sections
MORE

സോപ്പ് വാങ്ങാൻ കാശില്ല, മുഷിഞ്ഞ യുണിഫോമിൽ സ്കൂളിൽ വന്ന എന്റെ കൂട്ടുകാരി

poor-girl
പ്രതീകാത്മക ചിത്രം
SHARE

സൗഹൃദം (കഥ)

"ഇന്ദു... ദാ നോക്ക് ആ കുട്ടി വന്നിരിക്കണൂ. ഇന്നലെ നീ അവളോട്‌ പറഞ്ഞില്ലേ ഇത്ര നേരത്തെ വരണ്ടാന്ന്? പതിനൊന്നരയ്ക്കല്ലേ നിങ്ങക്ക് പോകേണ്ടത്, ഇപ്പോൾ മണി പത്തല്ലേ ആയുള്ളൂ. പാവം വെറുതെ വാതിൽക്കൽ വന്നു നിക്കും. എന്നാ അകത്തു കേറി ഇരിക്കാൻ പറഞ്ഞാലും കേക്കണില്ല. ഞാൻ അവളുടെ അമ്മ കുഞ്ചിയോട് പറയുന്നുണ്ട്."

എന്റെ അമ്മ ഒറ്റ ശ്വാസത്തിൽ എന്നോട് പറഞ്ഞു നിർത്തി. 

വാതിൽക്കൽ ചിരിതൂകി എന്റെ വരവും പ്രതീക്ഷിച്ച് അവൾ നിൽക്കുന്നുണ്ടായിരുന്നു. എന്റെ സ്കൂളിൽ പഠിക്കുന്ന പുഷ്പം. എന്നിൽ അവൾ എന്താണ് കണ്ടതെന്നറിയില്ല. ഒരു വർഷം മുൻപ് ഒരു ദിവസം സ്കൂളിൽ നിന്നു വീട്ടിലേക്ക് വരും വഴി എന്റെ പുറകേ വന്ന് എന്നെ എന്റെ വീടുവരെ കൊണ്ടാക്കി. 

അവൾ ആരെന്നറിയാത്തതു കൊണ്ട് ഒന്നും മനസ്സിലാകാതെ അമ്പരപ്പോടെ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. ഞാൻ വീടിനുള്ളിൽ പോകുന്നതു വരെ എന്റെ വീടിന്റെ പടിക്കൽ നിന്ന് ഞാൻ അകത്ത് കേറിയെന്നുറപ്പ് വരുത്തിയതിൽപ്പിന്നെ അവൾ സഞ്ചിയും തൂക്കി നടന്നകന്നു.

അടുത്ത ദിവസവും സ്കൂളിൽ പോകും നേരം പടിക്കുപുറത്ത് ആരും കാണാത്ത പോലെ ഒരരികത്ത് ഒളിഞ്ഞു നിന്ന് എന്റെ വരവിനായി അവൾ കാത്തിരിക്കുകയായിരുന്നു,

"കുട്ടി എന്തിനാ എപ്പോഴും ഇവിടെ എന്നെ കാത്തു നിക്ക്ണ്?  "

"എന്താ കുട്ടീടെ പേര്? "

"പുഷ്പം. "

"ഞാൻ ബാഗ് പിടിക്കട്ടെ ഇന്ദു കുട്ടി? "

"എന്തിന്? ഒന്നും വേണ്ട. ഞാൻ പിടിച്ചോളാം. പുഷ്പം എങ്ങനെ എന്റെ പേര് അറിഞ്ഞു? "

പുഷ്പത്തിന്റെ എനിക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഒരു പതിവായി. 

"പുഷ്പത്തിന് ഒന്നു വൃത്തിയിൽ വന്നൂടെ സ്കൂളിലേക്ക്? എന്തിനാ ഇത്ര ചെളിപുരണ്ട യൂണിഫോം ഇടുന്നത് ടീച്ചർ ചീത്ത പറയുട്ടൊ."

