ADVERTISEMENT

നീലിമ (കഥ)

തൊടിയിൽ കാടുപിടിച്ചു നിൽക്കുന്ന ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ സ്വാതിയുടെ മനസ്സ് വർഷങ്ങൾ പുറകോട്ട് പോയി. ഉള്ളിൽ നിന്നും വിഷമം തികട്ടി വരുമ്പോഴും ഒരു നേർത്ത പുഞ്ചിരി അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

വീടിന്റെ ജീർണാവസ്ഥ നോക്കി നടക്കുമ്പോൾ സന്തോഷത്തിന്റെ പഴയ ശബ്ദങ്ങൾ അവളുടെ കാതിൽ മുഴങ്ങി. അച്ഛന്റെ ഉച്ചത്തിലുളള ചിരിയും വീട് അലങ്കോലമാക്കിയ തന്നെയും ചേച്ചിയെയും ശകാരിക്കുന്ന അമ്മയുടെ ഉറച്ച വാക്കുകളും അതിൽ ആദ്യം. കൗമാരത്തിൽ ചേച്ചിയുമായി സ്കൂളിലെയും കോളജിലെയും ആൺകുട്ടികളെയും അവരുടെ വായ്നോട്ടത്തെപ്പറ്റിയും സംസാരിച്ചു ചിരിച്ച ദിനങ്ങൾ അനവധിയായിരുന്നു. ചേച്ചിയായിരുന്നു സ്വാതിയുടെ മനഃസാക്ഷി സൂക്ഷിച്ചിരുന്നത്. അവർക്കിടയിൽ മതിലുകൾ ഇല്ലായിരുന്നു. അതുകൊണ്ട് ചേച്ചി കല്യാണം കഴിച്ചു പോയപ്പോൾ കുറച്ചു ദിവസം സ്വാതിക്ക് ബുദ്ധിമുട്ടായിരുന്നു. എങ്കിലും പതിവായി ചേച്ചിയും ചേട്ടനും വീട്ടിൽ വരുന്നത് സന്തോഷം തന്നിരുന്നു. അവരുടെ കുട്ടികളുടെ കുറുമ്പും ആ വീട്ടിലെ സന്തോഷത്തിന്റെ കണക്കിൽ എഴുതിച്ചേർക്കേണ്ടതാണ്.

നടന്ന് എത്തിയത് കിണറിനടുത്ത്. താഴോട്ടു നോക്കിയപ്പോൾ വറ്റിവരണ്ടിരിക്കുന്നു. ഒന്നു നെടുവീർപ്പിട്ട് വീണ്ടും സന്തോഷമുളള ഓർമകളെ ക്ഷണിച്ചു സ്വാതി. തന്റെ കല്യാണം. ശരത്ത് എത്ര വേഗമാണ് അച്ഛനോട് അടുത്തത്! അവർക്ക് പരസ്പരം ഇഷ്ടമുള്ള വിഷയങ്ങൾ ധാരാളം ഉണ്ടായിരുന്നു. അവർ സംസാരിക്കുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമായിരുന്നു.

നീലിമ. പൊടുന്നനെയാണ് നീലിമയെപ്പറ്റി ഓർത്തത്. അല്ല, അവളെ എന്നും ഓർക്കും. എങ്കിലും പഴയ ഓർമകളിൽ മുഴുകിയ സ്വാതിയുടെ ഉള്ളിൽ പെട്ടെന്നാണ് നീലിമ വന്നത്. അതിന് നിമിത്തമായത് അപ്പുറത്തെ വശത്ത് വളരുന്ന മാവും അതിനോട് ചേർന്ന് കാടുപിടിച്ച് കിടക്കുന്ന സ്ഥലവും.

പതുക്കെ ആ ഭാഗത്തേയ്ക്ക് നടക്കുമ്പോൾ എന്തോ മറ്റൊന്നും സ്വാതിയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. നീലിമ! എന്തു ഭംഗിയാണ് ആ പേരിന്!

മാവിന്റെ അടുത്ത് എത്തി ചുറ്റും നോക്കി സ്വാതി. നല്ല സുഖമുളള കാറ്റുണ്ട്. അയൽവക്കത്ത് ചില വീടുകൾ മൃതപ്രായമായി. വീടുകൾക്കുമുണ്ട് ആയുർദൈർഘ്യം, അല്ലേ? ആരോടെന്നില്ലാതെ മനസ്സിൽ നിന്ന് അവൾ ചോദ്യമെറിഞ്ഞു.

മാവ് ഇപ്പോഴും പൂക്കുന്നുണ്ട്. നിലത്ത് വീണ കേടാകാത്ത മാങ്ങകളിലൊന്ന് എടുത്ത് അവൾ ബാഗിൽ വച്ചു.

നീലിമ. ഓർമകൾ വീണ്ടും അവളിലേക്ക്. അവൾക്ക് പേരിട്ടത് ശരത്താണ്. അവന് ഇഷ്ടമുള്ള പേരുകളിലൊന്നായിരുന്നു അത്. ശനിയുടെ പത്നിയും ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സിന്റെ ശക്തിയുമുളളവളാണ് നീലിമയെന്ന് അവൻ പറയും.

മാവിന്റെ ചുവട്ടിൽ നിന്ന് മാറി കുറ്റിക്കാട്ടിലേക്ക് നടക്കുമ്പോൾ നീലിമയുടെ കൂടെ കൈപിടിച്ച് നടന്ന് കാഴ്ചകൾ കാണിച്ചു കൊടുത്തതും അവളുടെ നൂറായിരം ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു മടുത്തതും സ്വാതിയുടെ മനസ്സിൽ മിന്നായം പോലെ തെളിഞ്ഞു. കുറച്ചു കൂടി വലുതായപ്പോൾ ഇവിടെ വരുമ്പോഴൊക്കെ ഈ ഭാഗത്താണ് നീലിമ ആദ്യം നടക്കുക. മാത്രമല്ല, ഏറെ നേരം ഇവിടെ ഇരുന്നു തന്നെ കളിച്ചു സമയം കളയുമായിരുന്നു അവൾ.

അന്ന് സന്ധ്യയായിട്ടും അവളെ അന്വേഷിക്കാതിരുന്നത് അതുകൊണ്ടാണ്. കളിച്ചു മടുത്ത് തനിയെ വരും. മുഖത്ത് ഒരു നിറഞ്ഞ ചിരിയുമായി. സന്ധ്യ കഴിഞ്ഞും വരാത്തതു കൊണ്ട് ശരത്തിനെയും കൂട്ടി അന്വേഷിച്ചു. മാവിന്റെ ചുവട്ടിൽ അവളെ കണ്ടില്ല. കുറച്ചു കൂടി നടന്നപ്പോഴാണ് നിലത്തു കിടക്കുന്ന അവളെ കണ്ടത്. ശരീരം തണുത്തിരുന്നു. കാലിൽ സർപ്പദംശമേറ്റ പാടുകളും.

നീലിമ! അവളെ അവസാനം കാണുമ്പോൾ നീല നിറമായിരുന്നു.

മുട്ടുകുത്തി ആ കുറ്റിക്കാട്ടിൽ മുഖം പൊത്തി എല്ലാ വർഷത്തെയും പോലെ അന്നും സ്വാതി പൊട്ടിക്കരഞ്ഞു. എവിടെ നിന്നോ ഒരു മാമ്പഴം ഉരുണ്ട് അവളുടെ അടുത്ത് വന്നു നിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com