sections
MORE

'പങ്കാളി ഇല്ലാതാകുമ്പോൾ നമുക്ക് നഷ്ടമാകുന്നത്...'

sad girl
പ്രതീകാത്മക ചിത്രം
SHARE

ഒരു നനുത്ത സ്പർശം പോലെ (കഥ)

ഒരു വിഷുകൂടി കഴിഞ്ഞുപോയിരിക്കുന്നു. ഞങ്ങളുടെയെല്ലാം നിറംപിടിപ്പിച്ച ഓർമകൾക്ക് പ്രായമേറി... വിരുന്നു വന്നവർ മടങ്ങി. കുട്ടികൾ യാത്രപറഞ്ഞു. ആരവങ്ങളൊടുങ്ങി. ഞാൻ കൂടി യാത്ര പറഞ്ഞിറങ്ങിയാൽ ഗൗരിയേടത്തിയും ഈ വീടും ഇവിടെ തനിച്ചിങ്ങനെ. ഏടത്തിക്ക് ആരുണ്ടിവിടെ മിണ്ടാൻ? പുറംപണിക്ക് വരുന്ന ആ സ്ത്രീയല്ലാതെ... ഏകാന്തതയുടെ നീളൻ മണിക്കൂറുകളിൽ ഗൗരിയേടത്തി ഈ ചുമരുകളുമായും കരിയിലകളെ തലോടി വരുന്ന കാറ്റലയുമായും സംസാരിച്ചിരിക്കും. വെറുതേ പറയുന്നതല്ല, അത് സത്യമാണ്. ചെവിയോർത്താൽ, മുഖം ചേർത്താൽ എപ്പോഴൊക്കെയോ ഏടത്തി ചോദിച്ച ചോദ്യങ്ങൾക്കു ചുമരുകൾ ഉത്തരം പറയുന്നത് കേൾക്കാം... ചില മറുചോദ്യങ്ങളും.

ഇങ്ങനെയോരോന്ന് ഓർത്തുകൊണ്ട് പറയാൻ ബാക്കിവെച്ചതെല്ലാം മനസ്സിൽ തന്നെ കുഴിച്ചു മൂടി നിസ്സംഗതയോടെ മാറിയിട്ട തുണികളും കുറച്ച് പുസ്തകങ്ങളും ഡയറിയും ഫോണുമെല്ലാം ഒരു തോൾബാഗിൽ വലിച്ചുവാരി നിറച്ച്, ഗോവണിപ്പടികളിറങ്ങി ഏടത്തിയോട് യാത്ര പറയാൻ ചെന്നതായിരുന്നു ഞാൻ... 

'സിദ്ധു... ഇറങ്ങായോ?' എന്ന് എനിക്കു പുറകിൽ നിന്ന് ചോദിച്ചു ഗൗരി ഏടത്തി.. ഏടത്തിയുടെ കൈയിൽ ഒരുകപ്പ് ചായ.. ഞാനത് ചോദിച്ചിരുന്നില്ലെങ്കിലും ആഗ്രഹിച്ചിരുന്നു..

'ഇന്നു തന്നെ പോണോ സിദ്ധു നിനക്ക്?' എന്നു ചോദിച്ച് ഏടത്തി ടീപ്പോയ്ക്കരികിൽ ഒരു കസേരയിൽ ഇരുന്നു... ഏടത്തിയുടെ സമീപം മറ്റൊരു കസേരയിൽ ഞാനും. 

'പോകാതെ വയ്യ ഏടത്തി.. ഒരു ദിവസം പോലും മാറി നിന്നാൽ ശരിയാകില്ല.. എല്ലായിടത്തും എന്റെ കണ്ണെത്തണം' ഞാൻ പറഞ്ഞു.. 

