sections
MORE

ഇനിയും പൊടിമീശ മുളയ്ക്കാത്ത കോളജുകുമാരന്റെ പ്രണയ ദുഃഖങ്ങൾ...

Teenage-Love
പ്രതീകാത്മക ചിത്രം
SHARE

പ്യാരീസ് മിട്ടായി (കഥ)

കോളജിൽ ആദ്യവർഷം പഠിക്കുന്ന കാലത്ത്, എനിക്ക് പൊടിമീശ പോലും മുളച്ചിട്ടില്ല... കുട്ടിത്തം ഒട്ടും വിട്ടുമാറാത്ത മുഖവുമായി ആദ്യക്ലാസ്സിൽ കയറിച്ചെന്ന ഞാൻ, ക്ലാസ്സിലെ ഒട്ടു മിക്കവർക്കും ഒരു കൗതുകമായിരുന്നു.. പെൺകുട്ടികൾ ഉൾപ്പെടെ എല്ലാവരും ഒരു കുട്ടിയെ നോക്കുന്ന ഭാവത്തോടെ എന്നെ നോക്കുകയും എന്റെ പ്രകടമായ പ്രായക്കുറവിന്റെ പരിവേഷം മൂലം, അവർക്കെല്ലാം എന്നോട് ഒരു ഏട്ടൻ-ഏട്ടത്തി മനോഭാവം ഉണ്ടാവുകയും ചെയ്തു..!

ആദ്യ ദിവസത്തെ ക്ലാസ് കഴിഞ്ഞു ഞാൻ പോവാൻ നേരം ക്ലാസ്സിലെ വമ്പനായ, അത്യാവശ്യം പൊക്കവും തണ്ടും താൻപോരിമയുമുള്ള ഹരിലാൽ എന്നെ പിടിച്ചു നിർത്തി പറഞ്ഞു: "ഡ, നാളെ നീ നിക്കറിട്ടോണ്ടു വരണം കേട്ടോ " (വർഷങ്ങൾക്കു ശേഷം ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ ഞാൻ അവന്റൊപ്പം തന്നെ പൊക്കം വെച്ചിരുന്നു.. അവനെക്കാൾ മീശക്കൊഴുപ്പും!.. അതോ അവന്റെ വളർച്ച മുരടിച്ചതോ?)

പതിയെ പതിയെ ക്ലാസും ഞാനുമായി ഇണങ്ങി..

കൗമാര കൗതുകങ്ങൾ പൂമൊട്ടിട്ട കാലം! ക്ലാസ്സിൽ പല തരത്തിലുള്ള സുന്ദരികൾ വന്നും പോയുമിരുന്നു.. ഗ്രൂപ്പുകൾ തിരഞ്ഞെടുത്തതിൽ പറ്റിയ അബദ്ധം മൂലം പലരും തീരുമാനം മാറ്റി, അവർക്കു സഹിക്കാവുന്ന ഗ്രൂപ്പുകളിൽ മാറി ചേർന്നു. തുടക്കത്തിൽ.. അതിനാൽ തന്നെ പെൺകുട്ടികളുടെ മാറിമാറി വരവ് ഞങ്ങളുടെ കണ്ണുകൾക്ക് വിരുന്നായി.

തെരഞ്ഞെടുത്ത ഗ്രൂപ്പുകളിൽ എല്ലാവരും ഉറച്ചതോടെ മാറിവരവ് നിൽക്കുകയും സ്ഥിരത കൈവരുകയും ചെയ്തു..

ആൺകുട്ടികൾ പതിവുപോലെ പെൺകുട്ടികളുടെ വായിൽ നോക്കുകയും പെൺകുട്ടികൾ ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ വായിൽനോട്ടം രഹസ്യമായി ആസ്വദിക്കുകയും ചെയ്തു..

ഞാൻ എപ്പോഴും അജിയെ ആണ് നോക്കിക്കൊണ്ടിരുന്നത്... അജിമോൾ എന്ന കൊച്ചു സുന്ദരിയെ..! വീട്ടിലെ അരുമക്കുട്ടിയാണെന്നു ആരെക്കൊണ്ടും പറയിപ്പിക്കും വിധം അവൾ കുസൃതിച്ചിരിയും കൊഞ്ചലുമായി കൂട്ടുകാർക്കിടയിൽ ചിലമ്പി നിന്നു... നിർഭാഗ്യമെന്നു പറയട്ടെ ഈ അജിമോൾ പോലും എന്റെ സഹപാഠിത്വത്തെ അല്ലെങ്കിൽ സമപ്രായത്തെ അംഗീകരിച്ചു തന്നിരുന്നില്ല. അവൾക്കു താഴെ, രണ്ടുമൂന്നു ക്ലാസ്സിൽ താഴെ പഠിക്കുന്ന ഏതോ പയ്യനോടെന്ന പോലെ എന്നോടവൾ പെരുമാറി..!

ആയിടക്കാണ് വൈശാലി സിനിമ ഞങ്ങളുടെ അടുത്ത നാടൻ കൊട്ടകയിൽ വന്നത്. ആദ്യമായി എന്റെ പുരുഷ കാമനകളെ ഉണർത്തിയത് ആ പടമായിരുന്നു! വൈശാലിയിലെ നായികയും അജിമോളുമായുള്ള ഒരു വിദൂര സാമ്യം എന്റെ ഇരിക്കപ്പൊറുതി കെടുത്തി.!

"നീ അവളെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു നോക്കൂ.." എന്റെ അടുത്തിരിക്കുന്ന രഞ്‌ജിത്‌ എന്നെ ബോധവൽക്കരിച്ചു... ക്ലാസ്സിലെ പുരുഷകേസരികൾ എന്നെ അവർക്കൊപ്പം അംഗീകരിച്ചിരുന്നില്ല. അവർ പറയുന്നത് ഞാൻ യുപി സ്കൂളിൽ നിന്നു ജയിച്ചു കോളജിലേക്ക് വന്നതാണെന്നാണ്..! ദുരർത്ഥം നിറഞ്ഞ അവരുടെ സല്ലാപങ്ങൾക്കിടയിലേക്കു ഞാൻ തല തിരുകി ചെന്നാൽ ചേട്ടായിസ്ഥാനം ചമഞ്ഞ് അവർ ചെവിക്കു പിടിച്ചു എന്റെ സ്ഥാനത്തു തിരിച്ചു കൊണ്ടുപോയി ഇരുത്തും.! പക്ഷേ രഞ്‌ജിത്‌ മിക്കവാറും എന്നോടൊപ്പം തന്നെ സമയം ചിലവഴിച്ചു. വർഷങ്ങളായി നിമഗ്നമായിരുന്ന യോഗനിദ്രയിൽ നിന്നുണർന്ന സന്യാസി വര്യനെപ്പോലെ ഒരു നിർവാണപരബ്രഹ്മസത്വം ആയിരുന്നു ഈ രഞ്ജിത്ത്...!  ഒന്നിനോടും പ്രത്യേകിച്ച് താല്പര്യമോ നീരസമോ ഇല്ല. അതുകൊണ്ടു തന്നെ സുഹൃത്‌സംഗമ വെടിപറച്ചിലിൽ ഒന്നും ഉൾപ്പെട്ടിരുന്നില്ല.

സൈറ്റ് അടിക്കാൻ അറിയുമായിരുന്നില്ല എനിക്ക്.. അതിനു പരിശീലിച്ചപ്പോൾ രണ്ടുകണ്ണും അടഞ്ഞു പോവുകയോ, വായ കോടിപ്പോവുകയോ ചെയ്തു..!

"എനിക്കൊന്നു കാണിച്ചു താ ഒന്ന് മര്യാദക്ക് സൈറ്റ് അടിക്കാൻ " ഞാൻ രഞ്ജിത്തിനോട് പറഞ്ഞു.

"സൈറ്റ് അടിക്കുന്നത് തന്നെ മര്യാദ ഇല്ലാത്ത കാര്യമാണ് " രഞ്‌ജിത്‌ പ്രതിവചിച്ചു: "പിന്നെ ലക്ഷ്യമാണ് പ്രധാനം, മാർഗ്ഗമല്ല... വീണ്ടും വീണ്ടും പരിശ്രമിക്കൂ.."

ഒടുവിൽ കണ്ണാടിയിലെ പ്രതിബിംബത്തോടു കണ്ണിറുക്കി ഞാൻ അത്യാവശ്യം ആ കല സ്വായത്തമാക്കി.

എന്നാൽ പിറ്റേദിവസം ഒരു മുഴുവൻ പ്രവൃത്തി ദിനവും പരിശ്രമിച്ചിട്ടും എനിക്ക് അജിയെ കണ്ണിറുക്കിക്കാണിക്കാൻ സാധിച്ചില്ല... അതിനു ശ്രമിക്കുമ്പോഴെല്ലാം പരിഭ്രമം മൂലം എന്റെ മുഖപേശികൾ വികൃതമായി..

കോളജ് വിട്ടു ബസ്റ്റോപ്പിൽ വെച്ച് കാര്യം സാധിക്കാമെന്നു ഞാൻ ഉറച്ചു. അജിമോൾ അവിടെനിന്നാണ് ബസ് കയറുന്നത്.. ഞാൻ എന്റെ സ്ഥലത്തേക്ക് പോകുന്ന ബസിൽ കയറി സൈഡ് സീറ്റിൽ ഇരുന്നു പുറത്തേക്കു നോക്കി.. അജിയും കൂട്ടുകാരും ഉണ്ട്. വേറെ ബസിലാണ് അവർ പോകുന്നത്. ഞാൻ നെഞ്ചിടിപ്പോടെ അവരെത്തന്നെ നോക്കിനിന്നു. കൂട്ടുകാരോട് തമാശപറഞ്ഞു കൊഞ്ചിച്ചിരിക്കുകയും ഇടയ്ക്കു പിണങ്ങുകയും വീണ്ടും ചിരിക്കുകയും ചെയ്യുന്ന അജിമോളെ ഞാൻ നോക്കിയിരുന്നു. ഇടയ്ക്ക് ഏതോ നിമിഷത്തിൽ അവൾ എന്നെ കണ്ടു..എന്റെ നോട്ടം തുടരുന്നത് കണ്ടിട്ടാവണം വീണ്ടും വീണ്ടും അവളെന്നെ നോക്കി..ആ ഒരു നിമിഷം ഞാൻ അത് സാധിച്ചു..ഒരു കാമറ ഷട്ടർ അടയുന്ന വേഗത്തിൽ ഞാൻ എന്റെ കണ്ണുകൾ ഇറുക്കിചിമ്മി. പിന്നെ മൂക്കിനു താഴെ ഇനിയും മുളച്ചിട്ടില്ലാത്ത വിർച്വൽ മീശയിൽ തടവി..!

"അയ്യോ അതുകണ്ടോടീ" അജിമോൾ ഉച്ചത്തിൽ വിളിച്ചുകൊണ്ടു എന്റെ നേർക്ക് കൈചൂണ്ടി... പിന്നെ ഉച്ചത്തിൽ ചിരിച്ചു.

എന്താടി - എന്നു ചോദിച്ചുകൊണ്ട് ബാക്കിയുള്ളവളുമാർ അവളുടെ കയ്യുടെ ലക്ഷ്യത്തിലേക്കു നോക്കി. ഞാൻ വിയർത്തു.. ബസ് വിടുവാൻ സമയം ഇനിയുമുണ്ട്. കാര്യമറിയാതെ ആണെങ്കിലും അവളുമാർ ചിരിച്ചു... അജിമോൾ ആകട്ടെ കാര്യമറിഞ്ഞിട്ടും..! അവൾ ഇനി സൈറ്റടിച്ച കാര്യം കൂട്ടുകാരികളോട് പറയുമോ എന്ന പേടികൊണ്ട് എനിക്ക് വീണ്ടും ഇരിക്കപ്പൊറുതി മുട്ടി.

പെട്ടെന്ന് അജിയുടെയും കൂട്ടരുടെയും വണ്ടി വരികയും അവർ അതിൽ കയറി പോവുകയും ചെയ്തു.

പിറ്റേന്ന് ഞാന് കോളജിൽ പോയില്ല... അതിനടുത്ത ദിവസം പോയപ്പോൾ അജിമോൾ ഇതൊന്നും നടന്നതായി ഭാവിച്ചില്ല. അവൾ, അതിനെ എന്റെ ഒരു 'ബാലപ്രാന്തായി' എടുത്തുകാണുമെന്നും, അതുമല്ലെങ്കിൽ എന്റെ കണ്ണിറുക്കൽ അവൾ കണ്ടു കാണുകയേ ഇല്ലെന്നും ഞാൻ ഓർത്തു. എനിക്ക് നിരാശയായി.

അതോടെ എനിക്കവളോട് നീരസമായി. അവളെ ഒരു അതിവിരൂപൻ വിവാഹം കഴിക്കുമെന്നും, അയാളിലവൾക്ക് കാട്ടാളക്കുഞ്ഞുങ്ങൾ പിറക്കുമെന്നും, ഞാൻ മനോവിചാരം കൊണ്ടു...അവളുടെ ഓരോ പ്രസവവും എടുക്കുന്നത് ഒരു മൂരാച്ചി ഹെഡ് നേഴ്സ് ആയിരുന്നെങ്കിൽ എന്നു വരെ ഞാൻ വിചാരിച്ചു..! അതൊരു അന്തോം കുന്തോമില്ലാത്ത വിചാരമായിപ്പോയല്ലോന്നു സ്വയം പരിതപിക്കുകയും ചെയ്തു ഞാൻ..!

അങ്ങനെയിരിക്കുമ്പോഴാണ് സിന്ധു ഞങ്ങളുടെ കോളജിലേക്ക്- ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നത്... സാമാന്യത്തിലധികം വളർച്ചയും സൗന്ദര്യവും ഉള്ള സിന്ധു ഞങ്ങളുടെ ക്ലാസ്സിൽ വസന്തം കൊണ്ടുവന്നു.

എന്നാൽ സിന്ധു ഒരു പാവം കുട്ടി ആയിരുന്നു.. അതിനർത്ഥം മിണ്ടാപ്പൂച്ച ആണെന്നല്ല. ലിംഗവ്യത്യാസം കാണിക്കാതെ സമഭാവനയോടെയാണ് അവൾ പെരുമാറിയത്... ഞങ്ങൾ ആൺകുട്ടികളുടെ തോളിൽ അടിച്ചും, സ്വാതന്ത്ര്യത്തോടെ ഞങ്ങളുടെ സമീപം നിസ്സങ്കോചം സംസാരിച്ചും, കളിയാക്കലുകളെ ചിരിച്ചുകൊണ്ട് നേരിട്ടും അവൾ പഠനമുറി സന്തോഷഭരിതമാക്കി.

ഇതൊന്നും മറ്റു പെൺകുട്ടികൾക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ലെങ്കിലും സിന്ധു അവരെയും തന്റെ പാട്ടിലാക്കി..

സിന്ധുവിന് എന്നോടെന്തോ ഇഷ്ടക്കൂടുതലുണ്ടെന്നു മെല്ലെയാണ് ഞാൻ തിരിച്ചറിഞ്ഞത്... ഇന്റർവെൽ സമയത്ത് എനിക്കുമാത്രമായി അവൾ പ്യാരീസ് മിട്ടായികൾ സമ്മാനിച്ചു... റെയ്‌നോൾഡ്‌സ് പേനയുടെ ഒരു ശേഖരം തന്നെ എനിക്കു തന്നു. ഇടയ്ക്കിടെ എന്നെ നോക്കി സ്നേഹത്തോടെ ചിരിച്ചു.

"പ്രണയമാണിത്" രഞ്ജിത്ത് എന്റെ സംത്രാസം കണ്ട് അരുൾ ചെയ്തു:

"അവളുടെ നോട്ടവും പെരുമാറ്റവും ഗൂഢമായി നിരീക്ഷിക്കൂ "

ഗൂഢമായിട്ടും അല്ലാതെയും നിരീക്ഷിച്ചപ്പോൾ എനിക്കും അതുറപ്പായി.

എനിക്ക് സന്തോഷമായി... വിജയാസ്‌മേരത്തോടെയും പ്രതികാരച്ചിരിയോടെയും ഞാൻ അജിമോളെ നോക്കി. അവൾ പ്യാരീസ് മിട്ടായിക്ക് വേണ്ടി അടുത്തിരിക്കുന്നവളുമായി അടിയിടുകയാണ്. പുച്ഛത്തോടെ ഞാൻ മുഖം വെട്ടിച്ചു, ഇല്ലാത്ത മീശമേൽ തടവി... പിന്നെ സിന്ധുവിനെ നോക്കി. അവൾ അതെ സമയം എന്നെയും നോക്കി സ്നേഹത്തോടെ ചിരിച്ചു... എനിക്ക് സമാധാനമായി. എനിക്കും ഒരു കാമുകി ! ഒരു പക്ഷേ ക്ലാസ്സിലെ പുരുഷകേസരികൾക്കു കിട്ടാത്ത ഭാഗ്യം.

അപ്പോഴേക്കും ഓണക്കാലമായി. പിറ്റേന്നു മുതൽ ഒരാഴ്ച അവധിയാണ്. എന്റെ ഉത്സാഹം കെട്ടു. ഒരാഴ്ച ഇനി സിന്ധുവിനെ കാണില്ല. ഞാൻ ഏറുകണ്ണിട്ടു നോക്കി. അവളുടെയും മുഖം വാടിയിരുന്നു.

ഉച്ചയ്ക്ക് ആളൊഴിഞ്ഞ നേരത്തു സിന്ധു എന്റെ സമീപം വന്നു..

പിന്നെ ഒരു വല്യ പൊതി എന്റെ കയ്യിൽ തന്നു..

"അതേയ്, മുഴുവൻ പ്യാരീസ് മിട്ടായി ആണ്, ട്ടോ... ഇനി ഒരാഴ്ച കഴിഞ്ഞേ കാണത്തൊള്ളൂ ... അതുവരെ കുട്ടന് വീട്ടിലിരുന്നു തിന്നാനാ..!!"

കുട്ടൻ?

 മിട്ടായി ?

 ഞാൻ അമ്പരപ്പോടെ അവളെ നോക്കി ..

"എനിക്കെന്തിഷ്ടാണെന്നറിയ്യോ ..?" അവൾ അരുമയോടെ എന്നെ ചൂണ്ടി പറഞ്ഞു..

"എന്റെ ചേച്ചീടെ മോനെ പോലെയുണ്ട് കണ്ടാൽ... ന്റെ അപ്പൂനെ പോലെ... കഴിഞ്ഞ വർഷം ചേച്ചി കുടുംബത്തോടെ ബോംബെയ്ക്കു പോയി, ഏട്ടന് അവിടാ ജോലി "

ഞാൻ വിഡ്ഢിയെപ്പോലെ സിന്ധുവിനെ നോക്കി.

"ഞാൻ ചേച്ചിക്കെഴുതിയിട്ടുണ്ട്. എനിക്ക് ഇവിടേം ഒരു അപ്പു ഉണ്ടെന്ന്..!"

ഞാൻ അൽപനേരം മുഖം കുനിച്ചിരുന്നു... പിന്നെ സിന്ധുവുന്റെ മുഖത്തു നോക്കി ഏതാണ്ടൊക്കെ പോലെ ചിരിച്ചു..!

പിന്നെ ചോദിച്ചു: "അപ്പോൾ സിന്ധു എന്റെ കുഞ്ഞമ്മയെപ്പോലെയാ, ല്ലേ ?

സിന്ധു ചിരിച്ചു... പിന്നെ വാത്സല്യത്തോടെ തലയാട്ടി, എന്നിട്ടു മുഖം കുനിച്ച് എന്റെ ചെവിയിൽ പറഞ്ഞു: "പക്ഷേല് ഇവിടെവെച്ച് അങ്ങനെ വിളിക്കണ്ടാട്ടൊ, ഈ പിള്ളേർ കളിയാക്കും "

ഞാൻ ആ പൊതിയഴിച്ചു.. അതിൽ നിന്നൊരു പ്യാരീസ് മിട്ടായി എടുത്തു കവർ പൊളിച്ചു വായിലിട്ടു.

.

മുഖഭാവം കാണാതിരിക്കാൻ എന്തെങ്കിലും നുണയുന്നത് നല്ലതാണ്..!.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA