ADVERTISEMENT

അർഥം (കഥ)

"കല്ലൂ... ടേക്ക് കെയർ.. "

ഓഫിസിന്റെ പടിക്കെട്ടുകൾ ആയാസപ്പെട്ടു കയറുന്ന കല്യാണി പിൻവിളി കേട്ടു തിരിഞ്ഞു നോക്കി താഴെ കാറിനു മുന്നിൽ രാജീവ് നിൽക്കുന്നത് അവൾ കണ്ടു.

"യു ടൂ... " അവൾ മന്ദഹസിച്ചു.

അവൾ കയറിയ ലിഫ്റ്റിന്റെ ഡോറുകൾ അടഞ്ഞപ്പോൾ രാജീവ് ഡ്രൈവിങ് സീറ്റിലേക്ക് കയറി കാർ മുന്നോട്ടെടുത്തു. ഭൂതകാലസ്മരണകൾ വേട്ടയാടപ്പെടുമ്പോഴും അവസാനിക്കാത്ത പ്രതീക്ഷകൾ തങ്ങളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുമ്പോൾ മനഃപൂർവം ഓർക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളെ അഗാധമായ ഏതോ കുഴിയിൽ എത്രയോ വട്ടം കുഴിച്ചു മൂടിയിരിക്കുന്നു. വെള്ളമില്ലാതെ വേരുകൾ കരിഞ്ഞുണങ്ങി നിന്നിരുന്ന ഒരു ചെറിയ വൃക്ഷമായിരുന്ന ഒരു മനുഷ്യൻ ഇന്ന് വളർന്നു പന്തലിച്ച പടുകൂറ്റൻ വൃക്ഷമായിരിക്കുന്നുവെങ്കിൽ അതിൽ നിർണായകമായ ഒരു പങ്ക് വഹിച്ച കല്യാണിയെന്ന കല്ലു എത്രയോ വട്ടം വേദനിച്ചിരിക്കുന്നു. കിടപ്പറയിലെ അവളുടെ ചെറു ശബ്ദങ്ങൾ എത്രയോ വട്ടം എന്നെ നൊമ്പരപ്പെടുത്തിയിരിക്കുന്നു. അപ്പോഴൊക്കെ അവളുടെ ധൈര്യം അത്ഭുതപ്പെടുത്തിയിരിക്കുന്നു. പെണ്ണിനു മാത്രം കിട്ടിയിരിക്കുന്ന ഈ വേദന എന്റെ അറിവുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഞാനൊരു നിരക്ഷരനാണ് എന്നൊരു തോന്നൽ പലപ്പോഴും ഉണ്ടായിരിക്കുന്നു. മാസാമാസം വീർപ്പു മുട്ടുന്ന വേദനയോടെ അവരിതെങ്ങനെ ഉള്ളിലടക്കി കടിച്ചു പിടിച്ചു അങ്ങനെ ആരോടും പങ്കു വെക്കാനാവാതെ അടച്ചു പൂട്ടിയിരുന്നു..?

കണ്ടു മുട്ടിയ ആദ്യ നാളുകളിൽ ഒരിക്കൽ വേദനയാൽ വെള്ളം പോലും കുടിക്കാതെ ഇരുന്ന കല്ലുവിനെ നിർബന്ധിപ്പിച്ചു വെള്ളം കുടിപ്പിച്ചതും ശേഷം ടോയ്‌ലെറ്റിൽ പോകുവാനുള്ള മടി കൊണ്ടാണ് വെള്ളം കുടിക്കാതിരിക്കുന്നതെന്ന അവളുടെ നിസ്സാര മട്ടിലുള്ള മറുപടിയും എന്നെ ഞെട്ടിച്ചു. അവളെ സ്നേഹപൂർവം ശാസിക്കാനും വഴക്കു പറയുവാനും മുതിർന്നങ്കിലും എല്ലാം ഒരു ചെറു ചിരിയിലൊതുക്കിയ അവളുടെ മുഖം വേദനകൾ സഹിക്കുവാൻ അവളെ പഠിപ്പിച്ചിരിക്കുന്നുവെന്ന ബോധ്യം എന്റെയുള്ളിൽ ആഴത്തിൽ വേരുറപ്പിച്ചുവെങ്കിലും കുഞ്ഞു കുട്ടികളെപ്പോലെ പാകതയില്ലാത്ത സംസാരം എന്നെ ചിലപ്പോഴെങ്കിലും ദേഷ്യം പിടിപ്പിച്ചിരുന്നു. അടിക്കാനായി കയ്യുയർന്നിട്ടുണ്ട് പലപ്പോഴും എങ്കിലും അടിച്ചിട്ടില്ല. നിസ്സാര കാര്യങ്ങൾക്ക് അടിക്കേണ്ടതില്ല അവളുടെ സൗകര്യങ്ങളും സന്തോഷങ്ങളും മനഃപൂർവം നിഷേധിക്കുന്നതിന് തുല്യമാണ്. ചിലപ്പോഴൊക്കെ അവളുടെ നുണകളെ സൗകര്യപൂർവം വിശ്വസിച്ചിരിക്കുന്നു. എങ്കിലല്ലേ ബന്ധങ്ങൾ നിലനിർത്തുവാൻ കഴിയുകയുള്ളു.

കാറിന്റെ വിൻഡോ ഗ്ലാസ്സിൽ ആരോ തട്ടിയപ്പോൾ രാജീവ് ഞെട്ടി കണ്ണു തുറന്നു പുറത്തേയ്ക്ക് നോക്കി. സ്ഥലകാല ബോധം വരുവാൻ സെക്കന്റുകളെടുത്തു. ഒരു ട്രാഫിക്‌ പൊലീസ് ഉദ്യോഗസ്ഥൻ പുറത്തു നിൽക്കുന്നു. വിൻഡോ ഗ്ലാസ്സ് താഴ്ത്തിയപ്പോൾ അയാൾ ഒരു ബോർഡിലേക്ക് വിരൽ ചൂണ്ടി.

"നോ പാർക്കിങ് "

അപ്പോഴാണ് അത് എന്റെ കണ്ണുകളിൽ പതിഞ്ഞത്. അല്ലെങ്കിലും ഓർമകളിൽ മുഴുകിയിരിക്കുമ്പോൾ അതൊക്കെ ശ്രദ്ധിക്കുവാൻ എവിടെയാണ് സമയം. പെട്ടന്നു തന്നെ "സോറി" പറഞ്ഞു വാഹനം മുന്നോട്ട് എടുത്തു പാർക്കിങ് അനുവദീയമായ ഏരിയയിൽ നിർത്തിയിട്ട് പുറത്തെ കാഴ്ചകളിലേക്ക് കണ്ണു നട്ടിരുന്നു.

സൂര്യൻ അതിന്റെ എല്ലാ രോഷവും തീർക്കാൻ എന്ന പോലെ എരിഞ്ഞു നിൽക്കുന്ന നട്ടുച്ച നേരം ആയതിനാൽ തെണ്ടയിലെ നനവ് വറ്റി തുടങ്ങിയിരിക്കുന്നു. ഏസി ഓഫ്‌ ചെയ്തു ഫോണും കയ്യിലെടുത്തു വാഹനം പൂട്ടി ദാഹം തീർക്കാനും വയറിനുള്ളിലെ പെരുമ്പറ കൊട്ട് അവസാനിപ്പിക്കുവാനും തീരുമാനിച്ചു. അതിനു മുൻപേ ഫോണെടുത്തു കല്ലുവിന്റെ നമ്പർ ഡയൽ ചെയ്തു. ആദ്യ ബെല്ലിനു തന്നെ ഫോൺ എടുത്തു.

"കഴിച്ചോ... " മുഖവുരയൊന്നും ഇല്ലാതെ ചോദിച്ചു.

"കഴിച്ചല്ലോ..! ഏട്ടനോ.? "

ശബ്ദം കേട്ടപ്പോൾ ആശ്വാസമായി. കഴിച്ചില്ല എന്നു പറയാൻ മടി ആയതു കൊണ്ടു പറഞ്ഞില്ല. പകരം അടുത്ത ചോദ്യം അമ്പിൽ നിന്നും തൊടുത്തു.

"ലീവ് കിട്ടാറായില്ലേ..?

എത്രയോ ദിനങ്ങളായി ആവർത്തിക്കുന്ന ഒരു ചോദ്യമാണിത്. ഡെലിവറി അടുത്തിട്ടും ജോലിക്ക് പോവുന്ന ഭാര്യമാരോടുള്ള ടെൻഷൻ നിറഞ്ഞ ഓരോ ഭർത്താവിന്റെയും ചോദ്യമാണിത്. ചോദിക്കാതിരിക്കാനാവില്ലല്ലോ ഇനി വെറും പതിമൂന്നു ദിവസം കൂടിയെ ഉള്ളു.

"അത് കിട്ടി ഏട്ടാ.. നാളെ മുതൽ ജോലിക്ക് പോവുന്നില്ല സമാധാനം ആയോ..? "

അവളുടെ മറുപടി കാതിൽ മഴ പെയ്യിക്കുന്ന അനുഭവം ആയിരുന്നു. അത്രയും സമാധാനം. പിന്നെയും എന്തൊക്കെയോ ചോദ്യങ്ങളും മറുപടികളും വന്നു കൊണ്ടിരുന്നു. ഫോൺ കട്ട്‌ ചെയ്തു ഹോട്ടലിൽ കയറി ഊണ് ഓർഡർ ചെയ്തപ്പോൾ അഭിമുഖം ആയി പുറത്തേക്കു തുറക്കുന്ന ജനലഴികളിലൂടെ ഒരു കാഴ്ച കണ്ടു. റോഡരികിലെ മരത്തിന്റെ തണലിലിരുന്നു തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു നാടോടി സ്ത്രീ. ഈ പൊരി വെയിലും സഹിച്ച് അരവയർ നിറച്ചിട്ടു കിട്ടുന്ന ഊർജം ആ തണൽ മരത്തിനു ചുവട്ടിലിരുന്നു തന്റെ കുഞ്ഞിന്റെ ചുണ്ടുകളിൽ പകരുന്ന അവർ എത്രയോ ശക്തയാണ്. ഊണ് കഴിച്ചു തീർത്തു പുറത്തിറങ്ങിയപ്പോൾ അവരെ കണ്ടില്ല. പോയിട്ടുണ്ടാവും അടുത്ത തെരുവിലേക്ക് അന്നത്തിനു വക കണ്ടെത്തുവാൻ. കണ്ടിരുന്നെങ്കിൽ എന്തെങ്കിലും നൽകാമായിരുന്നു എന്നു പേഴ്സിൽ തടവി ചിന്തിച്ചു.

വൈകുന്നേരം തിരികെ വിളിക്കുവാൻ ചെന്നപ്പോൾ കല്യാണിയുടെ മുഖത്തു പതിവില്ലാത്ത ഒരു സന്തോഷം.

"നമുക്ക് ബീച്ചിൽ പോയാലോ....? "

അവളുടെ മുഖത്തെ സന്തോഷം കണ്ടു ചോദിച്ചു.

"പോവാം... " 

ബീച്ചിൽ ഒരു ഓരത്തു കൂടി ചേർത്തു പിടിച്ചു നടക്കുമ്പോൾ എന്റെ ചുണ്ടുകളിൽ ആ ചോദ്യം വിരിഞ്ഞു

"കല്ലൂ.. എന്താണ് പതിവില്ലാത്ത ഒരു സന്തോഷം..? "

എന്റെ കരങ്ങൾ മുറുകെ പിടിച്ചു കൊണ്ടു അവൾ മന്ത്രിച്ചു

"രാജീവേട്ടന്റെ ഈ കരങ്ങൾ കയ്യിൽ ഉള്ളിടത്തോളം കാലം കല്ലുവിന് സന്തോഷം ഇല്ലാതിരിക്കുമോ...? ആ ചോദ്യത്തിന് എനിക്ക് മറുപടിയില്ലായിരുന്നു.