അതു പിന്നെ എന്റെ വീട്ടിൽ സോപ്പ് തീർന്നു. വാങ്ങിക്കാൻ പൈസ നോക്കിയപ്പോ ഇല്ല. അച്ഛൻ കഴിഞ്ഞ ആഴ്ച പണിക്കു പോയില്ല പനികൊണ്ടേ... അമ്മേടെ കൂലി കൊണ്ട് അരി വാങ്ങി. അതാ ഇന്ദു. "

"അപ്പൊ വേറെ ഡ്രസ്സ്‌ ഒന്നുമില്ലേ? "

"ഇല്ല ഇന്ദുക്കുട്ടി. കഴിഞ്ഞ വർഷം ഒന്ന് തയ്പ്പിച്ചു തന്നത് വേലിമേൽ ഉണക്കാൻ ഇട്ടപ്പോൾ പശു കടിച്ചു കീറി. "

നിഷ്കളങ്കതയോടെ ഒരു ചിരി തൂകി അവളതു പറഞ്ഞെങ്കിലും എന്റെ കുഞ്ഞു ഹൃദയത്തിൽ ദാരിദ്ര്യമെന്നാൽ എന്താണെന്ന് അവൾ അറിയിച്ചു.

"ഇന്ദുകുട്ടിക്ക് ഇന്ന്‌ ഞാനൊരു സാധനം തന്നാ വാങ്ങുവോ? "

"എന്ത്? "

"വാങ്ങുവോ പറ? "

"എന്താണെന്നറിയാതെ ഞാൻ പറയില്ല."

അവൾ യൂണിഫോം സ്കർട്ടിന്റെ പോക്കറ്റിൽ കൈയ്യിട്ട് പുളിയും മാങ്ങയും എടുത്തെന്റെ നേരെ നീട്ടി. 

"ഇതൊക്കെ തിന്നാൽ വയറിനസുഖം വരും. എന്റെ അമ്മ ചീത്ത പറയും പുഷ്പം. എനിക്കു വേണ്ട "

"എന്നാ ഞാനിപ്പോ വരാ " അവൾ ഓടി റോഡ് മുറിച്ച്‌ എതിർക്കുള്ള പെട്ടി കടയിൽ നിന്നു രണ്ടു കടല മിഠായി വാങ്ങി വന്ന് എനിക്കു നേരെ നീട്ടി.

"ഇത് തിന്നോ ഇന്ദുക്കുട്ടി. ഇത് നല്ലതാ. "

"നിനക്കെവിടുന്നാ ഇതിനൊക്കെ പൈസ? "

"അമ്മ ഇന്നു കഞ്ഞി വെച്ചില്ല, അപ്പൊ എന്തങ്കിലും തിന്നാൻ വാങ്ങിച്ചോന്ന് പറഞ്ഞ് അച്ഛൻ തന്നതാ."

"എന്നിട്ട് നീ ഇതാണോ വാങ്ങിച്ചത്? "

അതിനു മറുപടി ഒരു ചിരിയായിരുന്നു. പലതിനും അവൾക്ക് ചിരിയായിരുന്നു മറുപടി. 

ബസ്സിലിരിക്കാൻ സീറ്റ്‌ മുതൽ റോസാപ്പൂ ചെടിയുടെ കൊമ്പു വരെ അവൾക്കു കിട്ടുന്നതെല്ലാം എനിക്ക് തരും. എത്ര ദേഷ്യം കാണിച്ചാലും ഒന്നും വകവെക്കാതെ എന്റെ കൂടെ അവൾ പിന്നെയും വരുമായിരുന്നു.  

അന്വേഷിച്ചപ്പോൾ അവിടെയെല്ലാം പാടത്തുപണി എടുത്തിരുന്ന കുഞ്ഞിയുടെ മകൾ ആണവളെന്നു എന്റെ അമ്മയിലൂടെ പതിയെ  ഞാനറിഞ്ഞു. 

കുറച്ചു വർഷങ്ങൾക്കു ശേഷം പെട്ടെന്നൊരു ദിവസം അവൾ എന്റെകൂടെയുള്ള വരവ് നിർത്തി. വേറെ ചില സഹപാഠികളുടെ കൂടെ പോകാൻ തുടങ്ങി. എന്നെ കണ്ടാലും കാണാത്ത പോലെ പോയിത്തുടങ്ങി. പെട്ടെന്ന് ഉണ്ടായ ബന്ധം പെട്ടെന്ന് ഇല്ലാതെയുമായി.

പിന്നെ ഞാൻ ഹൈസ്കൂളും കോളജും കഴിഞ്ഞു കല്യാണവും കഴിഞ്ഞു ദൂരെ നഗരത്തിലേക്ക് ചേക്കേറി.

ഒരുപാട് വർഷങ്ങൾക്കു ശേഷം അവധിക്ക് മോനുമായി വീട്ടിൽ പോയിരുന്ന എന്നെ കാണാൻ  അവൾ വന്നു.

"മോളെ ഇന്ദു... നിന്നെ കാണാൻ ആ കുഞ്ഞിയുടെ മകൾ വന്നിട്ടുണ്ട്. "

"നീ കല്യാണം കഴിഞ്ഞു പോയേപ്പിന്നെ നിന്നെയും അന്വേഷിച്ച് ഇടയ്ക്കൊക്കെ വന്നിരുന്നു. നിന്റെ കല്യാണ ഫോട്ടോ ഞാൻ കാണിച്ചു കൊടുത്തു. നീ ഒന്നു കണ്ടു സംസാരിക്ക്‌. "

അതേ ചിരിതൂകി വീട്ടുമുറ്റത്ത് അവൾ നിൽക്കുന്നുണ്ടായിരുന്നു.

"പുഷ്പം.. സുഖമാണോ? "

"ഇന്ദുക്കുട്ടി... സുഖം.. മോനൊക്കെയായി ഇല്ലേ ഇന്ദുക്കുട്ടിക്ക്? " എന്റെ അടുത്തു നിന്നിരുന്ന എന്റെ മോനെ അവൾ വാത്സല്യപൂർവം നോക്കി. 

"പിന്നെ ഇന്ദുക്കുട്ടി.. നമ്മക്ക് നാളെ പതിനൊന്നരയ്ക്കുള്ള മയിൽവാഹനം ബസ്സിൽ സ്കൂളിൽ പോകാട്ടൊ. നെന്മാറ ബസിൽ ആ മൊട്ട ഡ്രൈവർ വലിയവര് വന്നാ നമ്മൾ സ്കൂൾ കുട്ടികളെ എഴുന്നേപ്പിക്കും.. ഞാൻ വരാട്ടോ വന്നിട്ടൊപ്പം പോകാം. "

"അപ്പൊ ഞാൻ നാളെ വരാട്ടോ. "

"ഇന്ദുമോളെ അവൾക്ക്‌ തലയ്ക്കു നല്ല സുഖമില്ല. രണ്ടു വർഷം മുൻപ് അവളുടെ ഭർത്താവ് മരിച്ചേപ്പിന്നെ ഇങ്ങനെയാണവള്. രണ്ടു ചെറിയ പെൺകുട്ടികളാ അവൾക്ക്." കുഞ്ഞി എന്നോട് പറഞ്ഞ് അവളെയും കൊണ്ടു പോയി.

അവളുടെ താളം തെറ്റിയ മനസ്സിൽ ഞാൻ ഇപ്പോഴും ഉണ്ട്.

"എന്തിനാ മമ്മി കരയുന്നത്? " അതാരാ? ഈസ്‌ ഷി യുവർ ഫ്രണ്ട്? " മകൾ പതിയെ അടുത്തുകൂടി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA