ADVERTISEMENT

പെയ്തൊഴിയാതെ (കഥ )

ഉച്ചമയക്കം കഴിഞ്ഞുണർന്നപ്പോഴേക്കും മുറിയിൽ ഇരുട്ട് കനത്തിരുന്നു... മഴകോളാണ്. മണി നാലര ആയിട്ടേ ഉള്ളു. ചുവരിൽ അലക്ഷ്യമായി തൂങ്ങി കിടന്നിരുന്ന കലണ്ടറിൽ നോക്കി. രവിയേട്ടന്റെ ശ്രാദ്ധത്തിന്ന് ഇനി ഒരാഴ്ച മാത്രം. അജിത്തിന് വരാൻ പറ്റുമോ ആവോ... ഓരോ ചിന്തകളിൽ മുഴുകി അങ്ങനെ ഇരുന്നപ്പോഴാണ് ഇടിയുടെ മുരൾച്ച കേട്ടത്. മഴ രണ്ടും കൽപിച്ചു തന്നെയാണ്. എന്തോ വല്ലാത്ത അസ്വസ്ഥത തോന്നുന്നു.. അമ്പത് തികഞ്ഞിട്ടില്ലെങ്കിലും വാർദ്ധക്യത്തിന്റെ ആകുലതകൾ അലട്ടാൻ തുടങ്ങിയിരുന്നു. രവിയേട്ടന്റെ മരണത്തോടു കൂടി മനസ്സിനെയും വാർദ്ധക്യം കീഴടക്കി. മഴയുടെ സീൽക്കാരം ശ്രദ്ധിച്ചു കട്ടിലിൽ തന്നെ കിടന്നു. 

മഴ! ഓർമകളിൽ തങ്ങി നിൽക്കുന്ന ഒരുപാട് മുഖങ്ങൾ ഉള്ള  കഥാപാത്രം. കുട്ടിക്കാലത്തു പുതുമഴയുടെ നനവേറ്റ മണ്ണിന്റെ ഗന്ധം തന്നെ ലഹരി പിടിപ്പിച്ചിരുന്നു. എന്നാൽ ഇന്നു തനിക്ക് വേദനയുടെ അലകൾ പടർത്തുന്ന ഒരു വിങ്ങലാണ് മഴ. പണ്ട് നാം കരഞ്ഞ നിമിഷങ്ങളെല്ലാം കാലചക്രത്തിലെവിടെയോപ്പെട്ട് ഓർത്തു ചിരിക്കാവുന്ന ഓർമകൾ ആയി തീരും എന്നൊക്കെ ഫിലോസഫി പറയുന്നത് വെറുതെ ആണ്. വേദന എന്നും വേദന തന്നെയാണ്.

അച്ഛൻ മരിച്ചതോടു കൂടി താമസം തറവാട്ടിൽ ആയി. കുസൃതി കുടുക്കയായിരുന്ന താൻ അങ്ങനെ അടക്കമുള്ള കുട്ടി ആയി മാറി. പ്രീഡിഗ്രിക്ക് ചേർന്നതോടെ ഉണ്ടായ സൗഹൃദം ആണ് വരണ്ടു കിടന്നിരുന്ന തന്റെ ജീവിതത്തിൽ പിന്നീടൊരു പ്രത്യാശയായത്. ജീവിതം വീണ്ടും പഴയപടി ആയിതീരുകയായിരുന്നു. നഷ്ടപ്പെട്ട കളിയും ചിരിയും കുറുമ്പുമെല്ലാം വീണ്ടെടുത്തു.

അന്ന് കോളജ് ആർട്സ് ഡേയ്ക്ക് സംഘടിപ്പിച്ച നാടകത്തിന്റെ റിഹേഴ്സൽ കഴിഞ്ഞപ്പോഴേക്കും മണി ആറര കഴിഞ്ഞിരുന്നു. തുലാവർഷപെയ്ത്ത് ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ വിളയാടുകയാണ്. ലാസ്റ്റ് ബസ്സും പോയി കഴിഞ്ഞിരുന്നു. ഒരു സഹപാഠി അവന്റെ കാറിൽ വീട്ടിലെത്തിച്ചു. സന്ധ്യ കഴിഞ്ഞ് ഇരുട്ട് വ്യാപിച്ചിരുന്നു. അമ്മാവൻ കലിതുള്ളി നിന്നിരുന്നു.. "ഏതാടി അവൻ? "പിന്നെ സംഭവിച്ചതൊന്നും തന്റെ ബോധമണ്ഡലത്തിലില്ലായിരുന്നു. അന്നത്തെ രാത്രി മുഴുവൻ മഴ ആർത്തലച്ചു പെയ്തു. തന്റെ കണ്ണുനീരും പെയ്തു തോർന്നിരുന്നില്ല. അന്നത്തെ ചൂരൽപ്രയോഗത്തെക്കാൾ തന്നെ നോവിച്ചത് വാക്കുകളായിരുന്നു. അത് കാതുകളിൽ മുഴങ്ങി കൊണ്ടേ ഇരുന്നു. നേരം പുലർന്നപ്പോഴേക്കും മഴ തോർന്നു. തന്റെ ഹൃദയത്തിലെ കാർമേഘങ്ങൾ ഉരുണ്ടുകൂടി തന്നെ കിടന്നു."അഴിഞ്ഞാട്ടക്കാരി"യെ കോളജിൽ വിടാൻ പിന്നെ അമ്മാവന്മാർ തയാറായില്ല. വലിയമ്മാവൻ ആണ് രവിയേട്ടന്റെ ആലോചന കൊണ്ടു വന്നത്.

രവിയേട്ടൻ തന്നെ പഠിപ്പിച്ചു. ഡിഗ്രി എടുപ്പിച്ചു. ഇന്ന് തനിക്ക് വിവേകമുണ്ട്. സ്വാതന്ത്ര്യം ഉണ്ട്. പണ്ട് ആരുടെ മുന്നിലും പേടിച്ചു വിറച്ചു നിന്നിരുന്ന ആ പാവടക്കാരിയിൽ നിന്നും എത്രയോ നിലവാരത്തിൽ എത്താൻ ഇന്ന് കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഈ വിധവാവേഷവും അണിഞ്ഞ് ഈ മുറിയിൽ ഇങ്ങനെ കഴിഞ്ഞുകൂടുമ്പോൾ വീണ്ടും തന്നിൽ സ്ത്രീസ്വാതന്ത്ര്യ ചിന്തകൾ കടന്നുകൂടുന്നുവോ.. എന്നിരുന്നാലും  ആ മഴയോർമകൾ വീണ്ടും അയവിറക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി. മനസ്സിന്റെ കോണിലെവിടെയോ അന്നത്തെ ചൂരലിന്റെ നീറ്റൽ. വേദനിപ്പിച്ചാലും ഓർമകൾക്ക് എന്നും സുഗന്ധം തന്നെയാണ്. കാലം ഏറെ മാറിപ്പോയി. എന്നാലും മഴയ്ക്കും ഓർമകൾക്കും ഒളിമായാത്ത തിളക്കം ആണ്. 

"ലച്ചൂ.. എന്റെ മൊബൈൽ ഇങ്ങു തന്നേ.. നീ എന്താ അവടെ ചെയ്യണത്? "

"നിക്കമ്മേ.. മഴ വിഡിയോ എടുത്ത് സ്റ്റാറ്റസ് ഇടുവാ"

ലച്ചുവിന്റെ മറുപടി കേട്ട് ചിരി വന്നു. കട്ടിലിൽ തന്നെ കണ്ണടച്ച് കിടന്നു. മഴയുടെ താളമേളങ്ങൾക്ക് ഇടയിലെവിടെയോ ഇരുട്ടിൽ നിന്നുയരുന്ന ഒരു പെൺകുട്ടിയുടെ തേങ്ങൽ കേൾക്കാമായിരുന്നു.. അവളുടെ കണ്ണുകൾ പെയ്തു തോർന്നിരുന്നില്ല..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com