ADVERTISEMENT

ചുവന്ന മാമ്പഴങ്ങൾ..! (കഥ)

നേരം വെളുക്കുന്നതേയുള്ളൂ. ഗോപിപ്പിള്ള തന്റെ ചായക്കടയുടെ നാലുനിരപ്പലക മാത്രം തുറന്നു വെച്ചിട്ടുണ്ട്. ഒരു വലിയ ചരുവം വെള്ളം അടുപ്പത്തുവെച്ച് മണ്ണെണ്ണക്കുപ്പിയിൽ നിന്നും കുറച്ച് അടുപ്പിലേക്ക് തളിച്ച് അതിനു മേലെ കുറച്ചു വിറകു കഷ്ണങ്ങളും അടുക്കിവെച്ചു തീപ്പെട്ടി ഉരച്ചിട്ടു. 

തോർത്തെടുത്ത് തോളിലിട്ട് ഉമിക്കരിയുമെടുത്ത് പുറത്തോട്ടിറങ്ങുമ്പോഴാണ് പാൽക്കാരൻ രവി വരുന്നത്. വന്നപാടേ സൈക്കിൾ തിണ്ണയിൽ ചാരി വെച്ച് ഓടി അകത്തു കയറി പാൽ കലത്തിലൊഴിച്ചു തിരിച്ചിറങ്ങി രവി നീട്ടി വിളിച്ചു. "പിള്ളച്ചേട്ടാ...പിള്ളച്ചേട്ടാ..."

"എന്താ രവ്യെ? എന്താ നിനക്കൊരു വെപ്രാളം?"

ഗോപിപ്പിള്ള പല്ല് തിരുമ്മിക്കൊണ്ട് അടുത്തേക്കു വന്നു. രവി ധൃതിയിൽ ഗോപിപ്പിള്ളയുടെ അടുത്തേക്ക് മാറി നിന്ന് ഒരു നിമിഷം നിന്നു കിതച്ചു.

"നീ കെതക്കാതെ കാര്യം പറ രവീ.." ഗോപിപ്പിള്ളക്ക് എന്തോ പന്തികേട് മണത്തു.

"നമ്മുടെ.."

"നമ്മുടെ?" പിള്ള അക്ഷമനായി.

"നമ്മുടെ രഘു ഒരു കൊല കൂടെ ചെയ്‌തെന്ന്." രവി പറഞ്ഞൊപ്പിച്ചു.

"എടാ, അവൻ ജീവപര്യന്തോം കഴിഞ്ഞു രണ്ട് മാസം മുമ്പല്ലേ ഇറങ്ങിയത്?" ഗോപിപ്പിള്ള മൂക്കത്ത് വിരൽ വെച്ച്‌ അന്തിച്ചു നിന്നു.

"ഇപ്രാവശ്യം ആരെയാ?"

"വർക്കിച്ചനെ... അയാളുടെ പറമ്പിൽ തന്നെ പുലർച്ചെയാ സംഭവം. രാത്രി മുതൽ കാത്തിരുന്നു വെട്ടിക്കൊന്നെന്നാ പറയുന്നെ. സ്റ്റേഷനിലേക്ക് ആള് പോയിട്ടുണ്ട്... പൊലീസ് എത്തുമ്പോഴേക്കും അവിടെ എത്തണം" രവി പറഞ്ഞു നിർത്തി.

"എന്നാ നീ നിൽക്ക്" ഗോപിപ്പിള്ള അതും പറഞ്ഞ് അകത്തേക്ക് നോക്കി ഭാര്യയെ നീട്ടി വിളിച്ചു.

"കാർത്തുവേ... നീ ആ ചരുവം ഇറക്കി വെച്ച് പാലടുപ്പത്തേക്കു വെച്ചേക്ക്... ഞാൻ ദാ വന്നു." പിള്ള തിണ്ണയിലേക്ക് കയറി ഒരു കപ്പു വെള്ളമെടുത്ത് കുലുക്കിത്തുപ്പി വെളുത്ത ഒരു  തോർത്ത് അഴയിൽ നിന്നും വലിച്ചെടുത്തു ചുമലിലിട്ട് പുറത്തിറങ്ങി നീങ്ങിത്തുടങ്ങിയ സൈക്കിളിൽ ചാടിക്കയറി ഇരുന്നു.

ഒരു കൊലപാതകത്തിന്റെ ഭീകരമായ ദൃശ്യം ആണ് കൺമുൻപിൽ തെളിഞ്ഞു വരുന്നതെങ്കിലും രണ്ടുപേരും മൂകരായി തന്നെ ഇരുന്നു. ഏതാണ്ട് ഒരു കിലോമീറ്ററോളം പോയിക്കാണും, ഒരു നെടുവീർപ്പോടെ ഗോപിപ്പിള്ള ചോദിച്ചു; "ഇതിപ്പോ രണ്ടാമത്തെയായൊണ്ട് ശിക്ഷ കുറച്ചു കടുക്കും, ഇല്ല്യേ?

"ആ.. ഇനി പുറത്തിറങ്ങാൻ പറ്റിയില്ല്യാന്നും വരും. പക്ഷേ, എനിക്കൊറപ്പാ, അവൻ വീണ്ടും വരും."

സൈക്കിൾ ഒരു ചെറിയ ഇടവഴിയിലേക്കിറങ്ങിയതും ആളുകൾ തടിച്ചു കൂടിയത് കാണാമായിരുന്നു. പഴയതെങ്കിലും, വലിയ ഒരു ഇരുനില വീടാണ് വർക്കിച്ചന്റേത്. വിശാലമായ മുറ്റത്തിന്റെ ഒരറ്റത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മാവ്. പറമ്പിലാകെ നാട്ടുകാർ കൂടിയിട്ടുണ്ട്. 

ഗോപിപ്പിള്ളയും രവിയും സൈക്കിൾ ഒരു തെങ്ങിൽ ചാരിവെച്ച് പതുക്കെ ആളുകളെ വകഞ്ഞു മാറ്റി മുറ്റത്തിനടുത്തേക്ക്‌ നടന്നു.

വലിയ മുറ്റത്തിന്റെ അറ്റത്ത് വീടിനോടു ചേർത്ത് ഇറക്കിക്കെട്ടിയ ഒരു വിറകുപുരയുണ്ട്. അതിനു മുൻപിൽ അടുക്കി വെച്ച വെട്ടുകല്ലിന്റെ മുകളിൽ രഘു നിർവികാരനായി ഇരിക്കുന്നുണ്ട്. പിള്ളയുടെ കണ്ണുകൾ രഘുവിനു ചുറ്റും പരതി. ചുവന്നു പഴുത്ത മാമ്പഴങ്ങൾ ധാരാളമായി തൂങ്ങി നിൽക്കുന്ന ആ മാവിന്റെ ചുവട്ടിലായി തന്നെ വർക്കിച്ചന്റെ വെട്ടിപ്പിളർന്ന ശരീരം ചോര വാർന്നു കിടക്കുന്നുണ്ട്. ഒരു നാട് മുഴുവൻ കൂടിയിട്ടും ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല.

രഘു തലയുയർത്തി എല്ലാവരെയും ഒന്നു നോക്കി... കണ്ണുകൾ അമർത്തി തുടച്ചു... ആരോടെന്നില്ലാതെ നേർത്ത ശബ്ദത്തിൽ ചോദിച്ചു "പൊലീസിൽ പറഞ്ഞില്ലേ ആരും?"

രവിയാണ് മറുപടി പറഞ്ഞത് "ആളു പോയിട്ടുണ്ട്... എന്നാലും രഘൂ.. നീ.." രവിയുടെ ശബ്ദമിടറി, വാക്കുകൾ മുറിഞ്ഞു "വീണ്ടും എത്രയെന്നു വെച്ചാ ജയിലിൽ ഇങ്ങനെ?"

രഘു മുഖമുയർത്തി രവിയെ നോക്കി. കുട്ടിക്കാലത്ത് ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചവരാണവർ.. ഒരേ സ്വപ്‌നങ്ങൾ കണ്ടിരുന്നവർ.

"തീരട്ടെടാ.. ആർക്കു വേണ്ടിയാ ഞാനിനി? അവൾക്കു വേണ്ടി ഇനിയെനിക്ക് ഇതേ ചെയ്യാനുള്ളൂ.." രഘു രവിയുടെ കൈയിൽ മുഖം അമർത്തി തേങ്ങി. ഒരു അഗ്നിപർവതം തന്നിലേക്ക് ഉരുകി ഒലിക്കുന്നതായി രവിക്കു തോന്നി. കണ്ടു നിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. ഒരു കൊലപാതകിയോടൊപ്പം നാട് മുഴുവൻ കരയുന്നു. പഴുത്തു തുടുത്ത ഒരു മാമ്പഴം ഞെട്ടറ്റ് താഴെ തളം കെട്ടിയ രക്തത്തിൽ വീണു. രഘു കണ്ണുകൾ തുടച്ച് എഴുന്നേറ്റ് ചോര പുരണ്ട ആ മാമ്പഴം കയ്യിലെടുത്തു.

ദൂരെ നിന്നും പൊലീസ് ജീപ്പിന്റെ ശബ്ദം കേട്ടു. ഇടവഴിക്കപ്പുറത്ത് ജീപ്പ് നിറുത്തി അഞ്ചോ ആറോ പൊലീസുകാർ നടന്നു വന്നു. കൂടി നിൽക്കുന്നവരോട് മാറി നിൽക്കാൻ പറഞ്ഞു തള്ളിമാറ്റികൊണ്ട് അവരിൽ രണ്ടു പേർ മുറ്റത്തേക്ക് കയറി.

