ADVERTISEMENT

പ്രവാസിയും  പ്രൈസ് ടാഗും (കഥ)

കൂടെ താമസിക്കുന്ന കൂട്ടുകാരൻ നാട്ടില്‍ പോവുന്നതിന്‍റെ ഭാഗമായി പര്‍ച്ചേസിങ്ങിനു വേണ്ടി ഇറങ്ങിയതായിരുന്നു... ദുബായിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ദേരയില്‍ അത്യാവശ്യം കളക്ഷനും, അതുപോലെ തന്നെ വില കുറവിലും സാധനങ്ങള്‍ കിട്ടും.

കോഴിക്കോട് മിഠായിതെരുവിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള കൊച്ചു കൊച്ചു ഗല്ലികള്‍... അതിനു മുന്നില്‍ ഒരു ഇടപാടുകാരനെ കിട്ടാന്‍ വേണ്ടി കഴുകനെപ്പോലെ വരുന്ന ആളുകളെ നോക്കി നില്‍ക്കുന്ന കച്ചവടക്കാര്‍...

ഞങ്ങള്‍ നടന്ന് ആദ്യം കാണുന്ന '1 to 10' സെന്‍ററിന്‍റെ അടുത്ത് എത്തി. ഇവിടെ '1 to 10' സെന്‍ററുകള്‍ സജീവമാണ്. ഒരു ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെയുള്ള നിരക്കില്‍ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ മാത്രമല്ല, വീട്ടുപകരണങ്ങള്‍ മുതല്‍ മിക്ക അത്യാവശ്യ സാധനങ്ങളും ഇങ്ങനെയുള്ള ഡിസ്കൗണ്ട് സെന്‍ററുകളില്‍ ലഭിക്കും.

കൂട്ടുകാരന്‍ ആ കടയിലേക്ക് കയറാതെ വീണ്ടും മുന്നോട്ടു നടക്കുന്നതു കണ്ടപ്പോള്‍ ഞാനൊന്നു ശങ്കിച്ചു... ഞങ്ങള്‍ ലക്ഷ്യം വെച്ചു വന്നത് സാധനങ്ങള്‍ വില കുറവില്‍ കിട്ടുന്ന ഇത്തരം കടകളായിരുന്നു.

"എടാ.... ഇവിടെയാ വില കുറവില്‍ സാധനങ്ങള്‍ ലഭിക്കുക"

കൂട്ടുകാരനെ ഞാന്‍ പിന്നോട്ട് വലിച്ചു കൊണ്ട് പറഞ്ഞു.

"നമുക്ക് ഇവിടന്നു വാങ്ങണ്ടാ... അടുത്ത കടയില്‍ പോവാം"

അവന്‍റെ മറുപടി എന്നെ സംശയാലുവാക്കി. ഇതു പോലെയുള്ള ഒരു കട കണ്ടു കിട്ടാന്‍ ഇനിയും ഇരുപത് മിനിറ്റിലേറെ നടക്കണം. ഈ അന്തരീക്ഷ ഈര്‍പ്പം കൂടിയ സമയത്ത് വിയര്‍പ്പിനാല്‍ രണ്ടു പേരും പാതി കുളി കഴിഞ്ഞ പോലെ ആയിരുന്നു..

അവനോട് ഞാന്‍ കാരണമന്വേഷിച്ചപ്പോള്‍ ശരിക്കും ഞാന്‍ ചിരിച്ചു പോയി...

കഴിഞ്ഞ ദിവസം അവന്‍ എന്തോ കളിപ്പാട്ടം ഈ കടയില്‍ നിന്ന് വാങ്ങിയിരുന്നു. റൂമില്‍ എത്തി അതിന്മേലുള്ള പ്രൈസ് ടാഗ് കുറെ ചുരണ്ടി നോക്കിയിട്ടും പോയില്ലെന്ന്...

അത്രക്കും വീര്യമുള്ള പശയിലായിരുന്നു അവര്‍ പ്രൈസ് ടാഗ് ഒട്ടിച്ചിരുന്നത്. തങ്ങളുടെ സ്ഥാപനങ്ങളുടെ പേരോട് കൂടിയുള്ള പ്രൈസ് ടാഗ് നല്ല കനത്തില്‍ ഒട്ടിച്ചു വെക്കുന്നത് ഇവിടെ പതിവാണ്. പരസ്യ ഫണ്ട് ചുളുവില്‍ ലാഭിക്കാന്‍ പറ്റിയ നല്ല ഒരു അടവാണത്.

പ്രൈസ് ടാഗ് പറിക്കാന്‍ കിട്ടുന്നില്ല എന്ന അവന്‍റെ മറുപടി പിന്നീട് കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാതെ തന്നെ എനിക്ക് കാര്യം പിടി കിട്ടി.

വീട്ടിലെത്തുമ്പോള്‍ വിരുതന്മാരായ കുട്ടികള്‍ സാധനത്തിന്‍റെ വില നോക്കി താരതമ്യം ചെയ്യാന്‍ സാധ്യത കൂടുതലാണ്. അവര്‍ക്കറിയില്ലല്ലോ 10 രൂപ എന്നാല്‍ നാട്ടില്‍ അതിന്‍റെ വില നൂറ്റി എഴുപത്തഞ്ചിലും കൂടുതലാണെന്ന്...

ചെറിയ ശമ്പളക്കാരായ പലരും ഇവിടെ ഒഴിവു ദിനങ്ങള്‍ പോലുമില്ലാതെയാണ് കഷ്ടപ്പെടുന്നത്. ആദ്യമായി ഇവിടെ കാലു കുത്തിയ പിറ്റേ ദിവസത്തില്‍ തന്നെ പലരും ജോലിക്ക് കയറിയിരിക്കും. വന്ന അന്ന് ബന്ധുക്കളോ, കൂട്ടുകാരോ ഒക്കെ ആയുള്ള ആരെയെങ്കിലും കണ്ടാലായി.

ചിലപ്പോള്‍ അവരെ കാണാന്‍ വേണ്ടി യാത്ര ചെയ്ത ഭാഗവും, വിസ മെഡിക്കല്‍ എടുക്കാന്‍ വേണ്ടി പോയ സ്ഥലവും മാത്രമായിരിക്കും അവന്‍ കണ്ട ഗള്‍ഫ്.

നാട്ടിലേക്ക് പോവുന്നതിനു തലേദിവസം ജോലിയില്‍ നിന്നിറങ്ങി വീട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കുമൊക്കെയായി എന്തെങ്കിലും വാങ്ങിക്കൂട്ടാനുള്ള ഒരു തിരക്കിലാവും ആ അവസാന ദിനം.

കടങ്ങള്‍ വീട്ടാനും, അത്യാവശ്യക്കാര്‍ക്ക് കടം കൊടുക്കാനുമൊക്കെ നാട്ടിലേക്ക് മാസത്തില്‍ അയച്ചു മിച്ചം വന്ന അല്‍പ്പം ചില്ലറകള്‍ മാത്രമായിരിക്കും അവന്‍റെ കയ്യിലുണ്ടാവുക. അല്ലെങ്കില്‍ തിരിച്ചു വന്നിട്ടുള്ള ആദ്യ മാസത്തെ ശമ്പളം ഇപ്പോള്‍ തന്നെ മുതലാളിയുടെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ടാവും പര്‍ച്ചേസിങ്ങിനു വന്നിട്ടുണ്ടാവുക.

ഉള്ളതു കൊണ്ട് വീട്ടിലെ കുട്ടികളുടെ കണ്ണില്‍ പൊടിയിടാനും, ഒന്നും കൊണ്ടുവന്നില്ല എന്ന പരാതി തീര്‍ക്കാനും എന്തെങ്കിലുമൊക്കെ വാങ്ങിച്ചു കൂട്ടും. ബദാമും, പിസ്തയുമൊക്കെ മുമ്പ് നാട്ടിലുള്ള സമയത്ത് ആരെങ്കിലും ഗള്‍ഫില്‍ നിന്ന് വന്ന സമയത്ത് തിന്നതാവും. വീട്ടുകാര്‍ എന്നും നമ്മള്‍ ഭക്ഷണ ശേഷം ജീരകത്തിന് പകരം ബദാമും, പിസ്തയുമാണ്‌ തിന്നുന്നത് എന്ന് കരുതിയിട്ടുണ്ടാവും..

ഓർമകള്‍ എന്‍റെ ബാല്യത്തിലേക്ക് എന്നെ മാടി വിളിച്ചു.

ജ്യേഷ്ഠനും, മൂത്താപ്പയും, എളാപ്പമാരും, അമ്മാവന്മാരുമൊക്കെ ഗള്‍ഫിലെ പെട്ടി പൊട്ടിക്കുമ്പോള്‍ ഒളിഞ്ഞു നോക്കിയത്, കിട്ടിയ കളിപ്പാട്ടം ചെറുതായപ്പോള്‍ നിരാശ തോന്നിയത്, പെങ്ങള്‍ക്ക് കൊടുത്ത ബദാമില്‍ എന്നെക്കാള്‍ രണ്ടെണ്ണം കൂടിയതിനു കരഞ്ഞത്, കളിപ്പാട്ടത്തിലെ പ്രൈസ് ടാഗില്‍ 2 ദിര്‍ഹം എന്നു കണ്ടപ്പോള്‍ ഒരു ഐസ് ക്രീം പോലും വാങ്ങാന്‍ തികയാത്ത രണ്ടു രൂപ വിലയുള്ളതാണോ എനിക്കു കൊണ്ടു വന്ന കളിപ്പാട്ടം എന്ന് സങ്കടപ്പെട്ടത്...,

കൂട്ടുകാരനും അവന്‍റെ ബാല്യം ഓര്‍ത്തു കാണണം. അവനും കരഞ്ഞിട്ടുണ്ടാവും റിയാലും, ദിര്‍ഹമും രൂപയ്ക്കു തുല്യമാണെന്ന് കരുതി പ്രൈസ് ടാഗ് കണ്ടിട്ട്...

ഞാനും ഒരു പെട്ടി കെട്ടുമ്പോള്‍ പലതും കരുതേണ്ടതുണ്ട്. പെട്ടി തുറക്കുമ്പോള്‍ അതിലേയ്ക്ക് ഉറ്റു നോക്കുന്ന ബാല്യങ്ങള്‍ക്ക്‌ പ്രൈസ് ടാഗ് ഇല്ലാതെ വില കൂടിയ കളിപ്പാട്ടങ്ങള്‍ നല്‍കണം..

കുറച്ചു ദൂരം നടന്നാലും വേണ്ടില്ല...

പെട്ടി കെട്ടുന്ന അന്ന് പ്രൈസ് ടാഗ് പറിക്കാന്‍ കിട്ടുന്ന കടയില്‍ നിന്നു തന്നെ വാങ്ങണം സാധനങ്ങള്‍..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com