ADVERTISEMENT

കാരണങ്ങൾ (കഥ) 

"ലതേ, തനിക്കു മരിക്കാൻ പേടിയുണ്ടോ?”

കഴിഞ്ഞ ചൊവ്വാഴ്ച, പ്രഭാത സവാരിയും കഴിഞ്ഞു വന്ന് ചായ എടുക്കാൻ അടുക്കളയിലേക്കു നടക്കുമ്പോഴാണ് ഹരിദാസെന്ന അവളുടെ ഭർത്താവ് ആ ചോദ്യം ചോദിച്ചതെന്നു സ്നേഹലത ഓർത്തു. തങ്ങളിപ്പോൾ സംസാരിച്ചിരുന്നത് കഴിഞ്ഞു പോയ പ്രളയ ദുരന്തത്തെ കുറിച്ചായിരുന്നില്ലേയെന്നും അതിനിടയിൽ ഇങ്ങനൊരു ചോദ്യത്തിന് എന്താണൊരു പ്രസക്തി എന്നും ഞൊടിയിടയിൽ അവൾ ചിന്തിച്ചു. മറു നിമിഷത്തിൽ മറിച്ചും –  ഒരു മനുഷ്യൻ മനസ്സു കൊണ്ട് ഒരു ദിവസം എത്ര ദൂരം സഞ്ചരിക്കുന്നു? അതുപോലെയാവും അവന്റെ സംസാരവും.

"ഇനിയെന്താ പേടിക്കാൻ? കുട്ട്യോളെല്ലാം വലുതായില്ലേ. അവർക്കു കുട്ടികളുമായി. ഇനി കണ്ണടച്ചു കിടന്നങ്ങു മരിച്ചാൽ മതി "

അയാൾ കാണാതെ തന്റെ ഗ്ലാസിലെ ചായയിലേക്കു സ്നേഹലത പഞ്ചസാര കുടഞ്ഞിട്ടു. തനിക്കു ഷുഗർ വല്ലാതെ കൂടിയെന്നും പറഞ്ഞ് ഒരു മാസം മുൻപാണ് രാവിലത്തെ നടപ്പിന് ഭർത്താവ് അവളെയും നിർബന്ധപൂർവം കൂടെ കൂട്ടിയത്. അയാൾ കാണാതെ അവൾ ചായയിൽ മധുരമിടും. അരിയിടുന്ന വലിയ പാത്രത്തിൽ മധുര പലഹാരങ്ങൾ ഒളിപ്പിച്ചു വെച്ച് അയാളില്ലാത്തപ്പോൾ കഴിക്കും.

“എന്നാലും രാവിലെ എണീക്കുമ്പോൾ ഈ ലോകത്തു നമ്മളില്ലെന്ന് ഓർക്കുമ്പോൾ... അല്ലെങ്കിൽ നമ്മളെ സ്നേഹിക്കുന്നവർ ഇല്ലെന്നറിയുമ്പോൾ..." ചായ വാങ്ങുമ്പോൾ പറഞ്ഞ വാക്കുകൾ പൂർത്തിയാക്കാതെ അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കി.

സ്നേഹലത കസേര വലിച്ചിട്ടയാൾക്കരികെ ഇരുന്നു.

"ഇപ്പോളെന്തേ മരിക്കുന്ന കാര്യം പറയാൻ? സ്വപ്നം വല്ലതും കണ്ടോ?" സ്നേഹലത ചായ മൊത്തികുടിച്ചു.

"ഒന്നുമില്ല ലതേ... മരിക്കാനുള്ള പ്രായമായല്ലോ? കൂടെ ജോലി ചെയ്തവരും സമപ്രായക്കാരും എല്ലാം മരിക്കുന്ന വാർത്തയാണ് കേട്ട് കൊണ്ടിരിക്കുന്നത്." അയാൾ എഴുന്നേറ്റു.

അന്നു രാത്രി കിടക്കുമ്പോൾ വളരെ നാളുകൾക്കു ശേഷം അയാളവളെ ചേർത്തു പിടിച്ചു.

"ലതേ, എനിക്ക് മരിക്കാൻ പേടിയാണ് "

ലത അയാളുടെ നരച്ച മുടിയിലൂടെ വിരലോടിച്ചുദേഷ്യപ്പെട്ടു.

