ADVERTISEMENT

ശ്വാസം മുട്ടുന്നുണ്ട്,

പിടയ്ക്കുംതോറും കുരുക്ക് മുറുകുന്നുണ്ട്...

അമ്മയുടെ സാരി തന്നെ വേണമെന്നത് നിർബന്ധമായിരുന്നു..

പത്ത് മാസം ചുമന്ന ഗർഭപാത്രത്തിന്റെ ചൂട്,

വലിച്ചു കുടിച്ച മുലപ്പാലിന്റെ മധുരം,

ഉപ്പും പുളിയും തട്ടി കറ കളഞ്ഞ,

ആ വിരൽത്തുമ്പ് പിടിച്ച് നടന്ന കാലം...

എല്ലാം കിനിയുന്നുണ്ട് നാവിൻതുമ്പിൽ

കണ്ഡനാളത്തിനു കുറുകെയുണ്ട്..

മൂന്നു ചുറ്റിൽ അമ്മയുടെ പുള്ളിസാരി

ചെറിയ ഉള്ളിയുടെ കനച്ചമണം,

അമ്മയുടെ വിയർപ്പാണ്...

കണ്ണിൽ ഇരുട്ട് വീണു തുടങ്ങി...

സന്ധ്യയായോ...

മുത്തശ്ശീടെ നാമജപം കേൾക്കാനില്ലല്ലോ...

വിളക്ക് വെച്ചില്ലേ...

ദിനചര്യകൾ ചിതലരിച്ചുവോ...

ഒന്നും കേൾക്കുന്നില്ല ചെവിക്കെന്തുപറ്റി!!

കോശി ഡോക്ടറുടെ തുള്ളിമരുന്ന് ജനലിലിരുന്ന് പുഞ്ചിരി തൂകുന്നുണ്ട്...

കണ്ണുകൾ കൂമ്പിയടയുന്നുണ്ട്...

ഉറക്കച്ചടവിന്റെയാ ലേശമൊന്നുമല്ല...

മൂന്ന് രാത്രി കൺപോള അടഞ്ഞിട്ടില്ല...

മനസ്സിനപ്പടി ചുട്ടു നീറ്റലായിരുന്നു...

കുത്തലും വിങ്ങലും... അസഹനീയ വേദന

തിരിഞ്ഞു കിടന്നിട്ടും... മറിഞ്ഞു കിടന്നിട്ടും

ശമനമില്ലാത്ത നീറ്റലായിരുന്നു... 

അഗാധ നിദ്രയിൽ ഞാൻ കാമിക്കുകയായി...

ഉണർവറ്റ ഉറക്കത്തിലേക്ക് കാൽ വഴുതിവീണു...

കൂട്ടക്കരച്ചിൽ കാതിൽ വന്ന് തട്ടി നിന്നു ...

ഉറക്കം വിട്ടു ഞാൻ

ശ്വാസം വിടാൻ തെല്ലു തടസ്സം...

മൂന്ന് റീത്തല്ലേ നെഞ്ചിലിടം പിടിച്ചേ... പിന്നെങ്ങനാ...

നെറ്റിയിൽ കൂടി എന്തോ അരിക്കുന്നല്ലോ,

കൈത്തലമെടുത്തൊന്ന് തടവി നോക്കി

ഹാ.. ഉറുമ്പ്

നെറ്റിയിലെ പൊട്ടല് കുത്തിത്തുരക്കാഞ്ഞ്

ഇവറ്റകൾക്കൊട്ടു സമാധാനമില്ല

ഹെന്താ... ചെയ്യാ...

വിരലുകൾ കൊണ്ട് തട്ടി ദൂരെയെറിഞ്ഞെണീറ്റു...

നടന്നു വന്നിട്ടിതുവരെയും അമ്മയെന്തേ നോക്കീല്ല!

കണ്ടു കാണില്ലേ എന്നെ?

തുള്ളിച്ചാടി അരുകിലെത്തി...

കിങ്ങിണി കൊലുസ്സൊന്നു കിലുക്കി വെച്ചു.... 

ഓമൽ കൈത്തലം കൊണ്ട് കണ്ണുമൂടി

അമ്മ അറിഞ്ഞില്ല,

വാവിട്ട് കരയുന്നുണ്ട്..

വീടെന്തിനു തേങ്ങി... എന്തുണ്ടായി

മുഖം തന്നില്ലയപ്പോഴും..

വാതിൽപ്പടിയിലതാ കാലനക്കം...

പാഞ്ഞോടി... ഓടി ഓടിയവ അരുകിലെത്തി

കണ്ണുകൾ തെല്ലൊന്നുയർത്തി നോക്കി,

ആത്മമിത്രങ്ങളെല്ലാം നിരത്തിയുണ്ട്

ഇവരെന്താണീ വഴിയെ...

പിടിയില്ലാ കയത്തിലെ ഒരു പിടി ചോദ്യങ്ങൾ

നിമ്യേ... മോനു പോയീട്ടോ...

അമ്മ കരയുന്നുണ്ട്

തല മരവിച്ചു പോയി... പുറകിലോട്ടൊന്നാഞ്ഞു..

അമ്മാ... വെള്ളം തൊണ്ട വരളുന്നു...

പാതിയടഞ്ഞ ഇമകൾ വലിച്ചു തുറന്ന്

കൈത്തണ്ടയിൽ ഒന്നു തൊട്ടു...

തണുത്തുറഞ്ഞിരിക്കുന്നു..

ചന്ദനത്തിരിയുടെ സുഗന്ധം,

തലയിൽ തേനീച്ചക്കൂട്ടങ്ങൾ മൂളുന്നു...

ശിരസ്സ് പിളരുന്നു..

തലയ്ക്കൽ തിരി കത്തുന്നുണ്ട്

നെറ്റിയിൽ ഒരു ചൂടു സ്പർശം,

അമ്മയാണ്..

ആദ്യത്തെയും അവസാനത്തെയും ചുംബനം,

ഞാൻ മരിച്ചിരിക്കുന്നു.. 

എന്നെങ്കിലും, അമ്മയോടാ പുള്ളി സാരി പറയുമായിരിക്കും..

അവൾ കേട്ടതും, ഞാൻ പറയാൻ കൊതിച്ചതും !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com