയിൽ ഞാൻ ഒന്നു മയങ്ങി. 

കുറച്ചു കഴിഞ്ഞ് കണ്ണ് തുറന്നു. കുറ്റാകൂരിരുട്ട് ... ബസിൽ ആരുമില്ല. രാത്രിയുടെ മൂളൽ അല്ലാതെ മറ്റൊരു ശബ്ദവും കേൾക്കുന്നില്ല. നിശബ്ദമായ ആ അന്തരീക്ഷവും ഇരുട്ടു നിറഞ്ഞ ആ ചുറ്റുപാടും എന്നെ വല്ലാണ്ട് ഭയപ്പെടുത്തി. എന്നെ രക്ഷിക്കൂ.. ഞാൻ ഉച്ചത്തിൽ അലറി. ആ നിശബ്ദതയിൽ എന്റെ അലറൽ മുഴങ്ങിക്കൊണ്ടേ ഇരുന്നു. ആരും അറിയുന്നില്ലേ ഞാൻ ഇവിടെ കിടന്ന് അലറുന്നത്? അതോ എനിക്കു മാത്രമാണോ എന്റെ ശബ്‌ദം കേൾക്കാൻ പറ്റുന്നത്? പരിഭ്രാന്തിയോടെ ഞാൻ ആ ബസ്സിൽ നിന്നും ഇറങ്ങി ഓടി. പുറത്ത് ആരെയും കാണുന്നില്ല. പതിയെ ആ വെള്ള മണലിലൂടെ ഞാൻ നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ ഒരു ചെറിയ ക്ഷേത്രം കണ്ടു. ആ ക്ഷേത്രത്തിന്റെ മുറ്റത്തുള്ള ആൽമരത്തിന്റെ ചുവട്ടിൽ ഇരുന്ന് കരഞ്ഞു. എന്ത് ചെയ്യണമെന്നോ എവിടെ പോകണമെന്നോ അറിയാതെ അവശയായി ഇരിക്കുമ്പോഴാണ് ഒരു നിഴൽ എന്റെ മുൻപിൽ ഞാൻ കാണുന്നത്. തല നിവർത്തി ഞാൻ നോക്കി. വെളുത്ത മുഖം. നീട്ടി വളർത്തിയ താടി. കറുത്തു നീണ്ട മുടി... വെളുത്ത മുണ്ടു മാത്രം ധരിച്ച ഒരു സുന്ദരനായ യുവാവ്. ഒരു നിമിഷം ആ മുഖത്തോട്ടു തന്നെ നോക്കി നിന്നു. 

'എന്താ ഈ സമയത്ത് ഇവിടെ ?' 

'അറിയില്ല '

'കുട്ടി എവിടുന്നാ? വഴി തെറ്റി വന്നതാണോ?'

'എനിക്ക് ഓർമയില്ല. ബസിൽ കോളജിൽ പോകാനായി കേറിയതാ. ചെറുതായിട്ട് ഒന്നു മയങ്ങി. അതു മാത്രമേ എനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നുള്ളൂ '

അപരിചതമായ സ്ഥലത്ത് ഇരുട്ടിന്റെ ഇടയിൽ ഒറ്റപ്പെട്ടതിന്റെ പരിഭ്രാന്തയിൽ ആ യുവാവിനെ കണ്ടപ്പോൾ അൽപം ആശ്വാസം തോന്നിയെങ്കിലും അറിയാതെ കണ്ണുകൾ കവിഞ്ഞൊഴുകി.

'കുട്ടി കരയാതെ കാര്യം പറയൂ. എവിടെയാണ് വീട്? ഏതു ബസിലാണ് കുട്ടി വന്നത് ?'

ഞാൻ എന്റെ കൈകൾ ബസ് നിർത്തിയിട്ടിരുന്ന സ്ഥലത്തേക്ക് ചൂണ്ടി കാണിച്ചു. ആ സുന്ദരനായ യുവാവ് എന്റെ കൈ പിടിച്ചു ബസ് കിടന്ന സ്ഥലത്തേയ്ക്ക് നടന്നു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അപ്പോൾ മനസ്സിൽ. ആ യുവാവിന്റെ കൈകൾ സുരക്ഷാ വലയം പോലെ എനിക്കു തോന്നി. 

'ഇവിടെ വണ്ടി ഒന്നുമില്ലലോ '

ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി. 'ഇവിടെത്തന്നെ ആയിരുന്നു വണ്ടി ഉണ്ടായിരുന്നത്. ഞാൻ കുറച്ചു മുൻപാണ് വണ്ടിയിൽ നിന്നിറങ്ങി ആ മരച്ചുവട്ടിൽ വന്നിരുന്നത്. എനിക്ക് നല്ല ഓർമയുണ്ട്. വണ്ടി ഇവിടെ ഉണ്ടായിരുന്നു.'

