ADVERTISEMENT

മഴയോർമകൾ 

കുടകൾ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ട് ഞാൻ... വേനൽ അതിന്റെ വേവുന്ന നെഞ്ചിനുള്ളിൽ ഒരു മഴയെ എപ്പോഴും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്, ആരുടെയും ദൃഷ്ടിയിൽപ്പെടാതെ, ആർക്കും വിട്ടു കൊടുക്കാതെ... പക്ഷേ ദാഹിക്കുന്ന ഭൂമി ആ മഴയ്ക്കു വേണ്ടിയാണ് കാത്തുകിടക്കുന്നത്. ഭൂമിയുടെ ഈ നീറുന്ന കാത്തുകിടപ്പിന്റെ ആഴവും സത്യവും തിരിച്ചറിയുന്ന നിമിഷമാണ് നെഞ്ചിനുള്ളിൽ പ്രതിഷ്ഠിച്ച മഴയെ നിരുപാധികം വേനൽ വിട്ടുകൊടുക്കുന്നത്. വരണ്ടു വിണ്ട മണ്ണിന്റെ മാറിൽ മഴ പതിക്കുന്നതോടെ അവിടെ ജീവന്റെ പുതുനാമ്പുകൾ വിടരുകയാണ്... ഓരോ മഴക്കാലവും എന്റെ വേവുന്ന നെഞ്ചിലെ ഓർമകളെ തൊട്ടു വിളിച്ച് പുനരുജ്ജീവിപ്പിക്കുന്നുണ്ട്... അവ ഒരു കുടയെന്നപോലെ എന്നെ പൊതിഞ്ഞു പിടിക്കുന്നു, മഴയിൽ നൃത്തം ചെയ്യുന്നു.. മഴക്കാലമെന്നാൽ എനിക്ക് 'കുടചൂടി നടക്കാനുള്ള' കാലം എന്നുകൂടിയാണ്.. 

ഇന്നത്തേതു പോലെ ഫൈവ് ഫോൾഡ് കുടയോ ത്രീ ഫോൾഡ് കുടയോ എഓസി കുടകളോ ലേസർ കുടകളോ ഫാൻ ഘടിപ്പിച്ച കുടകളോ ഇല്ലാതിരുന്ന, കേവലമൊരു 'പീപ്പി'യും പലവർണ്ണ തുണിയുമുള്ള കുടപോലും ആർഭാടമായിരുന്ന കാലമായിരുന്നു അത്..

സ്കൂൾ തുറക്കുന്നത് കാത്തുകാത്തിരുന്നു ഞാൻ– മഴയിൽ അച്ഛന്റെ കുടക്കീഴിൽ നനയാതെ സ്കൂളിലേക്ക് പോകാൻ... പാർക്കർ പേന മുതൽ ഗോൾഡൻ ഫ്രെയിമുള്ള വലിയ വട്ടക്കണ്ണാടിയും ബാറ്റ ചെരുപ്പും കുടയും വരെ അങ്ങനെ സ്വന്തം ഉടമസ്ഥതയിലുള്ള ലൊട്ടുലൊടുക്ക് സാധനങ്ങളെയെല്ലാം അച്ഛൻ അതിന്റെ മൂല്യമോ വലുപ്പചെറുപ്പമോ പരിഗണിക്കാതെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്നു... അവയോടെല്ലാം വൈകാരികമായൊരടുപ്പമുണ്ടായിരുന്നു അച്ഛന്.. കറുത്ത വളഞ്ഞ പിടിയുള്ള 'സൂര്യമാർക്ക് ' കുടയായിരുന്നു അച്ഛന്റേത്.. എനിക്കതിലൊരു കണ്ണുമുണ്ടായിരുന്നു.. മഴ നനഞ്ഞ കുടയിൽ നിന്ന് വെള്ളം വാർന്നു പോകാതെ അച്ഛനൊരിക്കലും അതെടുത്ത് ബാഗിൽ മടക്കി വെച്ചിരുന്നില്ല... മഴയില്ലാത്തപ്പോഴും അച്ഛന്റെ സന്തതസഹചാരിയായി  കുടയുണ്ടാകും. സ്കൂളിൽ ചെന്നയുടനെ വരാന്തയിൽ കുട നിവർത്തി വയ്ക്കുമച്ഛൻ 'കണക്ക് മാഷ് വന്നിട്ടുണ്ട്' എന്ന കുട്ടികളുടെ അടയാളമായിരുന്നു നിവർന്നിരിക്കുന്ന ആ കുട. 

