ADVERTISEMENT

കുട്ടിക്കാലത്തിന് നിറങ്ങളും ചിറകുകളുമുണ്ട്; ഊഞ്ഞാലിലെന്നപോലെ മുന്നോട്ടും പിന്നോട്ടുമായാവുന്ന വഴക്കവും. 

നാലുവയസ്സൊക്കെയുള്ളപ്പോഴാണ് ഓർമകൾ മുളയ്ക്കുന്നത്. ആദ്യത്തെ സ്കൂളോർമയുണ്ടാവുന്നതും ഏതാണ്ടക്കാലത്താണ്. അന്ന്, വീടിനു തൊട്ടടുത്തൊന്നും സ്കൂളില്ല (ഇന്നും!). രണ്ടോ മൂന്നോ കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് കൊണ്ടു പോയാക്കാൻ വീട്ടിൽ ആളുമില്ല. അപ്പോഴാണ്, ഇത്തിരി അധികം ദൂരത്തുള്ള ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ വണ്ടി വീടിനടുത്ത് വരുന്നുണ്ട് എന്നറിഞ്ഞത്. തീർച്ചയായും, ഒരു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്റെ മകൾക്ക്, അന്ന് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കാവുന്നതാണ്. അവിടെ രണ്ടു മൂന്നു കൊല്ലം പഠിച്ചതിൽ, പ്ലാസ്റ്റിക് പാത്രത്തിൽ കൊണ്ടുപോയ പാല് കേടുവന്നതിന്റെ മണവും ‘നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ’ എന്ന പ്രാർത്ഥനയിലെ ആദ്യ വരികളും, മാലതി ടീച്ചറുടെ സ്നേഹവും അല്ലാതെ ഒന്നും ഓർമയിലില്ല. പിന്നെ ഒന്ന്, അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളതാണ്. പാരന്റ്സ് മീറ്റിങ്ങിന് വരുമ്പോൾ അച്ഛനോട് ടീച്ചർക്ക് പറയാനുള്ളത് ഒരേ പരാതി: ‘സുരജ മിടുക്കിയൊക്കെയാണ്, പക്ഷേ, അവൾക്ക് അറിയാത്ത ഒരു ചോദ്യം ക്ലാസിൽ ഏതെങ്കിലും ഒരു കുട്ടിയോടു ചോദിച്ചാൽ ഉടനെ അവൾ കരഞ്ഞു തുടങ്ങും…’ ഞാനങ്ങനെ കരഞ്ഞിരുന്നോ? ടീച്ചർമാർ പൊതുവെ നുണ പറയില്ല എന്നാണ് എന്റെ വിശ്വാസം!

അങ്ങനെയിരിക്കെ അച്ഛന് ട്രാൻസ്ഫർ ആയി. മൂക്കുതല എന്ന കുറേക്കൂടി പരിഷ്കൃതമായ ഗ്രാമത്തിലേക്ക്. ഞങ്ങൾ താമസിച്ചിരുന്നതിന് തൊട്ടടുത്ത ക്വാർട്ടേഴ്സുകളിൽ മൂക്കുതല സ്കൂളിലെ കുറച്ച് ടീച്ചർമാരും അവരുടെ മക്കളുമായിരുന്നു ഉണ്ടായിരുന്നത്. എന്റെ ദുർബലമായ ഓർമയിൽ അവരുടെയാരുടേയും പേരില്ല. ഒരു മാർച്ചുമാസത്തിലൊക്കെയാവണം അവിടെ എത്തിയിട്ടുണ്ടാകുക. ആ അവധിക്കാലത്താണ് ഞാൻ ആദ്യമായി സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ കാണുന്നത്. അവർക്ക് പഠിക്കാനുള്ളതൊക്കെ എന്തു രസമുള്ള കാര്യങ്ങളാണ്! എന്തു നല്ലതാണ് അവരുടെ പുസ്തകങ്ങൾ! അന്നൊരു ദിവസം അച്ഛനോട് ഞാൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു: ‘ഞാനിനി സർക്കാർ സ്കൂളിലേ പഠിക്കൂ..’ ആദ്യം അതിനെ തമാശയായിട്ടെടുത്തെങ്കിലും അച്ഛന് ക്രമേണ എന്റെ വികാരം മനസ്സിലായി. ഇന്നു ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് ഒരൊറ്റക്കാരണം, അന്ന് സ്കൂൾ മാറ്റിച്ചേർക്കാൻ അച്ഛനെടുത്ത തീരുമാനമാണ്. 

