ADVERTISEMENT

നെയ് ദോശ പ്രണയം  എന്നു തുടങ്ങിയതാണെന്നോർത്തെടുക്കാനേ പറ്റുന്നില്ല. ഒരുപക്ഷേ ജനിച്ചപ്പോൾ തന്നെ കൂടെ അദൃശ്യമായി നാക്കിലാരോ എഴുതിത്തന്ന രുചിയായിരുന്നിരിക്കണം!. ദീനങ്ങൾ നിറഞ്ഞ കുട്ടിക്കാലത്ത്, കട്ടിക്കണ്ണടയ്ക്കു മുകളിലൂടെ കണ്ണ് പൊളിച്ചും, നാക്കു നീട്ടിച്ചും, സ്റ്റെതസ്കോപ്പ് നീട്ടി ഹൃദയസ്‌പന്ദനങ്ങൾ അളന്നിരുന്ന മന്ത്രികനായിരുന്ന ജയന്തൻ ഡോക്ടറിന്റെ ആശുപത്രിയിൽ പോയി വരുന്ന വഴിക്കാണെന്നു തോന്നുന്നു ആദ്യത്തെ നെയ്ദോശ കഴിച്ചത്. കുഞ്ഞി ചന്തിയിൽ ശരവേഗത്തിലൊരു കുത്തു തന്ന സൂചിമുനയെ പകയോടെ നോക്കി അലറിക്കറഞ്ഞിരിക്കുന്ന നേരത്ത്, ഡെറ്റോളിന്റെയും മരുന്നിന്റെയും വാസന ക്ഷീണിപ്പിച്ച മനസ്സിനും മൂക്കിനുമൊക്കെ ഒരു പുനർജ്ജന്മം തന്നിരുന്നത് മൊരിഞ്ഞ നെയ്ദോശയുടെ മണമായിരുന്നു. 

കൗമാരത്തിൽ, മഴ പുഴയായി ചാലിട്ടൊഴുകി വന്ന  മുറ്റത്തിനുമപ്പുറത്തെ പുതിയ അയൽ വീട്ടിലെ നെയ്‌ദോശ മണം ഒഴുകി വരാത്ത പുലർക്കാലങ്ങളിൽ മനസ്സിൽ നിറയെ ശൂന്യത തന്നെ ആയിരുന്നു. തുറന്നു വെച്ച പുസ്തകത്താളുകളിലെ അക്ഷരങ്ങൾക്ക് ചിറകു വെച്ചതും അവയൊന്നാകെ പറന്ന് ജാലക വാതിലിൽ കൂടി പറന്നു പോയതും മുറ്റത്തെ മാവിൻ കൊമ്പത്തിരുന്ന ഒരു കാക്ക കൊക്കിൽ ഒരു ദോശക്കഷ്ണവുമായി കുല്സിതപ്പെട്ട് നോക്കിയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. 

ഹോസ്റ്റൽ ദിനങ്ങളുടെ കൊതി പിടിപ്പിക്കുന്ന അരിഷ്‌ടതകളിലേക്ക്, വാരാന്ത്യങ്ങളിൽ കൂട്ടുകാരിയുടെ അമ്മടീച്ചർ ഒരു മാലാഖയെപ്പോലെ പറന്നിറങ്ങി കൂട്ടി കൊണ്ടു പോയി  കാണിച്ച നഗരകാഴ്ച്ചകളും, പുതു പുത്തൻ സിനിമകൾക്കുമൊപ്പം, തിരിച്ചു വരാൻ നേരം വാങ്ങിത്തന്ന നെയ്‌ദോശയുടെ മണം അന്നത്തെ പോലെ തന്നെ ഇന്നും കൂടെയുള്ള പോലെ! സൂര്യനസ്തമിക്കാൻ നേരം കൂട്ടുകാരിയുടെ കൈയും പിടിച്ചു ഇരുട്ടു വീണ ഇടവഴികളിലൂടെ ഓടിക്കിതച്ചു വരുമ്പോൾ വഴിയിലെ പാറ കുഞ്ഞിന്റെ തുമ്പിൽ തട്ടിയൊന്നു വീണാലും കയ്യിലെ കവറിൽ ഒളിച്ചിരിക്കുന്ന നെയ്‌ദോശയെ നെഞ്ചോടായിരുന്നു ചേർത്തു പിടിച്ചിരുന്നത്. 

ഇന്ത്യൻ കോഫി ഹൗസിന്റെ നെയ്‌ദോശ ഗോപുരത്തിനു പിന്നിൽ ഒളിച്ചിരുന്ന നേരത്തെപ്പോഴോ ആയിരുന്നെന്നു തോന്നുന്നു, പൂച്ചക്കണ്ണൻ ബീറ്റ്റൂട്ട് നിറച്ച നെയ്‌ദോശക്കൊപ്പം ഹൃദയവും തുറന്നത്. പുഴവക്കത്തെ പൂവാകകളൊക്കെയും ചുവന്നു തുടുത്തത്തതും അവയൊന്നായി പുഴയിൽ വീണതും അതിനു ശേഷമായിരുന്നോ ?.  

ബാംഗ്ലൂരിലെ എംജി റോഡിലെ പച്ചത്തണൽ മരങ്ങൾ മെട്രോയ്ക്കു വഴി മാറും മുന്നേ, കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാത്ത വാരാന്ത്യ സന്ധ്യകളിൽ പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പം കഴിച്ച  നെയ്‌ദോശ പൊട്ടിച്ചിരി സന്ധ്യകൾ ദേശാടനക്കിളികൾ പോലെ പറന്നകന്നത് ഇന്നലെക്കഴിഞ്ഞ പോലെ. വർഷങ്ങൾ തൂവലുകൾ എത്ര കൊഴിച്ചിട്ടും, ഏഴു വൻകരകളിൽ കുടിയേറി ദൂരം കൂടിയിട്ടും ഒരു വിരൽ തുമ്പിൽ  ഇല്ലാ നെയ്‌ദോശ മേശക്കപ്പുറം ഇന്നുമിരുന്ന് പായാരം പറയാൻ ഓടി വരും എല്ലാവരും . 

നാട്ടിൽ അൻപത് രൂപയിൽ കൂടാത്ത നെയ്‌ദോശയെ ആയിരം രൂപ മൂല്യത്തിൽ കണ്ടത് ടോക്യോയിലെ ഭക്ഷണശാലയിലെ ചുരിദാറിട്ട കൊലുന്നനെയുള്ള ജാപ്പനീസുകാരിയുടെ കുപ്പിവളയിട്ട കയ്യിലെ വിഭവ ലിസ്റ്റിൽ ആയിരുന്നു. വിലനിലവാരം കണ്ട ഞെട്ടൽ കണ്ണുകളിൽ അത്ഭുതമായി മൊരിയുന്നതു കണ്ട, ഭോജന മന്ദിരത്തിലെ സ്വപ്ന സുന്ദരി പൂച്ചയെപ്പോലെ പതുങ്ങിയതും, തൊട്ടു മുന്നിലെ കരിങ്കല്ലിൽ നിന്നും നെയ്‌ദോശ മണം പരന്നതും ഒരുമിച്ചായിരുന്നു. 

ഉള്ളിലിരുന്നൊരു ഉണ്ണിവായ് നെയ്‌ദോശക്കു വേണ്ടി മുറവിളി കൂട്ടിയ ഒൻപതു മാസക്കാലവും ടോക്യോയുടെ ഒരറ്റത്തു നിന്ന് അറുപത് കിലോമീറ്റർ യാത്ര ചെയ്തു കഴിച്ചു തീർത്ത നെയ്ദോശകൾക്കൊക്കെയും ചുനയൊഴിയാത്ത കണ്ണിമാങ്ങാ രുചിയായിരുന്നു. 

യാത്രകളിൽ രാജ്യ–സംസ്ഥാന–ജില്ലാ വ്യത്യാസം കൂടാതെ നെയ്‌ദോശ ചോദിച്ചു കഴിക്കുന്നവർ ഹോമോ സാപിയൻസിന്റെ ഏത്‌ താവഴിയിൽ പെട്ടവരാണ് ?. അതോ ഇനി മറ്റൊരു സ്പീഷ്യസ്  ആണോ?. നെയ്‌ദോശയെ നെയ്റോസ്റ്റെന്ന് വിളിച്ചു അപമാനിക്കുന്ന പരിഷ്കാരികളെ കാണുമ്പോൾ വിഷാദം വരുന്ന കൂട്ടത്തിൽ പെട്ടയാളാണോ നിങ്ങൾ ? 

ഇലകളായ ഇലകളെല്ലാം കൊഴിച്ചു ലൈറ്റണിഞ്ഞു തണുത്തു മരവിച്ച മരങ്ങളുടെ ടോക്യോ  ഡിസംബറിൽ ഓരോ പിറന്നാളിനും വാഴയിലയിൽ തെളിച്ച മെഴുകുതിരികൾക്കൊപ്പം അതിശയ നെയ്‌ദോശയിൽ ആശംസാ വചനങ്ങളെഴുതിയത് കഴിച്ചു ആഘോഷിക്കാനായത് നെയ്‌ദോശ പെണ്ണിന് കാലം കനിഞ്ഞ ആകസ്‌മികത്വം ആയിരുന്നോ? അല്ലെങ്കിൽ കാതങ്ങൾക്കും സംസ്കാരങ്ങൾക്കുമപ്പുറം ഈ അനശ്വരമായ നെയ്ദോശ പ്രണയം ഇവരെ അറിയിച്ചതാരാണാവോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com