ADVERTISEMENT

ഒരു പ്രവാസ ചിന്ത

സാധാരണ മാര്‍ച്ച്‌ പകുതിയോടെ ദുബായില്‍ ചൂട് അസഹനീയമായി ഉയരേണ്ടതാണ്. ഈ വർഷം പക്ഷേ അത്ര കൂടിയില്ലെന്നു മാത്രമല്ല ഇടയ്ക്കിടെ നനുത്ത മഴയും കിട്ടുന്നുണ്ട്‌. അബ്രയിലൂടെ ദേരയില്‍ നിന്നും ബര്‍ ദുബായിലേക്ക് പോകുമ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു. 

ചെറുബോട്ടിന്റെ കൂര്‍ത്ത അഗ്രം വെള്ളത്തെ മുറിച്ച് മുന്നോട്ടു കുതിക്കുന്നതു കാണുമ്പോള്‍ എന്തോ ഒരു സുഖം. ഈ 40 വയസ്സിനിടെ തനിക്കു ജീവിതത്തോട് ചെയ്യാന്‍ സാധിക്കാത്തത് ഒരു ചെറിയ രീതിയിലെങ്കിലും കാണുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു രസം.

സാമ്പത്തിക ഭദ്രത എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം തന്നെയാണ്. എല്ലാവരും അല്ല എന്നു പറഞ്ഞാലും അതൊരു യാഥാർഥ്യമാണ്. 

അബ്രയില്‍ നിന്ന് ഇറങ്ങി മീന ബസാറിന്റെ ഓരത്തിലൂടെ നടക്കുമ്പോള്‍ ചെറ്യേട്ടന്റെ മുഖം പെട്ടെന്ന് ഓർമ വന്നു. ആദ്യമായി ദുബൈയില്‍ ഇറങ്ങി തുടിക്കുന്ന മനസ്സുമായി ചെറ്യേട്ടന്റെ കൂടെ താമസസ്ഥലത്ത് വന്നത് ഇന്നും ഓര്‍ക്കുന്നു. ചെറ്യേട്ടന്‍ എന്നെപോലെ അല്ല എപ്പോഴും പ്രസന്നമായ മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു അവനെ. കൂടപ്പിറപ്പായതു കൊണ്ടും ചെറ്യേട്ടന്റെ വിഷമങ്ങള്‍ നന്നായി അറിയാവുന്നതു കൊണ്ടും ഒട്ട് അത്ഭുതത്തോടെ മാത്രമേ എനിക്ക് അവനെ മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. 

നാട്ടിലെ പൊതുകാര്യപ്രസക്തനായിരുന്ന അവന്‍ രാഷ്ട്രീയത്തില്‍ ഒരു വാഗ്ദാനമായിരുന്നു. പക്ഷേ കൂടെ ഉണ്ടായിരുന്നവരുടെ ചതി മൂലം ഒടുവില്‍ നാട് വിടേണ്ടി വന്നു. എങ്കിലും ചെറ്യേട്ടന്റെ മനസ്സ് എന്നും നാട്ടില്‍ തന്നെ ആയിരുന്നു. നാട്ടിലെ ഓരോ ചെറിയ വാര്‍ത്ത‍ പോലും അന്വേഷിച്ച് അറിയുന്നത് അവന്റെ പതിവായിരുന്നു. 

ഇന്നു രാവിലെ അവന്‍റെ കൂടെ താമസിക്കുന്ന ദിവാകരേട്ടന്‍റെ ഫോണ്‍ വന്നിരുന്നു. അവര്‍ ആറു പേര്‍ കൂടി കമ്പനി അക്കോമഡേഷനില്‍ ആയിരുന്നു താമസിച്ചിരുന്നത്. അത്യാവശ്യമായി വരണം എന്നേ ദിവാകരേട്ടന്‍ പറഞ്ഞുള്ളൂ. വെള്ളിയാഴ്ച ആയതുകൊണ്ട് ലീവ്എടുക്കണ്ടല്ലോ എന്നു കരുതി അപ്പോള്‍ തന്നെ പുറപ്പെട്ടതാണ്. 

“ഗോപ്യേ , നീ ഉടനെ വന്നത് നന്നായി.” , കണ്ടപ്പോള്‍ തന്നെ ദിവാകരേട്ടന്‍ പറഞ്ഞതും ചെറ്യേട്ടന്‍ ഉറങ്ങുന്നത് കണ്ടതു കൊണ്ടും എന്തോ ആപത്ത് മണത്തു. അവന്‍ എല്ലാ ദിവസവും ആറു മണിക്കേ ഉണരുന്ന ആളാണ്‌. പനി എങ്ങാനും പിടിപെട്ടോ എന്ന് സംശയിച്ചു.