രാത്രി കിടക്കയിൽ കിടക്കുമ്പോൾ എന്റെ കാതുകൾ അവളുടെ നിറവയറിൽ മുട്ടിച്ചു ഉള്ളിലെ ജീവന്റെ ശബ്ദം കേൾക്കുവാനൊരു ആഗ്രഹം തോന്നി. ഒട്ടും മടിക്കാതെ അവളെന്റെ തലയെടുത്തു അവളുടെ വയറിൽ മുട്ടിച്ചു. കാതുകൾ ചെരിച്ച് അവിടുത്തെ തട്ടും മുട്ടും ഒരു കുഞ്ഞു കുട്ടിയെപ്പോലെ ആസ്വദിക്കുവാൻ എനിക്ക് സാധിച്ചിരുന്നു.

നാല് രാത്രിയും നാല് പകലും കൊഴിഞ്ഞു വീണു. അഞ്ചാം ദിനം രാത്രി സംഗീതം കെട്ടുറങ്ങുന്ന അവളുടെ മുഖത്തോട്ടു നോക്കി കിടന്ന എന്റെ കൈകൾ എപ്പോഴോ ബെഡ് റൂമിലെ വെളിച്ചം അണയ്ക്കുകയും കണ്ണുകളെ ഉറക്കം കീഴടക്കുകയും ചെയ്തു

"ഏട്ടാ...!"

ഇരുട്ടിൽ അവളുടെ വേദന കലർന്ന ശബ്ദം കേട്ടതും കിടക്കയിൽ നനവ് പടരുന്നതും ഒരു ഞെട്ടലോടെ അറിഞ്ഞു. ലൈറ്റ് ഇട്ടപ്പോൾ കിടക്കയിൽ ബ്ലഡ്‌ പരന്നിരിക്കുന്നു. ഹോസ്പിറ്റൽ വളരെ അടുത്തായതിനാൽ കൂടതൽ ആലോചിക്കാൻ നിൽക്കാതെ താങ്ങിപിടിച്ചു കാറിൽ കേറ്റി ഒരോട്ടമായിരുന്നു. പറഞ്ഞ ഡേറ്റിനും മുന്നേ എല്ലാം ആരംഭിച്ചപ്പോൾ വല്ലാത്തൊരു ഭയം ഉള്ളിൽ ആകെ പൊതിഞ്ഞു പിടിച്ചിരുന്നു. അപ്പോഴും അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എന്റെ ഭയം വെറുതെയാണെന്നു വിളിച്ചു പറഞ്ഞു.

ലേബർ റൂമിനു വെളിയിൽ ആകാംഷയോടെ കൈകൾ കൂട്ടി തിരുമ്മി ചൂടാക്കി നിൽക്കുമ്പോൾ ജീവിതത്തിൽ ഇന്നേ വരെ തൊട്ടിട്ടില്ലാത്ത സിഗരറ്റ് വലിക്കാൻ വരെ തോന്നിപ്പോയി. അകത്തെ നിലവിളി ശബ്ദം അവസാനിച്ചപ്പോൾ ചങ്കു കത്തി പോയി. തീർത്തും നോർമൽ ഡെലിവറി ആയിരുന്നിട്ടും താൻ അനുഭവിച്ച ടെൻഷൻ എത്രയാണെങ്കിലും പൊക്കിൾക്കൊടി മുറിഞ്ഞു വീണപ്പോൾ അവളുടെ കണ്ണുകളിൽ നിറഞ്ഞത് ആനന്ദകണ്ണീരായിരുന്നു എന്നുറപ്പ്.

"പെൺകുട്ടിയാ.. "

നഴ്സിന്റെ ശബ്ദം കാതുകളിൽ മുഴങ്ങിയപ്പോൾ വിറയ്ക്കുന്ന കരങ്ങളോടെ ആ പൈതലിനെ ഏറ്റുവാങ്ങിയപ്പോൾ അലിഞ്ഞില്ലാതായത് 12 വർഷത്തെ ഞങ്ങളുടെ ഏകാന്ത ജീവിതമായിരുന്നു.

ദിവസങ്ങൾ കൊഴിഞ്ഞു വീണു ഡിസ്ചാർജ് ആവുന്ന ദിവസമാണ്., പെട്ടികളോരോന്നായി എടുത്തു കാറിന്റെ ഡിക്കിയിൽ തള്ളുമ്പോൾ ഉള്ളിൽ എന്താണെന്നില്ലാതെ ഒരു സന്തോഷം. അച്ഛനും, അമ്മയും വീടിന്റെ ചുവരിൽ ചില്ലിട്ട ഫോട്ടോകളിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും. പോരാത്തതിന് എനിക്കും കല്ലുവിനും ഇടയിൽ നീണ്ട കാലത്തെ ഏകാന്തതകൾ പൂർണ്ണ വിരാമമിടുന്ന നിമിഷങ്ങളാണ് ഇനി കടന്നു വരുവാനുള്ളത്.

"ആലോചിച്ചിരിക്കുവാണോ മാഷേ... നമുക്ക് പോവണ്ടേ..? "

കല്യാണിയുടെ ശബ്ദം കാറിലെ നേർത്ത ശബ്ദത്തിലുള്ള മെലഡികൾക്കൊപ്പം ഒഴുകിയെത്തിയപ്പോൾ രാജീവ് തെല്ലു ജാള്യതയോടെ അവളെ നോക്കി ചിരിച്ചു.

"കള്ളൻ വേഗം വണ്ടിയെടുക്ക്..!"

കുഞ്ഞിനെ മടിയിൽ കിടത്തി ചുംബിക്കുമ്പോൾ കല്യാണി ചെറു ശബ്ദത്തിൽ പറഞ്ഞു.

"കല്ലൂ... "

ഡ്രൈവിംഗ് സീറ്റിൽ അവൾക്കും കുഞ്ഞിനും അഭിമുഖമായി ചെരിഞ്ഞിരുന്നു കൊണ്ടു രാജീവ് വിളിച്ചു. ചോദ്യ ഭാവത്തിൽ മുഖമുയർത്തിയ കല്യാണിയുടെ മുടിയിഴകളിൽ ഇടം കൈ ആഴ്ത്തി അവളുടെ മുഖം തന്റെ മുഖത്തിന്‌ അഭിമുഖമായും വലം കൈ കൊണ്ടു കുഞ്ഞിന്റെ നെറുകയിൽ തലോടിയും പതിയെ തന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു നിർത്തി ഇരുവരുടെയും നിറുകയിൽ ചുംബിച്ചു.

വാഹനം മുന്നോട്ടെടുക്കും മുൻപ് രാജീവിന്റെ ഹൃദയം ആരോടെന്നില്ലാതെ മന്ത്രിച്ചു

" ഇനി വരുവാനിരിക്കുന്ന നാളുകൾ ഞങ്ങളുടെ പൈതലിന്റെ വളർച്ചയും, അവളുടെ കളിചിരികളും, വിദ്യാഭാസവും,ജോലിയും, വിവാഹവും, പേരക്കുട്ടികളും ചേർന്ന്‌ ബഹളമയമാവുമ്പോൾ ആരും അറിയാതെ എന്റെയും കല്ലുവിന്റെയും ആയുസ്സ് മരുന്ന് മണക്കുന്ന നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി ഒടുവിൽ മൃതരായി ചിതലുകൾക്കും പുഴുക്കൾക്കും ആഹാരമായി ആറടി മണ്ണിൽ അന്ത്യ വിശ്രമം കൊള്ളുമ്പോഴല്ലേ ജീവിതത്തിന്റെ കണക്കു പുസ്‌തകം പൂർണ്ണമാകുന്നതും അതിനൊരർഥമുണ്ടാക്കുന്നതും .?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com