ADVERTISEMENT

കൂടപ്പിറപ്പ്‌ (കഥ)

കിഴക്കേ പറമ്പിൽ, ചൊമന്ന ചെത്തിപ്പൂവിന്റെ തേൻ കുടിച്ചോണ്ടിരുന്ന പച്ച തുമ്പിയെ പിടിക്കാൻ ഓടിയപ്പോഴാണ് അമ്മൂ കല്ലിൽ തട്ടി വീണതും, അമ്മൂനെ ഉരുട്ടീട്ടത് ഞാനാണെന്നും പറഞ്ഞ് ഉണ്ണി ചേട്ടൻ എന്നെ തല്ലീട്ട്, അമ്മൂനേം വിളിച്ച്, പൊളിഞ്ഞ് കിടന്ന വടക്കേ വേലി കടന്ന് അവരുടെ വീട്ടിലേയ്ക്ക് പോയതും.

എനിക്ക് നല്ലോണം സങ്കടം വന്നു. ഉണ്ണി ചേട്ടൻ തല്ലിയതിനല്ല. എന്നോട് കൂട്ടു വെട്ടി അവരു പോയതിൽ.

ഞാൻ തിരികെ നടന്ന് വീടിന്റെ ഇറയത്തെ തൂണും ചാരി ഇരുന്നു. ഇറയത്തെ കസേരയിലിരുന്ന് അച്ഛച്ഛൻ നോട്ടുപുസ്തകം അര പ്രേസിൽ വച്ചു കൊണ്ട് കണക്കെഴുതുന്നുണ്ട്. ഞാൻ ഇരിക്കുന്നതു കണ്ടപ്പോൾ മൂക്കിലേയ്ക്ക് ഊർന്നിറങ്ങിയ തടിയൻ കണ്ണടയുടെ മേലെ കൂടെ എന്നെ നോക്കി "ഊം.....?" ചോദിച്ചു.

എനിക്ക് ദേഷ്യം പിടിച്ചു. ഞാൻ തിരിഞ്ഞിരുന്നു. ഈ കണക്ക് കൂട്ടണ നേരത്ത് എന്റെ കൂടെ കളിച്ചാലെന്താ? എല്ലാർക്കും കളിക്കാൻ അനിയനും ചേട്ടനും അനിയത്തീം ചേച്ചീം ഒക്കെ ഉണ്ട്. എനിയ്ക്ക് മാത്രാ അവരൊന്നും ഇല്ലാത്തത്.

എത്ര തവണ അച്ഛനോടുമമ്മയോടും പറഞ്ഞതാ, എനിക്കനിയനെ വേണോന്ന്, അനീത്തിയായാലും മതി. അമ്മേടെ വയറ്റീന്ന്, ഞാൻ ആദ്യം വന്നതുകൊണ്ട് ചേട്ടനും ചേച്ചിക്കുമൊന്നും ഇനി വരാൻ പറ്റില്ലത്രേ.

" കളി നിർത്തി ആ പിള്ളാര് പോയോ...?" അച്ഛച്ഛൻ പിന്നേം ചോദിച്ചു.

"ങും " ഞാൻ മൂളി.

അച്ഛച്ഛന് വലിയ സ്റ്റീൽ ഗ്ലാസ് നിറയെ ചായയുമായി അച്ഛമ്മ എത്തിയപ്പോഴാണ് എന്നെ കണ്ടത്.

"അല്ലേ ഇന്ന് മേത്തക്കം വെട്ടല് നേരത്തെ നിർത്തിയാ?" ഞാൻ മിണ്ടീല്ല.

"എന്താടീ.. ആ പിള്ളാരുമായിട്ട് വഴക്കിട്ടാ?" അപ്പഴും ഞാൻ മിണ്ടീല്ല.

" എന്തേ... അതുങ്ങള് നേരത്തെ പോയത്?" ഞാൻ വെറുതെ അച്ഛമ്മയെ നോക്കുക മാത്രം ചെയ്തു.

" ആ.. പോട്ടെ, അച്ഛമ്മേടെ പൊന്ന് വാ, നമുക്ക് ചായ കുടിക്കാം."

"എനിക്ക് വേണ്ട"

"എണീറ്റ് വാ കുഞ്ഞേ.... ഉച്ചയ്ക്ക് സ്വൽപം ചോറല്ലേ കഴിച്ചുള്ളു..! ദേ... നല്ല മധുരോള്ള അട അച്ഛമ്മ ഉണ്ടാക്കി വച്ചിട്ടുണ്ട് "

എന്നെ തൊട്ട അച്ഛമ്മേടെ കൈ തള്ളിമാറ്റി വീണ്ടും ഞാൻ പറഞ്ഞു.

"എനിയ്ക്ക് വേണ്ട."

"അല്ലേ... ആ പിള്ളാര് പോയതിന് ഞാനെന്നാ എടുത്തു?"

അച്ഛച്ഛൻ കുടിച്ച ഗ്ലാസുമെടുത്ത് അച്ഛമ്മ അകത്തേയ്ക്ക് കയറി പോയി.

എനിക്ക് നല്ലോണം സങ്കടം പിന്നേം വന്നു. എനിക്കുമൊരനിയനെ കിട്ടീരുന്നെങ്കിൽ! ഇന്ന് വൈകിട്ട് അച്ഛനും അമ്മേം വരുമ്പോ ഉറപ്പായിട്ടും പറയും, നാളെ തന്നെ എനിക്കനിയനെ വേണോന്ന്.

അമ്മ നാളെ ആശൂത്രി കിടന്നാ നാളേടെ നാളെ കുഞ്ഞാവേനെ കിട്ടും. അല്ലേൽ നാളേടെ നാളേടെ നാളെ ഉറപ്പ്. പക്ഷേ എളുപ്പം വലുതാവണം. തീരെ ചെറിയ വാവ കളിക്കാൻ വരില്ല.

കണ്ണന്റത്രേം ഉള്ളതായാലും മതീ. അവൻ സ്കൂളിൽ പോണില്ല. പക്ഷേ എന്റെ കൂടെ കളിക്കും.

അനിയൻ വരുമ്പോ അവനെന്താ പേരിടാ? ആ അപ്പൂന്നിടാം.

അപ്പൂം ഞാനും കൂടെ തുമ്പീനെ പിടിക്കും, വാഴക്കൂമ്പീന്ന് തേൻ കുടിക്കും, കൊളത്തില് മീൻ നോക്കാൻ പോവും, കരേം കൊളോം കളിക്കും.

ഹായ് ഓർത്തിട്ട് തന്നെ എന്താ രസം!

സന്ധ്യക്ക് നാമം ജപിക്കാൻ ഞാൻ അപ്പൂനെ ശിവ ശംഭോ ശംഭോ ചൊല്ലി പഠിപ്പിക്കും. ഞാൻ അവനെ അക്ഷരോക്കെ പഠിപ്പിക്കും. എന്റെ ക്ലാസ്സിൽ ഏറ്റോം നന്നായിട്ട് സൊരാഷരോം, വെഞ്ജനാഷരോം എഴുതണത് ഞാനാന്നാ കുസുമം ടീച്ചറ് പറഞ്ഞെ.

അപ്പൂന് കൊറേ കഥ പറഞ്ഞു കൊടുക്കും ഞാൻ.

എനിക്ക് ആലിബാബേടേം, നാറാണത്ത് പ്രാന്തന്റേം ഉണ്ണികൃഷ്ണന്റേം കഥയറിയാം. ഉണ്ണികൃഷ്ണൻ വെണ്ണ കട്ടതും, യശോദാമ്മ കെട്ടീട്ടതും അമ്മൂന് പറഞ്ഞു കൊടുത്തപ്പോ ഉണ്ണി ചേട്ടൻ പറയ്യാ.... ഞാൻ വെടി പൊട്ടി ക്യാ, ഉണ്ണികൃഷ്ണൻ ദൈവായോണ്ട് ആർക്കും കെട്ടീടാൻ പറ്റില്ലാത്രേ.

അപ്പൂ നല്ല തടിയനാവണം. ഉണ്ണി ചേട്ടൻ എന്നെ തല്ലുമ്പോ, ചേട്ടനിട്ട് ഇടിക്കണം. പിന്നെ ഓട്ടോയിലെ പ്രിയേനേം പേടിപ്പിക്കണം. അവൾടെ പെൻസിൽ ഞാനൊടിച്ചതിന് അവൾടെ രണ്ടു ചേട്ടമ്മാരെ കൊണ്ടും എന്നെ ഇടിപ്പിക്കൂന്നാ അവൾ പറഞ്ഞത്.

സീത പശൂന്റെ കച്ചിതൊറു കെട്ടാനായി കച്ചി കൊണ്ടന്ന്ട്ട് ഒണക്കാൻ പറമ്പിലാകെ വിരിച്ചിടുമ്പോ അതേ കൂടെ അച്ഛമ്മ കാണാതെ ഇനി അപ്പൂന്റൊപ്പം ഓടി കളിക്കാല്ലോ.

പറമ്പില് തെങ്ങ് കേറാൻ വരണ പപ്പനാവൻ മാമനോട് ഇനി ഒരു കരിക്ക് അപ്പൂനും ഇടാൻ പറയാം. മാമന്റെ കയ്യിലെ വല്യ അരിവാളുകൊണ്ട് കരിക്കിന്റെ മുഞ്ഞിച്ചെത്തി തരും. 

കരിക്ക് കുടിച്ചു കഴിയുമ്പോൾ അതിനകം പൂളി ശർക്കരേം ചേർത്ത് അച്ഛമ്മ തരും. എന്നാ സ്വാദാ! അപ്പൂന് നല്ലോണം ഇഷ്ടാകും.

കിങ്ങിണി ആടിന് കുട്ടി വരുമ്പോ അപ്പൂന് തരാട്ടോ.

പിന്നെ നമുക്ക് പ്ലാവിൻ ചോട്ടിലെ തണലത്തിരുന്ന് കഞ്ഞീം കൂട്ടാനും കളിക്കാം. ചോന്ന ഇഷ്ടിക പൊടിച്ചത് മുളക് പൊടി, വേലി പത്തലിന്റെ ഇലയാ മീൻ.

അപ്പൂ വന്ന് കഴിഞ്ഞാ, പൊളിഞ്ഞ് കിടക്കണ വടക്കേ വേലി കെട്ടാൻ മൂപ്പര് അപ്പൂപ്പൻ വരുമ്പോ ഞാൻ സമ്മതിക്കും.

ഇത്ര നാളും സമ്മതിക്കാതെ ഞാൻ കരഞ്ഞത് വടക്കേത്തേയ്ക്ക് ഓടി  അമ്മൂന്റെം  ഉണ്ണി ചേട്ടന്റെം കൂടി കളിക്കാനായിരുന്നു.

അമ്മു പാവാ. ഉണ്ണി ചേട്ടനെന്താ ഒരു പത്രാസ്...!

അടുക്കളേലെ, ഭിത്തിയലമാരയുടെ താഴത്തെ തട്ടിലെ ഭരണീന്ന് ഉണ്ണിയപ്പോം, ഉപ്പേരീം അപ്പൂന് തരാമേ.

രാത്രി അപ്പൂനെ എന്റെ കൂടെ കിടത്തും, എന്റെ പൊതപ്പും അവന് കൊടുക്കും. ഇല്ലേൽ ആ തടിയൻ കൊതുകും കൂട്ടുകാരും പാട്ടും പാടി വന്ന് അവനെ കുത്തും.

ഇരുട്ടത്ത് മിന്നാമിനുങ്ങ് അങ്ങോട്ടോടി ഇങ്ങോട്ടോടി മിന്നി മിന്നി നടക്കണത് കാണുമ്പോ അപ്പൂന് സന്തോഷാകും.

പടിഞ്ഞാറെ പറമ്പിലെ, പാലേന്ന് മുടിയഴിച്ചിട്ട്, കൂർത്ത പല്ലുമായ് നീലിയമ്മ വരുമോന്ന് അപ്പു പേടിക്കുമോ...?

പേടിക്കണ്ടാട്ടോ. ചേച്ചീനെ കെട്ടി പിടിച്ച് കിടന്നുറങ്ങിയാ മതിയേ. എനിക്കുറക്കം വരുന്നപ്പൂ.

അപ്പൂ...... അപ്പൂ.... അപ്പൂം ഉറങ്ങിക്കോ.

"അപ്പുവോ! അതാരാ...?, അയ്യോ! എന്റെ പൊന്നൊറങ്ങിപ്പോയല്ലോ, ആ പിള്ളാര് കളി നിർത്തി പോയതിന്റെ സങ്കടത്തിലാ പാവം.. "

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com