പക്ഷേ ദിവാകരേട്ടന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞപ്പോള്‍ ഇനി എന്ത് ചെയ്യണം എന്ന അങ്കലാപ്പിലായി ഞാന്‍. 

രണ്ടു ദിവസമായി ആളാകെ മാറി, ഏതോ ബാധ കയറിയ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഇന്നലെ ഒഫീസില്‍ ഒരാളെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അതോടെ കാര്യം വഷളായി. ഡോക്ടറെ കണ്ട് ചില മരുന്നുകള്‍ വാങ്ങി. കാര്യം പറഞ്ഞപ്പോള്‍ മയങ്ങാനുള്ള നല്ല ഡോസുള്ള മരുന്ന് തന്നു. കൂടെ താമസിക്കുന്നവര്‍ക്കും പേടിയായി.. പൊതുവേ വെള്ളിയാഴ്ച ഉച്ചയ്ക്ക് നല്ല വിഭവ സമൃദ്ധമായ ഭക്ഷണം എല്ലാവരും കൂടെ ഉണ്ടാക്കി കഴിക്കുമായിരുന്നു. ദേഹോപദ്രവം പേടിച്ച് ഇന്ന് ദിവാകരേട്ടന്‍ ഒഴിച്ച് എല്ലാവരും സ്ഥലം വിട്ടു.

ഉണര്‍ന്നാല്‍ നീ ഒന്നു സംസാരിക്ക്. എന്നിട്ട് തീരുമാനിക്കാം എന്തു വേണമെന്ന്. ഞാന്‍ ഒന്നു കുളിച്ചിട്ടു വരാം. ദിവാകരേട്ടന്റെ ശബ്ദത്തില്‍ ചെറിയ നീരസം ഉണ്ടായിരുന്നോ, അതോ എന്റെ സംശയം മാത്രമായിരുന്നോ എന്നറിയില്ല.

ചെറ്യേട്ടനെ തന്നെ നോക്കി ഇരുന്നപ്പോള്‍ ഞാന്‍ ആകെ ഒരു അങ്കലാപ്പിലായിരുന്നു. കാര്യങ്ങള്‍ നാട്ടില്‍ അറിയിക്കണോ അതോ വേണ്ടയോ എന്നായിരുന്നു എന്റെ ആശങ്ക. തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ ഒരു പരാജയമായിരുന്നു എന്നും. നേരെ മറിച്ചു ചെറ്യേട്ടന്‍ ആ കാര്യത്തില്‍ ഒരു പുലിയായിരുന്നു.

എന്തായാലും സംസാരിച്ചതിനു ശേഷം തീരുമാനിക്കാം എന്ന് ചിന്തിക്കുന്നതിനിടെ ചെറ്യേട്ടന്‍ കണ്ണ് തുറന്നു. എന്നെ മനസ്സിലായില്ലെന്നു മാത്രമല്ല ഞാന്‍ ആരാണെന്നു കൂടെ ചോദിച്ചു കളഞ്ഞു. ദിവാകരേട്ടന്‍ ഒഫീസില്‍ മാനേജരുമായി സംസാരിച്ചു നാട്ടില്‍ കൊണ്ട് പോകാന്‍ പറഞ്ഞു. ലീവ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ് കഴിഞ്ഞ മാസം പകുതി പേരെ പറഞ്ഞു വിട്ടതിനു ശേഷം ഒന്നു മൂത്രമൊഴിക്കാന്‍ പോലും സമയം കിട്ടുന്നില്ല. പക്ഷേ ഈ അവസ്ഥ മാനേജര്‍ക്കും അറിയാം. അതുകൊണ്ട് ലീവ് കിട്ടാന്‍ സാധ്യത ഉണ്ട്. ദിവകരേട്ടന്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. വിഷമത്തോടെ ആണെങ്കിലും മാനേജര്‍ നാട്ടില്‍ പോകാന്‍ അനുവാദം തന്നു. എത്രയും പെട്ടെന്ന് തിരിച്ചു വന്നില്ലെങ്കില്‍ ജോലി ഉണ്ടാകില്ലെന്ന മുന്നറിയിപ്പോടെ. ജോലി ഡെമോക്ലീസിന്റെ വാളുപോലെ തൂങ്ങിയാടുകയാണ് ഒട്ടുമിക്കപേര്‍ക്കും.

എങ്കിലും ചെറ്യേട്ടനെ നോക്കുമ്പോള്‍ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉള്ള പോലെ എനിക്കു തോന്നി. അഭിനയം ആണോ എന്ന ഒരു സംശയം. പക്ഷേ, ഞാന്‍ തന്നെ എന്നെ തിരുത്തി. ചെറ്യേട്ടന്‍ അങ്ങനെ ഒക്കെ ചെയ്യുമോ. ഇല്ല, ഒരിക്കലും ഇല്ല. പിന്നെ കാര്യങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. ടിക്കറ്റ്‌ എടുത്തു, വീട്ടില്‍ വിളിച്ചു പ്രകാശനോട് കാര്യം പറഞ്ഞു. അവിടെ എല്ലാം അവന്‍ നോക്കിക്കോളാം എന്നു പറഞ്ഞു.

എയര്‍ പോർട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ എന്റെ ചിന്ത ചെറ്യേട്ടന്‍ ഫ്ലയ്റ്റില്‍ എങ്ങനെ ഒറ്റയ്ക്കു പോകും എന്നതായിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാല്‍...

എനിക്ക് കൂടെ പോകുന്നതിനെ പറ്റി ചിന്തിക്കാന്‍ ആവുമായിരുന്നില്ല. നാട്ടില്‍ പോയി കഴിഞ്ഞ മാസം വന്നതെ ഉള്ളൂ. ദിവകരേട്ടനുമായി ഫോണില്‍ എന്റെ ആശങ്ക പങ്കുവച്ചു. ചില സമയത്ത് പ്രശ്നം ഉണ്ടാകില്ലെന്നു സമാശ്വസിക്കുക മാത്രമേ വഴിയുള്ളൂ.

നീ പേടിക്കേണ്ട, ഞാന്‍ തനിയെ പോയി വന്നേക്കാം. ചെറ്യേട്ടന്റെ ശബ്ദം അല്ലെ അത്. അപ്പോള്‍ എനിക്ക് നേരത്തെ തോന്നിയത് സത്യമായിരുന്നോ. അല്ലെങ്കിലും ചോരക്കു ചോരയെ പെട്ടെന്ന് തിരിച്ചറിയുമല്ലോ. ചെറ്യേട്ടന്‍ കള്ളച്ചിരിയോടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഞാന്‍ ഇരുന്നു പോയി.

നാട്ടില്‍ നിന്നു വന്നിട്ട് 20 വര്‍ഷത്തോളമായി. പൊതുകാര്യങ്ങളില്‍ അതീവ തൽപരനായിരുന്ന ചെറ്യേട്ടന്‍ പിന്നീട് ഇതു വരെ വോട്ട് ചെയ്തിട്ടില്ല. ഓരോ തവണയും തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ മണലാരണ്യത്തില്‍ ഇരുന്നു വികാരധീനനാവാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇത്തവണയെങ്കിലും നാട്ടിലെ ആവേശത്തില്‍ പങ്കുകൊണ്ടേ പറ്റൂ എന്നു തീരുമാനിച്ചപ്പോള്‍ ആണ് കമ്പനിയില്‍ കൂട്ടത്തോടെ ആളെ കുറച്ചതും ഇനി അടുത്തൊന്നും ലീവ്കിട്ടില്ലെന്നറിഞ്ഞതും. അതോടെ പതിനെട്ടാമത്തെ അടവ് തന്നെ എടുത്തു.

വിമാനം ചെറ്യേട്ടനെയും കൊണ്ട് പറന്നുയര്‍ന്നതു നോക്കി നില്‍ക്കുമ്പോള്‍ ജനാധിപത്യ പ്രക്രിയ നിലനില്‍ക്കുന്നത് ഇതു പോലുള്ള ആളുകളുടെ ആവേശവും ആത്മാര്‍ഥതയും കൊണ്ടാണല്ലോ എന്ന് ഞാനോര്‍ത്തു. നേതാക്കള്‍ അവരുടെ കർത്തവ്യങ്ങള്‍ പാലിക്കാതെ ഇരിക്കുമ്പോള്‍ ചെറ്യേട്ടനെ പോലെ ഉള്ള ആളുകളെ ഓര്‍ത്തിരുന്നെങ്കില്‍ എന്ന് ഓര്‍ത്തു നെടുവീര്‍പ്പിട്ടു. ഒപ്പം തിരിച്ചു വരുമ്പോള്‍ ആ ജോലി ഉണ്ടാവണേയെന്നും ആത്മാർഥതയോടെ പ്രാർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com