ADVERTISEMENT

ആർക്കാണ്‌ കുഴപ്പം (കഥ)

ഇരുപത് വയസ്സിന്റെ അപക്വമായ മോഹങ്ങളുമായി ഇരുപത്തേഴുകാരന്റെ ജീവിതത്തിലേക്ക് വലതു കാലെടുത്തു വെച്ചിട്ടിന്ന് ഏഴ് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഇരുപത്തേഴും മുപ്പത്തിനാലും വയസ്സായെന്നതൊഴിച്ചാൽ ഭാര്യ ഭർത്താവ് എന്നീ തലങ്ങളിൽ നിന്നും യാതൊരു ഉയർച്ചയും ഞങ്ങൾക്കുണ്ടായിട്ടില്ല. ഒരു കുഞ്ഞെന്ന സ്വപ്നം സ്വപ്നങ്ങളിൽ നിന്നു പോലും അന്യമായികൊണ്ടിരുന്നു ഏഴു വർഷങ്ങളിൽ അഞ്ചു കൊല്ലവും ചികിത്സയും വഴിപാടുകളുമായി നടന്നു. ഇപ്പോൾ ഞങ്ങൾ കുഞ്ഞിനെ കുറിച്ച് ചിന്തിക്കാറില്ല. നടക്കില്ല എന്നൊരു തോന്നൽ വന്നതു കൊണ്ടാവും. മനുവേട്ടൻ ഒരുപാട് വിഷമിക്കുന്നുണ്ട് പുറത്ത് കാണിച്ചില്ലെങ്കിലും എനിക്കതറിയാം കൂടെ കല്യാണം കഴിഞ്ഞോർക്കൊക്കെ കുട്ടികളായി ആ മക്കളൊക്കെ സ്കൂളിൽ പോയി തുടങ്ങി അനിയന്മാർക്കും അനിയത്തിമാർക്കുമെല്ലാം കുട്ടികളായി... 

ഏഴുവർഷം ഒരുമിച്ചു ജീവിച്ചു എന്നല്ലാതെ നല്ലൊരു നിമിഷം പോലും ജീവിതത്തിലെനിക്ക് കൊടുക്കാനായിട്ടില്ല... ഓരോന്ന് ആലോചിച്ചു നേരം പോയതറിഞ്ഞില്ല. ഇന്നു നേരത്തെ ചെല്ലണമെന്ന് മാനേജർ പറഞ്ഞതാണ്, വൈകും ഉറപ്പായി. മനുവേട്ടൻ പോയികഴിഞ്ഞേ ഇങ്ങനൊക്കെ ഓർത്തു സങ്കടപ്പെട്ട് ഇരിക്കാൻ പറ്റൂ അല്ലാത്തപ്പോ എന്തെങ്കിലും വട്ടൊക്കെ കാണിച്ച് ആ മനുഷ്യനെ സന്തോഷിപ്പിക്കാൻ നോക്കും. ഒട്ടും താൽപര്യമില്ലാത്ത ചിരികളാണ് തിരിച്ചു ലഭിക്കുന്നതെങ്കിലും എന്റെ ഉള്ളിലെ തേങ്ങലുകൾക്ക് അൽപമെങ്കിലുമത് ആശ്വാസം പകരുന്നുണ്ട്. ഇന്നത്തെ ദിവസം മനുവേട്ടൻ മറന്നിരിക്കുന്നു ഒന്നോ രണ്ടോ കൊല്ലമൊക്കെ വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. പിന്നെ പിന്നെ ഞങ്ങൾക്കിടയിലെ ശൂന്യത കൂടുതൽ വ്യക്തമായി തെളിഞ്ഞു വന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങളും അവരറിയാതെ പറയുന്ന കുത്തുവാക്കുകളും കൂടിയപ്പോൾ മനഃപൂർവം നിർത്തിയതാണ് ആ ചടങ്ങ്. 

പോകാൻ റെഡിയായി വണ്ടിയെടുത്തപ്പോഴാണ് മെൻസസ് ഡേറ്റ് അടുത്തിരിക്കുന്ന കാര്യം ഓർത്തത് ഈ സമയം ടൂ വീലർ യാത്ര ഒഴുവാക്കിയേക്കാം നേരിയ സാധ്യത ഉണ്ടെങ്കിലോ... ഇന്ന് ബസ്സിലാവാം യാത്ര. ഒരുങ്ങിക്കെട്ടി ബസ്റ്റോപ്പിലേക്ക് നടന്നു. വഴിയിൽ നിന്നും മിനിചേച്ചിയും കൂട്ടുകാരിയേയും ഒപ്പം നടക്കാൻ കൂട്ടുകിട്ടി. ചേച്ചി എന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു അപ്പോഴാണ് എന്റെ വണ്ടിയെന്ത്യേ എന്ന് ചേച്ചി ഓർത്തതും ചോദിച്ചതും എന്താ ആശേ ബസ്സിൽ വിശേഷം വല്ലതും ആയോ അതോ വണ്ടിക്കെന്തങ്കിലും തകരാറോ മറ്റൊ... 

ഒന്നുമില്ല ചേച്ചി ഇന്നിങ്ങനെ പോകണം എന്നു തോന്നി, വന്നു അത്രേയുള്ളൂ. 

മിനിചേച്ചിയുടെ കൂട്ടുകാരി ഞാൻ കേൾക്കാത്തവണ്ണം എന്തൊക്കെയോ ചേച്ചിയോട് ചോദിച്ചറിയുന്നുണ്ടായിരുന്നു. 

"ആർക്കാ കുഴപ്പം "

പെട്ടെന്നായിരുന്നു അവരുടെ ചോദ്യം ഒരു പരിചയം പോലുമില്ലാത്ത ആ സ്ത്രീ ആദ്യമായെന്നോട് ചോദിച്ചതാ ആർക്കാ കുഴപ്പമെന്ന് 

"കുഴപ്പം നാട്ടുകാർക്കാണ് ചേച്ചി "

ഞാനത് പറഞ്ഞതും രണ്ടാളുടേം മുഖമെന്തോ പോലെയായി ബസ് സ്റ്റോപ്പെത്തുന്നതുവരെ വേറൊന്നും അവരെന്നോട് ചോദിച്ചില്ല. 

പിന്നെ ബസ്സിൽ കേറിപ്പോ അവരെന്റെ അടുത്ത് വന്നു നിന്നു. എന്നിട്ട് ഒരു ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു. അവിടെ പോയി തൊട്ടില് കെട്ടിയാൽ എളുപ്പം കുഞ്ഞുണ്ടാവുമെന്ന്. ഞാൻ കെട്ടിപോന്ന തൊട്ടിലുകളാണ് അവിടെ ഏറെയുമെന്നു പറയണം എന്നുണ്ടായിരുന്നു പക്ഷേ മിണ്ടാതെ ചിരിച്ചു നിന്നതേയുള്ളൂ. 

ബസ്സിറങ്ങി ഓഫിസിൽ നടന്നെത്തിയപ്പോഴേക്കും 9.20 ആയിരുന്നു. പഞ്ചിങ് കഴിഞ്ഞു ക്യാബിനിലേക്ക് പോയ എന്നെ മാനേജർ വിളിപ്പിച്ചു "മാഡം നേരത്തെ വരണം എന്നിന്നലെ ഞാൻ പറഞ്ഞിരുന്നു എന്നിട്ടെന്താ ഇത്രയും നേരത്തേയായത് "

പരിഹാസത്തോടെ അയാളെന്നെ കുറെ വഴക്ക് പറഞ്ഞു. മിണ്ടാതിരിക്കാൻ അഭിമാനമനുവദിച്ചില്ല. 

സർ 9.30 മുതൽ 5.30 വരെയാണ് എന്റെ ജോലി സമയം. എനിക്കു കിട്ടിയ ജോയ്‌നിങ് ലെറ്റെറിൽ അത് വ്യക്തമായി ഉണ്ട്. എന്നിട്ടും ഞാനിവിടുന്നു 6 മണിക്കു ശേഷമാണ് വൈകിട്ട് ഇറങ്ങാറുള്ളത്. രാവിലെ മിക്കപ്പോഴും 9 മണിക്കും എത്താറുണ്ട്. മറ്റാരും അങ്ങനെ വരുന്നതായോ അവരെ വരുത്തുന്നതായോ കണ്ടിട്ടില്ല. എന്നോടു മാത്രമാണ് ഇങ്ങനെ. ഈ ജോലി പോയാൽ പോകട്ടെ എന്നങ്ങു വെക്കും. 

ശബ്ദം കൂടി പോയതു കൊണ്ടാണോ എന്നറിയില്ല. അയാൾ കുറച്ചു നേരം മുഖത്തു കടുപ്പിച്ചു നോക്കി നിന്നു. എന്നിട്ട് പറഞ്ഞു. മറ്റു സ്ത്രീ ജീവനക്കാർക്കൊക്കെ കുട്ടികളും ഉത്തരവാദിത്തങ്ങളും ഉണ്ട് എനിക്കതില്ലല്ലോ എന്ന്... എന്റെ വ്യക്തി ജീവിതത്തിലെ കുറവുകളെ ചൂണ്ടി മാനസികമായി വിഷമിപ്പിക്കുന്ന ആ സ്ഥാപനത്തിൽ ഇനി തുടരേണ്ട എന്നു തീരുമാനിക്കാൻ അധികം സമയം വേണ്ടി വന്നില്ല. 

രണ്ടുമൂന്നു ദിവസങ്ങൾ വീട്ടിൽ ചടച്ചിരുന്നു. പിന്നെ അറിയുന്ന പലരോടും ജോലി അന്വേഷിച്ചു. ജോലി അന്വേഷിച്ചു നടന്നപ്പോഴാണ് ശരിക്കും ആ ജോലി കളയേണ്ടി ഇരുന്നില്ല ഒളിച്ചോട്ടമായിപ്പോയി എന്നൊക്കെ തോന്നിത്തുടങ്ങിയത്.

മറ്റൊരു ജോലിയുടെ ഇന്റർവ്യൂ സമയത്ത് വീട്ടിലാരൊക്കെ ഉണ്ട് കല്യാണം കഴിഞ്ഞ് എത്ര വർഷമായി എന്നൊക്കെ സംസാരിക്കവെ അവരെന്നോട് പറഞ്ഞു. 99% ഞങ്ങൾ ഓക്കേയാണ് പക്ഷേ, നിങ്ങൾ ഒരു കുട്ടിയെ കാത്തിരിക്കുകയാണ് പെട്ടന്ന് പ്രെഗ്നന്റ് എങ്ങാനും ആയാൽ ജോലി നിർത്തി നിങ്ങൾ വീട്ടിൽ ഇരിക്കും. ഞങ്ങൾ ട്രെയിനിങ് നൽകി ജോലിക്ക് കേറ്റിയവർ പെട്ടന്നങ്ങനെ പോകുമ്പോ പ്രാക്ടിക്കലി ഞങ്ങൾക്കൊരുപാട് ബുദ്ധിമുട്ട് വരും. 

"ഇല്ല സർ ഞാൻ പ്രസവിക്കുന്നില്ല " 

അവര് പറയുന്നതിനിടയിൽ കേറി ഞാനത് പറഞ്ഞപ്പോൾ അവിടുള്ളവരൊക്കെ അത്ഭുതത്തോടെ എന്നെ നോക്കുന്ന പോലെ തോന്നി. 

അവിടുന്നിറങ്ങി നടക്കുമ്പോൾ രാവിലെ നോക്കിയ നെഗറ്റീവ് റിസൾട്ടുള്ള പ്രഗ്നൻസി കാർഡ് വഴിയിലെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു ഞാനെന്റെ മനസ്സിനോട് പറഞ്ഞു.

"ഞാനിനി പ്രസവിക്കുന്നില്ല "

ശീലമായ ഉപദേശങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും ചോദ്യങ്ങളും നേരിടാൻ എനിക്കിപ്പോൾ ധൈര്യമുണ്ട് നാട്ടുകാരുടെ വായടപ്പിക്കാൻ മാത്രമായി പ്രസവിക്കാൻ എനിക്ക് സൗകര്യമില്ല. അമ്മയാവുക എന്ന ഭാഗ്യം എന്ന് വന്നു ചേരുന്നുവോ അന്ന് വരട്ടെ. ചുറ്റുമുള്ളവരുടെ ചോദ്യങ്ങളെയോർത്ത് ഭയപ്പെട്ട് ജീവിക്കാൻ സങ്കടപ്പെട്ടിരിക്കാൻ എനിക്ക് സൗകര്യമില്ല..... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com