"എന്തായിത്? രാവിലെ തുടങ്ങിയ വർത്തമാനമാണല്ലോ? കിടക്കാൻ നേരം നല്ല കാര്യങ്ങൾ പറഞ്ഞു കിടക്കണം. "

അയാൾ മിണ്ടാതെ അവളുടെ ദേഹത്തു നിന്നും കൈ മാറ്റി തിരിഞ്ഞു കിടന്നുറങ്ങി. ഉറക്കം വരാതെ കിടന്ന സ്നേഹലത ഒരു നിമിഷം അയാളില്ലാത്ത ലോകം ചിന്തിച്ചു. രാവിലെ തട്ടിയുണർത്താൻ അയാളില്ലെങ്കിൽ ഒരു പക്ഷേ ഉച്ചവരെ താൻ കിടന്നുറങ്ങിയേക്കും. അയാളില്ലാത്ത സമയങ്ങളിൽ പ്രാതലും അത്താഴവും മിക്കവാറും ഒരു കട്ടൻ ചായയിൽ മാത്രമൊതുക്കും. രാവിലെയും രാത്രിയും മരുന്നുകൾ കഴിക്കാൻ പ്രത്യേകിച്ചസുഖങ്ങളൊന്നും തന്നെയില്ലാത്ത അയാൾ തന്നെയാണ് അവളെ ഓർമിപ്പിക്കുന്നതും. അയാൾ പോയാൽ അധികം താമസിയാതെ താനും അയാളോടൊപ്പം യാത്രയാവും. പെട്ടെന്നു തോന്നിയ വല്ലാത്തൊരു വാത്സല്യത്താൽ സ്നേഹലത ഹരിദാസിനോട് ചേർന്നു കിടന്നു.

അതിന്റെ രണ്ടു നാൾ കഴിഞ്ഞാണ് രാവിലത്തെ നടപ്പു കഴിഞ്ഞു വീട്ടിലേയ്ക്കു തിരിയുന്ന വഴിയിൽ വെച്ച് അയാൾ ലതയോടു പറഞ്ഞത് -

" ലതേ, ഞാൻ ഗോപിയണ്ണന്റെ കടയിൽ കയറിയിട്ട് വരാം. നീ വീട്ടിലേക്കു നടന്നോളൂ "

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ആ യാത്ര പതിവുള്ളതാണ്. അവിടെ അയാൾക്ക് കുറച്ചു കൂട്ടുകാരുണ്ടാവും. ചായയും കുടിച്ചു, കൊച്ചു വർത്തമാനങ്ങളും പറഞ്ഞു വീട്ടിലെത്തുമ്പോൾ സമയം പത്തു മണിയാവും. അങ്ങിനെയുള്ള ദിവസങ്ങളിൽ ലത അവൾക്കു മാത്രമായി ചായ വെച്ചു. പിന്നെ പ്രാതലിനു കുത്തരി പൊടിച്ച പുട്ടുണ്ടാക്കി. തിരിച്ചു വരവിൽ, അയാളുടെ കൈയിൽ രസ കദളി പഴമുണ്ടാവും. അന്നാട്ടിൽ ഗോപിയണ്ണന്റെ കടയിൽ മാത്രം ലഭിക്കുന്ന ആ പഴം അവൾക്കേറെ പ്രിയപെട്ടതെന്നയാൾക്കറിയാം.

പക്ഷേ അന്നയാൾ വന്നില്ല. നടക്കാൻ പോവുമ്പോൾ മൊബൈൽ കൈയിലെടുക്കുന്ന പതിവ് ഹരിദാസിനില്ല. പതിനൊന്നു മണിയോടെ ആളെ കാണാതെ അയാളെ തിരക്കി ഗോപിയണ്ണന്റെ കടയിലേക്ക് പോവാൻ ലത ഇറങ്ങുമ്പോഴാണ് ആ വാർത്തയുമായി അവർ വന്നത്.

“ഹരിദാസ് മാഷ് തീവണ്ടിക്കു മുന്നിൽ ചാടി.”

അയാളുടെ ദേഹം കൊണ്ട് വരുന്നതു വരെ സ്നേഹലത അത് വിശ്വസിച്ചില്ല. വെള്ള തുണിയിൽ പൊതിഞ്ഞ ചതഞ്ഞരഞ്ഞ മൃതദേഹം കാണാൻ പോലും ആരുമവളെ അനുവദിച്ചില്ല. ഒരുവേള മരിച്ചത് അയാൾ തന്നെയോ എന്നവൾ സംശയിച്ചു. അത് ഹരിദാസ് തന്നെയെന്ന് അയാളുടെ വസ്ത്രങ്ങളും ആധാർ കാർഡും വിശ്വസനീയമാക്കി. നടക്കാൻ പോവുന്ന സമയത്ത് അയാളെന്തിന് ആധാർ കാർഡ് കൈയിലെടുത്തുവെന്നത് അയാൾ ആത്മഹത്യ ഉറപ്പിച്ചാണ് വീട്ടിൽ നിന്നും പുറപ്പെട്ടതെന്നും ഒരു മണിക്കൂർ തന്റെ കൂടെ നടന്നതെന്നും ഒടുവിൽ അവസാനമായി യാത്ര പറഞ്ഞു മരണത്തിലേക്കാണ് നടന്നു പോയതെന്നും സ്നേഹലതയിൽ നടുക്കമുളവാക്കി.

അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് നടക്കുന്ന ആൾ പ്രിയപ്പെട്ടവരോടിങ്ങനെയാണോ യാത്ര ചോദിക്കുന്നത്?

ചടങ്ങുകൾക്കു ശേഷം കുട്ടികൾ പിരിഞ്ഞപ്പോൾ സ്നേഹലത തനിച്ചായി. അവർ നിർബന്ധിച്ചിട്ടും കൂടെ പോവാൻ അവൾ തയാറായില്ല. സ്നേഹലതയ്ക്ക് കൂട്ടു കിടക്കാൻ വന്ന അയൽക്കാരി സരോജിനിയാണ് ഹരിദാസിന്റെ ആത്മഹത്യയുടെ കാരണം ആദ്യം അന്വേഷിച്ച തുടങ്ങിയത്. -

“ലതേ, മാഷ് കുറെനാൾ മദിരാശിയിൽ ജോലി ചെയ്തിരുന്നോ?”

“ഉവ്വ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരു വർഷമാവുന്നതിനു മുന്നേ... രണ്ടു കൊല്ലത്തോളം കുട്ടികളുടെ അച്ഛൻ അവിടെയായിരുന്നു. അന്ന് മൂത്തവനെ ഞാൻ നാലു മാസം വയറ്റിലാ. അക്കാരണം പറഞ്ഞു മാഷിന്റെ അമ്മ മദിരാശിയിൽ പോവാൻ സമ്മതിച്ചില്ല “

ലത പുതപ്പു കുടഞ്ഞു വിരിച്ചു.

“എന്നാൽ പിന്നെ കണ്ണൻ പറഞ്ഞത് ശരി തന്നെയാവും. മാഷിന് അവിടെ വേറെ ഭാര്യയും കുട്ടികളുമുണ്ട്. ആ വകയിലെ ഒരു ചെക്കൻ ഒരു ദിവസം മാഷെ കാണാൻ വന്നൂന്ന്. ഗോപിയണ്ണന്റെ കടയുടെ മുന്നിൽ വെച്ച് കശപിശ നടന്നു പോലും. എന്റെ മോൻ മരിച്ചയാളെ പറ്റി എന്തായാലും നുണ പറയില്ല.” ഒരു നിമിഷം നിർത്തി കണ്ണടച്ചവർ നാമ ജപം തുടങ്ങി.

അവർ പറഞ്ഞതോർത്തു സ്നേഹലത മച്ചിലേക്കും നോക്കി കിടന്നു. ആറുമാസം കൂടുമ്പോൾ അയാൾ മദിരാശിലേയ്ക്കു പോയിരുന്നു, സുഹൃത്തുക്കളെ കാണാൻ എന്ന മട്ടിൽ. സ്നേഹലതയുടെ തലയിൽ കടന്നലുകൾ മൂളാൻ തുടങ്ങി. കഴിഞ്ഞ നാൽപതു വർഷം അയാൾ തന്നെ വഞ്ചിക്കുകയായിരുന്നോ? 

ഹരിദാസ് മരിച്ചതിനു ശേഷം സ്നേഹലതയുടെ ഉറക്കമില്ലാത്ത ആദ്യത്തെ രാത്രി. പിറ്റേന്ന് രാവിലെ ഹരിദാസിന്റെ ഏട്ടൻ ദേവദാസ് സ്നേഹലതയെ കാണാൻ വന്നു. അനിയന്റെ ചടങ്ങുകൾ കഴിഞ്ഞു പോയ ശേഷം അയാളാദ്യമായി വരികയാണ്.

"എന്നാലും ലതേ, ഒരു കുറിപ്പ് പോലും എഴുതി വയ്ക്കാതെ അവൻ പോയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല. നീ നല്ലവണ്ണം എല്ലായിടവും നോക്കിയോ?"

അന്ന് രാവിലെയും അയാളുടെ മേശ വലിപ്പും വസ്ത്രങ്ങൾ വയ്ക്കുന്ന അലമാരയും സ്നേഹലത പരിശോധിച്ചതാണ്. അയാൾ മരിച്ചതിനു ശേഷം എത്ര തവണ താനീ വീടിന്റെ മുക്കും മൂലയും പരിശോധിച്ചു എന്നതിന്റെ കണക്ക് എടുത്തു വെക്കാതിരുന്നതിനാൽ സ്നേഹലത മിണ്ടാതെ നിന്നു.

"നാൽപതു കൊല്ലം കൂടെ കഴിഞ്ഞിട്ടും അവനീ കടുംകൈ ചെയ്തതിന്റെ കാരണം നിനക്കറിയില്ലെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. കാര്യമായ ഒരസുഖവുമില്ലാത്തവൻ. എന്നെക്കാൾ ഏഴു വയസ്സിനിളപ്പമാണ് ഹരി. മരിക്കേണ്ട പ്രായമൊന്നും അവനില്ല " സ്നേഹലതയെ കുറ്റപ്പെടുത്തി, അവൾ കൊടുത്ത ചായ പോലും കുടിക്കാതെ അയാളിറങ്ങി.

സ്നേഹലതയുടെ ഹൃദയം, വലിയ കൂടം കൊണ്ട് അടികിട്ടിയ പാറക്കല്ല് പോലെ പിളർന്നു, ചിതറി തെറിച്ചു. ഏട്ടൻ പോയതിനു ശേഷം ഭർത്താവിന്റെ കൂടെകഴിഞ്ഞ നാൽപതു വർഷങ്ങളിലേയ്ക്കു സ്നേഹലത തിരിഞ്ഞു നടന്നു. അയാൾ മരിച്ചതിനു ശേഷം എത്ര തവണ നാൽപതു വർഷങ്ങളിലേയ്ക്കു തിരിഞ്ഞു നടന്നു എന്നതിന്റെയും കണക്കു സ്നേഹലത സൂക്ഷിച്ചിരുന്നില്ല.

എപ്പോഴും ഭർത്താവിന്റെ കാലടികൾക്കു പിന്നിലായി നടക്കാനായിരുന്നു അവൾക്കിഷ്ടം. വിവാഹ ശേഷം അയാൾക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചു. അയാൾക്കിഷ്ടമുള്ള ഭക്ഷണം പാകം ചെയ്തു കൊടുത്തു. അയാൾക്കിഷ്ടമുള്ളപ്പോൾ മാത്രം അയാളോടൊപ്പം രമിച്ചു. ഒരിക്കൽ പോലും അയാളുടെ പ്രവൃത്തികൾ ചോദ്യം ചെയ്തില്ല. കഴിഞ്ഞ നാൽപതു വർഷങ്ങളിൽ എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി ഹരിദാസ് പ്രകടിപ്പിച്ചിരുന്നുമില്ല.

തന്നോടുള്ള സ്നേഹ കൂടുതൽ കാരണം ഹരിദാസ് ഇത്രയും വർഷങ്ങൾ തന്നെ സഹിക്കുകയായിരുന്നോ?

അന്ന് രാത്രിയും സ്നേഹലത ഉറങ്ങിയില്ല. പിറ്റേന്നു രാവിലെ അയാളുടെ മരണ ശേഷം സ്നേഹലത ആദ്യമായി പുറത്തേക്കിറങ്ങി, ഗോപിയണ്ണന്റെ കടയിലേക്ക് നടന്നു. ഭർത്താവുള്ളപ്പോൾ ഒരു മാസത്തെ പലചരക്കു സാധനങ്ങൾ ഗോപിയണ്ണന്റെ കടയിൽ നിന്നും വാങ്ങുകയാണ് പതിവ്. അയാളുള്ളപ്പോൾ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തിരുന്നതിനാൽ സ്നേഹലതക്ക് പല കാര്യങ്ങളും അറിയില്ലായിരുന്നു. സാധനങ്ങൾ വാങ്ങാനുള്ള സഞ്ചി എടുക്കാതെ സ്നേഹലത വീട് പൂട്ടിയിറങ്ങി. പിന്നെ തിരിച്ചു നടന്ന്, വീട് തുറന്നു സഞ്ചിയുമായി കടയിലേക്ക് വീണ്ടും യാത്രയായി.

"അല്ല ലതേ, പെൻഷനായ ശേഷം മാഷിന് ഒരുൾവലിവുണ്ടായിരുന്നു. ഞാനത് എപ്പോഴും പറയുമായിരുന്നു. ഒരു മൗനം. ഒരുന്മേഷ കുറവ്. എന്തേലും ചോദിച്ചാൽ അമാന്തിച്ചൊരു മറുപടി "

തൊട്ടടുത്തു നിന്ന് രഘു അയാളുടെ വാക്കുകൾ സ്ഥിരീകരിച്ചു–

“ചിലരങ്ങിനെയാണ് ചേച്ചി. ഒറ്റ നോട്ടത്തിൽ മനസിലാവില്ല. ഇതൊക്കെ പലതരത്തിലല്ലേ?"

സ്നേഹലതയ്ക്കവർ പറഞ്ഞത് മനസിലായില്ല.

വീട്ടിൽ തിരിച്ചെത്തി സാധനങ്ങൾ അടുക്കളയിൽ വെച്ച്, വസ്ത്രം പോലും മാറാതെ ലത ഊണ് മേശയ്ക്കരികിലെ കസേരയിലിരുന്നു. അവൾ വീണ്ടും 40 വർഷം പിന്നിലേക്ക് നടന്നു.

എവിടെയെങ്കിലും പോയി വന്നാൽ ഒരു മണിക്കൂർ എടുത്ത് അയാൾ കുളിച്ചു വൃത്തിയാവാറുണ്ട്. ഭക്ഷണം കഴിക്കുന്നതിനു മുന്നേ പലവട്ടം അയാൾ കൈ കഴുകും. അവളെ കൊണ്ടും നിർബന്ധപൂർവം ചെയ്യിക്കും. പേരോർമയില്ലാത്ത ഫഹദ് ഫാസിലിന്റെ ചിത്രം കണ്ടു കഴിഞ്ഞു വന്ന ദിവസം രാത്രി ഭക്ഷണത്തിനു മുൻപും അയാൾ പലവട്ടം കൈ കഴുകി. അന്ന്, നിങ്ങൾക്ക് അരപ്പിരിയുണ്ടോന്ന് കളിയാക്കി ചോദിച്ചതും സ്നേഹലത ഓർത്തു. ഗോപിയണ്ണന്റെ വാക്കുകൾ മനസ്സിൽ തികട്ടി. പലരുടെയും മുന്നിൽ ഇഷ്ടാനുസരണം ധരിക്കാൻ പറ്റിയ മുഖം മൂടികൾ ധരിച്ചാണോ മനുഷ്യർ ജീവിക്കുന്നത്?

തന്നെ മാറോടണച്ചു, മരിക്കാൻ പേടിയാണെന്നു പറഞ്ഞ ആൾ പിറ്റേന്നു രാവിലെ ആത്മഹത്യ ചെയ്യണമെങ്കിൽ അയാൾ ഭ്രാന്തനായിരിക്കുമോ?

നാൽപതു വർഷം ഒരു ഭ്രാന്തന്റെ കൂടെയാണോ താൻ ജീവിതം ചിലവിട്ടത്? സ്നേഹലതയ്ക്ക് വീണ്ടും ഉറക്കം നഷ്ടപ്പെട്ടു. അവളെഴുന്നേറ്റു. മേശ വലിപ്പിലും, അലമാരയിലും കട്ടിലിനടിയിലും ഭർത്താവിന്റെ മരണ കാരണമന്വേഷിച്ചു അവൾ നടന്നു. അടുക്കളയിൽ കയറി സകല പാത്രങ്ങളും തുറന്നു നോക്കി. വലിപ്പുകൾ തുറന്നടച്ചു.

ഒടുവിൽ ... അടുക്കള ചുവരിലേക്കു തല ചായ്ച്ചു സ്നേഹലതയേങ്ങി കരഞ്ഞു...

"എനിക്ക് മരിക്കാൻ പേടിയില്ലായിരുന്നു. എന്തേ നിങ്ങളെന്നെ വിളിച്ചില്ല ?എങ്കിലെനിക്കിങ്ങനെ കാരണങ്ങൾ അന്വേഷിച്ചലയേണ്ടി വരില്ലായിരുന്നു " 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com