ചന്നം പിന്നം മഴ പെയ്യുന്ന ഒരു വൈകുന്നേരം സ്കൂൾ വിട്ട് ബാഗുമെടുത്ത്  'പുള്ളിപ്പീപ്പി'ക്കുട കൈയിലിട്ട് ചുഴറ്റി ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു ചെല്ലുമ്പോൾ കണ്ടത് വരാന്തയിൽ നിന്ന്  മഴയെ കൈയെത്തി പിടിക്കുന്ന അച്ഛനെയാണ്. അച്ഛന്റെ കൈയിലപ്പോൾ കുടയില്ലായിരുന്നു. ഇന്നും വ്യക്തമായി ഓർക്കുന്നു ഞാനാ ദൃശ്യം. കാലമെത്ര കഴിഞ്ഞു, എത്ര മഴയും വേനലും മഞ്ഞും കൊണ്ടു. എന്നിട്ടും എന്തേ ആ ദൃശ്യത്തിന് മങ്ങലേറ്റില്ല എന്ന് അതിശയത്തോടെ ഓർത്തുപോകുന്നു ഞാൻ. 

'പോകാമച്ഛാ' എന്നു ചോദിച്ചു നിന്ന എന്നോട് ഇന്നു നമുക്കൊരുമിച്ച് ഈ പുള്ളിക്കുടയിൽ പോകാമെന്നാണ് അച്ഛൻ പറഞ്ഞത്.. 'അച്ഛന്റെ കുടയോ'? എന്ന് ചോദിച്ചില്ല ഞാൻ.. ഒന്നും ചോദിക്കാതെ പുള്ളിക്കുടയിൽ അച്ഛനോടൊപ്പം മകൻ വീട്ടിലേക്കുള്ള  ബസ് കയറാൻ സ്റ്റോപ്പിലേക്ക് നടന്നു... എന്നെ നനയിക്കാതെ ഒരു കുഞ്ഞിക്കുടയിൽ പാതി നനഞ്ഞു നടക്കുന്ന അച്ഛൻ. മുന്നോട്ട് നടക്കവേ ഞങ്ങൾക്കു മുൻപേ നടന്നു പോയ ഒരു കുട്ടിക്കൂട്ടത്തിൽ ഞാനാ കുട കണ്ടു. അഞ്ചാറുപേരുള്ള ആ കുട്ടിക്കൂട്ടത്തിനു നടുക്ക് മഴയിൽ നൃത്തം ചെയ്ത് മുന്നോട്ടു പോകുന്ന അച്ഛന്റെ സൂര്യമാർക്ക് കുട. അച്ഛനെ കണ്ടപ്പോൾ ആദരസൂചകമായോ നന്ദിപറച്ചിലെന്നോ തോന്നിപ്പിക്കും വിധം നിശ്ചലമായി നിന്ന കുട, പിന്നെ അച്ഛനൊന്ന് ചിരിച്ചു കാണിച്ചപ്പോൾ വീണ്ടും നൃത്തം ചെയ്തുകൊണ്ട് മുന്നോട്ട് പോയി 

അതു കണ്ടച്ഛനെ നോക്കിയ എന്നെ നോക്കി കണ്ണുകളിറുക്കിയടച്ചു അച്ഛൻ... എത്ര തെളിമയുള്ള ചിത്രം. തൊട്ടടുത്ത ദിവസം അച്ഛൻ പുതിയൊരു വളഞ്ഞ കാലുള്ള കുട വാങ്ങിയപ്പോൾ കൂടെ മറ്റൊരു പുള്ളിക്കുടയുമുണ്ടായിരുന്നു. പിന്നെയും പിന്നെയും മഴ പെയ്തയ്കൊണ്ടിരുന്ന വൈകുന്നേരങ്ങളിൽ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ അച്ഛന്റെ സൂര്യമാർക്ക് കുട പിടിച്ചിരുന്ന അതേ കൈകളിലിരുന്ന് അച്ഛൻ വാങ്ങിച്ച പുതിയ പുള്ളിക്കുട നൃത്തം ചെയ്യുന്നത് ഞാൻ കണ്ടു... 

ഞാറ്റുവേലക്ക് മഴ കനക്കും.. ദയയില്ലാതെ പെയ്യുന്ന മഴയിൽ കുളം നിറയും... പൊട്ടിയൊലിച്ചു പോകുന്ന വെള്ളത്തെ തടഞ്ഞുനിർത്താൻ തൂമ്പാ കൊണ്ടിറങ്ങുമച്ഛൻ. തലയിലൊരു പ്ലാസ്റ്റിക് കൂട് കെട്ടിവെച്ചിട്ടുണ്ടാകും. ഞാനും കുടയുമായി കൂടെയിറങ്ങും. മഴ നനയാതിരിക്കാൻ, ദേഹം നനയാതിരിക്കാൻ അച്ഛന് കുട ചൂടി കൊടുക്കും.. പക്ഷേ, അച്ഛൻ എനിക്ക് കുട ചൂടി തരുന്നത് പോലെയായിരുന്നില്ല അത്, എന്റെ കുടക്കീഴിൽ അച്ഛൻ നനഞ്ഞു.. അതുകണ്ട് കുടയുപേക്ഷിച്ച് ഞാനും മഴ നനഞ്ഞു...  ഞങ്ങൾ ഒരേ മഴ നനഞ്ഞു... 

കാൽനടയായുള്ള ഞങ്ങളുടെ യാത്രയ്ക്ക് വൈകാതെ പ്രമോഷൻ കിട്ടി. അച്ഛനൊരു ബൈക്ക് വാങ്ങിച്ചു. അച്ഛന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും വാഹനം. നേരത്തെ പറഞ്ഞ വൈകാരികത ബൈക്കിനോടുമുണ്ടായിരുന്നു– ലവലേശം കുറവില്ലാതെ... അന്നുവരെ കുടയുടെ  മുകളിൽ മഴത്തുള്ളികൾ പതിച്ചു പൊട്ടിത്തെറിക്കുന്ന ശബ്ദം ആസ്വദിച്ചിരുന്ന ഞാൻ പിന്നെ ബൈക്കിനു മുന്നിൽ ഹാൻഡിൽ ബാർ പിടിച്ചിരിക്കുമ്പോൾ സൂചിമുന പോലെ മുഖത്തു പതിക്കുന്ന മഴത്തുള്ളികളെ  സ്നേഹിച്ചു... നാക്ക് നീട്ടിപിടിച്ചു മഴയെ 'വിഴുങ്ങാൻ' ശ്രമിച്ചു... 

മഴയാകട്ടെ നിർദാക്ഷിണ്യം എന്നെ വിഴുങ്ങി. കുട്ടിറെയിൻ കോട്ടിനുള്ളിലൂടെ എന്നെ പുണർന്നു. നനവിൽ, തണുപ്പിൽ ഞാൻ കോരിത്തരിച്ചു. യാത്ര അവസാനിക്കരുതേ എന്നു മോഹിച്ചു... റെയിൻകോട്ട് എടുക്കാൻ മറക്കുന്ന ചില ദിവസങ്ങളിൽ മഴ ആയിരം കൈകൾ നീട്ടിയാണ് എന്നെ പുണർന്നിരുന്നത്... മഴയും ഞാനും തമ്മിലൊരു കെട്ടിപ്പിടുത്തം കളി. റെയ്ൻ കോട്ട് എടുക്കാൻ മറക്കുന്ന ദിവസങ്ങളിൽ എന്റെ സ്ഥാനം പെട്രോൾ ടാങ്കിനു മുകളിൽ നിന്ന് മാറും. അച്ഛൻ എന്നെ പിൻസീറ്റിൽ ഇരുത്തും.. മഴ വരുമ്പോൾ അച്ഛന്റെ പിറകിൽ ഒളിച്ചുകൊള്ളാൻ പറയും. അവിടെയും അച്ഛൻ എനിക്ക് കുടയായി മാറുകയായിരുന്നില്ലേ.. അച്ഛനെന്ന കുടയുടെ പിറകിലൊളിച്ചുകൊണ്ട് എന്നെ നനയ്ക്കാൻ വരുന്ന മഴയെ ഞാൻ ചാഞ്ഞും ചരിഞ്ഞും നോക്കും.. മഴയെല്ലാം ഏറ്റുവാങ്ങി നനഞ്ഞു കുളിച്ചിട്ടുണ്ടാകും അച്ഛൻ. 

എനിക്കു വേണ്ടി അച്ഛൻ നനഞ്ഞ മഴയെല്ലാം അച്ഛനു വേണ്ടി നനയാൻ എനിക്കു കഴിഞ്ഞില്ല... മഴ മാത്രമല്ല, ഇടയ്ക്കിടെ എത്തിനോക്കുന്ന വെയിലും. എപ്പോഴും ഒരു കുടയായി അച്ഛനുണ്ടായിരുന്നു എന്നതാണ് സത്യം, അധികകാലം ഇല്ലായിരുന്നുവെങ്കിലും... മഴയിൽ നനയുന്ന ബൈക്കിനെയും അച്ഛൻ കരുതലോടെ പരിചരിച്ചു. വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ടു തുടച്ചിട്ടേ ബൈക്ക് ഷെഡിലേക്ക് കയറ്റി വയ്ക്കാറുണ്ടായിരുന്നുള്ളൂ... അച്ഛനില്ലാതായതോടെ നോക്കാൻ ആരുമില്ലാതെ, ചോർന്നൊലിക്കുന്ന ഷെഡിലിരുന്ന്, മഴയായ മഴയെല്ലാം കൊണ്ട് അച്ഛന്റെ ആത്മാവായിരുന്ന ആ ബൈക്കിരുന്നു തുരുമ്പിച്ചു... ഞാൻ മുതിർന്ന് വണ്ടിയോടിക്കാൻ കെൽപ്പുള്ളവനായപ്പോഴേക്കും ഓടിക്കാനാവാത്തവിധം നശിച്ചു തുടങ്ങിയിരുന്നു അത്. 'കഥവീടിന്റെ' പണി പൂർത്തിയായപ്പോൾ തറവാട്ടിൽ നിന്നു കൊണ്ടു വന്ന അച്ഛനോർമ്മമകൾക്കിടയിൽ ആദ്യസ്ഥാനം ബൈക്കിനു തന്നെയായിരുന്നു. ഇപ്പോഴുമത് കഥവീടിന്റെ പോർച്ചിൽ എന്തൊക്കെയോ നഷ്ടപ്പെട്ടിട്ടെന്നതു പോലെയും ആരെയൊക്കെയോ ഓർത്തിട്ടെന്നതു പോലെയും നിശ്ചലനായിരിക്കുന്നത് നഷ്ടബോധത്തോടെ മാത്രം നോക്കി നിൽക്കുന്നു ഞാൻ... ഇടയ്ക്ക് മഴത്തുള്ളിയിൽ ഓർമകളിൽ നിന്ന് പിടഞ്ഞെഴുന്നേൽക്കുന്നു, എന്നെപ്പോലെ.. 

നന്ദനാരുടെ 'ഉണ്ണിക്കുട്ടന്റെ ലോകം' അച്ഛൻ മടിയിലിരുത്തി എനിക്ക് വായിച്ചു തരും. പശ്ചാത്തലത്തിൽ മഴപെയ്യുന്നുണ്ടാകും.. തണുപ്പിലും അച്ഛൻ ഷർട്ട് ഇടാതെ ഇരിക്കും. പക്ഷേ അച്ഛന്റെ നെഞ്ചിൽ ചൂടുണ്ട്, ആ ചൂടാണ് തണുപ്പിൽ ഒരു പുതപ്പായും കുടയായും എന്നെ പൊതിഞ്ഞു പിടിച്ചത്. ഉണ്ണിക്കുട്ടന്റെ ലോകം കേൾക്കുന്നതിനേക്കാൾ നെഞ്ചിലെ ചൂട് പറ്റി കിടക്കാനായിരുന്നു എനിക്കിഷ്ടം. അച്ഛന്റെ കൈയൊപ്പുള്ള ഉണ്ണിക്കുട്ടന്റെ ലോകം ഒരു മഴയിൽ തറവാട്ടിലെ മുകളിലത്തെ നിലയിലെ ഓട് ചോർന്നൊലിച്ച് ഒരു നാൾ  നനഞ്ഞു, പിന്നെയൊരുന്നാൾ ചിതലെടുത്തു.. ഞാൻ മുതിർന്നപ്പോൾ പുതിയപതിപ്പ് വാങ്ങിച്ചു. ഇപ്പോഴും ചില്ലുകുപ്പിക്കുള്ളിൽ തുമ്പിയും തൊട്ടരികിൽ ഓലപ്പന്തുമുള്ള 'ഉണ്ണിക്കുട്ടന്റെ ലോകത്തിന്റെ' കവർ പേജ് കാണുമ്പോഴെല്ലാം എന്റെയുള്ളിൽ മഴ പെയ്യുന്നു... മഴയിൽ കുടകൾ നൃത്തം ചെയ്യുന്നു. അച്ഛന്റെ നെഞ്ചിന്റെ ചൂട് ഞാൻ അനുഭവിക്കുന്നു... 

എന്റെ പുസ്തകങ്ങൾക്കും കഥകൾക്കും അവകാശികളായി വീട്ടിൽ ഒരു കുഞ്ഞനും കുഞ്ഞിയും വളർന്നു വരുന്നുണ്ട്. അവർക്ക് കഥകൾ വായിച്ചു കൊടുക്കുമ്പോൾ ഞാൻ എന്റെയച്ഛനാവാൻ ശ്രമിക്കുകയാണ്. ദിവസങ്ങൾക്കു മുൻപ് പുതിയ കുടയും ബാഗുമെല്ലാം വാങ്ങിച്ചു സ്കൂളിലേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്ന കുഞ്ഞിപെണ്ണ് കുട നിവർത്തി പിടിച്ചുകൊണ്ടു നൃത്തം ചെയ്തു, വെറുതേ... കുടയുടെ വർണ്ണത്തുണിയിലേക്ക് തിളക്കത്തോടെ നോക്കിക്കൊണ്ട് കുടക്കീഴിൽ നിന്ന് അവൾ പഠിച്ച ഡാൻസ് സ്റ്റെപ്പുകൾ കാണിച്ചുക്കൊണ്ടിരിക്കവേ എന്റെ നെഞ്ചിലും നൃത്തം ചെയ്യുന്നുണ്ടായിരുന്നു ഒരായിരം കുടകൾ.

മഴചിത്രങ്ങളിൽ ഏറ്റവും ഭംഗിയും വരിവരിയായോ ഒറ്റക്കോ വട്ടത്തിലോ കൂട്ടമായോ സ്കൂളിലേക്ക് പോവുകയും വരികയും ചെയ്യുന്ന വർണ്ണപ്പുള്ളി കുടകൾക്കു തന്നെയാണ്... ഓരോ മഴക്കാലത്തും 'കുട്ടികുടക്കൂട്ടങ്ങളെ' കാണുമ്പോഴൊക്കെ, അവർക്കിടയിൽ ഞാൻ ഒരു കറുത്ത സൂര്യമാർക്ക് കുട തിരയാറുണ്ട്.

തിരുവനന്തപുരത്ത് ഒരു ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് 'നൃത്തംചെയ്യുന്ന കുടകളിൽ'– 'സ്നേഹപൂർവം ശ്യാമിന്' എന്നെഴുതി വാങ്ങിക്കവേ ഞാൻ എം. മുകുന്ദനോട് പറഞ്ഞു– 'മാഷേ ശരിക്കും കുടകൾ നൃത്തം ചെയ്യാറുണ്ട് കേട്ടോ' എന്ന്... അതു കേട്ട് നിസീമമായ സ്നേഹത്തോടെയും വാത്സല്യം അങ്കുരിക്കുന്ന കണ്ണുകളോടെയും എന്റെ ചുമലിൽ തട്ടി അദ്ദേഹം എന്നോട് പറയുകയുണ്ടായി - "ഹൃദയത്തിലെ കുടകൾ നൃത്തം ചെയ്യും." എന്ന്... എന്റെ ഹൃദയത്തിൽ അച്ഛനെന്ന കുടയാണല്ലോ നൃത്തം ചെയ്തു കൊണ്ടിരുന്നത്.

അച്ഛനെന്ന കുട പാറിപറന്നുപോയതിനു ശേഷവും മഴ പിന്നെയും പെയ്തു കൊണ്ടേയിരുന്നു. മഴയുടെ ഭംഗിക്ക് അന്നും ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. അച്ഛനോർമയല്ലാതെ മറ്റൊരു മഴയും നനയാൻ വയ്യാതെ, കുടയില്ലാതെ ഞാൻ ഇറയത്തേക്ക് ഓടിക്കയറുക മാത്രം ചെയ്തു... മഴ ഒരു പിശുക്കുമില്ലാതെ പെയ്തുകൊണ്ടിരിക്കുന്നു.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ഓർമകളുടെ പുസ്തകത്തിൽ പറയുന്നതു പോലേ- 'ഒരു കണക്കിന് മനുഷ്യനും വെള്ളമാണ്.. രേതസ്സ് എന്ന ഒരിറ്റു ജലത്തിൽ നിന്നവൻ പിറക്കുന്നു. അമ്മയുടെ ഗർഭപാത്രത്തിലെ തൊണ്ണൂറ് ശതമാനം ജലത്തിൽ വളരുന്നു. എഴുപത് ശതമാനം ജലവുമായി പിറക്കുന്ന, ജീവിക്കുന്നു. സ്വന്തം മാംസംകൊണ്ട് കെട്ടിനിർത്തിയ ജലസംഭരണി വരണ്ടു വരുമ്പോൾ അവൻ മെല്ലെ മെല്ലെ വാർദ്ധക്യത്തിന്റെ വേനലിലേക്ക് പ്രവേശിക്കുന്നു. അവസാനം വരണ്ടുണങ്ങി ആരോ വീഴ്ത്തിക്കൊടുക്കുന്ന ഒരിറ്റു വെള്ളം നാവിൽ സ്വീകരിച്ചു മരിക്കുന്നു. മഴപോലെയായിരിക്കണം മനുഷ്യജന്മം. ഒരു തരത്തിലുമുള്ള പിശുക്കോ ധാരാളിത്തമോ പ്രത്യേക താല്‍പര്യമോ കാണിക്കാതെ എല്ലാറ്റിനു മുകളിലും നിസ്വാർത്ഥമായി പെയ്യുന്ന മഴ. കാരുണ്യത്തിന്റെ ഏറ്റവും ലോലമായ തലോടൽ.. ' 

മഴ കൊള്ളാനുള്ളത് തന്നെയാണ്... പക്ഷേ എല്ലാ മഴയും എനിക്ക് കൊള്ളാൻ വയ്യ. മഴ അതിന്റെ ഒരു കൈകൊണ്ട് എന്നെ തലോടുമ്പോൾ മറുകൈയാൽ എന്നെ നുള്ളി വേദനിപ്പിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം കുടയാവാനാണ് മോഹം.. ആർക്കെങ്കിലുമൊക്കെ മഴകൊള്ളാതെയും വെയിലേൽക്കാതെയും അഭയം നൽകാൻ സാധിക്കുന്ന കുട.. കുടയ്ക്കൊപ്പം നൃത്തം ചെയ്യുന്ന മനുഷ്യർ... ഇതുവരെ അതിനു കഴിഞ്ഞുമില്ല, ഇനി കഴിയുമോയെന്ന് അറിയുകയുമില്ല.. ഞാൻ കൊണ്ട മഴയെല്ലാം കൊണ്ടും പോയി, കൊള്ളാത്ത മഴയെല്ലാം കൊള്ളാതെയും പോയി.. മഴയിൽ, കുടയായി അച്ഛനോർമകൾ നൃത്തം ചെയ്യുമ്പോൾ ഞാനോർത്തു പോകുന്നു – അച്ഛൻ മരിച്ചുപോയ കുഞ്ഞുങ്ങൾക്കൊക്കെ കുടകൾ നഷ്ടപ്പെട്ടിരിക്കുമോ? അവർ സ്വയമൊരു കുടയായി മാറിയിരിക്കുമോ... അതോ, കുടയാവാൻ ആരെയെങ്കിലുമൊക്കെ ബാക്കി നിർത്തിയിട്ടാകുമോ ഓരോരുത്തരുമീ ഭൂമി വിട്ടു പോകുന്നത്.. ആർക്കറിയാം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com