പരിഭ്രാന്തിയോടെ വീണ്ടും പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരുന്നു. 'വിഷമിക്കണ്ട ഞാൻ ഇല്ലേ കൂടെ. എന്തെങ്കിലും ചെയ്യാം. ഞാൻ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി ട്രെയിൻ കയറ്റി വിടാം. '

അങ്ങനെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അതിനിടയിൽ വീട്ടിലാരൊക്കെ ഉണ്ട്? എവിടെയാ വീട്? എന്നിങ്ങനെ പല ചോദ്യങ്ങളും ഉത്തരങ്ങളും വീണ്ടും എന്നെ ആ യുവാവിലേക്ക് കൂടുതൽ അടുപ്പിച്ചു. കുറച്ചു ദൂരം നടന്നപ്പോൾ വല്ലാണ്ട് ക്ഷീണിച്ചതു പോലെ എനിക്കു തോന്നി. ഞങ്ങൾ ഒരു കലുങ്കിന്റെ മേലിൽ ഇരുന്നു. അറിയാതെ ഞങ്ങളുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് കോർത്തുകൊണ്ടിരുന്നു. എന്തോ പറയണം എന്ന് ഉണ്ടായിട്ടും ചോദിക്കുന്നതിനുള്ള മറുപടിക്കപ്പുറം ഒന്നും സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ ആ സുന്ദരമുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നു. 

'കുട്ടി എന്താ ഇങ്ങനെ നോക്കണേ?'  

ഞാൻ അമ്പരപ്പോടെ പറഞ്ഞു 'ഒന്നുമില്ല '

'എന്നെ പേടിക്കണ്ട.ഞാൻ ഒന്നും ചെയ്യില്ല. രാത്രിയിൽ ഒറ്റക്കിരിക്കുന്ന കണ്ടപ്പോൾ രക്ഷിക്കണമെന്ന് തോന്നി'

അപ്പോഴും ഞാൻ അമ്പരപ്പോടെ മുഖത്തേയ്ക്കു നോക്കി ഇരുന്നു.

''കുട്ടി വിഷമിക്കാതെ. ഒന്നു ചിരിക്കൂ. ഞാൻ വീട്ടിൽ എത്തിക്കാം .''

മനസ്സിൽ അമ്പരപ്പുണ്ടായിട്ടും അദ്ദേഹത്തിന്റെ വാക്കുകളെ നിരസിക്കാൻ തോന്നിയില്ല. പതിയെ പുഞ്ചിരിച്ചു,

''ഇത്രയും സുന്ദരമായി ചിരിക്കാൻ അറിഞ്ഞിട്ടാണോ ഇത്രയും നേരം പരിഭ്രാന്തിയോടെ നോക്കിയത്. ഒന്നും പേടിക്കണ്ട. ദേ, നമ്മൾ ഇപ്പോൾ എത്തും സ്റ്റേഷനിൽ. ട്രെയിൻ കയറ്റിവിട്ട ശേഷമേ ഞാൻ പോകുന്നുള്ളൂ. രണ്ടു മണിക്കൂറിനുള്ളിൽ കുട്ടി വീട്ടിലെത്തും .''

എന്റെ കയ്യിൽ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു 'വരൂ പോകാം ...' വീണ്ടും നടന്നു.

അങ്ങനെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി. ട്രെയിൻ എത്താറായി എന്നാണ് അറിഞ്ഞത്. ഞങ്ങൾ ട്രെയിനിനായി കാത്തിരുന്നു.  പതിയെ എന്റെ കയ്യിൽ നിന്നും അദ്ദേഹം കൈ എടുക്കാൻ ശ്രമിച്ചു. മനസ്സ് തോന്നിപ്പിക്കും വിധം അറിയാതെ ഞാൻ ആ കയ്യിൽ മുറുക്കി പിടിച്ചു. അദ്ദേഹം പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു... ഞാൻ ഒരു കാര്യം പറയട്ടെ ...

ട്രെയിൻ വന്നു... മുന്നിൽ നിൽക്കുന്ന ട്രെയിനിൽ നോക്കികൊണ്ട് ഞാൻ ചോദിച്ചു ''എന്താണ് പറയാനുള്ളത് ?'' കേൾക്കാൻ ആഗ്രഹിക്കുന്നതു മാത്രമേ ആ വായിൽ നിന്ന് വരാവൂ എന്നു ഞാൻ പ്രാർത്ഥിച്ചു..

ഒരു മണി മുഴങ്ങുന്നതായി എനിക്കു തോന്നി. ഞാൻ കണ്ണ് തുറന്നു. എന്റെ കോളജിന്റെ മുൻപിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നു. ആ യുവാവിനെ ഞാൻ ചുറ്റും തിരഞ്ഞു. കണ്ടക്ടർ ഉച്ചത്തിൽ പറഞ്ഞു... ''വേഗന്ന് ഇറങ്ങു സ്ഥലമെത്തി '' 

കണ്ടതെല്ലാം വെറും സ്വപ്നം മാത്രമായിരുന്നു എന്ന് ഞാൻ മനസിലാക്കി. എങ്കിലു എന്തായിരിക്കും ആ യുവാവിന് എന്നോട് പറയാനുണ്ടായിരുന്നത് എന്നു ഞാൻ ചിന്തിച്ചു. ഇന്നും ഉറങ്ങാൻ കിടക്കുമ്പോൾ അദ്ദേഹം സ്വപ്നത്തിൽ വന്നിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കാറുണ്ട്. അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്ന് സ്വപ്നത്തിൽ വന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com