ADVERTISEMENT

സന്ദർശകർ (കഥ)

" അരുത് കുട്ടാ!''

അമ്മയുടെ ശബ്ദത്തിനു പുറകെ തന്നെ എന്തോ വീണുടയുന്നതും കുഞ്ഞിന്റെ ചിരിയൊച്ചയും കേട്ടു. വാതിൽക്കലെത്തി നോക്കുമ്പോഴേയ്ക്കും, ഡൈനിങ് ടേബിളിന്റെ അരികിലിരുന്ന ടൊമാറ്റോസോസിന്റെ ബോട്ടിൽ കാൻഡിൽ സ്റ്റാൻഡുകൊണ്ട് താഴെ തട്ടിയിട്ട് ചിരിക്കുന്നുണ്ട് അവൻ. ചോര പോലെ തറയിൽ പരന്നൊഴുകിയ കടും ചുവപ്പു നിറത്തിൽ കുഞ്ഞിക്കാലടികൾ പതിപ്പിച്ച് ഏതാനും ചുവടുകൾ നടന്നിരിക്കുന്നു. തറയിലെ ചുവന്ന കാല്പാടുകൾ കണ്ടപ്പോൾ വല്ലാതെ തോന്നി. അപ്പോഴേയ്ക്കും അമ്മ വന്ന് അവനെ എടുത്തിരുന്നു; ഒപ്പം മൃദുവായി ശാസിക്കുകയും... നാലഞ്ചു പല്ലുകൾ മാത്രമുള്ള ചിരി കണ്ടാൽ കുസൃതിക്കുടുക്കയെ വഴക്കു പറയാൻ തോന്നില്ല.

തുണി നനച്ച് തറ വൃത്തിയാക്കി ചെല്ലുമ്പോഴേയ്ക്ക് ദോശ കരിഞ്ഞിരുന്നു. തൽക്കാലം ദോശ ചുടൽ നിർത്തിവച്ച് ചട്നിയുണ്ടാക്കാനാരംഭിച്ചു. ഏടത്തി, മോനെ അമ്മയെ ഏല്പിച്ച് കുളിക്കാൻ കയറിയതാണ്. ഒന്നര വയസ്സുകാരന്റെ ഒപ്പം ഓടിയെത്താൻ കാൽ മുട്ടിലെ നീര് പലപ്പോഴും തടസ്സമാകാറുണ്ടെങ്കിലും, വല്ലപ്പോഴുമൊരിക്കൽ മാത്രം വന്ന് ഒരാഴ്ച തങ്ങുന്ന മോളെയും കുഞ്ഞിനെയും കണ്ടാൽ അമ്മ എല്ലാ വയ്യായ്കകളും മറക്കും.

ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്. ന്യൂസ് പേപ്പറുമായിരുന്ന മഹേഷ് സംസാരിച്ചുവെന്നു തോന്നുന്നു. തെല്ലുനേരം കഴിഞ്ഞ്, ബാത്റൂമിൽ നിന്നും തല തുടച്ചു കൊണ്ട് ഇറങ്ങിവന്ന ഏട്ത്തിയോടായി പറയുന്നതു കേട്ടു, "ദീപയും ശരത്തും ഇങ്ങോട്ട് വരുന്നുണ്ട്, അരമണിക്കൂറിനകം എത്തിയേക്കും'' - കൈ ഒരു നിമിഷം വിറച്ചു.

അടുക്കളയിലേക്കു വന്ന് മഹേഷ് ആകപ്പാടെ നോക്കി. തെല്ലൊരു കുസൃതിയോടെ കവിളിലൊന്നു നുള്ളി, "എന്താ മോളേ, രണ്ടു മാസം കൊണ്ട് കിച്ചൻ ഇൻ ചാർജ് ആയല്ലോ. ഇപ്പോ അമ്മയും ചേച്ചിയുമെല്ലാം ഔട്ട് ".... തിളച്ച ചായ കപ്പിലേക്കു പകർന്ന് കൈയിലേക്കു കൊടുത്തു. ആസ്വദിച്ചു കുടിച്ചു കൊണ്ട് തന്നോടായി പറഞ്ഞു. "ശരത്തും വൈഫും ഇതിലേ വരും. ബ്രേക്ഫാസ്റ്റ് അവർക്കു കൂടി കരുതിയേക്കണേ"....

വാചകത്തിലെ മാറ്റം ഒന്നു ശ്രദ്ധിച്ചു - 'ശരത്തും വൈഫും!'. ചായക്കപ്പ് താഴെ വച്ച്, ആരും കാണാതെ തിടുക്കത്തിൽ വിയർത്ത കവിളിലൊരുമ്മയും തന്ന് മഹേഷ് പുറത്തേയ്ക്കു പോയി. നല്ല ഉത്സാഹം, ആ മുഖം വിടർന്നിരിക്കുന്നു. അമ്മയും ഏട്ടത്തിയും സന്തോഷത്തിലായിരിക്കുമെന്നൂഹിച്ചു. നെഞ്ചിനുള്ളിൽ പേരറിയാത്തൊരു എരിച്ചിൽ. അതിരാവിലെ എടുത്തു വച്ച് മറന്നു പോയ കോഫി തണുത്തിരുന്നു.... അതു കുടിച്ചിട്ടും മാറാത്തൊരു വല്ലായ്മ...

സ്റ്റൗവിലേക്ക് തവ എടുത്തു വച്ചു. ചൂടായ തവയിലേക്ക് മുട്ടപൊട്ടിച്ച് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് പാതി വേവിൽ അടച്ചു വച്ചു. ദീപയ്ക്ക് ഇഷ്ടമുള്ള ഡിഷാണ്. നേരിട്ടു കണ്ടിട്ടില്ലാത്ത, ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലാത്ത, ഒരാളുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഗതി പോലും അറിയുന്നു! മഹേഷിന്റെ സഹപാഠിയായിരുന്ന, പിന്നീട് ഫാമിലി ഫ്രണ്ടായ, ദീപയെ മാത്രമേ അമ്മയ്ക്കും ഏട്ടത്തിക്കുമൊക്കെ അറിയൂ... അവർ വളരെ സ്നേഹത്തോടെയാണ് അവളെയും കുടുംബത്തെയും കാണുന്നത്. അതേ താൽപര്യത്തോടെ തന്നെ മോന്റെ നവവധുവിനോടും അവളെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്...

പക്ഷേ, പത്തു വർഷത്തോളം ജീവിതത്തിലെ ഓരോ ചെറുചലനങ്ങൾ പോലും പരസ്പരം അറിയാവുന്നവരായി ജീവിച്ച ദീപയേയും മഹേഷിനേയും അവർക്കറിയില്ലല്ലോ...

മഹേഷ് ഒന്നും തന്നോടൊളിച്ചിരുന്നില്ല. ആ വിശ്വാസം ഇനിയുമുണ്ടാവും.... ഒരിക്കലും വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത, രണ്ടു ഫോൺ റിങ്ങുകളുടെ അകലത്തിനപ്പുറം പോകാനനുവദിക്കാത്ത, ദീപയെ തനിക്കറിയാമെന്ന് അവൾക്കു പോലും അറിയില്ലല്ലോ. എല്ലാം തുറന്നു പറയാൻ കഴിയുന്ന മഹേഷിന്റെ മനസ്സിനെ എന്നും ബഹുമാനിച്ചിട്ടേയുള്ളു. അത്ര തന്നെ വ്യക്തമായി തന്റെ ജീവിതവും ആ മുൻപിൽ തുറന്നു വച്ചിട്ടുണ്ട്. ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾ പോലും വിട്ടു പോകാതെ ഓർത്തിരിക്കാൻ തനിക്കു കഴിയുന്നു എന്നറിയുന്നതു തന്നെ അപ്പോഴാണ്. തന്നോടുള്ള സ്നേഹത്തിൽ ഒരു കുറവും കാട്ടിയിട്ടില്ല. ഭൂതകാലത്തിന്റെ നിഴലുകളില്ലാതെ ആ സ്നേഹം, കരുതൽ ഒക്കെ അനുഭവിക്കാൻ ഭാഗ്യം ചെയ്തവളെന്ന ഒരു നുള്ള് അഹങ്കാരവും തോന്നിയിരുന്നു. എന്നിട്ടുമിപ്പോൾ - എവിടെയാണ് അപായത്തിന്റെ പെരുമ്പറകൾ വീണ്ടും മുഴങ്ങുന്നത്?!

കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. പിന്നാലെ സ്വീകരണമുറിയിൽ സന്തോഷം നിറഞ്ഞ സംസാരങ്ങൾ, ചിരി... അമ്മയുടെ, ഏട്ടത്തിയുടെ, മഹേഷിന്റെ –കുശലാന്വേഷണങ്ങൾ. 'മീരയെവിടെ ' എന്ന ചോദ്യത്തിനു മുൻപേ തന്നെ ചായയെടുത്ത് ട്രേയിൽ വച്ചു കൊണ്ട് ചെന്നു. തന്നെയവർ ആദ്യമായി കാണുകയാണല്ലോ... വിവാഹത്തിനു വന്നിരുന്നില്ല. സേലത്തു ബന്ധുവീട്ടിൽ ഒഴിച്ചുകൂടാൻ വയ്യാത്തൊരു ചടങ്ങിൽ പങ്കുചേരാൻ പോയതാണെന്ന എക്സ്ക്യൂസിൽ അമ്മ അടങ്ങി. വേണമെങ്കിൽ മാറ്റി വയ്ക്കാമായിരുന്ന ഒരു യാത്ര, വിവാഹത്തലേന്ന് മനപൂർവ്വം പ്ലാൻ ചെയ്തതാണെന്ന് അവരെങ്ങനെ അറിയാൻ?! പിന്നെ വിസിറ്റിങ് വിസയും വെക്കേഷനും ചേർന്നൊരുക്കിയ മുങ്ങാംകുഴികളും...

സ്നേഹപ്രകടനങ്ങൾക്ക് കുറവൊന്നുമുണ്ടായില്ല. രണ്ടു പേരുടേയും ചോദ്യങ്ങൾക്ക് പിശുക്കാതെ തന്നെ മറുപടി നൽകി. ദീപ സ്വാതന്ത്ര്യത്തോടെ മഹേഷിന്റെ തോളിൽ തട്ടി പറഞ്ഞു. "നിന്റെ മീര നന്നായിട്ട്ണ്ട്, അല്ലെങ്കിലും നീ സെലക്ട് ചെയ്യാൻ മിടുക്കനാണ്...''

തലവേദനിക്കുന്നതു പോലെ തോന്നി. ഒഴിഞ്ഞ ചായക്കപ്പുകൾ എടുത്തു തിരിച്ചു നടന്നു. ഒന്നു കിടക്കാതെ വയ്യ. വല്ലാത്തൊരസ്വസ്ഥത. തെല്ലുനേരത്തിനു ശേഷം മഹേഷ് വാതിൽക്കലോളമെത്തി. 'മുഖം കണ്ടപ്പോഴേ തലവേദന തുടങ്ങിയെന്നു തോന്നി. കുറച്ചു നേരം റെസ്റ്റെടുക്ക്.'  തിരിച്ചു പോയി.  മാസത്തിലൊരിക്കൽ രണ്ടു ദിവസത്തെ വിരുന്നുകാരനായി വരുന്ന തലവേദനയ്ക്കിരിക്കട്ടെ പഴി.

ഒറ്റപ്പെട്ടതു പോലെയൊരു തോന്നൽ.... മോളുടെ അരങ്ങേറ്റത്തിനു ക്ഷണിക്കാൻ വന്നതാണ് ദീപയും ശരത്തും. നല്ല മിടുക്കിക്കുട്ടിയാണ്; ദീപയെപ്പോലെതന്നെ. ഫോട്ടോ കണ്ടിട്ടുണ്ട്.

എന്നും അവളുടേതായി കൊണ്ടു നടന്ന മഹേഷിനെ തട്ടിയെടുത്തവളുടെ ചിത്രമായിരിക്കും തനിക്കാ മനസ്സിൽ. എനിക്കതു സഹിക്കാനാവുന്നില്ല മഹേഷ്. ഒരായുസ്സു കൊണ്ടു സ്നേഹിച്ചു തീരാത്തത്ര സ്നേഹം ഈ മനസ്സിലുണ്ട്. അതിനു വിദൂരത്തു പോലും മറ്റൊരവകാശിയും ഉണ്ടാവരുതേ.. ആ ഓർമ പോലും എന്നെ വേദനിപ്പിക്കുന്നു. നീയില്ലെങ്കിൽ ഞാനുണ്ടോ? നെഞ്ചോടു തൊട്ടു നിന്ന് ഒന്നു കരയണമെന്നു തോന്നി. അപ്രിയമായ സത്യങ്ങൾ മറയ്ക്കാൻ ചില നിർദ്ദോഷമായ കള്ളങ്ങൾ പറയാം എന്ന് ചെറിയ ക്ലാസിലെവിടെയോ പറഞ്ഞ രഘുനന്ദൻ മാഷിനെയോർത്തു. അതുപോലൊരു കള്ളം എന്നോടും പറയാമായിരുന്നില്ലേ?

ജനാലയിലൂടെ മുറ്റത്തരികിലെ മാവിൻ ചുവട്ടിൽ ഏട്ടത്തിയോട് സംസാരിച്ചുകൊണ്ട് ശരത് നിൽക്കുന്നതു കണ്ടു. മോനെ എടുത്തിരിക്കുന്നു. സ്വന്തം ഭാര്യയുടെ മാനസിക വ്യാപാരങ്ങൾ എത്രത്തോളം അറിയുന്നുണ്ട് നിങ്ങൾ! നിങ്ങളും ജീവിക്കുകയാണ്, ഒരു ചില്ലുകൊട്ടാരത്തിൽ......

ഡൈനിങ് റൂമിൽ പാത്രങ്ങളുടെ കലമ്പൽ. ഭക്ഷണം കഴിഞ്ഞ് അമ്മ പാത്രങ്ങളൊക്കെ എടുത്തു മാറ്റുകയാണ്. ദീപയും മഹേഷും സ്വീകരണമുറിയിൽ സംസാരിച്ചിരിക്കുകയാവും. ദീപയുടെ മുഖഭാവം ഓർത്തെടുക്കാൻ ശ്രമിച്ചു; കഴിയുന്നില്ല. സംസാരങ്ങളിലൊന്നും പങ്കു ചേരുന്ന തരക്കാരിയല്ല താനെന്ന് കരുതിയോ എന്തോ....

കുറച്ചു കഴിഞ്ഞപ്പോൾ ദീപ മുറിയിലേക്കു വന്നു. "തലവേദന കുറവുണ്ടോ മീരാ? നോൺ സ്റ്റോപ് സംസാരക്കാരനായ മഹേഷിനു കിട്ടിയ പെണ്ണ് വളരെക്കുറച്ചേ സംസാരിക്കുകയുള്ളു എന്ന് തോന്നുന്നല്ലോ? എന്തായാലും ഫങ്ഷനു വരണം കേട്ടോ...... "

മെല്ലെ തലയാട്ടി. എഴുന്നേറ്റിരുന്ന്, ബെഡിലിരുന്ന ദീപയുടെ കൈ പിടിച്ചു. "ഒന്നും തോന്നരുത് ദീപാ. ഞാൻ വളരെ ഫ്രീയായി ഇടപെടുന്ന ആളാണ്. അങ്ങനെ തന്നെ പെരുമാറിയേനെ, ദീപ ആരാണെന്നെനിക്കറിയില്ലായിരുന്നെങ്കിൽ.... ''

ദീപയുടെ വിരലുകൾ തണുത്തു പോയതുപോലെ തോന്നി. ആ മുഖത്തേക്കു നോക്കാതെ ബാക്കി പറയാനൊരുങ്ങി. പക്ഷേ, വാക്കുകൾ നെഞ്ചിൽ പൊട്ടിത്തകർന്നതല്ലാതെ പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നില്ല.

''ഞാൻ തന്നെപ്പോലെ ഒരു പെണ്ണല്ലേ, ഒരു വേള, തന്നെക്കാളേറെ മഹേഷിനെ സ്നേഹിച്ചു പോയവൾ... ശരതും മോളുമെല്ലാമുണ്ടായിട്ടും വർഷങ്ങളുടെ ബന്ധം വീണ്ടും തീവ്രമായി ഇവിടേയ്ക്കു പിടിച്ചടുപ്പിക്കുന്നു. ഞാനോ, എനിക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേറാരുണ്ട്! ആ സ്നേഹമില്ലെങ്കിൽ ഞാനില്ലാതെയായിപ്പോകും. എന്നെ മനസ്സിലാക്കുക....."

മുറി വിട്ട്, യാത്ര പറയാതെ ദീപ പോയി. അവൾ എന്നെ അറിയട്ടെ, എന്നെ മനസ്സിലാക്കട്ടെ.... കണ്ണടച്ചു കിടക്കുമ്പോൾ കാർ സ്റ്റാർട്ടു ചെയ്തു പോകുന്ന ശബ്ദം കേട്ടു . മാനം മൂടിക്കെട്ടിയിരുന്നു. മനസ്സു തണുപ്പിക്കാൻ ആർത്തലച്ചൊരു മഴ പെയ്തിരുന്നെങ്കിൽ.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com