ADVERTISEMENT

വിശപ്പ് (കഥ)

പൊള്ളി തുള്ളുന്ന പനിക്കോളിൽ ചെറിയവന്റെ തൊണ്ട നനയ്ക്കാൻ കഞ്ഞിവെള്ളം കാച്ചാൻ ഒരു പോങ്ങ നെല്ല് വേണം.

"ഇന്നേക്ക് രണ്ടു മോന്തി ഇരുട്ടി പുലർന്നു. വാട്ടിയ കയ്പ്പ് കപ്പ മഞ്ഞളിട്ട് കൊടുത്തിട്ട് തൊണ്ട അനക്കിയിട്ടില്ല. കഞ്ഞിന്റെ വറ്റും വെള്ളവും തന്നെയില്ലാണ്ട് ഓന്റെ ഉയിര് ബാക്കി കാണില്ല."

കുഞ്ഞി ചിരുത ഇടവഴി താണ്ടി കോട്ടപ്പുറം ചന്തയിലെത്തി. കയ്യിൽ ഒരണയിരിപ്പില്ല... നാടായ നാട്ടിലേക്കുള്ള കണ്ട നെല്ലും, അടക്കയും, കായും, നാളികേരവും കെട്ടുകെട്ടുകളാക്കി വഞ്ചികളിലടുക്കി കൊണ്ട് പോവും. കനോലി കായൽ താണ്ടി  കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും കടൽ കടന്ന് കൽക്കത്തയിലും കൊളമ്പോയിലും അങ്ങ് ദൂരെ പേർഷ്യ വരെയും.! 

പ്രധാനം നെല്ലാണ്.. കണ്ടം കൊയ്തു മെതിച്ചതൊക്കെ ചന്തയിലെത്തും. കോട്ടപ്പുറം ചന്ത തൊട്ടു തീണ്ടാത്ത മൊതലില്ല.! ഗോവിന്ദന്റെ അരിക്കടയ്ക്കു മുന്നിൽ അരിച്ചാക്കുകൾ അടുക്കി വെച്ചിരിക്കുന്നു. ചന്ത തിരക്കിനിടയിൽ കൈ വണ്ടിക്ക് കീഴെ ചിതറി വീണ അരിമണികൾ ഓരോന്നായി കോന്തല തലപ്പിലേക്കു പെറുക്കി തുടങ്ങി, ചിരുതയ്ക്കുള്ളൊന്ന് കാളി.! മുറുക്കാൻ കർക്കിച്ചൊന്നു തുപ്പി, നെഞ്ച് കുത്തണ നോട്ടം കൊണ്ട്.

"ന്താ, ചിരുതേ.. ന്റെ നെല്ലിന്മേലാ നിന്റ കണ്ണ്.?! ആരാന്റെ മൊതല് തന്നെ തിന്നണല്ലേ..."

അല്ലെങ്കിലും മണ്ണടിഞ്ഞു പോകുന്നതും അവനവന് വേണ്ടാഞ്ഞിട്ടും ആരാൻ എടുക്കണത് അതൊരു നെല്ലിന്റെ മണി ആയാലും ചിലർക്കത്  സഹിക്കത്തില്ല. താണ് വണങ്ങി മാറി നിന്നാൽ കാലവും പീടികകണക്കും നേരാണെങ്കിൽ ചണച്ചാക്ക് പിന്നി മണ്ണിൽ വീണ നെൽമണി ചവിട്ടി ഗോവിന്ദൻ നടന്നു പോവും, ഇനി അത് പെറുക്കിയെടുക്കാമെന്നു സാരം.! നേരത്തിനു റൊക്കം പണം തരാത്ത പുറം നാട്ടുകാരോടുള്ള കലി പൂണ്ടിട്ടാവും.. ആ നേരത്താണെങ്കിൽ പുലയാട്ട് പറഞ്ഞ് ആട്ടി ഓടിക്കും. 

ഓന്റെ പനിക്കോള് കൊണ്ട് കൈ തണ്ട പൊള്ളിയപ്പോൾ ഓർത്തില്ല. ഓന്റെ ചുണ്ടിലെ, വയറ്റിലെ കാളലിന്റെ, അരി വെള്ളത്തിന്റെ രുചി മാത്രമേ ഓർത്തുള്ളു.. കടന്ന് പോടി കള്ളിച്ചിയെന്ന ആക്രോശവും.. തെറിച്ചു കൈ മുട്ട് കുത്തി വീണതും ഒന്നിച്ചാണ്. മുട്ട് കുത്തി ചോര പൊടിഞ്ഞു. ചന്ത ഒരു നിമിഷം ചുരുങ്ങി ഗോവിന്ദന്റെ അരി പീടികയ്ക്ക് മുന്നിലെത്തി പതിയെ അതാതിന്റെ തിരക്കുകളിലേക്ക് മടങ്ങുകയും ചെയ്തു, പതിവാണ്.! തലകുനിച്ചു കൈത്തണ്ട ചുരുട്ടി ചിരുത ഇടവഴി താണ്ടി. നീറുന്നത് എവിടെയാണെന്ന് മനസിലായില്ല. പൊരേന്റെ മുന്നിലെത്തി. ഉള്ളം കൈ നിവർത്തി, ഒരു പിടി നെല്ല്. നെല്ല് കുത്തി തവിടോടെ പുഴുങ്ങിയെടുക്കുമ്പോൾ ഓളുടെ നെഞ്ചോന്ന് താണു. ചെറിയൊന്റെ പനിയും. 

അവൻ പഠിച്ച് വക്കീലായി. മക്കളായി വീടായി, പൈസയായി, പത്രാസായി. പക്ഷേ മക്കള് രണ്ടു മണി ചോറ് കളയുമ്പോൾ വക്കീൽ ആക്രോശിക്കും, എന്തിന്റെ നെഗളിപ്പുണ്ടായിട്ടാ ഇവറ്റകൾക്കെന്ന്., അയാൾക്ക് അത് മാത്രം സഹിക്കാൻ പറ്റാറില്ല.. ആ സമയങ്ങളിൽ അയാളുടെ ഭാവങ്ങൾ ഗോവിന്ദനോളം ഉണ്ടായിരുന്നു.. അതെ ആക്രോശം. അതെ തീവ്രത.!

പട്ടിണി മൂത്ത് ദീനം വന്നാണ് ചിരുത പോയത്.. ജീവൻ പോണേന് മുന്നെ തള്ള ആഗ്രഹിച്ചിട്ടുണ്ടാവും കൊറച്ചു വറ്റും വെള്ളവും. അത് പോലും തിരിച്ച് കൊടുക്കാൻ കഴിഞ്ഞില്ല. ഓരോ അരി മണിയിലും വിശപ്പിലും രുചിയിലും അയാൾക്ക് ആസ്വദിക്കാൻ മാത്രം ഒന്നും പിന്നെ അയാൾ കണ്ടില്ല.. എല്ലിച്ച് കുഴിഞ്ഞ രണ്ടു കണ്ണുകൾ അല്ലാതെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com