ADVERTISEMENT

മാത്തുക്കുട്ടി (കഥ)

മുട്ടക്കറി മാറ്റി വെച്ച് പഞ്ചസാരയിട്ട് അപ്പം കഴിക്കുന്ന മാത്തു ആലീസിന് അത്ഭുതമാകുന്നു. ഓസ്ട്രേലിയായിൽ നിന്നും വന്നവന് പക്ഷേ സായിപ്പിന്റെ രീതികളൊന്നുമില്ല. നാട്ടിൽ നിന്നും പോയി അവിടെ സെറ്റിലാവാനൊരുങ്ങുമ്പോഴായിരുന്നു മാത്തുവിന് ഒരനിയത്തി ജനിക്കുന്നത്. നാലു വയസ്സുകാരന്റെ കുശുമ്പ് ഉപദ്രവമാകാൻ തുടങ്ങിയപ്പോൾ പോളച്ചനും മേഴ്സിയും അത് തീരുമാനിച്ചു. മാത്തുവിനെ നാട്ടിൽ നിർത്തി പഠിപ്പിക്കാം.. പട്ടണമൊന്നുമല്ലെങ്കിലും മേഴ്സിയുടെ തറവാടിനടുത്ത് നല്ലൊരു സ്കൂളുണ്ട്. അനിയത്തി ആലീസ് അടുത്തു തന്നെ വീട് വെച്ച് താമസിക്കുന്നു. നഗരം വിട്ടാൽ രണ്ടര മണിക്കൂർ വണ്ടിയിലിരിക്കണം അവിടെയെത്താൻ. ശരിക്കുമൊരു മലയോര ഗ്രാമം. ഹെയർ പിൻ വളവുകളുടെ വശങ്ങളിൽ തേയിലത്തോട്ടങ്ങളാണ്. മല കയറുമ്പോൾ കൂട്ടിന് കോടയുമെത്തും. ഇടയ്ക്കുള്ള  കുഞ്ഞു കവലകളിലെ പീടികകളിൽ പുതച്ചു മൂടി ചായ മോന്തുന്ന തമിഴൻമാർ തോട്ടം തൊഴിലാളികളാവണം. മേഴ്സിക്ക് മൂന്നനിയത്തിമാരാണ്. എസ്‌റ്റേറ്റ് സൂപ്പർവൈസറായിരുന്ന ചാച്ചൻ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. ഓസ്ട്രേലിയൻ പൗരനായിട്ടാണ് മാത്തു ജനിച്ചതെങ്കിലും ഒരു വയസ്സുവരെ ചാച്ചനും അമ്മച്ചിയുമാണ് അവനെ നോക്കിയത്. കാലുറപ്പിച്ചിട്ടുമതി കുഞ്ഞുങ്ങളെന്ന് മേഴ്സി ബലം പിടിക്കുമ്പോൾ അനിയത്തി ആലീസിന് പിള്ളേര് രണ്ടായി. ഒന്നാം പിറന്നാൾ കഴിഞ്ഞ് മാത്തുവിനെ തിരിച്ചു കൊണ്ടുപോകുമ്പോൾ സോമോളും ജോക്കുട്ടനും വലിയ വായിലാണ് കരഞ്ഞത്. ഒന്നും മനസ്സിലായില്ലെങ്കിലും മാത്തുവും ഒരുപാട് കരഞ്ഞു.

അന്ന് ശവമടക്ക് കഴിഞ്ഞ് പെട്ടെന്ന് മടങ്ങിയതു കൊണ്ടാവണം മാത്തുവിന്റെ പഴയ ഓർമകൾക്ക് വ്യക്തതയില്ല. എല്ലാമൊന്ന് പരിചയമാകാൻ വേണ്ടി രണ്ടു മാസം മുന്നേ കക്ഷി നാട്ടിലെത്തിയിരിക്കുന്നു. ചെറുമനസ്സിൽ കയറുന്ന ചിത്രങ്ങൾക്ക് നിറം പിടിച്ചാൽ പിന്നെ നാട്ടുകാരനായി മാറിക്കോളുമെന്ന ബുദ്ധി പോളച്ചന്റേതായിരുന്നു. ചാച്ചന്റെ ഛായ ഉള്ളതുകൊണ്ടാവണം അവിടുത്തെ മണ്ണും മരങ്ങളുമൊക്കെ അവനിഷ്ടമാകുന്നു. പ്രാണികളെയൊക്കെ മുൻ പരിചയമില്ലാത്തവനിപ്പോൾ പഴയ പേടിയൊന്നുമില്ല. മാത്തു എത്തിയതോടെ അമ്മച്ചിയും ആലീസിന്റെ വീട്ടിലേക്ക് മാറി. നിഷ്ക്കളങ്കമായ സംശയങ്ങളാണ് അവനെ അയൽവാസികൾക്കും പ്രിയങ്കരനാക്കിയത്. വെളുപ്പിനെയുണർന്ന് മുറ്റത്തേക്കിറങ്ങുമ്പോൾ കാത്തിരിക്കുന്ന ചെറുകിളികൾ  ഒരു പ്രത്യേക  ഈണത്തിൽ ചിലയ്ക്കും. കാണാൻ വൈകിയാലുള്ള ചിലയ്ക്ക് വേറൊരു താളമാണ്. താഴ്ന്നു കിടക്കുന്ന പേരക്കൊമ്പുകളിൽ നിന്നും മിശിറ് ഉറുമ്പുകളെ വേദനിപ്പിക്കാതെ തീപ്പെട്ടിക്കുള്ളിലാക്കുന്നവന് മഞ്ഞിന്റെ മണമാണെന്ന് അമ്മച്ചി പറയാറുണ്ട്. ജോഷി തോട്ടത്തിൽ പോകുന്ന ദിവസങ്ങളിൽ മിക്കവാറും മാത്തുവും കൂടെ കൂടും. ചോരയൊലിക്കുന്ന കാലുമായി വീട്ടിലെത്തിയവന്റെ പോക്കറ്റിൽ നിന്നും അവനെ കടിച്ച അട്ടയെ ജീവനോടെ പിടികൂടുമ്പോൾ എല്ലാവർക്കും അതിശയം... തല്ലിക്കൊല്ലാനായി സോമോൾ ഒരുങ്ങിയപ്പോൾ വിലക്കിയത് അപ്പൻ ജോഷിയാണ്. മാത്തു പറഞ്ഞു തരുന്ന പാഠങ്ങളിൽ ജീവനൊളിച്ചിരിപ്പുണ്ടെന്ന് അയാൾ തിരിച്ചറിയുന്നു.

ജൂണായതോടെ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായി പതിവ് മഴയെത്തിയിരിക്കുന്നു.. ഇടവെട്ടി തറവാടിന്റെ പിന്നാമ്പുറത്തുള്ള കുടികിടപ്പ് ഭൂമിയിൽ ഒരു തമിഴ് കുടുംബം  താമസിക്കുന്നുണ്ട്. കമ്പിവേലിയോട് ചേർന്നുള്ള നാട്ടുവഴിയിലൂടെ കീറക്കുടയും ചൂടി കെട്ടിപ്പിടിച്ചു പോകുന്ന ആങ്ങളയും പെങ്ങളും..... ആലീസാന്റിയോട് നിർബന്ധം പറഞ്ഞ് വാങ്ങിപ്പിച്ച കുടക്കീഴിൽ അടുത്ത ദിവസം നനയാതെ പോകുന്നവരെ നോക്കി സിറ്റൗട്ടിലിരുന്ന് കൈ വീശുകയാണ് മാത്തു.. ഇരുട്ടിൽ തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെ അവർ ചിരിക്കുമ്പോൾ പൂർണ്ണ ചന്ദ്രന്റെ മുഖമാകുന്നു മാത്തുവിന്. സമപ്രായക്കാരായ ആ സഹജീവികളോട് ഒരിക്കൽപ്പോലും സോമോളും ജോക്കുട്ടനും മിണ്ടിയിട്ടില്ല.  പക്ഷേ ഗിരിയോടും ഗീതയോടും സംസാരിക്കാൻ മാത്തുവിന് കൂട്ടുകാരന്റെ ഭാഷ ധാരാളമാകുന്നു. മാത്തുവിനെ ചേർത്ത മരിയഗിരി സ്കൂളിൽത്തന്നെ രണ്ടും മൂന്നും വർഷം മുകളിലായി ജോക്കുട്ടനും സോമോളും ഉള്ളതായിരുന്നു മേഴ്സിയുടെ സമാധാനം. പടുത കൊണ്ട് മൂടിയ വില്ലീസ് പൈൻ മരങ്ങൾക്കിടയിലൂടെ നീങ്ങുമ്പോൾ മാത്തുവിന് തന്റെ നാട് ഓർമ്മ വരും. മുന്നിൽ  സഞ്ചിയും തൂക്കി തേയില നുള്ളുന്നവർക്ക് കംഗാരുവിന്റെ രൂപവും.. ദിവസങ്ങൾക്കകം ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും ബെസ്റ്റ് ഫ്രണ്ടായി അവൻ മാറുമ്പോൾ അകലെയുള്ള അവന്റെ അപ്പനും അമ്മയ്ക്കും അഭിമാനിക്കാൻ വേറെന്തു വേണം? മാത്തുക്കുട്ടി സായിപ്പെന്ന് ആയമാർ കളിയാക്കി വിളിക്കുമ്പോൾ അവന് സങ്കടം വരും. എന്നാൽ പോക്കറ്റിൽ കിടന്നുറങ്ങുന്ന വിട്ടിലിനും പച്ചക്കുതിരയ്ക്കും നന്നായിട്ടറിയാം തങ്ങളുടെ സംരക്ഷകന് ഇവിടുത്തെ മണ്ണിന്റെ മണമാണെന്ന്

മണിവർണ്ണന് മക്കളേക്കാളും പ്രിയം മാത്തുവിനോടാണെന്നാണ് ചെല്ലത്തിന്റെ പരാതി. ജോഷിയുടെ സഹായിയായി നേരത്തേ കൂടിയതാണ് കക്ഷി. മുതലാളിയുടെ ആളെന്ന നിലയിൽ എസ്റ്റേറ്റിലെ തമിഴൻമാർക്കൊക്കെ അയാളെ പേടിയാണ്. പറമ്പിലെ പണികളും പാത്രം കഴുകലുമൊക്കെയായി ചെല്ലവും പരിസരത്തു തന്നെയുണ്ട്. മഴ തിമിർത്തു പെയ്യുന്ന ദിവസങ്ങളിൽ ഉറങ്ങാനെത്താൻ മാത്തു വൈകുമെന്ന് ജോക്കുട്ടനറിയാം. ജനലരികിൽ ചെവി ചേർത്തു നിൽക്കുന്നവനെ  കളിയാക്കി പോക്രോം.. പോക്രോം ശബ്ദമുണ്ടാക്കുന്നത് സോമോളാണ്. ഉത്തരമായി വെളിയിൽ നിന്നും അതേ ശബ്ദം കേൾക്കുമ്പോഴാണ്‌ മാത്തുവിന്റെ മുഖം തെളിയുന്നത്. മരത്തവളകളുടെ കരച്ചിൽ ചീത്തയാണെന്ന് സോമോൾ ഓർമിപ്പിക്കുമ്പോഴാണ് നാട്ടു വെളിച്ചത്തിൽ മാത്തു അത് കണ്ടത്. മുറ്റം കുറുകെ നടന്നു നീങ്ങുന്ന ഒരു വലിയ പാറക്കല്ല്..... തറയോടു പോലെ തോന്നിക്കുന്ന രൂപത്തിന് കറുപ്പ് നിറമാകുന്നു. ശബ്ദം തൊണ്ടക്കുഴിയിൽ നിന്നും പുറത്തു വരുന്നതിനു മുമ്പേ അത് അപ്പുറമെത്തിക്കഴിഞ്ഞു. സ്ക്രീനിൽ മാത്രം കണ്ടു പരിചയമുള്ള ആ കാർട്ടൂൺ കഥാപാത്രം അന്നവനെ ഉറക്കിയില്ല. വൈകിയുണർന്നവനെ കാത്ത് മുറ്റത്ത് ചെറിയൊരു ജനക്കൂട്ടമുണ്ട്. ബക്കറ്റിലെ വെള്ളത്തിൽ മണിവർണ്ണൻ മാത്തുവിനായി കൊണ്ടുവന്ന സമ്മാനം. പുറംതോടിനുള്ളിൽ ഒളിച്ചിരിക്കുന്നവനെ കണ്ടപ്പോൾ തുള്ളിച്ചാടാനാണ് മാത്തുവിന് തോന്നുന്നത്. പുലർച്ചെ താൻ കണ്ട സ്വപ്നത്തിൽ ഇവനുണ്ടായിരുന്നു. ടോട്ടി എന്നായിരുന്നു ഇവന്റെ പേര്‌. ഏതായാലും നീട്ടിയുള്ള വിളി കേട്ട് അവൻ തല പുറത്തേക്കിടുമ്പോൾ എല്ലാവരും കയ്യടിക്കുകയാണ്.

ഒരു കുഞ്ഞു ജനിക്കുമ്പോൾ അച്ഛനമ്മമാരുടെ ദിനചര്യകൾ മൊത്തത്തിൽ ഒന്നു പാകപ്പെടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കുഞ്ഞു മാത്തു പെട്ടെന്നങ്ങ് വലുതായതു പോലെ... പഠിക്കാനൊന്നും കാര്യമായിട്ടില്ലാത്തത് അനുഗ്രഹവുമായി. ആമയുടെ ആഹാര രീതികളും പരിചരണവുമൊക്കെ അവനിപ്പോൾ മനപ്പാഠമാണ്. അടുക്കള വശത്തുള്ള വർക്ക് ഏരിയായിൽ തടിയിൽ തീർത്ത പെട്ടിക്കുള്ളിലാണ് ടോട്ടുവിന്റെ താമസം. ചെറിയൊരു ചരുവത്തിലായി കുടിവെള്ളവും കുളി വെള്ളവും ഒന്നു തന്നെ... കാബേജും ചീരയിലയും കാരറ്റുമൊക്കെ അരിഞ്ഞൊരുക്കുന്നത് ആലീസാകുന്നു. ഓരോന്നൊക്കെ അടുപ്പിച്ചു കൊടുക്കാൻ ജോഷിയോടൊപ്പം പിള്ളേരും കാണും. പരാതികളില്ലാതെ പണിയെടുക്കുന്നവർക്ക് ടോട്ടി ജീവനാകുന്നു. മാത്തുവിന്റെ കുഞ്ഞ് അവരുടേയും കുഞ്ഞു തന്നെ... മൂന്നു മാസം കൊണ്ട് ടോട്ടിയ്ക്ക് വലുപ്പം വെക്കുമ്പോൾ അകലെയുള്ള ഒരമ്മയ്ക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ട് .. തന്റെ മാത്തുക്കുട്ടിയും മുഴുത്തിട്ടുണ്ടാകുമോ? അമ്മമാർ അങ്ങനെയാണ്. സാഹചര്യവശാൽ മക്കളെ പിരിഞ്ഞിരിക്കേണ്ടി വരുന്നവരുടെ മനസ്സ് ആരുമറിയാറില്ല. അറിയിപ്പൊന്നും കൂടാതെയാണ് പോളച്ചനും മേഴ്സിയുമെത്തിയത്. ഒരുമിച്ച് മടങ്ങേണ്ടി വരുമെന്നും അവിടെ ടെനന്റ് ക്രീക്ക് പ്രൈമറി സ്കൂളിൽ അഡ്മിഷൻ എടുത്തിട്ടുണ്ടെന്നും അവർ മാത്തുവിനോട് പറയുന്നില്ല. ടോട്ടിയെ കൂടെക്കൂട്ടാൻ നിയമതടസ്സമുണ്ടെന്നറിഞ്ഞപ്പോഴാണ് കാര്യങ്ങളൊക്കെ മാത്തുവിനെ അറിയിക്കുന്നത്. നാല് വയസ്സുകാരൻ നാൽപ്പതിന്റെ പക്വത കാണിക്കുമ്പോൾ എല്ലാ മുഖങ്ങളിലും സങ്കടമാകുന്നു.ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെ മുറിയടച്ചിട്ടിരുന്നപ്പോൾ അവന്റെ സങ്കടം മാറിയിട്ടുണ്ടാവണം.

യാത്ര അയക്കാനായി എയർപോർട്ടിൽ ടോട്ടിയുമുണ്ട്. കഴുത്ത് നീട്ടി കവിളിൽ നക്കുന്നവന് മാത്തു ഒരു കുഞ്ഞുമ്മ കൊടുത്തു. വൈകാതെ കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞതെങ്കിലും  പതിയെ നാട്ടു വാർത്തകളിൽ ടോട്ടിയുടെ പേര് കേൾക്കാതായി. ചങ്ങാതി പോയതോടെ തല പുറത്തിടാതായ ആമയെ മണിവർണ്ണൻ തിരികെ കൊണ്ടുപോയെന്നും കൂടുതലൊന്നും പറയാറില്ലെന്നുമൊക്കെ ആലീസ് പറഞ്ഞറിഞ്ഞു. ഒരു വയസ്സുകാരി റോസിനെ മാത്തുവിനിപ്പോൾ ഇഷ്ടമാണ്. രണ്ടാമത്തെ പ്രസവത്തോടെ തടി വല്ലാതങ്ങ് കൂടിയ മേഴ്സിയിപ്പോൾ മെലിയാനുള്ള പരിശ്രമത്തിലാകുന്നു. ചിയാ സീഡ്സും തണ്ണി മത്തനുമൊക്കെ കാണുമ്പോൾ പഴയ ചില ഓർമകൾ മാത്തുവിനെ കരയിപ്പിക്കുന്നതു പോലെ.. വരിക്കപ്ലാവിൽ വീടുളള വെകിളിക്കാരൻ അണ്ണാനൊക്കെ അവിടെത്തന്നെ കാണുമായിരിക്കണം... എന്നാലും കാത്തിരിക്കാമെന്ന് കണ്ണിൽ നോക്കിപ്പറഞ്ഞവനെ കാണാതായല്ലോ... മണിവർണ്ണൻ തന്റെ ടോട്ടിയെ ആർക്കെങ്കിലും വിറ്റു കാണണം.... ചെറുക്കന്റെ മൗനത്തിനുള്ള കാരണം നാടാണെന്നറിഞ്ഞപ്പോൾ അവരതുറപ്പിച്ചു.... അഞ്ചാം പിറന്നാൾ നാട്ടിലാക്കാം. സ്കൂളിലെ ഒന്നാം ടേം കഴിയുമ്പോൾ മുന്നാഴ്ച്ചയോളം അവധിയുമുണ്ട്. കാണില്ലെന്നുറപ്പുണ്ടായിരുന്നിട്ടും എയർപോർട്ടിൽ അവന്റെ കണ്ണുകൾ കൂട്ടുകാരനെ തിരയുന്നു. കാര്യം മനസ്സിലായവരുടെ മുഖം മുഴുവനും സങ്കടമാണ്. പിറന്നാൾ കേക്ക് അലങ്കരിച്ചതൊക്കെ സോമോളും ജോക്കുട്ടനും ചേർന്നായിരുന്നു. 

മേശപ്പുറത്ത് ഓവൽ ഷേയ്പ്പിൽ ഉയർന്നു നിൽക്കുന്ന ചെറിയ പീഠത്തിൽ കുഞ്ഞു വിരിയിട്ട് അതിനു മുകളിലായാണ് കേക്ക് വെച്ചിരിക്കുന്നത്. അഞ്ച് തിരികളും കത്തിച്ചു വെച്ചിരിക്കുന്നു. തിരിയണച്ച് മുറിച്ച കേക്ക് നൽകാനായി തിരിയുമ്പോൾ ആരും അടുത്തില്ല... പീഠത്തിൽ നിന്നും നീണ്ടു വരുന്ന തല കണ്ട് എല്ലാവരും കയ്യടിക്കുമ്പോൾ ക്രീം മുഴുവനും തന്റെ കവിളിൽ തേച്ചു പിടിപ്പിക്കുകയാണ് മാത്തു... നാക്കും നീട്ടി വരുന്നവന്റെ കണ്ണുകളിൽ നനവുണ്ട്. അന്ന് പിരിയുമ്പോൾ മാത്തു മാത്രം കണ്ട അതേ നനവ്...

ചില നുണകൾക്ക് നിറച്ചും മധുരമാണ്..... അഭിനയങ്ങൾക്ക് അതി മധുരവും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com