sections
MORE

മകളുടെ മാനം കാക്കാൻ ഒരച്ഛൻ ചെയ്തത്

rape-victim
പ്രതീകാത്മക ചിത്രം
SHARE

വേട്ട (കഥ)

നഗരത്തിൽ വേനൽ മഴ ശക്തിയാർജിച്ചു കഴിഞ്ഞിരുന്നു. സായാഹ്നമാകുന്നതേ ഉള്ളൂ, എങ്കിലും ഇരുൾ പരക്കാൻ തുടങ്ങിയിരുന്നു. വഴിവിളക്കുകൾ കണ്ണു തുറന്ന് ഇരുളിനെ അകറ്റി നിർത്താൻ ശ്രമിക്കുന്നു. നഗരത്തിലെ ഇടുങ്ങിയ റോഡുകളും ഓടകളും വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകാൻ തുടങ്ങി. ഇടയ്ക്കിടെ ഉയരുന്ന ഇടിവെട്ടിന്റെ ശബ്ദവും, മിന്നലിന്റെ പ്രകാശവും മഴയെ ലാസ്യത്തിൽ നിന്നും താണ്ഡവ ഭാവത്തിലേക്ക് മാറ്റി. ഭയം എല്ലാവരുടെയും മുഖത്ത് നിഴലിക്കാൻ തുടങ്ങി 

നഗരത്തിലെ പടിഞ്ഞാറേ അറ്റത്തുള്ള പണി തീരാത്ത പഴയ കെട്ടിടത്തിന് ഏകദേശം അമ്പത് മീറ്റർ മാറി ഒരു ഓട്ടോറിക്ഷ വന്നു നിന്നു. അതിൽ നിന്നും നാൽപത്തഞ്ച്, അമ്പത് വയസ്സു തോന്നിക്കാവുന്ന ഒരാൾ പുറത്തിറങ്ങി, കൈയിൽ ചുരുട്ടി പിടിച്ചിരുന്ന പഴയ നോട്ടുകളിൽ നിന്നും കുറച്ചു തപ്പി പെറുക്കി എടുത്ത് അയാൾ ഓട്ടോറിക്ഷക്കാരാനു കൂലി നൽകി. ആ മഴയത്തു തന്നെ അയാൾ മുന്നോട്ടു നടന്നു. അയാൾ മുന്നോട്ടു നടന്ന് അൽപനേരം കഴിഞ്ഞാണ് ഓട്ടോറിക്ഷ സ്റ്റാർട്ട് ആയതും തിരിച്ചു പോയതും, ഒരു പക്ഷേ, അയാൾക്ക്‌ വല്ല സഹായവും വേണ്ടി വന്നേക്കും എന്ന് ആ ഓട്ടോറിക്ഷക്കാരന് തോന്നിയതു കൊണ്ടായിരിക്കും 

ശാരീരികമായി വളരെ അവശനാണ് അയാൾ എന്ന് നടക്കുന്നതു കണ്ടാൽ തന്നെ മനസ്സിലാക്കാൻ കഴിയും നടക്കുമ്പോൾ അയാളുടെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു, കിതപ്പും അയാളെ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ട് എന്ന് അയാൾ ശ്വാസം വിടുന്നതിൽ നിന്നും മനസ്സിലാക്കാൻ കഴിയും, അൽപദൂരം നടന്നതിനു ശേഷം അയാൾ ഒരു മാത്ര നിന്നു ശ്വാസം ആഞ്ഞു വലിച്ചാണ് അടുത്ത ചുവടു വച്ചിരുന്നത് അൽപം അക്ഷമ അയാളുടെ ഒരോ ചുവടിലും കാണാമായിരുന്നു, അതായത് ഇടയ്ക്കിടെ വാച്ചിൽ നോക്കി പ്രകടമാക്കുകയും ചെയ്തിരുന്നു.

അയാൾ ആ പഴയ കെട്ടിടത്തിൽ എത്തിയപ്പോഴേക്കും മഴയിൽ വെളുത്ത ഷർട്ടും മുണ്ടും സാമാന്യം നന്നായി നനഞ്ഞിരുന്നു, അവിടെ ഒതുക്കി വച്ചിരുന്ന പഴയ ഇഷ്ടികകളിൽ അയാൾ ഇരുന്നു, തന്റെ തുണിസഞ്ചിയിൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു ഇൻഹേലർ പുറത്തെടുത്ത് അയാൾ തന്റെ വായിലേക്ക് സ്പ്രേ ചെയ്യാൻ ശ്രമിച്ചു. പല തവണ കുലുക്കി സ്പ്രേ ചെയ്തപ്പോൾ മാത്രമേ അയാൾക്ക്‌ അൽപമെങ്കിലും മരുന്ന് ലഭിച്ചുള്ളൂ. അവിടെ ഇരുന്ന് അയാൾ ആ കെട്ടിടം വിശദമായി നിരീക്ഷിച്ചു. 

ആ കെട്ടിടം പണിയുന്ന കാലത്ത് അവിടെ കൊണ്ടുവന്നിരുന്ന ഇഷ്ടിക അവിടിവിടെ ഒതുക്കി വച്ചിരിക്കുന്നു, ഒരു മൂലയിൽ കുറെ മണലും ഇരുമ്പു കമ്പികളും കൂട്ടിയിരിക്കുന്നു, കാലപ്പഴക്കത്താൽ എല്ലാത്തിനും പുതുമ പോകുകയും പായൽ പിടിച്ചു കളർ മാറുകയും ചെയ്തിരിക്കുന്നു, കെട്ടിടം രണ്ടു നിലയെ വാർത്തിട്ടുള്ളൂ, ഉയരത്തിൽ പണിതിട്ടിരിക്കുന്ന പില്ലറുകൾ .. അവിടിവിടെ ഇഷ്ടിക കെട്ടി മറച്ചിരിക്കുന്നു. പായലിന്റെ ഇരുണ്ട പച്ചനിറം എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു 

അയാൾ ഒരിക്കൽ കൂടി തന്റെ വാച്ചിൽ സമയം നോക്കി. അതിനു ശേഷം അൽപം ബദ്ധപ്പെട്ടു മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങി. കുറച്ചു പടികൾ കയറി ഒന്നു നിന്നു പിന്നെയും കയറി മുകളിലെ നിലയിൽ എത്തിയപ്പോഴേക്കും അയാൾ വല്ലാതെ തളർന്നു പോയി. മുകളിലെ നിലയിലും താഴെ എന്ന പോലെ കുറെ മൺകട്ടകളും മണലും കൂട്ടി ഇട്ടിരുന്നു.

അയാൾ മൺകട്ടകൾക്കടുത്ത് അൽപനേരം നിന്നു. അവിടെ നിന്നു തന്നെ ചുറ്റുമുള്ള സ്ഥലം സസൂക്ഷ്മം വീക്ഷിച്ചു. അക്ഷമയോടെ അയാൾ വീണ്ടും വാച്ചിൽ സമയം നോക്കി, അതിനു ശേഷം തന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കട്ടകൾക്കിടയിൽ സൂക്ഷമമായി ഒളിപ്പിച്ചു വച്ചു. അൽപനേരം കൂടി അവിടെ തന്നെ അയാൾ നിന്നു, അയാൾ കാത്തിരുന്ന പോലെ താഴെ ഒരു കാറും ബൈക്കുകളും വന്നു നിൽക്കുന്ന ശബ്ദം ഉയർന്നു. അത് കേട്ടതും അയാൾ ആ മൺകട്ടകൾക്കു മുന്നിൽ തൊഴുകൈകളോടെ നിന്ന് എന്തൊക്കെയോ പറഞ്ഞു. ശേഷം അതിനു നേരെ മുന്നിലായി വെറും തറയിൽ കാലുകൾ കുന്തിച്ചിരുന്നു.. അയാളുടെ രണ്ടു കൈകളും കാലുകളെ ചുറ്റി പിടിച്ചിരുന്നു. തല അയാൾ കാൽമുട്ടിൽ ഊന്നി. അനിവാര്യമായ വിധി കാത്തിരിക്കുന്ന പോലെ.

ആരൊക്കെയോ പടികൾ കയറി വരുന്ന ശബ്ദം.. ബൂട്സിട്ട കാലുകൾ പടികൾ ചാടി കയറി വരുന്നു.. തല ചെറുതായി ഉയർത്തിയ അയാളുടെ കണ്മുന്നിൽ നാലു യുവാക്കൾ നിരന്നു നിന്നു. നാലുപേരും ടീഷർട്ടും ജീൻസുമാണ് ധരിച്ചിരുന്നത്. അവർക്കു നീട്ടി വളർത്തിയ തലമുടിയും താടിയും ഉണ്ടായിരുന്നു,

അമ്മാവോ സുഖമല്ലേ .. കൂളിങ് ഗ്ലാസ് കയ്യിലിട്ടു കറക്കി അതിലൊരാൾ അയാളോട് ചോദിച്ചു. കണ്ണുകൾ ഉയർത്തി അയാൾ ദയനീയമായി അവരെ നോക്കി....

ഞങ്ങൾ പറഞ്ഞ കാര്യങ്ങളെ പറ്റി എന്തു പറയുന്നു, നന്നായി ആലോചിച്ചു കാണുമല്ലോ അല്ലെ?

അല്ലെങ്കിൽ കിളവനെന്താ ആലോചിക്കാനുള്ളത്.. നമ്മൾ പറഞ്ഞതങ്ങു സമ്മതിക്കുക, തലയിൽ റിബൺ കെട്ടിയ മറ്റൊരാൾ പറഞ്ഞു.

അയ്യോ ഞങ്ങളെ പരിചയപെടുത്തിയില്ലല്ലോ.. മൂന്നാമൻ ഇടയിൽ കയറി, നോക്ക് ഇവൻ ആൽബർട്ട്, ഇവിടെ അത്യാവശ്യം ബിസിനസ് ഒക്കെ ഉള്ള ഒരു കുഞ്ഞു കോടീശ്വരൻ... ഞാൻ ആന്റണി, എന്റപ്പനും അമ്മേം അങ്ങ് അമേരിക്കയിൽ... ഇവൻ മഹേഷ്, പാരമ്പര്യമായി ഇവന്റെ വീട്ടുകാര് രാഷ്ട്രീയക്കാരാണ്, ഇവന്റെ അച്ഛൻ ഈ മണ്ഡലത്തിലെ എംഎൽഎ, പിന്നെ ആ പുക വലിച്ചു നിൽക്കുന്നത് ഒരു പാവം ആണ്, ഡികോസ്റ്റ, ഗോവക്കാരനാണ് അവൻ സ്വയം രണ്ടു പേരെ തട്ടിയിട്ടു‍ണ്ട് കേട്ടോ ...

അയാൾ ദയനീയമായി അവരെ നോക്കി അതെ ഇരുപ്പിരുന്നു.

അപ്പോൾ അമ്മാവന് കാര്യങ്ങളുടെ ഒരു ഇരുപ്പു വശം മനസ്സിലായല്ലോ... ഈ ഞങ്ങളോടാണ് കിളവാ നിങ്ങളുടെ മകളുടെ അഹങ്കാരം. 

അവളെന്തു പിഴച്ചു? അയാൾ ആദ്യമായി ശബ്ദിച്ചു. നിങ്ങൾ അവളോട് അനാവശ്യം കാണിച്ചപ്പോൾ പ്രതികരിച്ചതോ, അവളുടെ മാനം രക്ഷിക്കാൻ ശ്രമിച്ചതോ?

അതെ അതു തന്നെ, തലയിൽ റിബൺ കെട്ടിയ ആന്റണി ആക്രോശിച്ചു. ഞങ്ങൾക്കു വേണ്ടത് ഞങ്ങൾ ഇതുവരെ പിടിച്ചു വാങ്ങിയിട്ടുണ്ട്... അവൾക്കു ഞങ്ങളോട് സഹകരിച്ചാൽ എന്തായിരുന്നു... 

അവൾ ഒരു പാവം ആണ്, ദയവു ചെയ്തു നിങ്ങൾ അവളെ ഉപദ്രവിക്കരുത്. ഞാൻ നിങ്ങളുടെ കാല് പിടിക്കാം... അയാളുടെ ശബ്ദം വിറകൊണ്ടിരുന്നു.

വേണ്ട, ഞങ്ങൾക്കു വേണ്ടത് ഞാൻ നിങ്ങളോടു പറഞ്ഞിരുന്നല്ലോ. ഞങ്ങൾക്കു വേണ്ടത് അവളെ തന്നെ ആണ്. അവളുടെ ശരീരം എന്റെ മനസ്സിൽ നിന്നു മായുന്നില്ല. എത്ര മനോഹരം. അവളെ വിളിച്ച് ഇങ്ങോട്ടു വരാൻ പറ... ഇനി അത് മാത്രമാണ് നിങ്ങളുടെ മുന്നിലെ വഴി. അല്ലെങ്കിൽ ഞങ്ങളുടെ കയ്യിലുള്ള അവളുടെ നഗ്ന വിഡിയോകൾ നാളെ ലോകം മുഴുവനും കാണും. കാണിക്കും ഞങ്ങൾ ..

നിങ്ങൾ അവളെ ചതിച്ചതല്ലേ... ഒന്നും അറിയാത്ത ഒരു പാവം പെൺകുട്ടിയെ വഞ്ചിച്ച് എടുത്ത ചിത്രങ്ങൾ അല്ലേ... അവൾ എനിക്കെന്റെ മകളാണ് എന്റെ രാജകുമാരി.. എന്റെ രക്തം ..

കൂളിങ്ങ് ഗ്ലാസ് കൈയിൽ പിടിച്ചിരുന്നവൻ വെളുത്ത പൊടി കൈപ്പത്തിയിൽ ഇട്ടു മൂക്കിലേക്ക് വലിച്ചു കയറ്റി,

അതെ കിളവാ... ഞങ്ങൾ ചതിച്ചതു തന്നെ ആണ്... അവൾ കുളിക്കുന്നതിന്റെ ചിത്രങ്ങൾ ഞങ്ങൾ അവളുടെ റൂം മേറ്റിന്റെ സഹായത്താൽ അവൾ പോലുമറിയാതെ ചിത്രീകരിച്ചതാണ്. ടെക്‌നോളജി. നോക്കൂ, ഈ ബട്ടൺ രൂപത്തിൽ ഉള്ളതാണ് കാമറ. ഇത്ര ചെറുത്, കണ്ടു പിടിക്കാൻ പോലും കഴിയില്ല . ഇതൊക്കെ ആണ് ഞങ്ങളുടെ ആയുധങ്ങൾ ..

അവൾ ഉറങ്ങുമ്പോഴാണ് ഞങ്ങൾ അവളുടെ നഗ്നചിത്രങ്ങൾ എടുത്തത്. അതിനവളെ അവളുടെ കൂട്ടുകാരികൾ മയക്കി കിടത്തി. അവളെ തട്ടി കൊണ്ട് പോകാൻ അറിയാഞ്ഞിട്ടല്ല... അങ്ങനെ ഞങ്ങൾ ഒരുപാടു ചെയ്തിട്ടുണ്ട്. അതിൽ കുറച്ചു പേരൊക്കെ മരിച്ചു പോയിട്ടും ഉണ്ട്. ആരും വരില്ല ഞങ്ങളെ ചോദ്യം ചെയ്യാൻ. പക്ഷേ ഇത് ഞങ്ങളുടെ വാശിയാണ്. അവൾ ഞങ്ങളുടെ കിടക്കയിൽ സ്വയം വരണം എന്ന്. മഹേഷിന്റെ മുഖത്ത് അടിച്ച് കോളജിലെ എല്ലാവരും നോക്കി നിൽക്കെ അവൾ ഞങ്ങളെ ആട്ടി വിട്ടു. വിളിക്കടോ അവളെ... പുറത്തു നല്ല മഴ .. ഞങ്ങൾക്കൊന്നാസ്വദിക്കണം അവൾ കൂടെ വേണം ഇനി അവൾ വന്നിട്ട് താൻ ഇവിടെ നിന്നു പോയാൽ മതി.

ആന്റണിയുടെ കാലുകൾ അയാളെ ചവിട്ടി തെറിപ്പിച്ചു. വിളിക്കടോ താൻ... അവൾ വരും തന്റെ ജീവനു വേണ്ടി... അവളുടെ ചിത്രങ്ങൾക്കു വേണ്ടി... അല്ലെങ്കിൽ അവൾ നാളെ ആത്മഹത്യ ചെയ്യേണ്ടി വരും.

ഞങ്ങൾക്കൊന്നും നഷ്ടപ്പെടില്ല.. ഞങ്ങൾ ഏതു കേസിൽ നിന്നും സുഖമായി രക്ഷപെടും അതിനുള്ള പണവും സ്വാധീനവും ഞങ്ങൾക്കുണ്ട്, നിനക്കോ? ആരുമില്ല... ഒരാളും വരില്ല രക്ഷപെടുത്താൻ... ഒരിക്കൽ ഞങ്ങൾ അവളുടെ വിഡിയോ നെറ്റിലിട്ടാൽ... അറിയാലോ പിന്നെ അവൾക്ക് ഒരു പണിയേ കിട്ടൂ... അവളെ വിറ്റു ജീവിക്കാൻ മാത്രം, അപ്പോഴും ഞങ്ങൾ വരും. എന്താ അതൊക്കെ വേണോ?

എല്ലാം കണ്ട് ഈശ്വരൻ ഒരാൾ മുകളിൽ ഉണ്ട് നിങ്ങൾ മറക്കരുത്, ആ ഈശ്വരനെ ഓർത്ത്...

ഒന്ന് പോ കിളവാ, ഈശ്വരൻ എന്ന ദൈവം കാശുകാരുടെ കൂടെയാണ്... ഞങ്ങൾ ദൈവത്തിനു ആവശ്യമുള്ളതിൽ കൂടുതൽ കൊടുക്കാം .. അല്ലാതെ നിന്നെ പോലുള്ള ദരിദ്രവാസികളുടെ കൂടെ അല്ല. മനസ്സിലായോ?

അവർ അയാളെ എഴുന്നേൽപ്പിച്ചു നിർത്തി. താഴെ കിടന്ന അയാളുടെ ഫോൺ കൈകളിൽ എടുത്തു കൊടുത്തു.

വിളിക്കു മൂപ്പീലെ, നിങ്ങളുടെ മോളോട് ഇങ്ങോട്ടു വരാൻ പറ, ഞങ്ങൾ കാത്തിരിക്കുന്നു എന്നു പറ, ഞങ്ങൾ ഒന്ന് കൈ വച്ചാൽ നിങ്ങൾ അപ്പോൾ തീരും, മനസ്സിലാക്കിയാൽ കൊള്ളാം.. അച്ഛനും മോളും.

ഡികോസ്റ്റ അത് പറഞ്ഞു തീർന്നതും താഴെ ആരൊക്കെയോ വരുന്ന ബഹളം കേട്ടു, ആരോ കുറെ ആളുകൾ ഓടി വരുന്ന പോലെ... മഹേഷേ ആരാടാ അത്? നോക്ക് ഇവന്റെ കൂടെ വന്നവർ ആണെങ്കിൽ നമുക്കെല്ലാത്തിനെയും തീർക്കണം. ആന്റണി മൺകട്ടകളുടെ മുകളിൽ കയറിയിരുന്നു.

ആന്റണി... ജനലരികിൽ നിന്നും മഹേഷിന്റെ പരിഭ്രാന്തമായ ശബ്ദം ഉയർന്നു, താഴെ കുറെ ആളുകൾ... കൂടുതൽ ആളുകൾ വന്നുകൊണ്ടിരിക്കുന്നു, ആളുകൾ മാത്രമല്ല. മീഡിയ വണ്ടികളും വരുന്നുണ്ട്. എന്താണ് സംഭവിച്ചത്?

അപ്പോഴേക്കും ആളുകൾ ആ പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പാഞ്ഞു കയറി വന്നിരുന്നു. ചിന്തിക്കാൻ കഴിയുന്നതിനും മുൻപേ അവർ ആ നാലുപേരെയും മർദിക്കാൻ തുടങ്ങി. മീഡിയ അതെല്ലാം കൃത്യമായി കവർ ചെയ്യാനും ലൈവ് ടെലികാസ്റ്റ് നടത്താനും ഉത്സാഹിച്ചുകൊണ്ടിരുന്നു. വന്നവർ ആ നാലുപേരെയും മർദ്ദിച്ചവശരാക്കി അവിടെ കെട്ടിയിട്ടു.

മീഡിയ ഒട്ടും വൈകാതെ അവശനായ അയാളുടെ അടുത്തേയ്ക്ക് വന്നു , അയാളെ അവർ അവിടെയുള്ള പഴകിയ ചാരുബെഞ്ചിൽ ഇരുത്തി.

അഭിനന്ദനങ്ങൾ. ഇത്രയും കൃത്യമായ ആസൂത്രണത്തോടെ നിങ്ങൾ ഇവരെ കുടുക്കിയതിന്. വ്യക്തമായ തെളിവുകളോടെ നിങ്ങൾ ഇവരെ നിയമത്തിനു മുന്നിൽ നിർത്തിയിരിക്കുന്നു, എന്താണ് ഇതിനു പ്രേരണ?

മർദ്ദനമേറ്റ് അവശരായി കിടക്കുകയായിരുന്നു എങ്കിലും മീഡിയയുടെ ചോദ്യം കേട്ട് ആ നാൽവർ ഞെട്ടി. ഈ കിളവൻ തങ്ങളെ കുടുക്കി എന്നോ? എങ്ങനെ?

അവരുടെ മനസ്സിന്റെ ചോദ്യം അറിഞ്ഞപോലെ അയാൾ അവരെ നോക്കി കഷ്ടപ്പെട്ട് ചിരിച്ചു,

എനിക്കെന്റെ മകളെ രക്ഷിക്കണമായിരുന്നു. ശാരീരികമായോ, സ്വാധീനം ഉപയോഗിച്ചോ എനിക്കിവരെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു, അതു കൊണ്ടു തന്നെ ഞാനും ടെക്‌നോളജി ഉപയോഗിച്ചു. അതിനെന്നെ ഒരുപാടു പേര് സഹായിച്ചു. എന്റെ മുന്നിൽ ഇവരെ പൊതുജനത്തിനു മുൻപിൽ തുറന്നു കാണിക്കാൻ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല... അതുകൊണ്ട് തന്നെ ആണ് ഞാൻ ഇവർ പറഞ്ഞപ്പോൾ ഒരു വേട്ട മൃഗമായി ഇങ്ങോട്ടു വന്നതും ഇവർ പോലും അറിയാതെ ഫേസ്ബുക്കിൽ ഈ സംഭവങ്ങൾ ലൈവ് ചെയ്തതും. ഇനി ഒരു പെൺകുട്ടിയും ഇവരുടെ കൈകൾ കൊണ്ട് മരിക്കാനും നശിക്കാനും ഇടവരാതിരിക്കാൻ...

നാളെ എന്ത് എന്നെനിക്കറിയില്ല. പക്ഷേ ലോകം എന്റെ മകളുടെ നിരപരാധിത്വം അറിയണം. അത് മാത്രമാണ് എന്റെ ആഗ്രഹം.

പറഞ്ഞവസാനിപ്പിച്ച് അയാൾ പതുക്കെ എഴുന്നേറ്റു, ഇഷ്ടിക അടുക്കി വച്ചതിനിടയിൽ നിന്നും തന്റെ മൊബൈൽ ഫോൺ പുറത്തെടുത്തു. അതുമായി മെല്ലെ പടിയിറങ്ങി പുറത്തേയ്ക്കു നടന്നു... അയാൾ ആ പഴയ കെട്ടിടത്തിന്റെ ഗേറ്റ് കടക്കുമ്പോൾ സൈറൺ ഇട്ട പോലീസ് വാഹനങ്ങൾ അകത്തേക്ക് കടന്നു പോയീ. മഴ പെയ്തു തോർന്ന ഇടവഴിയിൽ അയാൾ തിരിച്ചു പോകാനുള്ള ഓട്ടോ കാത്തു നിന്നു... വീട്ടിൽ ഒറ്റക്കുള്ള മകളുടെ അടുത്തേയ്ക്ക്...

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA