sections
MORE

അത്യാവശ്യസമയങ്ങളിൽ അപ്രതീക്ഷിതമായി നമ്മെ തേടിയെത്തുന്ന ചില സൗഹൃദങ്ങൾ...

friend indeed
SHARE

ഫ്രണ്ട് ഇൻഡീഡ് (കഥ)

ദുബായ് നഗരത്തിലെ ബാച്ചലേഴ്‌സ് റൂമിലെ സിംഗിൾ ബെഡിൽ നസീർ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്ക്ക് എണീറ്റിരുന്നു. തീരെ ഉറക്കം വരുന്നില്ല, സഹിച്ചുസഹിച്ച് എങ്ങനെയൊക്കെയോ രാവിലെ മൂന്നര മണി വരെ തള്ളി നീക്കി.

തൊട്ടടുത്ത കട്ടിലിൽ എറണാകുളത്തുകാരനായ പോൾസൺ കൂർക്കം വലിച്ചുറങ്ങുകയാണ്. ശല്യം ചെയ്യേണ്ട എന്നു കരുതി അയാളെ വിളിച്ചുണർത്താൻ നസീറിന് തോന്നിയില്ല. മറ്റൊരു കട്ടിലിൽ ഷിജിനും കിടന്നുറങ്ങുന്നു. നൈറ്റ് ഡ്യൂട്ടിക്ക് പോയതിനാൽ  പ്രമോദിന്റെ കട്ടിൽ ഒഴിഞ്ഞു കിടക്കുകയാണ്. പൊതുവെ എന്തും സഹിക്കാവുന്നത്ര അല്ലെങ്കിൽ അതിനപ്പുറവും സഹിക്കുന്നവനാണ് നസീർ. ഇപ്പോൾ സഹിക്ക വയ്യാതെ എണീറ്റ് വിറച്ച് വിറച്ച് സിറ്റിങ് ഹാളിലേക്ക് നടന്നു. രാത്രി ഷിഫ്റ്റിൽ ജോലിക്കു പോയ പ്രമോദ് തിരിച്ചെത്തിയിട്ടുണ്ട്. അവൻ വേഷം പോലും മാറിയിട്ടില്ല. രണ്ട് പെഗ്ഗ് അകത്താക്കി കിടന്നുറങ്ങാനുള്ള തയാറെടുപ്പിലാണെന്ന് തോന്നുന്നു, മേശമേൽ കുപ്പിയും ഗ്ലാസ്സിൽ പാതി കുടിച്ച മദ്യവും കാണാം. നസീറിന്റെ ക്ഷീണം പിടിച്ച നടത്തം പന്തിയല്ലെന്ന് തോന്നിയ പ്രമോദ് തിരക്കി 

"എന്താ നസീറെ നീ ഈ സമയത്ത് എണീറ്റ് ഇങ്ങോട്ടേയ്ക്ക് ? എന്തു പറ്റി? ഉറങ്ങിയില്ലേ? ഞാനിപ്പോൾ എത്തിയതേയുള്ളൂ ", 

സാധാരണ പകൽ ജോലിയല്ലെങ്കിൽ, പ്രമോദ് എപ്പോഴാണ് റൂമിലേക്ക് വരാറ് എന്ന് മുറിയിലുള്ള മറ്റുള്ളവരാരും അറിയാറു പോലുമില്ല. ആർക്കും ശല്യമാകാതെ തന്റെ മുറിയിൽ കയറി തന്റെ കട്ടിലിൽ കിടന്നുറങ്ങും.  

"എനിക്കെന്തോ തീരെ വയ്യ പ്രമോദേ, നല്ല പനിയുണ്ട്", അൽപ്പം മസാലക്കടലയും കൊറിച്ച്, ഗ്ലാസിലുള്ള ബാക്കി പകുതി കൂടി അകത്താക്കി പ്രമോദ് ഇടത്തെ കൈ കൊണ്ട് നസീറിന്റെ നെറ്റിത്തടത്തിൽ തൊട്ടു കൊണ്ട് പറഞ്ഞു, "പൊള്ളുന്ന പനിയാണല്ലോ, ആശുപത്രിയിൽ പൊയ്ക്കൂടേ നിനക്ക് ",

"എങ്ങനെയും നേരം വെളുക്കട്ടെന്നു കരുതിയാ " നസീർ പറഞ്ഞു. 