കൈകളിൽ ഗ്ലൗസിട്ട് ഒരാൾ താഴെക്കിടന്ന വാക്കത്തി എടുത്തു. രഘുവിനോട് നടക്കാൻ ആംഗ്യം കാണിച്ചു.

"സർ, ഒരു രണ്ടു മിനിറ്റ്" രഘു പൊലീസുകാരനോട് കൈകൾ കൂപ്പി അപേക്ഷിച്ചു. "ഒരു രണ്ടു മിനിറ്റ്, ഞാൻ എന്റെ പെങ്ങൾക്ക് ഒരു മാമ്പഴം കൊടുത്തോട്ടെ."

പോലീസുകാരൻ അടുത്തു നിന്ന മറ്റൊരു ഓഫീസറെ നോക്കി. അനുവാദിച്ചുകൊള്ളാൻ അദ്ദേഹം തലയാട്ടി.

"വേഗം വേണം" പൊലീസുകാരൻ അകലെ നിന്നിരുന്ന മറ്റു രണ്ടു സഹപ്രവർത്തകരെ കൈ കാണിച്ചു വിളിച്ചു രഘുവിന്റെ കൂടെ പോകാൻ ആവശ്യപ്പെട്ടു. എന്നിട്ടു രഘുവിനോട് ചോദിച്ചു "എവിടെയാ?"

"ആ കാണുന്നതാ സാറേ.. ഈ പറമ്പിന്റെ അറ്റത്ത് കാണുന്ന വീടാ" രവിയാണ് പറഞ്ഞത്. അയാൾ അപ്പോഴും കണ്ണീരു തുടക്കുന്നുണ്ടായിരുന്നു.

"ഊം..." പോലീസുകാരൻ ഒന്ന് മൂളി. പൊലീസുകാർ രഘുവിനെ വിലങ്ങണിയിച്ചു രണ്ടു വശങ്ങളിലുമായി കൂടെ നടന്നു. തടിച്ചു കൂടിയ ജനങ്ങൾ അവരെ അനുഗമിച്ചു. ഒരു വിലാപയാത്രയെ അനുസ്മരിപ്പിക്കും വിധം.

ആൾത്താമസമില്ലാത്ത ഒരു വീടിന്റെ പറമ്പിലേക്കാണ് അവർ എത്തിയത്. ചുറ്റും കാടു പിടിച്ചു കിടക്കുന്നു. ഇടിഞ്ഞു വീഴാറായ വീടിന്റെ തെക്കു ഭാഗത്തായി നിൽക്കുന്ന ഒരു ചെമ്പകമരത്തിന് താഴെ രഘു കുമ്പിട്ടിരുന്നു. വിതുമ്പിക്കരഞ്ഞുകൊണ്ട് തന്റെ കയ്യിലുള്ള രക്തം പുരണ്ട മാമ്പഴം മണ്ണിൽ വെച്ചു പറഞ്ഞു "അനിയത്തീ, ഇതാ നിനക്കേറ്റവും ഇഷ്ടമുള്ള മാമ്പഴം. ഇതിനു വേണ്ടിയല്ലേ ഇരുട്ടും മഴയും വകവെക്കാതെ നീ അന്ന് ഓടിപ്പോയത്? ഇതിനു വേണ്ടിയല്ലേ നീ നിന്റെ ജീവൻ കളഞ്ഞത്? നിന്നെ പിച്ചിച്ചീന്തിയ മൂന്ന് ചെന്നായ്ക്കളുടെ രക്തം പുരണ്ട മാമ്പഴങ്ങൾ നിനക്കുള്ളതാണ്. ഇത് രണ്ടാമത്തെ. ഒരെണ്ണം കൂടെയുണ്ട്. ഇനി വരുമ്പോൾ അത് ഞാൻ കൊണ്ട് വരും." അവിടുന്നൊരു പിടി മണ്ണു വാരി അതിൽ മുഖമമർത്തി അവൻ വിതുമ്പി.

രണ്ടു പൊലീസുകാർ ചേർന്ന് അവനെ പിടിച്ചെഴുന്നേൽപിച്ചു. തേങ്ങലുകൾ അടക്കി, തല താഴ്ത്തി അവൻ മെല്ലെ നടന്ന് ജീപ്പിൽ കയറി.

വീണ്ടും മാമ്പഴക്കാലങ്ങൾ വന്നു പോയി. പെറുക്കാൻ ആളില്ലാതെ.. കൊമ്പിൽ ഒരു ഊഞ്ഞാലില്ലാതെ.. ആ മാവും കായ്ച്ചു കൊണ്ടേയിരുന്നു. ഒരു ആൾക്കൂട്ടത്തിനെ കാത്ത് മാമ്പഴങ്ങൾ പൊഴിച്ചുകൊണ്ടേ ഇരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com