‘സൂര്യൻ (അച്ഛന്റെ പേര്, സൂര്യനാരായണൻ) അവളുടെ കുട്ടിക്കളിക്ക് തുള്ളാൻ നിൽക്കുന്നു’ എന്നായിരുന്നു അതിന് അച്ഛനെ വീട്ടുകാരൊക്കെ ശകാരിച്ചത്.

സ്കൂൾ മാറ്റി ചേർക്കൽ അന്ന് അത്ര എളുപ്പമായിരുന്നില്ല. ഞാൻ പഠിച്ചിരുന്ന ഡേവിസ് ഇംഗ്ലിഷ് മീഡിയം സ്കൂളിന് അംഗീകാരമില്ലായിരുന്നു. നാലാം ക്ലാസിൽ പൊതുപരീക്ഷ എഴുതിച്ച ശേഷം മാത്രമേ അവിടെ നിന്ന് ടി.സി. കിട്ടുകയുള്ളൂ. അല്ലെങ്കിൽ ഒരു വർഷം പ്രൈവറ്റായി പഠിച്ച് പൊതുപരീക്ഷ എഴുതണം. അപ്പോൾ ആ ഒരു കൊല്ലം  സ്കൂളിൽ പോകാൻ പറ്റില്ല. ഇത്തരം പ്രയാസങ്ങളൊക്കെ അറിഞ്ഞിട്ടാവണം, ഒരു ദിവസം അച്ഛൻ ചോദിച്ചു: ‘സർക്കാർ സ്കൂളിൽ ചേരാൻ ചില തടസ്സങ്ങളുണ്ട്. നീ ഈ ഒരു കൊല്ലം കൂടി പഴയ സ്കൂളിൽ പോകുന്നോ?’ ‘ഇല്ല’ എന്നു പറഞ്ഞത് കാര്യത്തിന്റെ ഗൗരവം മുഴുവൻ മനസ്സിലാക്കിയിട്ടല്ല എന്നു തോന്നുന്നു. ഒരു കൊല്ലം സ്കൂളിൽ പോകാതെ പഠിക്കേണ്ടി വരും എന്ന സ്ഥിതിയിലെത്തി. അതൊഴിവാക്കാൻ അച്ഛന്റെ ചില സുഹൃത്തുക്കൾ ഇടപെട്ട്  താമസിക്കുന്നതിന് തൊട്ടടുത്തുള്ള സ്കൂളിൽ പോകാനുള്ള സംവിധാനമുണ്ടാക്കി. അങ്ങനെ  നോമിനൽ റോളിൽ പേരില്ലാത്ത കുട്ടിയായി ഞാനവിടെ പോയിത്തുടങ്ങി. മൂന്നാലു ദിവസം കഴിഞ്ഞതേയുള്ളൂ, ടീച്ചർ അച്ഛനെ വിളിപ്പിച്ചു: ‘എ.ഇ.ഓ ഇൻസ്പെക്ഷനുവരുന്നു. ഇങ്ങനെ പേരു ചേർക്കാത്ത കുട്ടിയെ അവിടെ പഠിപ്പിക്കാൻ പറ്റില്ല’. അപ്പോഴാണ് ശരിക്കും പ്രതിസന്ധിയുണ്ടായത്. ഞാൻ സ്കൂൾ എന്ന ആഹ്ലാദത്തിൽ മുങ്ങിത്തുടങ്ങിയിരുന്നു. പെട്ടെന്ന് പഠനം മുടങ്ങിയാൽ അത് എന്നെ ദോഷകരമായി ബാധിക്കും എന്ന് അവർക്കെല്ലാം മനസ്സിലായി. അപ്പോഴാണ്, അച്ഛന്റെ സുഹൃത്തായ ഭരതൻ മാഷ് (മാഷ് പലതുമായിരുന്നു; രാഷട്രീയ പ്രവർത്തകൻ, സംഘടനാ നേതാവ്, സംഘാടകൻ.. അങ്ങനെ പലതും) പറഞ്ഞത്: “എടോ സൂര്യാ, അവൾ എന്റെ സ്കൂളിൽ പഠിക്കട്ടെ. അവിടെ എഇഓയും ഡിഇഓയും ഒന്നും വരില്ല ” അങ്ങനെ അവിടെയും റോളിൽ പേരില്ലാത്ത കുട്ടിയായി പഠിച്ചു, ഒരു കൊല്ലം. മാഷെടുത്ത ആ ദൃഢനിശ്ചയമാണ് എന്നെ  കള്ളവണ്ടി കയറ്റിയത്... പൊതുവിദ്യാഭ്യാസത്തിലേക്ക്, അറിവിലേക്ക്, കവിതയിലേക്ക്... 

കുറേ ദൂരെയുള്ള സ്കൂളിലേക്കുള്ള യാത്രയും പ്രയാസകരമായിരുന്നു. രാവിലെ വരുന്ന എംകെകെ. ബസ്സിൽ അമ്മ കയറ്റി വിടും. അതിൽ സ്കൂളിലെ കണക്കു മാഷുണ്ടാവും. മാഷില്ലാത്ത ദിവസം അച്ഛന്റെ സുഹൃത്തുക്കൾ ആരെങ്കിലും സ്കൂളിൽ കൊണ്ടു പോയാക്കും. രത്നകുമാരി ടീച്ചറുടെ കൂടെയാണ് മടക്കം. രണ്ടു മൂന്ന് കിലോമീറ്റർ നടക്കണം. ചിലപ്പോൾ, ടീച്ചറുടെ ഭർത്താവ് വേണു മാഷ് സ്കൂട്ടറുമായി വരും, അതിൽ ടീച്ചറുടെ രണ്ടു മക്കൾ (ബിജോയ്, ബിനോയ്), മാഷ്, ടീച്ചർ, ഞാൻ - അങ്ങനെ ഇരുന്ന് ഒറ്റ വരമ്പു പോലെയുള്ള മെലിഞ്ഞ വഴികളിലൂടെ... ശരിക്കും രസമായിരുന്നു. 

അക്കാലത്ത് എനിക്ക് സവിശേമായ ഒരു കുറുമ്പുണ്ടായിരുന്നതായി ഞങ്ങളുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന പി.കെ. ഏട്ടൻ രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ, സ്ക്കൂളിൽ പോകാൻ റെഡിയാവുമ്പോൾ ഞാൻ അലമാരയ്ക്കു മുമ്പിൽ വന്നു നിൽക്കും, ഒരു ഉടുപ്പ് മനസ്സിൽ വിചാരിക്കും; പറയില്ല (അന്ന് ആ സ്കൂളിൽ യൂണിഫോമൊന്നുമില്ല). അമ്മ അത് കണ്ടുപിടിച്ചു തരണം. ആദ്യം തന്നെ ഞാൻ വിചാരിച്ച ഉടുപ്പു കിട്ടിയാൽ സന്തോഷം. രണ്ടാമത്തേതോ മൂന്നാമത്തേതോ ആയാൽ ദേഷ്യം. അതു കഴിഞ്ഞാൽ കരച്ചിൽ… ഞാനങ്ങനെ ചെയ്തിരുന്നോ എന്ന് ഓർമയില്ല; പക്ഷേ, പി.കെ ഏട്ടൻ നുണ പറയില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. പ്രിയപ്പെട്ടവർ ഉള്ളിലുള്ള ഇഷ്ടങ്ങൾ പറയാതെ അറിയണമെന്നത് ഒരു പരാജയപ്പെട്ട ആദർശമായി ഇപ്പോഴും എന്റെ കൂടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com