ADVERTISEMENT

ആശ ഒരു നിരാശ (കഥ)

ആഗ്രഹിക്കുന്നത് ഒന്നും ലഭിക്കാത്ത ദുർഭാഗ്യവും ആഗ്രഹിക്കുന്നതിലും ഉപരിയായി ലഭിക്കുന്ന സൗഭാഗ്യവും– അതാണ് ജീവിതം. ഉത്തരം കിട്ടാത്ത ഒരു കടം കഥ പോലെ, മറുഭാഗത്ത് പച്ചപ്പ്‌ കാണാൻ ശ്രമിക്കുന്ന കുറെ ജീവിതങ്ങൾ ആണ് മനുഷ്യർ എന്നു പറഞ്ഞാൽ തെറ്റ്  ഉണ്ടോ?

കുറച്ചു സാഹിത്യം ആകാം എന്നു കരുതി... ആഗ്രഹത്തെ കുറിച്ചു പറഞ്ഞത് ഒരു കഥ പറയാൻ വേണ്ടി ആയിരുന്നു. എന്നാൽ കഥ തുടങ്ങിയാലോ മുംബൈ എന്ന മഹാനഗരത്തിൽ നിന്ന് ഉണ്ടായ ഒരു കഥ, പാലക്കാട് എന്ന ദേശത്തുനിന്നു ജോലി സംബന്ധമായി മുംബൈയിൽ താമസമാക്കിയ ദമ്പതികൾ– അബ്ദുൽ അസിസ് എന്ന യുവാവും ഹാജിറ എന്ന യുവതിയും. വീണ്ടും ഒരു കുഞ്ഞിനായുള്ള ആശ. വീണ്ടും എന്നു പറയുന്നത് അവർക്ക് ആദ്യമേ രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു, ഇതു പക്ഷേ, ഒരു ആൺകുഞ്ഞിനായുള്ള ഒരു റീടേക്ക് ആയിരുന്നു കാരണം മുൻപ് ഉള്ളതു രണ്ടും പെൺകുഞ്ഞുങ്ങൾ ആയതുകൊണ്ട് എല്ലാരുടെയും നിർബന്ധം കാരണം അവർ അതിനു തയാർ ആയി. എങ്കിലും ഹാജിറക്ക് എന്നും പ്രിയം പെൺകുഞ്ഞിനോടു തന്നെ ആയിരുന്നു.

അങ്ങനെ ദൈവത്തിന്റെ സന്നിധിയിൽ ഒരു കുറി ഇട്ടു, സ്വർഗത്തിലെ സൗഭാഗ്യം വിട്ടു ഭൂമിയിലോട്ടു പോകാൻ ആർക്കും ഇഷ്ടം അല്ലാത്തതു കൊണ്ടാണ് ദൈവം കുറി ഇട്ട് ഓരോ ജീവനെ ഓരോ ഉദ്ദേശത്തോടെ ഈ ഭൂമിയിലോട്ട് അയക്കുന്നത്.

ദൈവത്തിന്റെ ആ മഹത്തായ ദിവസം അങ്ങനെ വന്നെത്തി. സന്തോഷപൂർണമായ സ്വർഗീയ ജീവിതത്തിൽ നിന്നും ദൈവം ആ കുഞ്ഞിനെ അമ്മയുടെ ഗഭപാത്രമാകുന്ന അന്ധകാരത്തിലോട്ടു മാറ്റി. അല്ലെങ്കിലും നമുക്ക് ഇഷ്ടം ഉണ്ടായിട്ട് അല്ലല്ലോ നമ്മൾ ഒക്കെ ഈ ഭൂമിയിൽ  പിറവിയെടുക്കുന്നത്. മെല്ലെ മെല്ലെ ആ കുഞ്ഞ് ആ അന്തരീക്ഷമായി പൊരുത്തപ്പെട്ട് ആ കുഞ്ഞിന് പുതിയ ഒരു രൂപം നൽകാനുള്ള പണിയിൽ ദൈവം ഓരോ പുതിയ അവയവം നിർമിച്ചു, ഹാർട്ട്, ചെവി, കൈകാലുകൾ, കണ്ണ്, അങ്ങനെ പലതും അതിൽ ഏറ്റവും ഉത്തമം ചെവി ആയിരുന്നു അത് ഉണ്ടാക്കിയ ദിവസം ആദ്യമായി കുഞ്ഞ് ദൈവത്തിന്റെയും, സ്വന്തം അമ്മയുടെയും ശബ്ദം കേട്ടു. ഇരുട്ട് എന്ന ഏകാന്തതയിൽ ആ ശബ്ദങ്ങൾ കുഞ്ഞിന് ഒരു ആശ്വാസം ആയി തോന്നി, പിന്നീട് കേൾക്കുന്ന ശബ്ദം ഒക്കെ ആരുടെ എന്ന് അറിയുന്നില്ല, പലവട്ടം ആൺകുഞ്ഞ്, ആൺകുഞ്ഞ് എന്നു കേട്ടുകൊണ്ട് ഇരുന്നു. ഇടയ്ക്കൊക്കെ ഒരു ശബ്ദം "ഡാഡീടെ പൊന്നു മോന് സുഖമല്ലേ, ഉമ്മ" എന്നു കേൾക്കുന്നതൊക്കെ ആ ജീവനിൽ കൗതുകം ഉണ്ടാക്കി. പ്രതീക്ഷയോടെ ആ കുഞ്ഞിനായി കാത്തു നിൽക്കുന്നവരുടെ വാക്കുകൾ ആ കുഞ്ഞിന് പുറത്തു വരുവാൻ ഉള്ള മോഹം നൽകി. (പുറത്തുകടക്കുവാൻ ആയി കുഞ്ഞുങ്ങൾ കാണിക്കുന്ന ആ ഒരു ആവേശം ആണ് അമ്മമാരുടെ ഉദരത്തിൽ ഏൽക്കുന്ന പ്രഹരങ്ങൾ എന്നു മനസിലാക്കുന്നു ഇന്ന്.)

കുഞ്ഞിന്റെ പ്രഹരം സഹിക്കാൻ കഴിയാത്ത ഒരു നാൾ 'അമ്മ വല്ലാതെ കരയുന്നത് ആ കുഞ്ഞു കേട്ടു. എല്ലാവരും വളരെ വേഗത്തിൽ അമ്മയെ എങ്ങോട്ടോ കൊണ്ടു പോകുന്നു. കുറെ പേടിപ്പിക്കുന്ന ശബ്ദങ്ങൾക്കു ചുറ്റിലും അമ്മയുടെ കടുത്ത വേദന അതു സഹിക്കാൻ കഴിയാതെ ആരൊക്കെയോ ചേർന്ന് വയറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തോട്ടു തള്ളി. ആ കുഞ്ഞ് ഒന്നും അറിയാതെ ഇരുട്ടിന്റെ ലോകത്തിൽ ഒരു വെളിച്ചം കണ്ടു. മുംബൈ എന്ന നഗരത്തിലെ ചായ ഹോസ്പിറ്റലിൽ 11 നവംമ്പർ 1984 രാവിലെ 6 മണിക്ക് ആ കുഞ്ഞുകണ്ണുകൾ മെല്ലെ തുറന്നു ചുറ്റും നോക്കി, അതേയ് ദൈവത്തിന്റെ കുറെ മാലാഖമാർ ചുറ്റും നിന്ന് കുഞ്ഞിനെ നോക്കുന്നു. കുഞ്ഞു തൊണ്ടയിൽ നിന്ന് ആദ്യമായി വന്ന കരച്ചിൽ 'അമ്മ.. അമ്മ' എന്നു തോന്നിപ്പിക്കുന്ന ഒരു മധുര രാഗം...

കൂട്ടത്തിൽ നിന്നും ഒരു ശബ്ദം ഉറക്കെ പറഞ്ഞു വീണ്ടും ഒരു പെൺകുഞ്ഞ്, ഹാജിറ കേൾക്കുന്നുണ്ടോ പെൺകുഞ്ഞ് ആണൂട്ടോ -വലിയ ഒരു ആശയിൽ നിന്നും ഉണ്ടായ ചെറിയ നിരാശ ...,

അതെ, ആ പെൺകുഞ്ഞാണ് ഈ ഞാൻ, രണ്ടു ചേച്ചിമാരുടെ കുഞ്ഞ് അനിയത്തി ആയി, വാത്സല്യ നിധിയായ മാതാ–പിതാക്കളുടെ ഓമന സന്താനമായി. അഹങ്കാരി, തന്നിഷ്ടക്കാരി, മമ്മിയുടെ ആൺകുഞ്ഞ് എന്നിങ്ങനെയൊക്കെ ലോകം എന്നെ വിളിച്ചു. എങ്കിലും ഈ ലോകത്ത് ഇന്ന് ഞാൻ അറിയപ്പിടുന്നത് എന്റെ മാതാവും പിതാവും എനിക്കു നൽകിയ ആ സുന്ദരമായ നാമത്തിൽ ആണ്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com