"ഏയ്, അതിനൊന്നും കാക്കല്ലേ, ഞാൻ വരാം കൂടെ, നീ വേഗം ഈ ലുങ്കിയൊന്ന് മാറ്റി വാ", 

പ്രമോദ് കൂടെ വരാൻ തയാറായതിനാൽ എന്നാൽ പിന്നെ ഡോക്ടറെ കാണാം എന്ന് നസീർ കരുതി. ഉടുത്തിരുന്ന ലുങ്കി മാറ്റി നസീർ വീണ്ടും സിറ്റിങ് ഹാളിലെത്തി, പ്രമോദ് കൈകൊണ്ട് ചുണ്ടുകൾ തുടച്ച് നസീറിന്റെ കൂടെ ആശുപത്രിയിലേക്ക് തിരിച്ചു. ദുബായ് നഗരത്തിലെ തങ്ങളുടെ താമസ സ്ഥലത്തു നിന്നും രണ്ട് മിനുട്ട് നടന്നാൽ എത്താവുന്ന സ്വകാര്യ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തി പ്രമോദ് റിസപ്ഷനിസ്റ്റിനോട് നസീറിന്റെ അവസ്ഥ വിവരിച്ചു, രജിസ്‌ട്രേഷൻ നടപടികൾ തുടരവേ വളരെ പെട്ടെന്നു തന്നെ റിസപ്‌ഷനിസ്റ്റ് ഒരു നഴ്‌സിനെ വിളിച്ചു വരുത്തി, നസീറിനെ ട്രയാജ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പ്രമോദും അനുഗമിച്ചു. പനിയും പ്രഷറും പരിശോധിച്ചു ഡോക്ടർ കെ.എസ്. ഹെഗ്‌ഡെയുടെ മുറിയിലേക്ക് പോകാൻ നിർദ്ദേശിച്ചു. ഡോക്ടറുടെ മുറിയുടെ വാതിലിൽ മുട്ടി, അകത്തേയ്ക്കു പ്രവേശിച്ച നസീറിനെ അവിടെയിരുത്തി ഡോക്ടർ ഉടനെ പുറത്തിറങ്ങി പിന്നെ കേട്ടത് ഡോക്ടറുടെ ഉച്ചത്തിലുള്ള ശകാരമായിരുന്നു. ക്ഷീണിതനായ നസീറിനെ അനുഗമിക്കാതെ ഫയലുമായി ഒറ്റയ്ക്ക് ഡോക്ടറുടെ മുറിയിലേക്ക് വിട്ടതിന് ഡ്യൂട്ടി നഴ്‌സിനെ ശകാരിച്ചതായിരുന്നു. 

അറുപതിനടുത്ത് പ്രായം തോന്നിക്കുന്ന ഡോക്ടർ കെ.എസ്. ഹെഗ്‌ഡെ, നസീറിന്റെ പൾസ് പരിശോധിച്ചു, സ്റ്റെതസ്കോപ്പ് നെഞ്ചിലും പുറത്തും പലയിടങ്ങളിലായി അമർത്തിക്കൊണ്ടിരുന്നു. സ്റ്റെതസ്ക്കോപ്പ് ചെവിയിൽ നിന്നും ഇരു കൈകൾ കൊണ്ടും ഊരി വെക്കുമ്പോൾ ഡോക്ടർ നസീറിനോടായി പറഞ്ഞു, "പനി വളരെ കൂടുതലായി ഉണ്ട്, ഇൻജെക്ഷനെടുക്കണം, നിങ്ങൾ വളരെ ക്ഷീണിതനാണ്, കുറഞ്ഞത് രണ്ട് ബോട്ടിൽ ഡ്രിപ്പും അത്യാവശ്യമാണ്, പിന്നെ മൂത്രം പരിശോധിക്കേണ്ടതുണ്ട് അത് കഴിഞ്ഞതിനു ശേഷം പരിശോധിച്ച് എന്താണ് വേണ്ടതെന്ന് പറയാം", കന്നടച്ചുവയുള്ള മലയാളത്തിൽ ഡോക്ടർ ഹെഗ്‌ഡെ പറഞ്ഞു. ഡോക്ടർ ഇന്റർകോമെടുത്തു നഴ്‌സിനെ മുറിയിലേക്ക് വിളിപ്പിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി. എമെർജൻസി വാർഡിലേക്ക് കൂട്ടിക്കൊണ്ടു പോയ നസീറിന് നഴ്സ് ഇൻജെക്ഷൻ നൽകി, ഡ്രിപ്പ് നൽകുന്നതിനുള്ള സൗകര്യത്തിനായി ബെഡിൽ കിടത്തി അൽപ്പസമയത്തിനകം തന്നെ ഡ്രിപ് നൽകാനും തുടങ്ങി.  