നിഴലുകൾ വീണു കിടക്കുന്ന വഴിയിലേക്കും നോക്കി ഗൗരി ഏടത്തി അങ്ങേയറ്റം ശാന്തയായി നിർമമയായിഇരിക്കുകയായിരുന്നു.. ഒരു ചെറുമന്ദഹാസം ആ ചുണ്ടിൽ വിരിഞ്ഞിരിന്നുവോ? ചെറുതെങ്കിലും അതിവേഗം നരച്ചു തുടങ്ങുന്ന ഏടത്തിയുടെ നീളൻ ചുരുൾമുടി, ഒരുകാലത്ത് നിത്യവും ഞാൻ തുളസിക്കതിർ ചൂടിച്ചു കൊടുത്തിരുന്ന ചുരുൾമുടി... വരണ്ടുണങ്ങിയ ചുണ്ടുകൾ, അഗാധമായ ദുഖത്തിന്റെ ഛായ വീണ ഇരുണ്ട കൺതടങ്ങൾ... വളരെ പെട്ടെന്ന് ഏടത്തി വാർദ്ധക്യത്തെ വരിച്ചതു പോലെ. ഞങ്ങൾക്കിടയിൽ നീണ്ടുകിടക്കുന്ന പതിവില്ലാത്ത മൗനം.. ഞാൻ ഏടത്തിയോട് പറയാൻ ആഗ്രഹിച്ചതുപോലെ ഏടത്തിയും എന്നോട് എന്തോ ഒന്ന് പറയാൻ പുറപ്പെടും പോലെ.. ചായക്കപ്പ് സോസറിൽ മുട്ടുന്ന ശബ്ദം. ഉണ്ണിയെ നഷ്ടമായതുമുതൽ ഏടത്തിയെ വരിഞ്ഞു മുറുക്കിയ നിശബ്ദതയും ശൂന്യതയും... ഉണ്ണി. ഏടത്തിക്ക് ലാളിച്ചു കൊതി തീർന്നിട്ടില്ലാതിരുന്ന മകൻ. ഉണ്ണി... 

മൗനമുടച്ച് ഞാൻ പറഞ്ഞു– 'ചിലപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് ഞാൻ മടങ്ങി വരും.. ഇവിടേയ്ക്ക്.. ഏടത്തിക്കൊപ്പം.. ആർക്കു വേണ്ടിയാണ് ഇനി ഈ അധ്വാനം'

'അരുത്.. ജീവിതം തീർന്നുപോയതു പോലെ സംസാരിക്കാതെ സിദ്ധു' ഏടത്തി അങ്ങേയറ്റം സൗമ്യമായി പറഞ്ഞു... പിന്നെ, ശാന്തമായൊരു മൗനത്തിലേയ്ക്കു തന്നെ പൂണ്ടുപോയി.. ഞാൻ ചായക്കപ്പ് ടീപ്പോയിന്മേൽ നിന്ന് കൈകളിലെടുത്തു.. ഇടക്കെപ്പോഴോ മുറ്റത്തേക്ക് പാറിവീണ കരിയിലകളെ നോക്കി ഏടത്തി എന്നോട് പറഞ്ഞു–

'കുട്ടികളൊക്കെ പോയപ്പോൾ വീടുറങ്ങി സിദ്ധു.. ഇനിയടുത്ത വർഷം വരെ ഞാനിങ്ങനെ' ഞാൻ നിശബ്ദനായി കേട്ടുകൊണ്ടിരുന്നു... എനിക്ക് ഉണ്ണിയുടെ മുഖം ഓർമവന്നു.. ദാഹിച്ച ഭൂമിയെപ്പോലെ ഏടത്തി. 

'കഴിഞ്ഞ തവണ നിനക്കൊപ്പം സീതയും.. അവൾ ഇവിടെയെല്ലാം ഓടി നടന്ന്, ഒച്ചവെച്ച്, മണികിലുക്കം പോലേ.. ഇപ്പോഴും ഈ ചുമരുകളിൽ ചെവിയോർത്താൽ കേൾക്കാം എനിക്ക് അവളുടെ ചിരി '..

ഏടത്തിയുടെ കണ്ണുകൾ നിശ്ചലമായിരുന്നു.. എന്റെ കൺപീലികൾക്കിടയിൽ കാർമേഘം ഉരുണ്ടുകൂടുന്നതും നനവ് പടരുന്നതും ഞാനറിഞ്ഞു.. 

ഏടത്തി തുടർന്നു. 

'അവൾ, അന്ന്, അപ്പച്ചീ വരൂ പടക്കം പൊട്ടിക്കാമെന്ന് പറഞ്ഞു നിർബന്ധിച്ചു.. ഞാൻ ഒഴിഞ്ഞു മാറിയപ്പോൾ പരിഭവിച്ചു.. മുഖം വീർപ്പിച്ചു.. പിണങ്ങി.. അവളെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും, ഒരോ തവണ പടക്കം പൊട്ടുമ്പോഴും ശബ്ദം കേൾക്കുമ്പോഴും എന്റെ നെഞ്ചിൽ ആയിരം പൊട്ടിത്തെറികൾ കേൾക്കുന്നുവെന്ന്...' ഏടത്തിയുടെ കൃഷ്ണമണികളിൽ ഉണ്ണിയുടെ മുഖം നിഴലിച്ചിരുന്നുവോ അപ്പോൾ.. ഏടത്തിയുടെ ശബ്ദം ചെറുതായൊന്നെങ്കിലും വിറകൊണ്ടുവോ?

'ഉണ്ണി വരും.. എന്തിനായിരുന്നു സിദ്ധു അവൻ നമ്മളെയൊക്കെ വിട്ട് ഇങ്ങനെ എവിടെയോ പോയ് ഒളിച്ചത്..?'

ഒരു നിമിഷം നിശബ്ദത.. വീണ്ടും ഏടത്തി ഏടത്തിയോടെന്നപോൽ പറഞ്ഞു– മരിച്ചവർ തിരിച്ചു വരില്ലല്ലോ...

ആ സംഭാഷണം ഒരാശ്ചര്യചിഹ്നത്തിലൊതുക്കി ഗൗരി ഏടത്തി പിന്നെയും അഗാധമായ മൗനത്തിന്റെ കൈപിടിച്ച് നിഴൽ വീണ വഴികളിലേക്ക് നോക്കിയിരുന്നു. പിന്നെ എന്തോ ഓർത്തിട്ടെന്നതു പോലെ പൊടുന്നനെ ഒരു ശ്വാസത്തിൽ എന്നോട് പറഞ്ഞു– 'ഈഗോയും വാശിയുമെല്ലാം കൈവെടിയൂ സിദ്ധു.. നീയവളെ തിരിച്ചു വിളിക്കൂ.. സീതയ്ക്ക് അമ്മ മാത്രം പോരാ.. അച്ഛന്റെ കരുതൽ നിഷേധിക്കരുത്.. '

ഞാൻ മറുപടി പറഞ്ഞില്ല.. എന്തു പറയണമെന്നറിയാതെ ഞാൻ.. ചായക്കപ്പിൽ നിന്നുയരുന്ന പുകചുരുൾ എന്റെ കണ്ണടയിൽ നീരാവി പടർത്തി കാഴ്ച അവ്യക്തമാക്കി.. 

'ഞാൻ നിന്നെ ക്ഷമിക്കുവാനായിരുന്നല്ലോ കുട്ടീ പഠിപ്പിച്ചത്... നീയതെല്ലാം മറന്നുപോയിരുന്നുവോ?' ഏടത്തി ചോദിച്ചു.. 

'പാർട്ണർ ഇല്ലാതാകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് എന്താണെന്നറിയുമോ സിദ്ധു? -സ്പർശം. ഒരു നേർത്ത സ്പർശം. എ മിയർ ടച്.. 

ചില നേരങ്ങളിൽ വാക്കുകൾ മതിയാകാതെ വരും കുട്ടീ നമുക്ക്.. ഒരു ചേർത്തുപിടിക്കലിനോ നേർത്ത ഒരു തലോടലിനോ മാത്രമേ അപ്പോൾ  അഭയം തരാനാകൂ.. ഇരുപത് വർഷമായി ഏടത്തിക്ക് നഷ്ടപ്പെട്ടതും ആ സ്പർശമാണ്.. 

ഏടത്തിയൊന്ന് ദീർഘമായി നിശ്വസിച്ചുവോ?

'ഏടത്തിക്ക് സംഭവിച്ചത് നിനക്ക് സംഭവിക്കരുത്.. ഒരേ ദുഖത്തിന്റെ നൂലിഴ വേണ്ട നമുക്കിടയിൽ.. വാശിയുപേക്ഷിക്കൂ '

ഞാൻ ചായക്കപ്പ് ടീപ്പോയിന്മേൽ വെച്ചു.. എന്റെ കവിളിൽ നനവ് പടർന്നതു കണ്ടിട്ടെന്നവണ്ണം ഏടത്തി പറഞ്ഞു– കരയാതെ... കരയാതെ.. വിഷമിക്കാതെ..

ഞാൻ ഏടത്തിയുടെ കൈകളിൽ മുറുകെ പിടിച്ചു.. ഒരു നെടുവീർപ്പോടെ എഴുന്നേറ്റു.. യാത്ര ചോദിക്കാതെ ബാഗുമെടുത്ത് ഉറച്ച ചുവടുകളോടെ പടികളിറങ്ങി നടന്നു.. 

'നിൽക്ക് സിദ്ധു '... ഏടത്തി പിറകിൽ നിന്നു വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി.. ഗൗരി ഏടത്തി എനിക്ക് നേരെ വരികയാണ്.. എനിക്ക് മുഖാമുഖം. വാത്സല്യമൂറുന്ന ചെറുചിരിയോടെ ഏടത്തിയെന്റെ കവിളുകൾ കൈകളിലൊതുക്കിക്കൊണ്ടു പറഞ്ഞു -'പെൻഷൻ കിട്ടിയതൊക്കെ കുട്ടികൾക്ക് കൈനീട്ടം കൊടുത്തു തീർന്നു. നിനക്ക് തരാൻ ഇത് മാത്രമേ ഗൗരി ഏടത്തിയുടെ പക്കലുള്ളൂ.. '

ഞാൻ ഏടത്തിയെ തന്നെ നോക്കി നിന്നു. ഒരു കാറ്റ് വീശി. ഏടത്തിയെന്റെ വിയർപ്പു പൊടിയുന്ന നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.. ചേർത്തു പിടിച്ചങ്ങനെ നിന്നു. ഞാൻ കരയുന്നുണ്ടായിരുന്നു.. 

സങ്കടങ്ങളെല്ലാം ഏടത്തിയുടെ നെഞ്ചിൽ ഒഴുക്കികളയുമ്പോൾ എനിക്ക് അനുഭവപ്പെട്ടു - ഒരു സുഗന്ധം, അമ്മയുടെ ഗന്ധം, സ്പർശം, ഒരു നനുത്ത സ്പർശം, അമ്മ ചേർത്തു പിടിക്കും പോലെ.. പണ്ട്, വളരെ പണ്ട്, ചെറിയ കുട്ടിയായിരുന്നപ്പോൾ ഉരുണ്ടുവീണ് ദേഹം മുറിയുമ്പോഴും, ഉറക്കത്തിൽ സ്വപ്നം കണ്ടു ഞെട്ടിയുണരുമ്പോഴും അമ്മ ചേർത്തു പിടിക്കുമ്പോൾ അനുഭവപ്പെട്ടിരുന്ന അതേ ഗന്ധം.. ഞാൻ കരയുകതന്നെയായിരുന്നു.. പിന്നെ മുഖമുയർത്തി നോക്കി. ഒന്നും പറയാതെ, വീണ്ടുമൊരു മൗനത്തെ കൂട്ടുപിടിച്ച് ഞാൻ മുന്നോട്ട് നടന്നു.. ഇടയ്ക്ക് തിരിഞ്ഞുനോക്കി, അപ്പോഴെല്ലാം ഗൗരി ഏടത്തി അവിടെ നിൽക്കുകയായിരുന്നു. ചിറകൊതുക്കി കൂടണയാൻ പക്ഷിക്കുഞ്ഞുങ്ങൾ പറന്നു ചെല്ലുന്നതും കാത്തു നിൽക്കുന്ന ഒരു വൃദ്ധ വൃക്ഷം പോലേ, വെറുതേ അങ്ങനെ... 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA