ADVERTISEMENT

തിരച്ചിൽ (കഥ)

ഒരു പകലിന്റെ വാർദ്ധക്യത്തിൽ, കൂമ്പി നിൽക്കുന്ന മുല്ലമൊട്ടുകളെ നോക്കിയിരിക്കുമ്പോഴാണ് ഏടത്തി അടുത്തു വന്നിരുന്ന്,എന്റെ മുടി മാടിയൊതുക്കി തന്നതും, ഒക്കെ മറന്ന് നാളെ മുതൽ സ്കൂളിൽ പോയി തുടങ്ങണമെന്നും ഉപദേശിച്ചത്.

അല്ലങ്കിലും, ഞാനുമതാലോചിച്ചിരുന്നു. എത്ര സങ്കടപ്പെട്ടിരുന്നാലും, പോയാളിനി തിരിച്ചു വരില്ലല്ലോ!

അതിരാവിലെ ഉണർന്ന്, കുളിച്ചു തൊഴുത് സ്കൂളിലേയ്ക്ക് പോകാൻ തയാറാകവെ, സാരിയുടെ ഞൊറി കൈകൊണ്ട് നേരെ പിടിച്ചു തന്നിട്ട്, ഏടത്തി എന്റെ ബാഗിലേക്ക് ടിഫിൻ വച്ചു തന്നു.

ഒന്നും സംഭവിച്ചിട്ടില്ലല്ലെന്ന് കരുതിയാൽ മതി മോളെ എന്നു പറഞ്ഞു, എനിക്കൊപ്പം ഗെയ്റ്റിനരുകിൽ വരെ വന്നു.

കുട്ടികളോടൊപ്പം സ്കൂളിൽ ഒരു ദിവസം ചിലവഴിച്ചു തിരികെ വരുമ്പോൾ തലയുടെ ഭാരം അൽപം കുറഞ്ഞ പോലെ. പിറ്റേന്ന് ഏടത്തിയാണ് സാരി അയൺ ചെയ്തു തന്നത്. എന്നിട്ട് 'ശില്പ'യുടെ മെറൂൺ സ്റ്റിക്കർ പൊട്ട് നെറ്റിയിലൊട്ടിച്ചും തന്നു.

മനസ്സ് നേരെയാവാതെ വണ്ടി ഓടിക്കാൻ ഭയമായതുകൊണ്ടാണ് വണ്ടി എടുക്കാതിരിക്കുന്നത്.

ബസ് കാത്തു നിൽക്കുമ്പോൾ പ്രിയയെ കണ്ടുവെങ്കിലും, അവൾ എന്നോട് ഒട്ടും പ്രിയം കാട്ടാതെ മറ്റൊരു സംഘത്തോടൊപ്പം ചർച്ചയ്ക്ക് കൂടി.

അവരിൽ ചിലർ ഇടയ്ക്കിടെ എന്നെ നോക്കി, ഞാനാണവരുടെ വിഷയമെന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു... മുൻസിപ്പിലാറ്റിയിൽ സ്വീപ്പറായ ശോഭ ചേച്ചി മാത്രം അടുത്തുവന്നു, ചിരിച്ചു ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറി.

സ്കൂളിലും, കുട്ടികളിലും, മുഴുകി ദിവസങ്ങൾ പോകവേ, ജീവിതത്തിൽ സംഭവിച്ച ഭീമമായ നഷ്ടം ഞാനടക്കാൻ പഠിച്ചു തുടങ്ങി.

അന്നു വൈകിട്ടാണ്, ബസ്സിലെ തിരക്കിനിടയിൽ എന്റെ പിറകിൽ നിന്ന് "കെട്ടിയോൻ ചത്തിട്ട് ഒരു മാസേ ആയുള്ളു, സമ്മതിക്കണം" എന്ന വാചകം എന്റെ കാതിലേക്ക് തുളഞ്ഞു കയറിയത്.

മരവിച്ചു പോയ എന്റെ മനസ്സിലത് യാതൊരു ചലനവും സൃഷ്ടിക്കാതെ തട്ടി തൂവിപോയി.

അന്ന് സന്ധ്യയ്ക്ക് ഏടത്തി എന്നെയും മോനെയും കൂട്ടി അമ്പലത്തിൽ പോയി, തിരികെ വരുമ്പോൾ, ബാലമ്മാമന്റെ വീട്ടിൽ കയറി.

മാമി ഏടത്തിയോട് “അവൻ പോയിട്ട് ഇവൾക്കൊരു ദെണ്ണോമില്ലല്ലോ?” എന്ന് സ്വകാര്യത്തിൽ ചോദിക്കണതു ഞാൻ കേട്ടു.

ഞാൻ കേട്ടുവെന്നത് ഏടത്തി മനസ്സിലാക്കിയതുകൊണ്ടാവും, മാമീടെ നാക്കിന് എല്ലില്ലാത്തതാ, നീ ഒന്നും കാര്യാക്കണ്ട എന്നു പറഞ്ഞത്.

പിറ്റേന്ന്, ഞാൻ നിറം കുറഞ്ഞ കോട്ടൺ സാരി ഉടുത്ത് പൊട്ടിടാതെയാണ് പോയത്. അന്ന് ബസ്സ്റ്റോപ്പിൽ എന്നെ കണ്ട പ്രിയ അടുത്തേയ്ക്കു വന്നു ചിരിച്ചു സംസാരിച്ചു.

ശോഭേച്ചി അടുത്തു വന്നു ചോദിച്ചു, “മോളെന്ത്യേ... പൊട്ടൊഴിവാക്കിയേ? ആ പൊട്ട് മോൾടെ  സൗന്ദര്യത്തിന് മാറ്റുകൂട്ടിയിരുന്നു.!”

“എന്നിട്ട് ആര് കാണാനാ?”പ്രിയയുടെ ആ ചോദ്യം ശോഭേച്ചി തീരെ ഗൗനിച്ചില്ല.

അന്നു വൈകിട്ട് ബസ്സിനുള്ളിൽ എന്റെ പിറകിൽ നിന്നും "എന്നാ ഒരു കഷ്ടാ! കൊച്ചു പെണ്ണല്ലേ, ഈ ചെറുപ്രായത്തിൽ തന്നെ വിധവയാവാന്ന് വച്ചാ!”എന്ന ചർച്ചയാണ് ഉയർന്നത്.

വൈകിട്ട്, മുല്ലമാല കോർത്തോണ്ടിരുന്ന ഏടത്തി എന്നെ നോക്കി, "നീ എന്തേലുമൊരു തമാശയൊക്കെ പറഞ്ഞേ, എത്രീസായി നിന്റെ ചിരി കേട്ടിട്ട് " എന്നു പറഞ്ഞതും, ഉണ്ണിക്കുട്ടൻ ചാടി വന്ന് എന്നെ ഇക്കിളിയിട്ടു. മനസ്സിന്റെ അടിത്തട്ടിലെവിടെയും ചിരിയുടെ ഒരു കണിക പോലുമില്ലന്നറിയാവുന്നതുകൊണ്ട്, ഉണ്ണിക്കുട്ടനെയും ഏടത്തിയെയും സന്തോഷിപ്പിക്കാൻ ഞാൻ വെറുതെ പൊട്ടി ചിരിച്ചു. അതു കണ്ടോണ്ട് കയറി വന്ന മണി മാമൻ മുഖം ചുളിച്ച് പിറുപിറുത്തു, "ആണ്ടു തികഞ്ഞില്ല... അതിനു മുന്നേ തൊടങ്ങി “

പിറ്റേന്നു ശനിയാഴ്ച, അവധിയുടെ ആലസ്യത്തിൽ ഊഞ്ഞാലാടിയിരുന്നപ്പോഴാണ് സരിതയെത്തിയത്. നീ ഇങ്ങനെ തൂങ്ങിയിരുന്നാൽ അവൻ തിരിച്ചെത്തുമോ, എന്ന മറുപടിയില്ലാത്ത ചോദ്യത്തിനൊടുവിൽ, ഏടത്തിയുടെ സമ്മതത്തോടെ എന്നെയും ഉണ്ണിക്കുട്ടനെയും കൂട്ടി സിനിമയ്ക്കും, റസ്റ്ററന്റിലും പിന്നെ പാർക്കിലും പോയി.. 

"അവൾ നാട്ടാരെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങു" എന്ന ബിന്ദുചേച്ചീടേം, മിനി ചേച്ചീടേം ആവലാതികളെ ഏടത്തി ഒറ്റയ്ക്ക് നേരിടുന്നതാണ് തിരിച്ചെത്തിയപ്പോൾ കണ്ടത്.

സത്യത്തിൽ, ഞാനിപ്പോൾ എന്താണ് ചെയ്യേണ്ടത്? സദാ സമയവും പൊട്ടിക്കരഞ്ഞ് അകത്തിരിക്കണോ, അതോ ഇനി എത്ര ദു:ഖമാചരിച്ചാലും ഭർത്താവ് തിരികെയെത്തില്ല എന്ന സത്യമുൾക്കൊണ്ട് ജീവിതത്തെ ലാഘവത്തോടെ കാണണോ?

എന്റെ വസ്ത്രത്തിനും, ചാന്തിനുമനുസരിച്ച് ചിലർ ഇടുന്ന 'ഔട്ട്സ്റ്റാൻഡിംഗ് വിഡൊ' എന്ന ഗ്രേഡ് കൊണ്ട് ഉണ്ണിക്കുട്ടന് എന്തg പ്രയോജനം കിട്ടും? 

ഒരേ സമയം, അച്ഛനും അമ്മയുമായി മാറുന്ന മജീഷ്യയാണ് ഞാൻ ഇനി മുതൽ.

ഞാൻ അകത്ത് കൂനി കൂടിയാൽ, അവന്റെ ബാല്യം നരച്ചു പോവില്ലേ ! അവന്റെ കുഞ്ഞിക്കണ്ണുകളിലും ജീവിതത്തിലും തെളിച്ചം പകരാൻ എന്നിൽ വെളിച്ചമുണ്ടായിരിക്കണം.

ഭർത്താവ് കൂടെയില്ല, ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല, എന്നതു കൊണ്ടു മാത്രം ലോകം കാണാനും, കുഞ്ഞിന് കാഴ്ചകൾ കാട്ടികൊടുക്കാനുമുള്ള ആഗ്രഹങ്ങൾ വേണ്ടന്നു വയ്ക്കണോ?

യാതൊരു ഉറപ്പുമില്ലാത്ത ഈ ജീവിതം സ്വയം നിറങ്ങൾ മായ്ച്ച് നരപ്പിക്കണോ?

അഴിക്കുന്തോറും മുറുകുന്ന കുരുക്കുകൾ പോലെ, ചിന്തകൾ എന്റെ മനസ്സിനെ വലിച്ചു മുറുക്കി വേദനിപ്പിച്ചു കൊണ്ടേയിരുന്നു. രാവിന്റെ ഏതോ യാമത്തിൽ ആധികളുടെ നൂൽപ്പാലത്തിൽ നിന്നും, മരണത്തിലെന്ന പോലെ, നിശ്ചലമായി ഞാൻ മനസ്സിന്റെ മറ്റേതോ തലത്തിലായി.

ഏടത്തി പല പ്രാവശ്യം കതകിൽ മുട്ടിയപ്പോഴാണ് ഞാനുണർന്നത്, എന്റെ ദേഹത്തിരുന്ന ഉണ്ണിക്കുട്ടന്റെ കാലെടുത്ത് താഴെ വച്ചു വലം കൈ കുത്തി ഞാനെണീറ്റു. കുളിച്ചു തൊഴുതതിനു ശേഷം, മഞ്ഞയിൽ പർപ്പിൾ പൂക്കളുള്ള ഷിഫോൺ സാരി ചുളുവില്ലാതെ അയൺ ചെയ്തു ഞൊറിയിട്ടുടുത്തു. പർപ്പിൾ നിറത്തിലെ പൊട്ടും, മഞ്ഞകല്ലുവച്ച സ്റ്റഡും അണിഞ്ഞു.

ഉണ്ണിക്കുട്ടനെ യൂണിഫോം അണിയിക്കുന്നതിനിടയിൽ അവനെ ഇക്കിളിട്ടു ചിരിപ്പിച്ചു, കുഞ്ഞിക്കണ്ണുകളിൽ അത്ഭുതം വിരിഞ്ഞു, പൊട്ടിച്ചിരിച്ച് അവൻ എന്നെയും ഇക്കിളിട്ടു.

വണ്ടിയുടെ, മുന്നിലിരുന്ന് കോലു മുട്ടായി നുണഞ്ഞ് സ്കൂളിലേയ്ക്ക് പോകാനുള്ള പോകാനുള്ള അവന്റെ ആഗ്രഹം നടപ്പാക്കാനായി, ചാവി തിരയുമ്പോൾ, ഞാൻ എന്നയും തിരിച്ചു പിടിക്കാൻ തുടങ്ങുകയായിരുന്നു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com