തന്റടുത്ത് നിൽക്കുന്ന പ്രമോദിനോട് ക്ഷീണിച്ച സ്വരത്തിൽ നസീർ പറഞ്ഞു 

"പ്രമോദേ, നീ തിരിച്ചു പൊയ്ക്കോ, നൈറ്റ് ഡ്യൂട്ടി ചെയ്ത് വന്നതല്ലേ, സമയമിപ്പോൾ അഞ്ചുമണി കഴിഞ്ഞുവല്ലോ, പോയി ഉറങ്ങൂ. ഇത് കഴിഞ്ഞാൽ ഞാൻ ഫോൺ വിളിച്ച് അറിയിക്കാം", 

"സാരമില്ല, ഉറക്കമല്ലല്ലോ വലുത്, നാളെ എനിക്ക് മോണിങ് ഷിഫ്റ്റ് ആണ്, രാത്രി ഉറങ്ങാമല്ലോ, ഞാനിവിടെത്തന്നെയുണ്ട്, നിന്റെ കാര്യങ്ങൾ കഴിയട്ടെ അതറിഞ്ഞിട്ട് ഞാൻ പൊയ്ക്കൊള്ളാം". പ്രമോദ് പറഞ്ഞു.  

നഴ്സിനോട് നസീർ തിരക്കി "ഇനിയെത്ര സമയമെടുക്കും ഇതെല്ലാം തീരാൻ?", നഴ്സ് പറഞ്ഞു, അതിപ്പോ എനിക്ക് പറയാൻ പറ്റില്ല, എന്തായാലും മൂന്നുമണിക്കൂറെങ്കിലും ആവും, അത് കഴിഞ്ഞാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ അടുത്തെതെന്തെന്ന് പറയാൻ സാധിക്കൂ.  

"പ്രമോദ്, മൂന്നു മണിക്കൂറൊന്നും നീയിവിടെ എനിക്കു വേണ്ടി നിൽക്കണ്ട, കാര്യങ്ങൾ നഴ്സ് നോക്കിക്കോളുമല്ലോ, നീ പൊയ്ക്കോ " നസീറിന്റെ നിർബന്ധത്തിന് വഴങ്ങി പ്രമോദ് അവിടം വിട്ടു.  

നസീർ ചിന്തിച്ചു, “ഒരേ മുറിയിൽ താമസിക്കുന്നവരെന്നതിൽ കവിഞ്ഞ് വലിയ അടുപ്പമൊന്നും പ്രമോദുമായി തനിക്കില്ല. എന്റെ അവധി ദിവസം അവൻ ചിലപ്പോൾ ജോലിയിലായിരിക്കും. അവന് അവധിയുള്ളപ്പോൾ എനിക്ക് ജോലിയും. അങ്ങനെ വല്ലപ്പോഴും മാത്രമേ നേരിട്ട് കാണാനും സംസാരിക്കാനും സാധിക്കാറുള്ളൂ. മൊബൈൽ നമ്പറുകൾ പരസ്പരം കൈമാറിയിട്ടുണ്ടെങ്കിലും ഒരുമിച്ചു താമസിക്കാൻ തുടങ്ങിയിട്ട് ആറ് മാസങ്ങളോളമായെങ്കിലും ഇന്നേവരെ അങ്ങോട്ടോ ഇങ്ങോട്ടോ വിളിച്ചിട്ടുമില്ല. വല്ലപ്പോഴും കണ്ടുമുട്ടിയാൽ പുഞ്ചിരിയോടെയുള്ള ഒരു "ഹലോ, സുഖമല്ലേ," മാത്രം. എന്നിട്ടും തന്റെ അവസ്ഥ തൊട്ടറിഞ്ഞ് തനിക്ക് ഏറ്റവും അത്യാവശ്യ സമയത്ത് കൈത്താങ്ങായി അവനെത്തി! ഏറ്റവും അടുത്ത ഒരു സുഹൃത്തായി തന്നെ”

അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് മയങ്ങിപ്പോയ നസീർ ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ കണ്ടത് തീരാറായ ഗ്ലൂക്കോസ് ബോട്ടിലും അത് തൂക്കിയിട്ടിരിക്കുന്ന ഡ്രിപ് സ്റ്റാൻഡിന്റെ അടുത്തായി ഒരു കസേരയിൽ ഇരിക്കുന്ന പ്രമോദിനെയുമാണ്. ഡ്രിപ്പുകൾ ശരീരത്തിലേക്ക് കയറിയതോടെ ക്ഷീണം മാറിയ നസീർ പ്രമോദിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.  

"നീ ഇനിയും റൂമിലേക്ക് പോയില്ലേ? "

"ഞാൻ പോയി ഫ്രഷ് ആയി, ഉറങ്ങാൻ കിടന്നു, തീരെ ഉറക്കം വരുന്നില്ല, എന്തോ നിന്റെ കാര്യം തന്നെ ചിന്തയിൽ വന്നു കൊണ്ടിരിക്കുന്നു. എനിക്കൊരു സമാധാനമില്ലാത്ത പോലെ, അതുകൊണ്ട് വേഷം മാറി പോൾസനോട് കാര്യം പറഞ്ഞു ഞാനിങ്ങോട്ട് പോന്നു, റൂമിൽ മറ്റുള്ളവരെല്ലാം ജോലിക്ക് പോകാനുള്ള തത്രപ്പാടിലാണ്".  

പ്രമോദിന്റെ ആത്മാർഥമായ സഹാനുഭൂതിയും സഹായവുമോർത്ത് എന്ത് പറയണമെന്നറിയാതെ നസീർ കുഴഞ്ഞു പോയി. നസീറിന്റെ കണ്ണു നിറഞ്ഞു. അപ്പോഴേയ്ക്കും നഴ്സ് ഡ്രിപ്പ് പരിശോധിക്കാനെത്തി, അത് തീർന്നതായി മനസ്സിലാക്കി. മലയാളിയായ ഡ്യൂട്ടി ഡോക്ടറെത്തി വീണ്ടും പരിശോധിച്ച് നസീറിന്റെ പനിക്ക് ശമനമുണ്ടെന്ന് കണ്ടതിനാൽ അവരോട് പറഞ്ഞു, 

"തൽക്കാലം പ്രശ്നങ്ങളൊന്നുമില്ല. കടുത്ത പനിയുണ്ടായിരുന്നു. അതിപ്പോൾ കുറഞ്ഞിട്ടുണ്ട്. ചില മരുന്നുകൾ കുറിച്ചിട്ടുണ്ട്. അതിനി വീട്ടിൽ ചെന്ന് കഴിച്ചാൽ മതി, എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ മാത്രം പെട്ടെന്ന് വന്നു ഡോക്ടറെ കാണുക. അല്ലെങ്കിൽ അഞ്ചു ദിവസം കഴിഞ്ഞു വന്നാൽ മതി, പിന്നെ പോകുന്നതിന് മുൻപ് യൂറിൻ സാമ്പിൾ കൊടുക്കാൻ മറക്കണ്ട”. അത്രയും പറഞ്ഞു ഡോക്ടർ മുറി വിട്ടു പോയി.    

മൂത്രത്തിന്റെ സാമ്പിൾ നഴ്‌സിനെ ഏൽപ്പിച്ച് നസീറും പ്രമോദും റൂമിലേക്ക് തിരിച്ചു നടക്കവേ പ്രമോദിന്റെ കരം കവർന്നു കൊണ്ട് നസീർ പറഞ്ഞു "എനിക്ക് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഈ നാട്ടിലുണ്ട്. എന്നാൽ ദൂരെ താമസിക്കുന്ന അടുത്ത ബന്ധുവിനേക്കാൾ അടുത്ത് താമസിക്കുന്ന അയൽക്കാരനാണ് ഉപകരിക്കുക എന്ന പോലെ, ആവശ്യത്തിന് ഉപകരിക്കുന്ന സുഹൃത്താണ് യഥാർഥ സുഹൃത്തെന്നു കൂടി താൻ നേരിട്ട് മനസ്സിലാക്കുകയാണ്, യു ആർ എ ഫ്രണ്ട് ഇൻഡീഡ്".  

പുഞ്ചിരിച്ചു കൊണ്ട് പ്രമോദ് മറുപടി പറഞ്ഞു "അതൊന്നും ഒരു കാര്യമാക്കണ്ടെടോ നസീർ, ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം നമ്മൾ അന്യരാജ്യക്കാരാണ്. ഇവിടെ സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വേലികളും മതിൽക്കെട്ടുകളുമില്ലല്ലോ, ആര് ആർക്ക് എപ്പോൾ ഉപകരിക്കുമെന്ന് ആർക്കറിയാം? നമുക്ക് ഒരു യൂണിറ്റി കോഡ് ഉണ്ട്, അതാണ് 'പ്രവാസികൾ' അല്ലെങ്കിൽ പരദേശികൾ എന്ന കോഡ്. ആ കോഡുപയോഗിച്ച് നമ്മുക്ക് അന്യോന്യം പ്രതീക്ഷകളും ആശ്രയങ്ങളുമൊക്കെ ആയി അങ്ങനെ ജീവിക്കാമെടോ ". 

അവിടെ രണ്ടുപേർ തമ്മിൽ പുതിയൊരു ദൃഢമായ സൗഹൃദം നാമ്പെടുക്കുകയായിരിന്നു. 'പ്രവാസം' എന്ന ആ കോഡുപയോഗിച്ച് ... ഞരക്കവും കുലുക്കവുമുള്ള ആ പഴകിയ ബിൽഡിങ്ങിന്റെ ലിഫ്റ്റിൽ കയറി അവർ ഉയരത്തിലുള്ള തങ്ങളുടെ മുറിയിലേക്ക് പോയി .. വയനാടുകാരനായ നസീറും, കൊല്ലത്തുകാരനായ പ്രമോദും.. സൗഹൃദവും സ്നേഹവും ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെ...

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA